പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | പഴനി (ഡിണ്ടിഗൽ ജില്ല) |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മുരുകൻ (ദണ്ഡായുധപാണി) |
വാസ്തുശൈലി: | ദ്രാവിഡ ശൈലി |
ചരിത്രം | |
സൃഷ്ടാവ്: | പഴനി മുരുകൻ ക്ഷേത്രം |
ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം (പഴനി മുരുകൻ ക്ഷേത്രം). ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണി" എന്ന് വിളിക്കുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള "ജ്ഞാനപ്പഴമെന്ന" വാക്കിൽ നിന്നാണ് "പഴനി" എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള തമിഴകത്തെ ക്ഷേത്രമാണ് പഴനി ദണ്ഡായുധപാണി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പഴനിയിൽ പടിഞ്ഞാറ് ദർശനമായി നിൽക്കുന്നു. അതായത് കേരളത്തിന് അഭിമുഖമായി. അതിനാൽ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനി ആണ്ടവൻ എന്ന് കേരളീയരായ ഭക്തർ വിശ്വസിക്കുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളിൽ ഒന്നായ തിരു-ആവിനൻ-കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖൻ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത് [അവലംബം ആവശ്യമാണ്]. അതിനാൽ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗശമനിയായി ഭക്തർ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ "രാജാലങ്കാര പൂജ"(സായരക്ഷ) തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. "കാവടി" എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) പ്രസാദം. തൈമാസത്തിൽ (ജനുവരി 14/15-ഫെബ്രുവരി 12/13) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.
പുരാണം
[തിരുത്തുക]നാരദ മഹർഷി ഒരിക്കൽ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപർവ്വതം സന്ദർശിക്കുകയുണ്ടായി. ആ അവസരത്തിൽ നാരദൻ അദ്ദേഹത്തിനു "ജ്ഞാനപഴം" നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാർത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോൾ, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹർഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ ശിവൻ, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാൾക്ക് ഈ പഴം സമ്മാനമായി നല്കുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാൻ പുറപ്പെട്ടു.
എന്നാൽ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനും, പാർവ്വതിയും പ്രപഞ്ചത്തിന് തുല്യരും; ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയും പരമാത്മാവുമാണെന്ന വിശ്വാസത്താൽ അവരെ മൂന്ന് തവണ വലംവെച്ചു. തന്റെ പുത്രന്റെ ഭക്തിയിലും വിവേകത്തിലും സന്തുഷ്ടനായ മഹാദേവൻ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാർത്തികേയൻ തിരിച്ചുവന്നപ്പോൾ തന്റെ പ്രയത്നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാർത്തികേയൻ കൈലാസ പർവ്വതത്തിൽ നിന്നു പോകാൻ തീരുമാനിച്ചു. തുടർന്ന് മുരുകൻ കൈലാസത്തിൽ നിന്ന് പിണങ്ങി പോകുന്നു.അങ്ങനെയാണ് അദ്ദേഹം പഴനിമലയിലെത്തിച്ചേരുന്നത്. അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാൻ വന്ന മാതാപിതാക്കൾ, കാർത്തികേയനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കാണ്, പഴം നീ. ഇതിൽ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്.[1]
ഐതിഹ്യം
[തിരുത്തുക]പതിനെട്ടു സിദ്ധവൈദ്യ മഹർഷിമാരിൽ ഒരാളായ ഭോഗരാണ് മുരുകന്റെ പ്രതിഷ്ഠ പഴനി മലയിൽ സ്ഥാപിച്ചതെന്നു കരുതുന്നു. "നവപാഷാണത്തിന്റെ" ഒരു പ്രത്യേക മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. [2] വളരെ വേഗം ഉറയ്ക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവല്കരിക്കാനുള്ള പ്രയത്നം തുടങ്ങാൻ കഴിഞ്ഞു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയിൽ പൂർത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങൾ മുഖം പോലെ തന്നെ മനോഹരമാക്കാൻ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തിൽ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാൻ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തിൽ.
