Jump to content

പിണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിണ്ടർ, ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് അർത്ഥകായ പ്രതിമയുടെ റോമൻ പകർപ്പ്

പുരാതന ഗ്രീസിലെ ഒൻപതു ഗാനകവികളിൽ ഒരാളായിരുന്നു പിണ്ടർ (ജനനം ഏകദേശം ക്രി.മു. 522; മരണം: ക്രി.മു. 443-നടുത്ത്). നവകവികളിൽ പിണ്ടറിന്റെ കവിതകളാണ് ഏറ്റവും മെച്ചപ്പെട്ട പരിരക്ഷയിൽ നിലവിലുള്ളത്. ഭാവനയുടെ പ്രൗഢി, ചിന്തയുടേയും ബിംബങ്ങളുടേയും സൗന്ദര്യം, ഭാഷയുടേയും ആശയങ്ങളുടേയും പ്രവാഹം, വാഗ്‌ചാതുരിയുടെ തീവ്രത എന്നിവ നവകവികളിൽ പിണ്ടറിനെ പ്രഥമസ്ഥാനിയാക്കിയെന്ന് ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ റോമൻ പ്രസംഗകൻ ക്വിന്റിലിയൻ കരുതി.[1]

എന്നാൽ പിണ്ടറിന്റെ കവിതകളുടെ ജനപ്രീതിയെക്കുറിച്ച് സന്ദേഹങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. "ഉദാത്തമായ പാണ്ഡിത്യത്തോടു മുഖം തിരിച്ചു നിന്ന ആൾക്കൂട്ടം, പിണ്ടറിന്റെ കവിതകളെ വിസ്മരിച്ചു കഴിഞ്ഞു" എന്നു അദ്ദേഹത്തിനു തൊട്ടുപിന്നാലെയുള്ള കാലത്ത് ആഥൻസിൽ ജീവിച്ചിരുന്ന ഹാസ്യനാടകകൃത്ത് യൂപ്പോലിസ് കരുതി.[2]


പിണ്ടറിന്റെ പാണ്ഡിത്യത്തിന്റെ ഔന്നത്യം ആധുനികകാലത്തും, ചുരുങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ, വായനക്കാരെ അകറ്റിനിർത്തി. 1896-ൽ പിണ്ഡറിന്റെ പ്രതിദ്വന്ദി ബാക്കിലൈഡിസിന്റെ കവിതകളിൽ ചിലതു കണ്ടുകിട്ടിയത് ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി. പിണ്ടറിന്റെ ജയകീർത്തനങ്ങളിൽ 'കിറുക്കുകൾ' പോലെ കാണപ്പെട്ട ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ കവിതയുടെ മാത്രം സ്വഭാവമായിരിക്കാതെ അക്കാലത്തെ കവിതകളുടെ വർഗ്ഗസ്വഭാവമായിരുന്നെന്ന തിരിച്ചറിവിന് ബാക്കിലൈഡിസുമായുള്ള താരതമ്യം അവസരമൊരുക്കി. അന്നു മുതൽ, പിണ്ടറിന്റെ കവിതയുടെ ഉജ്ജ്വലത തിരിച്ചറിയപ്പെട്ടു തുടങ്ങി. എന്നാൽ ആ രചനകളുടെ പല സവിശേഷതകളും അലസവായനക്കൊരുങ്ങുന്നവരെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, അധികം വായിക്കപ്പെടാതെ ഏറെ ആരാധിക്കപ്പെടുന്ന കവി എന്ന നിലയാണ് പിണ്ടറിന് ഇപ്പോഴും ഉള്ളത്.[3]


