പഴയംവീടൻ ചന്തു
പഴശ്ശിരാജാവിന്റെ ഒരു ജനറൽ ആയിരുന്നു പഴയംവീടൻ ചന്തു (Pazhayamviden Chandu). ഇയാൾ ഒറ്റിക്കൊടുത്തതോടെയാണ് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശി തോൽക്കാനും കൊല്ലപ്പെടാനും ഇടയായത്.
ആദ്യകാല ജീവിതം
[തിരുത്തുക]ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന ചന്തു പട്ടിണികൊണ്ട് ചെറുപ്പത്തിൽത്തന്നെ പഴശ്ശിയുടെ പരിവാരത്തിൽ ചേർന്നു. അവന്റെ കഴിവിലും ധൈര്യത്തിലും ആകൃഷ്ടനായ പഴശ്ശി സ്വന്തം മകനെപ്പോലെയാണ് ചന്തുവിനെ സ്നേഹിച്ചത്. യുദ്ധകാര്യങ്ങളിലും ഭരണത്തിലും ഏറ്റവും നല്ല ശിക്ഷണം നൽകി പഴശ്ശി ചന്തുവിനെ ഒരു മന്ത്രിയാക്കി.[1] സാധാരണക്കാരനായി ജനിച്ച ചന്തുവിനെ പഴശ്ശി ഒരു പ്രഭുസ്ഥാനത്തേക്ക് ഉയർത്തി. പഴയവീട് എന്നു പേരുള്ള ഒരു നമ്പ്യാർ(നായർ)കുടുംബത്തോട് ചന്തുവിനെ ദത്തെടുക്കാൻ പഴശ്ശി ആവശ്യപ്പെട്ടു. അങ്ങനെ ചന്തു പഴയംവീട്ടിൽ ചന്തു നമ്പ്യാർ ആയി.[2]
വിവാഹം
[തിരുത്തുക]പ്രസിദ്ധനായ കൈതേരി അമ്പുവിന്റെ സഹോദരിയായ ഉണ്ണിയമ്മയെ പഴശ്ശിരാജ ചന്തുവിന് വിവാഹം ചെയ്തുകൊടുത്തു. ചന്തുവിന്റെ തനിനിറം മനസ്സിലായതിനാലാവണം അമ്പുവിന് ഈ ബന്ധത്തിനോട് അത്ര താത്പര്യമില്ലായിരുന്നു. പഴശ്ശിരാജാവിനോട് എതിരുപറയാൻ ആവാത്തതിനാൽ അമ്പുവിനു സമ്മതിക്കേണ്ടി വന്നു.[3]
സൈനിക സേവനം
[തിരുത്തുക]മൈസൂർ സേനയോട് പഴശ്ശിക്കൊപ്പം നിന്ന് ധീരമായി ചന്തു പോരാടി. അക്കാലത്ത് കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രേ ചന്തു.[4]
ഇരട്ട ചാരൻ
[തിരുത്തുക]1793 -ൽ പഴശ്ശിരാജാവിനോട് ഇടഞ്ഞ് പരസ്യമായിത്തന്നെ പഴശ്ശിയുടെ ശത്രുവും അമ്മാവനും ആയ വീരവർമ്മയോടൊപ്പവും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പവും ചന്തു ചേർന്നു. ശത്രുരാജ്യത്തിന്റെ നീക്കം പഴശ്ശിയെ അറിയിച്ചുകൊണ്ടിരുന്ന ഒരു ചാരനായിരുന്നു ചന്തു. വെല്ലസ്ലിയോടുപോലും അടുപ്പം സൂക്ഷിച്ചിരുന്നയാളായിരുന്നത്രെ ചന്തു.[5]
പഴശ്ശിരാജാവിനെ ഒറ്റിക്കൊടുത്തത്
[തിരുത്തുക]പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങളെപ്പറ്റി ചന്തു 1805 -ൽ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തതാണത്രേ പഴശ്ശിയുടെ തോൽവിക്കും പിന്നീടുണ്ടായ ചെറുത്തുനിൽപ്പുകൾക്കും അന്ത്യ കുറിച്ചത്. തന്റെ മരണത്തിനു മുൻപ് ഇക്കാര്യം പഴശ്ശിയെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. പണത്തിനു വേണ്ടിയായിരുന്നത്രേ ചന്തു പഴശ്ശിയെ ഒറ്റിക്കൊടുത്തത്.
മരണം
[തിരുത്തുക]ദുർഗ്രഹമായ ചുറ്റുപാടുകളിലാണ് ചന്തു മരിച്ചത്. പ്രതികാരമായി പഴശ്ശിയുടെ ആൾക്കാർ തന്നെയാവണം ചന്തുവിനെ കൊന്നത്. അയാളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞതിനാലും 12 വർഷത്തോളം പഴശ്ശിക്കു വേണ്ടി ചാരപ്പണി ചെയ്തതിന്റെയും ശിക്ഷയായി ബ്രിട്ടീഷുകാർ തന്നെയാണ് ചന്തുവിനെ വധിച്ചത് എന്നാണ് മറ്റൊരു വാദം.