ഭോഗർ മഹർഷിയുടെ ഒരു ദേവാലയവും ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഭോഗരുടെ സമാധിസ്ഥാനമായി ഇത് കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. മലയുടെ അകത്തുള്ള ഒരു ഗുഹയുമായി ഈ ഭോഗമഹർഷിയുടെ ദേവാലയം ബന്ധിച്ചിരിക്കുന്നു. ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേർപ്പെടുന്നത് എന്നു വിശ്വസിക്കുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രനിർമ്മാണത്തിനുശേഷം, പിന്നീട് അരും ശ്രദ്ധിക്കാതെ,വനാന്തർഭാഗത്തു മറഞ്ഞുപോകുകയാണുണ്ടായത്. രണ്ടാം നൂറ്റാണ്ടിനും, അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് ഈ പ്രദേശം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ തന്റെ പതിവു നായാട്ടുമായി ബന്ധപ്പെട്ട് പഴനി മലയുടെ ഭാഗത്തു വന്നു ചേർന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ, രാജാവിന്റെ സ്വപ്നത്തിൽ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ടു. തന്റെ വിഗ്രഹം കണ്ടെടുത്ത്, അത് പഴയ രീതിയിൽ സ്ഥാപിക്കാൻ സ്വാമി രാജാവിനോട് ആജ്ഞാപിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്ന രാജാവ്, അതിനടുത്ത് വിഗ്രഹത്തിനുവേണ്ടി തിരച്ചിൽ നടത്തുകയും, മറഞ്ഞു കിടന്നിരുന്ന സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. രാജാവ് വിഗ്രഹം മലമുകളിൽ തന്റെ സാമ്രാജ്യം കാത്തുരക്ഷിക്കാൻ എന്നവണ്ണം പടിഞ്ഞാറ് ദർശനമായി പഴയപടി സ്ഥാപിക്കുകയും ആരാധന മുതലായവ തുടങ്ങുകയുടെ ചെയ്തു. ഇന്നും കേരളത്തെ നോക്കിസംരക്ഷിച്ചുകൊണ്ടു നിൽക്കുന്ന ഭാവത്തിൽ നമുക്ക് പ്രതിഷ്ഠ കാണാനാവും. അതിനാൽ തന്നെ ഭഗവാന് മലയാളികളോട് പ്രത്യേക വാത്സല്യം ഉള്ളതായി പറയപ്പെടുന്നു. ക്ഷേത്രത്തെ ചുറ്റിയുള്ള മതിലിൽ ഒരു സ്തൂപത്തിൽ ഈ കഥ കൊത്തിവെച്ചിട്ടുണ്ട്.
ഭഗവാൻ
[തിരുത്തുക]സുബ്രഹ്മണ്യവിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകൻ പഴനിയിൽ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യിൽ ദണ്ഡും, വേലും. ഇതിൽ നിന്നും ആണ് ബാല-ദണ്ഡ്-ആയുധപാണി എന്ന പേരു മുരുകനു കിട്ടിയത്.