കവിതയുടെ സ്വഭാവം കവിയുടെ ധർമ്മം എന്നിവയെക്കുറിച്ചു സമഗ്രമായ നിരീക്ഷണങ്ങൾ നടത്തുന്ന ആദ്യത്തെ ഗ്രീക്കു കവി പിണ്ടറാണ്. [4] പൗരാണികയുഗത്തിലെ മറ്റു കവികളെപ്പോലെ അദ്ദേഹവും ജീവിതത്തിന്റെ ചഞ്ചലസ്വഭാവത്തെക്കുറിച്ചുള്ള അഗാധമായ ബോധം പ്രകടിപ്പിച്ചു. എന്നാൽ ദൈവപ്രീതിയിൽ മനുഷ്യന് സാധിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ഇതിനൊപ്പം ഉണ്ടായിരുന്ന ബോധം അദ്ദേഹത്തെ ഇതരകവികളിൽ നിന്നു മാറ്റി നിർത്തി. ജയകീർത്തനങ്ങളിൽ ഒന്നിന്റെ സമാപനഭാഗത്തുള്ള ഈ വരികൾ പിണ്ടറിന്റെ കവിതയുടെ ഈ സ്വഭാവത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമാണ്:[5]


ഒരുദിവസത്തേക്കുള്ള സൃഷ്ടി! മനുഷ്യൻ എന്താണ്?
അവൻ എന്താണല്ലാത്തത്? ഒരു നിഴലിന്റെ സ്വപ്നമാണ്
നമ്മുടെ മർത്ത്യാവസ്ഥ. എന്നാൽ മനുഷ്യനിലേയ്ക്ക്-
സ്വർഗ്ഗസമൃദ്ധിയുടെ തരി ഒളിവീശുമ്പോൾ ,
മഹിമയുടെ പ്രഭ അവനിൽ കുടിയിരുന്ന്.
ആ ദിനങ്ങളെ അനുഗൃഹീതമാക്കുന്നു. (Pythian 8)[6][7]

പുരാതന ഗ്രീസിൽ ക്ലാസ്സിക്കൽ യുഗത്തിന്റെ ഉദയകാലത്ത് നിലനിന്നിരുന്ന വിശ്വാസങ്ങളും മൂല്യങ്ങളും പിണ്ടറിന്റെ കവിതയിൽ പ്രതിഭലിച്ചു.[8]

ജീവിതം

[തിരുത്തുക]

ക്രി.മു. 522-ലോ 518-ലോ, ബോയെത്തിയായിൽ തീബ്സിനടുത്തുള്ള സൈനോസെഫാലേ എന്ന ഗ്രാമത്തിലാണ് പിണ്ടർ ജനിച്ചത്. ഡയഫാന്റസ്, പഗോണ്ടാസ്, സ്കോപ്പിലീനിയസ് എന്നീ പേരുകൾ അദ്ദേഹത്തിന്റെ പിതാവിന്റേതായി പറയപ്പെടുന്നുണ്ട്. ക്ലിയോഡൈസ് ആയിരുന്നു അമ്മ.[9] യൗവനത്തിൽ വയലിൽ ഉറങ്ങിക്കിടന്ന കവിയുടെ ചുണ്ടിൽ തേനീച്ചകൾ കൂട്ടം കൂടി തേൻ നിക്ഷേപിച്ചു പോയി എന്നൊരു കഥയുണ്ട്. മാധുര്യമുള്ള വരികൾ എഴുതാൻ പിണ്ടറിനായത് അതിനാലാണത്രെ. ഗാനരചനയിൽ അദ്ദേഹത്തിനു പരിശീലനം കിട്ടിയത് ആഥൻസിലാണ്. ഹെർമോയ്നേയിലെ ലാസോസ് ആയിരുന്നു ഗുരു. കൊറിന്നാ എന്ന കവയിത്രിക്കൊപ്പവും അദ്ദേഹം പഠിച്ചു.[൧] 20 വയസ്സുള്ളപ്പോൾ, ക്രി.മു. 498-ൽ തെസ്സലിയിലെ ഭരണാധികാരികൾ, ഒരു ജയകീർത്തനം രചിക്കാൻ പിണ്ടറിനെ ഏർപ്പെടുത്തി.