വിഗ്രഹം പഴനിയിൽ സ്ഥാപിച്ചിരിക്കുന്നത് പടിഞ്ഞാറു ദിക്കിലേക്ക് ദർശനമായിട്ടാണ്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹം കിഴക്കോട്ട് ദർശനം ആയിട്ടാണ് സ്ഥാപിക്കാറുള്ളത്. ഇന്നത്തെ കേരളം അതായത് ചേരസാമ്രാജ്യം പടിഞ്ഞാറോട്ടാണ് പടർന്നു കിടക്കുന്നത്. ആ സാമ്രാജ്യത്തിന്റെ രക്ഷയ്ക്കു വേണ്ടി ചേരമാൻ പെരുമാൾ വിഗ്രഹത്തിന്റെ ദർശനം പടിഞ്ഞാറു ദിക്കിലേക്കു വെച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഇതിനാൽ മലയാളികളോട് ഭഗവാന് പ്രത്യേക വാത്സല്യമുണ്ട് എന്നൊരു വിശ്വാസമുണ്ട്. കൂടാതെ, സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികൾ സാധാരണയിലും വലിപ്പമുള്ളതാണ്. ബാലൻ, സന്ന്യാസി, വേട്ടക്കാരൻ, രാജാവ് തുടങ്ങി വിവിധ അലങ്കാരങ്ങൾ ആണ് ഭഗവാന് നടത്തുക. ഇതിൽ രാജാലങ്കാരം ദർശിക്കുന്നത് ഐശ്വര്യദായകമാണ്. നവഗ്രഹങ്ങളിലെ ചൊവ്വയായി ഇവർ മുരുകനെ കാണുന്നു. ക്ഷേത്രത്തിന് ആറ് വലംവച്ചു മുരുകനെ തൊഴുന്നത് ഭഗവാന് വളരെയധികം ഇഷ്ടമാണെന്ന് കരുതപ്പെടുന്നു. "ഓം ശരവണ ഭവ" അല്ലെങ്കിൽ "ഓം വചത്ഭുവേ നമഃ" എന്നീ മുരുകമന്ത്രങ്ങൾ പ്രദക്ഷിണവേളയിൽ ജപിക്കുന്നു. സ്കന്ദൻ, ആറുമുഖൻ, വേലായുധൻ, ആണ്ടവൻ തുടങ്ങിയ പേരുകളിലും ഭഗവാൻ അറിയപ്പെടുന്നു. [3].
ശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിലാണ്, വിഗ്രഹം സ്ഥിതിചെയ്യുന്നത്. ഗുരുക്കൾ എന്ന ബ്രാഹ്മണസമുദായത്തിലെ പുരോഹിതന്മാർക്കാണ് വിഗ്രഹത്തെ സമീപിക്കാനും ഒരുക്കാനുമുള്ള അവകാശമുള്ളത്. ഈ അവകാശം ഇവർ തലമുറകളായി കൈമാറി വരുന്നതാണ്. മറ്റുള്ളവർക്ക് ശ്രീകോവിലിനടുത്തു വരെ വരാനേ അവകാശമുള്ളു. എന്നാൽ പുരോഹിതരുടെ സഹായികളായ ആളുകൾക്ക് ശ്രീകോവിലിനകത്തു വരാം, എന്നാൽ ഗർഭഗൃഹത്തിൽ പ്രവേശനമില്ല. "പണ്ടാരം" എന്ന സമുദായത്തിലെ ആളുകളാണ് ഇവിടെ പുരോഹിതരുടെ സഹായികളായി നിലവിലുള്ളത്. [4]
ക്ഷേത്രം
[തിരുത്തുക]പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലയിലുണ്ടായിരുന്ന കാനനപാതകളാണ് മുമ്പ് ഭക്തർക്ക് ക്ഷേത്രത്തിലേക്കു പോകാനുള്ള വഴിയായി ഉണ്ടായിരുന്നത്. ആനകൾ സഞ്ചരിച്ചിരുന്ന വഴിയാണ് ഭക്തർ ഉപയോഗിച്ചിരുന്നത്. കൂടാതെ, മലയിൽ ചെത്തിയുണ്ടാക്കിയ കല്പടവുകളും ചിലയിടത്തുണ്ടായിരുന്നു. വിഗ്രത്തിൽ സമർപ്പിക്കാനുള്ള പുണ്യജലവും കൈയിലെടുത്താണ് തീർത്ഥാടകർ പണ്ട് മല കയറിയിരുന്നത്. പുരോഹിതന്മാരും മല നടന്നു തന്നെയാണ് കയറിയിരുന്നത്. എന്നാൽ ഭക്തർ ഉപയോഗിച്ചിരുന്ന പാതയല്ല, അതിനു നേരെ എതിർവശത്തുണ്ടായിരുന്ന മറ്റൊരു പാതയാണ് അവർ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ അര നൂറ്റാണ്ടായി, മലകയറ്റം സുഗമമാക്കാനായി കൂടുതൽ കല്പടവുകൾ നിർമ്മിച്ചു. കൂടാതെ, ഒരു ഫ്യൂണിക്കുലാർ റെയിൽവേ സംവിധാനവും അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ ഇരുമ്പിന്റെ വടത്തിൽ സഞ്ചരിക്കുന്ന ഈ സംവിധാനം, പ്രായാധിക്യത്താലും, ശാരീരികാസ്വാസ്ഥ്യത്താലും മല കയറുന്നവർക്ക് വളരെ ആശ്വാസമാണ്.
ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് പഴയ ചേര ശില്പവൈദഗ്ദ്ധ്യത്തിലാണ്. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള, ശില്പചാതുരി പാണ്ഡ്യ കാലഘട്ടത്തെയും, അവരുടെ സ്വാധീനത്തെയും ഓർമ്മിപ്പിക്കുന്നു. ശ്രീകോവിലിന്റെ മതിലിൽ പഴയ തമിഴ്ലിപിയിൽ ധാരാളം ദൈവികസ്തോത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ശ്രീകോവിലിനു മുകളിലായി സ്വർണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
ശ്രീകോവിലിനരുകിലായി, സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും പാർവ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേർന്ന്, പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗമഹർഷിയുടെ സമാധി സ്ഥാനമാണ്. പുറത്ത് വിഘ്നേശ്വരനും സുബ്രഹ്മണ്യസഹോദരനുമായ ഗണപതിയുടെ ആരാധനാലയവുമുണ്ട്. [5].
ആരാധന
[തിരുത്തുക]വിഗ്രഹത്തിലുള്ള അഭിഷേകമാണ് പ്രധാന ആരാധനാ രീതി. വിവധ തരം ലേപനങ്ങൾ കൊണ്ട് വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നു. എണ്ണ, ചന്ദനതൈലം, പാൽ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തിയശേഷം, ശുദ്ധ ജലത്തിൽ വീണ്ടും അഭിഷേകം നടത്തുന്നു. ദിവസത്തിന്റെ ഓരോ പ്രത്യേക സമയങ്ങളിലാണ് ഈ അഭിഷേകം നടത്തുന്നത്.
- വിഴ പൂജ - അതി രാവിലെയുള്ള പൂജ
- ഉച്ചിക്കാലം - മദ്ധ്യാഹ്ന പൂജ.
- സായരക്ഷൈ - വൈകീട്ടുള്ള പൂജ.
- രാക്കാലം - രാത്രിയുള്ള പൂജ. (ക്ഷേത്രം അടക്കുന്നതിനു തൊട്ടുമുമ്പ്).
ഈ പൂജകൾ നടക്കുമ്പോൾ ഭക്തരെ അറിയിക്കാനായി ക്ഷേത്രത്തിലുള്ള വലിയ മണി മുഴക്കുന്നത് പതിവാണ്. ശാന്തമായ അന്തരീക്ഷത്തിൽ പഴനി നഗരം മുഴുവൻ ഈ മണിയൊച്ച കേൾക്കാൻ കഴിയും.
അഭിഷേകത്തിനുശേഷം വിഗ്രഹത്തെ ആടയാഭരണങ്ങൾ അണിയിക്കുന്ന ചടങ്ങാണ്. ഇതിനെ അലങ്കാരം എന്നു പറയുന്നു. പിതാവിന്റെ രാജകൊട്ടാരത്തിൽ നിന്നും പഴനിയിൽ വന്നിറങ്ങിയ മുരുകന്റെ രൂപത്തിലായിരിക്കും മിക്കവാറും വിഗ്രഹത്തെ അണിയിച്ചൊരുക്കാറ്. ഇതു കൂടാതെ, ഭഗവാനെ ഉത്സവമൂർത്തിയായി അലങ്കരിച്ച്, സ്വർണ്ണരഥത്തിനുള്ളിൽ ഇരുത്തി ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്താറുണ്ട്. ഇത് ഭക്തരായിരിക്കും ഈ രഥം വലിച്ചുകൊണ്ടു പോകുന്നത്. ഇത് കാണുന്നത് പുണ്യമായി ഭക്തർ കരുതുന്നു.