ക്രി.മു. 490-ലെ പിത്തിയൻ കായികമേളയിൽ പിണ്ടർ പങ്കെടുത്തു. സിസിലിയിലെ രാജകുമാരൻ ത്രാസിബുലസിനെ പിണ്ടർ ആദ്യമായി കണ്ടുമുട്ടിയത് ഈയവസരത്തിലാണ്. ആ കായികോത്സവത്തിൽ രഥയോട്ടത്തിൽ വിജയിയായത് ത്രാസിബുലസ് ആയിരുന്നു. അവിടെ അവർ സുഹൃത്തുക്കളായിത്തീർന്നു. ഇത്, സിസിലിയിലേക്കു പിന്നീടുള്ള പിണ്ടറിന്റെ സന്ദർശനത്തിനു വഴിയൊരുക്കി. പിണ്ടറിന്റെ രചനാജീവിതത്തിന്റെ ആദിമ-മദ്ധ്യകാലങ്ങളിലാണ് ഡാരിയസിന്റേയും സെർക്സസിന്റേയും പേർഷ്യൻ സേനകൾ ഗ്രീസ് ആക്രമിച്ചത്. ക്രി.മു.480/79-ൽ പിണ്ടറിനു നാല്പതിനടുത്തു വയസ്സുള്ളപ്പോൾ നടന്ന ആക്രമണത്തിൽ സെർക്സസിന്റെ സൈന്യാധിപൻ മർദോനിയസ് തീബ്സ് കീഴടക്കി. തുടർന്നു നടന്ന പ്ലാറ്റേയിലെ യുദ്ധത്തിൽ, തീബ്സിലെ ഉപരിവർഗ്ഗത്തിൽ ഒട്ടേറെപ്പേർ മരിച്ചു. ആഥൻസിന്റെ നേതൃത്വത്തിലുള്ള ഗ്രീക്കു സഖ്യം പേർഷ്യക്കെതിരെ നടത്തിയ ചെറുത്തുനില്പിൽ തീബ്സിന്റെ നിഷ്പക്ഷതതക്കു വേണ്ടി ആദ്യം വാദിച്ച പിണ്ടർ പിന്നീട് ആ നിലപാടു മാറ്റി വിജയസഖ്യത്തെ നയിച്ച ആഥൻസിനെ വാനോളം പുകഴ്ത്തി.[10]

ഭരണാധികാരികളും സമ്പന്നരും തങ്ങൾക്കു സ്തുതിഗീതങ്ങൾ രചിക്കാൻ പിണ്ടറിനെ ഏർപ്പെടുത്തി. റോഡ്സിലേയും, ടെനഡോസിലേയും, കൊറീന്തിലേയും, ആഥൻസിലേയും ഉന്നതന്മാർക്കും മാസിഡോനിയയിലെ അലക്സാണ്ടർ ഒന്നാമനും സ്തുതിഗീതങ്ങൾ എഴുതിയതിനു പുറമേ അദ്ദേഹം ദൈവസ്തുതിഗീതങ്ങളും രചിച്ചു. ഗ്രീസിലെ നഗരരാഷ്ട്രങ്ങൾക്കിടയിൽ നടന്ന മത്സരക്കളികളിലെ(Pan-Hellenic competitions) വിജയികളെ പ്രകീർത്തിക്കുന്ന ജയഗീതങ്ങളാണ് (victory odes) അദ്ദേഹത്തിന്റെ രചനകളിലെ ഒരു പ്രധാന വിഭാഗം.

ശിരസ്സിൽ ജയനാട കെട്ടുന്ന ഒരു മത്സരവിജയി - ക്രി.മു.440-ൽ ഫീദിയാസ് നിർമ്മിച്ചതായി പറയപ്പെടുന്ന യവനശില്പത്തിന്റെ റോമൻ പകർപ്പ്

ദൈവസ്തുതി കീർത്തനങ്ങൾ, ഡയൊനിസസ് ദേവന്റെ ഉത്സവത്തിനുള്ള ഹർഷഗാനങ്ങൾ, സുന്ദരിമാർക്കുള്ള കന്യാസ്തുതികൾ, പ്രശസ്തർക്കുള്ള പ്രശംസാഗീതങ്ങൾ, വിരുന്നു ഗാനങ്ങൾ, വിലാപഗാനങ്ങൾ, മത്സരക്കളികളിലെ വിജയികളുടെ ജയകീർത്തനങ്ങൾ എന്നിവയെല്ലാം പിണ്ടർ എഴുതി. ചിന്താപരമായ ആഴം കാര്യമായില്ലാത്തവയെങ്കിലും പിണ്ടറിന്റെ ഗാനങ്ങളുടെ ശൈലിയും ഛന്ദസും അതിസങ്കീർണ്ണമാണ്. അവയുടെ വരികൾ എഴുതുക മാത്രമല്ല പിണ്ടർ ചെയ്തത്. ഓരോ ഗാനത്തിനും അദ്ദേഹം തന്നെ സംഗീതം നിശ്ചയിക്കുകയും ഗായകരെ അവ പാടി പരിശീലിപ്പിക്കുകയും ചെയ്തു. പിണ്ടറിന്റെ രചനകളിൽ ഇന്ന് ലഭ്യമയുള്ളത് മത്സരക്കളികളിലെ വീരന്മാരെ പുകഴ്ത്തുന്ന് 45 ജയഗീതങ്ങൾ മാത്രമാണ്. അവയുടെ തന്നെ വാക്കുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ രചനകളുടെ സംഗീതം ഇന്ന് അപ്രാപ്യമായിരിക്കുന്നതിനാൽ അവയുടെ സമ്പൂർണ്ണമായ ആസ്വാദനം സാധ്യമല്ല.

ഗാനങ്ങളുടെ തുടക്കം വിഷയാവതരണമാണ്. വിഷയം ഇന്നതേ ആകാവൂ എന്ന നിഷ്ടയൊന്നും പിണ്ടറിനില്ലായിരുന്നു. ഓട്ടക്കാരും, കൊട്ടാരദാസികളും, രാജാക്കന്മാരും എല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു വിഷയമായി. തന്റെ ഭാവനയുടേയും കവനവിരുതിന്റേയും പ്രയോഗത്തിനു അവസരം കിട്ടുമെന്നു തോന്നിയാൽ ഏതു സ്വേച്ഛാപതിയേയും രക്ഷാധികാരിയാക്കാൻ പിണ്ടർ തയ്യാറായിരുന്നു. കോവർ കഴുതകളുടെ മത്സര ഓട്ടത്തെക്കുറിച്ചു തുടങ്ങി യവനസംസ്കാരത്തിന്റെ മഹത്ത്വത്തെക്കുറിച്ചു വരെ അദ്ദേഹം ഗാനങ്ങൾ രചിച്ചു. വിഷയാവതരണത്തെ തുടർന്ന്, ഗ്രീക്ക് പുരാവൃത്തങ്ങളെ ആശ്രയിച്ചുള്ള ദൈവചിന്തയാണ്. ദൈവങ്ങളെക്കുറിച്ച് വളരെ ഉദാത്തമായ സങ്കല്പമാണ് കവിയ്ക്കുണ്ടായിരുന്നത്. തന്റെ ഏറ്റവും ഉന്നതരായ രക്ഷാധികാരികൾക്കിടയിൽ അദ്ദേഹം അവർക്കു സ്ഥാനം കല്പിച്ചു. അതിനാൽ കീർത്തനങ്ങളുടെ ഈ ഭാഗത്ത് പിണ്ടർ ഭാവനയുടെ ധാരാളിത്തം കാട്ടി. കൈകൊണ്ടു വാരി വിതറുന്നതിനു പകരം ചാക്കു മുഴുവൻ കുടഞ്ഞിട്ടുള്ള വിതയാണ് പിണ്ടറിന്റേതെന്ന് അദ്ദേഹത്തിന്റെ പ്രതിദ്വന്ദി കൊറിന്ന പരാതിപ്പെടുകപോലും ചെയ്തു. ദൈവികരഹസ്യങ്ങളോടുള്ള പിണ്ടറിന്റെ ബഹുമാനവും അദ്ദേഹത്തിന്റെ സ്വർഗ്ഗപ്രതീക്ഷയും കീർത്തങ്ങളുടെ ഈ ഭാഗത്ത് പ്രകടമായി. നല്ലവർക്ക് സമ്മാനവും ദുഷ്ടർക്ക് ശിക്ഷയും ലഭിക്കുന്ന പ്രാചീനമായ ഒരുതരം അന്ത്യവിധി സങ്കല്പം പോലും പിണ്ടർ അവതരിപ്പിക്കുന്നുണ്ട്. കീർത്തനങ്ങളുടെ അവസാനഭാഗം സന്മാർഗോപദേശമാണ്. ഇവിടെ വലിയ തത്ത്വചിന്തയൊന്നും പ്രതീക്ഷിക്കാനില്ല. പിണ്ടർ ഒരർത്ഥത്തിലും ദാർശനികൻ അല്ലായിരുന്നു. വിനയവാന്മാരായിരിക്കാനും ദൈവങ്ങളേയും സഹജീവികളേയും ബഹുമാനിക്കാനും വിജയികളെ ഉപദേശിക്കുക മാത്രമാണ് പിണ്ടർ ചെയ്തത്.[10][൨]