അനുഷ്ഠാനങ്ങൾ
[തിരുത്തുക]ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കൽ. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്. വൈകീട്ടു തലമുണ്ഡനം ചെയ്ത ചന്ദനം തേച്ച് അത് രാത്രിമുഴുവൻ സൂക്ഷിക്കുന്നത് ഭക്തരുടെ ഒരു രീതിയാണ്.
മദ്ധ്യാഹ്നത്തിൽ കുറച്ചു നേരവും, രാത്രിയിൽ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാൽ, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാൻ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ.
മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയിൽ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകൾ ഭഗവാൻ പ്രധാന പുരോഹിതനിൽ നിന്നും കേൾക്കുമത്രെ. അതിനുശേഷം മാത്രമേ ഭഗവാൻ പള്ളിയുറക്കത്തിനു പോകാറുള്ളു.
ഉത്സവങ്ങൾ
[തിരുത്തുക]നിത്യ പൂജകൾക്കു പുറമെ ധാരളം ഉത്സവദിനങ്ങളും പഴനി മുരുക ക്ഷേത്രത്തിൽ കൊണ്ടാടാറുണ്ട്.
- തൈപ്പൂയം
- പങ്കുനി ഉത്രം
- വൈകാശി-വിശാഖം
- ശൂരസംഹാരം (സ്കന്ദഷഷ്ഠി)
- തൃക്കാർത്തിക
തൈപ്പൂയം ആണ് പഴനി മുരുക ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി കരുതിപോരുന്നതും ആഘോഷിക്കുന്നതും. തമിഴ് കലണ്ടറിലെ തൈമാസത്തിലെ (മലയാളം കലണ്ടറിൽ മകരമാസം, ജനുവരി 15 - ഫെബ്രുവരി 15) പൂയം നക്ഷത്രദിവസമാണ് തൈപ്പൂയം ആഘോഷിക്കുന്നത്. സ്കന്ദപുരാണ പ്രകാരം ദേവസേനാധിപനായ മുരുകൻ ലോകരക്ഷാർത്ഥം താരകാസുരനെ വധിച്ച ദിവസമാണ് തൈപ്പൂയമായി ആഘോഷിക്കപ്പെടുന്നത്. ദൂരെ നഗരങ്ങളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും ഭക്തർ കാൽനടയായി ഇവിടേക്കു വരുന്നു. തലമുണ്ഡനം ചെയ്ത് കാവടിയെടുത്താണ് ഇവർ ഭഗവാനെ കാണാനായി വരുന്നത്. ഹിഡുംബ എന്ന രാക്ഷസൻ പഴനിമലകൾ തന്റെ തോളിലേറ്റി ഇവിടെ കൊണ്ടു വന്നു വെച്ചതെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഭക്തർ കാവടിയെടുക്കുന്നത്. ഹിഡുംബൻ, ബാലമുരുകന്റെ ഒരു ആശ്രിതനായിരുന്നു. ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത്. ഇതിനെ തീർത്ഥ-കാവടി എന്നു പറയുന്നു. കാരൈക്കുടിയിലുള്ള ഭഗവാന്റെ ക്ഷേത്രത്തിൽ നിന്നും രത്നം പതിച്ച വേലുമായി വരുന്ന കരൈക്കുടിയിൽ നിന്നുള്ള ഭക്തർ വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു[6].
പഞ്ചാമൃതം
[തിരുത്തുക]പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതം പ്രസിദ്ധമാണ്. പഴം, കൽക്കണ്ടം, മുന്തിരിങ്ങ, നെയ്, തേൻ തുടങ്ങിയവ ചേർന്നതാണ് സ്വാദിഷ്ഠവും മധുരമൂറുന്നതുമായ പഞ്ചാമൃതം. ദണ്ഡായുധപാണിയുടെ ബിംബത്തിൽ എന്നും പഞ്ചാമൃതം അഭിഷേകം ചെയ്യുന്നു. ക്ഷേത്രത്തിൽ നിന്നും ഭക്തർക്ക് ഇത് വാങ്ങാം[7].