രാഷ്ട്രീയകാര്യങ്ങളിൽ പിണ്ടർ യാഥാസ്ഥിതികനായിരുന്നു. "ഒരു നഗരത്തിന്റെ അടിത്തറയിളക്കുവാൻ ഏതു ദുർബ്ബലനും കഴിയും, എന്നാൽ അതിന്റെ പുനർനിർമ്മിതി ദുഷ്കരമാണ്" എന്ന് അദ്ദേഹം വിശ്വസിച്ചു. പേർഷ്യയുമായുള്ള സലാമിസ് യുദ്ധത്തിനു ശേഷം ആഥൻസിൽ നിലവിൽ വന്ന നിയന്ത്രിതജനാധിപത്യത്തെ പിണ്ടർ അംഗീകരിച്ചെങ്കിലും, അഭിജാതവർഗ്ഗത്തിന്റെ വാഴ്ചയെ(aristocracy) അദ്ദേഹം കൂടുതൽ അഭിലക്ഷണീയമായി കരുതി.

രചനകളുടെ എല്ലാ ദൗർബ്ബല്യങ്ങളും നിലനിൽക്കെയും പിണ്ടർ ഇന്നും വായിക്കപ്പെടുന്നത് ആഖ്യാനത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ചടുലതയും മിഴിവും അദ്ദേഹത്തിന്റെ വിശ്വാസങ്ങളുടെ ആത്മാർത്ഥതയും മൂലമാണ്.[10]

പക്വമായ എൺപതാം വയസ്സുവരെ പിണ്ടർ ജീവിച്ചിരുന്നു. ആഥൻസിലെ കോളിളക്കങ്ങളിൽ നിന്നകന്ന് ജന്മദേശമായ തീബ്സിലാണ് അദ്ദേഹം അവസാന നാളുകൾ കഴിച്ചത്. "സ്വന്തം നഗരവും, സ്വജനങ്ങളും സുഹൃത്തുക്കളും ആണ് ഒരാൾക്ക് സംതൃപ്തി നൽകുന്നത്. വിദൂരവസ്തുക്കളെ തേടിപ്പോകുന്നത് മൂഢന്മാരാണ്" എന്ന് അദ്ദേഹം എഴുതി. മരണത്തിനു പത്തു ദിവസം മുൻപ് അമ്മോനിലെ ഈജിപ്‌ഷ്യൻ വെളിച്ചപ്പാടിനടുത്തേയ്ക്ക് "ഒരു മനുഷ്യന് ഏറ്റവും അഭികാമ്യമായതെന്ത്?" എന്ന ചോദ്യവുമായി പിണ്ടർ ആളെ അയച്ചു. "മരണം" എന്നായിരുന്നു ഉത്തരം കിട്ടിയത്.

ക്രി.മു. 335-ൽ തനിക്കെതിരെ കലാപമുയർത്തിയ തീബ്സ് ചുട്ടെരിച്ച അലക്സാണ്ടർ ചക്രവർത്തി, പിണ്ടർ ജീവിച്ചു മരിച്ച വീടിനെ മാത്രം വെറുതേ വിടാൻ കല്പിച്ചു.[10]

കുറിപ്പുകൾ

[തിരുത്തുക]

^ പിന്നീട് ഗാനരചനയിൽ പിണ്ടർ കൊറിന്നക്കെതിരെ അഞ്ചു വട്ടം മത്സരിച്ചപ്പോഴും പുരസ്കാരം നേടിയത് കൊറിന്ന ആയിരുന്നു. കൊറിന്ന സുന്ദരിയും വിധികർത്താക്കൾ പുരുഷന്മാരും ആയിരുന്നതിനാലാണ് ഇതു സംഭവിച്ചതെന്നു പിണ്ടർ പറയുന്നു[10]

^ പിണ്ടറിന്റെ ശൈലിയുടേയും ഛന്ദസിന്റേയും കുരുക്കഴിക്കാൻ ആയുഷ്കലം ചെലവഴിക്കുന്ന വൈയ്യാകരണന്മാർ പലപ്പോഴും എത്തിച്ചേരുന്നത് മുഴക്കമുള്ള വിരസോപദേശങ്ങളുടെ ശേഖരത്തിലാണെന്ന് വിൽ ഡുറാന്റ് പരാതിപ്പെടുന്നു. "......grammarians spend a lifetime unraveling his Teutonic constructions, only to find, beneath them, a mine of sonorous platitudes."

അവലംബം

[തിരുത്തുക]
  1. Quintilian 10.1.61; cf. Pseudo-Longinus, 33.5 Archived 2011-08-06 at the Wayback Machine..
  2. Eupolis F366 Kock, 398 K/A, from Athenaeus 3a, (Deipnosophistae, epitome of book I)
  3. 'Some Aspects of Pindar's Style', Lawrence Henry Baker, The Sewanee Review Vol 31 No. 1 January 1923, page 100 preview
  4. 'A Companion to the Greek Lyric Poets', Douglas E. Gerber, Brill 1997, page 261
  5. 'A Short History of Greek Literature', Jacqueline de Romilly, University of Chicage Press 1985, page 37
  6. 'Pindari Carmina Cum Fragmentis, Editio Altera', C. M. Bowra, Oxford University Press 1947, Pythia VIII, lines 95–7
  7. 'The Odes of Pindar', translated by Geoffrey S. Conway, Everyman's University Library, 1972, page 144
  8. 'The Odes of Pindar', translated by Geoffrey S. Conway, Everyman's University Library, 1972, Introduction page xv
  9. 'A Companion to the Greek Lyric Poets', Douglas E. Gerber, Brill (1997) page 253
  10. 10.0 10.1 10.2 10.3 10.4 ഗ്രീസിന്റെ ജീവിതം സംസ്കാരത്തിന്റെ കഥ രണ്ടാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 374-77)
"https://ml.wikipedia.org/w/index.php?title=പിണ്ടർ&oldid=3798391" എന്ന താളിൽനിന്ന് ശേഖരിച്ചത്