വിവാദം
[തിരുത്തുക]തുടർച്ചയായുള്ള ധാരയും, അഭിഷേകവും മൂലം വിഗ്രഹത്തിനു ചെറിയ തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും, അതുമൂലം കുടിയിരിക്കുന്ന ചൈതന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കുറേ ഭക്തരെങ്കിലും വിശ്വസിച്ചു. എന്നാൽ പുരോഹിതരും, കുറേ ആളുകളും ഇതിൽ യാതൊരു സത്യവുമില്ലെന്നു പറയുകയുണ്ടായി. അവർക്ക് വിഗ്രഹത്തിൽ യാതൊരു മാറ്റവും കാണാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ദേവപ്രശ്നങ്ങൾ കാരണവും മറ്റും, പുതിയ ഒരു വിഗ്രഹം പ്രതിഷ്ഠിക്കാൻ തീരുമാനമായി. മാത്രമല്ല, അഭിഷേകങ്ങളിൽ ചിലത് നിറുത്താനും തീരുമാനമായി. ഇത് വിഗ്രഹം ദ്രവിച്ചപോകുന്നത് തടയും എന്ന് വിദഗ്ദ്ധർ പറഞ്ഞു. 2004 ജനുവരി 27-ന് 100 കിലോഗ്രാം ഭാരമുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു ആരാധന തുടങ്ങി. എന്നാൽ യാഥാസ്ഥിതികരായ ഭക്തരുടെ കടുത്ത എതിർപ്പിനെ തുടർന്ന് പഴയ വിഗ്രഹത്തിൽ തന്നെ ആരാധന തുടരാൻ തീരുമാനിക്കുകയായിരുന്നു.
പൂജകൾ, ദർശനസമയം
[തിരുത്തുക]രാവിലെ 5.40 മണിക്ക് വിശ്വരൂപ ദർശനത്തോടെ പൂജകൾ ആരംഭിക്കും. ഭക്തർക്ക് ദർശന സമയം രാവിലെ 6.00 മണി മുതൽ വൈകീട്ട് 8.45 വരെയാണ്. ഇടയ്ക്ക് പൂജകൾ ഉണ്ടാകും. പകൽ മുഴുവൻ ദർശന സൗകര്യം ലഭ്യമാണ്. രാത്രി 9 മണിയോടെ നട അടയ്ക്കും. ഉത്സവദിനങ്ങളിൽ രാവിലെ 4:30 ന് നടതുറക്കും[8].
- വിശ്വരൂപ ദർശനം (രാവിലെ 5.40)
- ദർശനം (6 മുതൽ 6.50 വരെ)
- വിഴാ പൂജ (രാവിലെ 6:50 മുതൽ 7.15)
- ദർശനം (7.15- 8 വരെ)
- സിരുകാല പൂജ (രാവിലെ 8-8:25)
- ദർശനം (8.25-9 വരെ)
- കാലശാന്തി (രാവിലെ 9:00-9.25)
- ദർശനം (9.25- ഉച്ചക്ക് 12 വരെ)
- ഉച്ചികാല പൂജ (ഉച്ചക്ക് 12:00-12.25)
- ദർശനം (12.30- വൈകിട്ട് 5.30 വരെ)
- സായരക്ഷ പൂജ അഥവാ രാജാലങ്കാരം (വൈകീട്ട് 5:30-5.55)
- ദർശനം (6-രാത്രി 8 വരെ)
- രാക്കാല പൂജ (8:00-8.25)
- ദർശനം (8.30-8.45 വരെ)
- നട അടയ്ക്കൽ (രാത്രി 9 മണി)
- തങ്ക രഥം (വൈകീട്ട് 6:30)[9]
എത്തിച്ചേരേണ്ട വഴി
[തിരുത്തുക]പാലക്കാട് നിന്നും പൊള്ളാച്ചി വഴി 67 കിലോമീറ്ററും എറണാകുളം ഭാഗത്ത് നിന്ന് ചാലക്കുടി-വാൽപ്പാറ അല്ലെങ്കിൽ മൂന്നാർ വഴി 200 കിലോമീറ്ററും തൃശ്ശൂർ നിന്നും വടക്കഞ്ചേരി-നെന്മാറ-പൊള്ളാച്ചി വഴി 180 കിലോമീറ്ററും കോട്ടയത്ത് നിന്നും കമ്പം-തേനി വഴി 294 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന "പഴനി" എന്ന നഗരത്തിലുള്ള മലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ നിന്ന് കെഎസ്ആർടിസി അടക്കം ധാരാളം ബസുകൾ ഇങ്ങോട്ടേക്ക് സർവീസ് നടത്തുന്നുണ്ട്[10].
ട്രെയിൻ മാർഗവും സൗകര്യപ്രദമായി പഴനിയിൽ എത്താം. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 അമൃത എക്സ്പ്രസ്സ് പഴനി യാത്രക്കാർക്ക് അനുയോജ്യമായ ട്രെയിനാണ്. മലബാറിൽ നിന്നുള്ള മംഗലാപുരം രാമേശ്വരം എക്സ്പ്രസ്സ് പഴനി യാത്രക്കാർക്ക് ഗുണകരമാണ്. പാലക്കാട് നിന്നും ചെന്നൈ വരെ പോകുന്ന 22652 സൂപ്പർഫാസ്റ്റ് ട്രെയിൻ പഴനിയിൽ നിർത്താറുണ്ട്. മറ്റൊന്ന് ട്രെയിൻ നമ്പർ 56769 പാലക്കാട് നിന്നും തിരുച്ചെന്ദൂർക്ക് പോകുന്ന തീവണ്ടിയാണ്. [11][12]
ചിത്രശാല
[തിരുത്തുക]-
പഴനി മലനിരകൾ
-
ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗത്തിലുള്ള ഗോപുരം
-
പഴനി അടിവാരം
-
പഴനി ക്ഷേത്രം രാക്കാഴ്ച
-
പഴനി മലയിലേക്കുള്ള പ്രധാന വാതിൽ
-
ക്ഷേത്രം വിദൂരകാഴ്ച
-
സ്വർണ്ണഗോപുരം
-
പഴനി ക്ഷേത്രം വിദൂരദൃശ്യം
-
ക്ഷേത്രത്തിലേക്കുള്ള കല്പടവുകൾ
-
മുരുക ക്ഷേത്രം
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ പഴനി എന്ന പേരു വന്നത് പഴനി ക്ഷേത്രം വെബ്സൈറ്റ്
- ↑ വിഗ്രഹത്തിന്റെ പ്രത്യേകതകൾ Archived 2012-06-08 at the Wayback Machine പളനിടെംപിൾസ്
- ↑ പുരോഹിതന്മാർ മുരുകൻ
- ↑ പഴനി മലയിലെ മുഖ്യവിഗ്രഹവും ഉപദേവതകളും പഴനി ക്ഷേത്രത്തിന്റെ വിവരങ്ങൾ
- ↑ "Only Official Website Palani Arulmigu Dhandayuthapaniswamy Temple". Archived from the original on 2019-02-14. Retrieved 2022-05-20.
- ↑ "Only Official Website Palani Arulmigu Dhandayuthapaniswamy Temple". Archived from the original on 2019-02-14. Retrieved 2022-05-19.
- ↑ "Only Official Website Palani Arulmigu Dhandayuthapaniswamy Temple". Archived from the original on 2019-02-14. Retrieved 2022-05-20.
- ↑ "Only Official Website Palani Arulmigu Dhandayuthapaniswamy Temple". Archived from the original on 2019-02-14. Retrieved 2022-05-20.
- ↑ "palani tourism - തിരയുക". Retrieved 2022-05-19.
- ↑ "southern railway website - തിരയുക". Retrieved 2022-05-19.
- ↑ https://indianrailways.gov.in. Retrieved 2022-05-19.
{{cite web}}
: Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പഴനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ് Archived 2012-06-11 at the Wayback Machine
- പഴനി മുരുക ക്ഷേത്രത്തിന്റെ ചരിത്രം - തമിഴ് Archived 2011-07-14 at the Wayback Machine
- പഴനി മുരുക വിഗ്രഹത്തിന്റെ വൈദികശക്തി
- പഴനി തീർത്ഥാടനം Archived 2011-09-07 at the Wayback Machine