പി.എം. ആന്റണി
പി.എം. ആന്റണി | |
---|---|
Missing required parameter 1=month! , 1951 | |
ജനനം | 1951 |
മരണം | ഡിസംബർ 22, 2011 |
തൊഴിൽ | നാടകകൃത്ത്, നാടകസംവിധായകൻ |
മലയാളത്തിലെ ഒരു നാടകകൃത്തും, നാടകസംവിധായകനും തീയേറ്റർ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 – 22 ഡിസംബർ 2011).
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയിൽ 1951 ൽ ജനിച്ചു. അച്ഛൻ: മിഖായേൽ(മാർഷൽ). അമ്മ: മറിയം. വിദ്യാർത്ഥിയായിരിക്കുമ്പോഴേ നാടക പ്രവർത്തനവുമായി ബന്ധപ്പെട്ടു. സ്‌കൂൾ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി.ഭാര്യ: ഗ്രേസി. മക്കൾ: അജിത, അനിൽ, ആസാദ്, അനു.
2011 ഡിസംബർ 22-ന് ഹൃദയാഘാതം മൂലം ആലപ്പുഴ ജനറൽ ആസ്പത്രിയിൽ അന്തരിച്ചു.
നാടകജീവിതം
[തിരുത്തുക]1980 ൽ ആലപ്പി തീയറ്റേഴ്‌സിനുവേണ്ടി രചിച്ച 'കടലിന്റെ മക്കൾ' എന്ന നാടകം, ആദ്യ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച അവതരണത്തിനുളള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണൽ നാടകം വിട്ട് അമേച്വർ രംഗത്ത് സജീവമായി. അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകൻ. തുടർന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം. 1980-ൽ നക്‌സലൈറ്റ് ഉൻമൂലനക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് മൂന്നു വർഷം ഒളിവിലായിരുന്നു.[1] വിചാരണക്കാലത്ത് 'സ്പാർട്ടക്കാസ്' എന്ന നാടകം സംവിധാനം ചെയ്തു. 86 ൽ കസൻദ്സക്കിസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന കൃതിയെ ആധാരമാക്കി രചനയും സംവിധാനവും നിർവഹിച്ച 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'[2] എന്ന നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും അതിനെ തുടർന്ന് സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. പിന്നീട് 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം', പുരോഹിത എതിർപ്പിനു പാത്രമായ 'വിശുദ്ധപാപങ്ങൾ' എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം' മികച്ച നാടക സംവിധായകനുളള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു.[1]"സൂര്യകാന്തി തീയറ്റേഴ്സിന്റെ" ബാനറിലാണ് നാടകങ്ങളേറെയും അരങ്ങേറിയത്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചർച്ചകൾ കേരളത്തിൽ ആദ്യമായി സജീവമാവുകയും ചെയ്തു. തീവ്ര ഇടതുപക്ഷ നിലപാടുണ്ടായിരുന്ന ആന്റണി കയർ ഫാക്ടറി ഉടമയായിരുന്ന സോമരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കി ശിക്ഷിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. പ്രഥമ വിവര റിപ്പോർട്ടിൽ പ്രതിയല്ലാത്ത ആന്റണിയെ പ്രതിയാക്കിയത് വിവാദമായിരുന്നു.[3] സെഷൻസ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി.പിന്നീട് സംസ്ഥാനത്താകെയുള്ള സാഹിത്യകാരന്മാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ അദ്ദേഹത്തിന് നാലുവർഷത്തിനുശേഷം ഇളവ് അനുവദിച്ച് ജയിൽ മോചിതനാക്കി.തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കുമ്പോൾ രചിച്ച 'മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്(1992) ലഭിച്ചു. 1993 ൽ ജയിൽ മോചിതനായി. ഹിറ്റ്‌ലർ കഥാപാത്രമാവുന്ന 'വിശുദ്ധ പാപങ്ങൾ', അയ്യങ്കാളി, ഭഗത് സിംഗിനെ കേന്ദ്രമാക്കി 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം', സദ്ദാം ഹുസൈനും അമേരിക്കയുടെ ഇറാഖ് അധിനിവേശവുമൊക്കെ വിഷയമാകുന്ന 'ടെററിസ്റ്റ്', പുന്നപ്ര-വയലാറിനെ ആസ്പദമാക്കി ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നാടകങ്ങൾ അവതരിപ്പിച്ചു.[4]
അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്
[തിരുത്തുക]നാടകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ഒരു മൂന്നാം തീയേറ്റർ, എന്ന പുതിയ തീയേറ്റർ സങ്കൽപ്പത്തിന്റെ ഭാഗമായാണ് ആന്റണി സൂര്യകാന്തിയുടെ നേതൃത്ത്വത്തിൽ 2005 നവംബറിൽ ആലപ്പുഴയിൽ നിന്ന് കേരളത്തിലെമ്പാടും 'അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്' നാടകയാത്ര സംഘടിപ്പിച്ചത്.പ്രസിദ്ധ നാടക പ്രവർത്തകനായ രാമചന്ദ്രൻ മൊകേരി, അരാജകവാദി എന്ന നാടകം ഒറ്റക്ക് അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകയാത്ര ഉദ്ഘാടനം ചെയ്തത്.[5] പതിനഞ്ചോളം പേർ സൈക്കിളിൽ സഞ്ചരിച്ച് ആറുമാസം ആയിരത്തിലധികം വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. ചന്ദ്രദാസൻ, ശശിധരൻ നടുവിൽ, ചാക്കോ ടി. അന്തിക്കാട്, പ്രിയനന്ദനൻ, ടി.വി. സാംബശിവൻ തുടങ്ങി പലരും രചനയും സംവിധാനവും നിർവഹിച്ച വലുതും ചെറുതുമായ എട്ടു നാടകങ്ങൾ ചിട്ടപ്പെടുത്തിയായിരുന്നു യാത്ര. പകൽ നേരങ്ങളിൽ വീട്ടുമുറ്റങ്ങളിൽ, നാട്ടുവഴികളിൽ ചെറിയ നാടകം അവതരിപ്പിച്ചു മുന്നേറി. രാത്രി ഗ്രാമാന്തരീക്ഷത്തിൽ ഒരു മുഴുനീള നാടകം അവതരിപ്പിക്കുന്നു. നാട്ടുകാരിൽ നിന്നു കിട്ടുന്ന ആഹാരവും ചില്ലറ സംഭാവനകളും സ്വീകരിച്ച്, അവർ ഒരുക്കുന്ന സ്ഥലത്ത് ഉറങ്ങി വീണ്ടും സഞ്ചാരം. നവംബറിൽ യാത്ര തുടങ്ങി ആറു മാസത്തിനിടയ്ക്ക് 1037 വേദിയിൽ നാടകം അവതരിപ്പിച്ചു. ഒരൊറ്റ ദിവസം 11 നാടകം വരെ അവതരിപ്പിച്ചു.[3]
തീയേറ്റർ ഗറില്ലാസ്
[തിരുത്തുക]നാടകവേദിയുടെ പ്രതിസന്ധി മറികടക്കാൻ പി.എം. ആന്റണി നിർദ്ദേശിച്ച ഒരു തീയേറ്റർ സങ്കൽപ്പമാണ് തീയേറ്റർ ഗറില്ലാസ്. ഈ സങ്കൽപ്പമനുസരിച്ച് നാടകങ്ങളുമായി കാണികളെത്തേടി പോകണം. കെട്ടി ഉയർത്തിയ സ്‌റ്റേജ് ഒഴിവാക്കണം. സംഘാടകർ ക്ഷണിക്കാൻ കാത്തു നിൽക്കരുത്. നാടക അവതരണ സ്ഥലത്ത് രൂപം കൊണ്ടു വരുന്ന സംഘാടകരെ മാത്രം ആശ്രയിക്കണം. നാടക സംഘം തന്നെ അവതരണ സ്ഥലം കണ്ടെത്തുക. ജനങ്ങളെ ആശ്രയിച്ചു മാത്രം നിൽക്കുന്ന ആക്റ്റിവിസ്റ്റുകളായ നാടക പ്രവർത്തകരാണ് ഇന്നത്തെ നാടക വേദിയുടെ ആവശ്യം എന്ന് പി.എം. ആന്റണി കരുതി.[2]ഇവിടെ നാടക പ്രവർത്തകൻ ആക്റ്റിവിസ്റ്റാണ്. അയാൾ നാടകവുമായി ജനങ്ങൾക്കിടയിലേക്ക് ചെല്ലുന്നു. സ്വയം നാടകം സംഘടിപ്പിക്കുന്നു. മറ്റാരെയും കാത്തുനിൽക്കാതെ ജനങ്ങളെ ആശ്രയിച്ച് ജനങ്ങൾക്കിടയിൽ നിന്ന് അവർക്കുവേണ്ടി നാടകം അവതരിപ്പിക്കുന്നു. അവർക്കിടിയിലൂടെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നു.
നാടകങ്ങൾ
[തിരുത്തുക]- രാസക്രിയ
- ഒഴുക്കിലെ ഓളങ്ങൾ
- ഇരുട്ടിന്റെ സന്തതികൾ
- ഗമനം
- അഗ്നികവാടം
- ആഗ്നേയാസ്ത്രം
- കടലിന്റെ മക്കൾ
- സ്പാർട്ടക്കസ്
- അമ്മ
- ക്രിസ്തുവിന്റെ ആറാം തിരുമുറിവ്
- മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി
- വിശുദ്ധപാപങ്ങൾ
- സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം
- അയ്യങ്കാളി
- ആന്റിഗണി
- ടെററിസ്റ്റ്
- ഇങ്ക്വിലാബിന്റെ പുത്രൻ
- സഖാവ് സ്റ്റാലിൻ
- അമേരിക്കൻ മോഡൽ അറബിക്കടലിൽ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-23. Retrieved 2011-12-22.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-23. Retrieved 2011-12-22.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-24. Retrieved 2011-12-23.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.madhyamam.com/news/141217/111222
- ↑ http://thesundayindian.com/ml/story/p-m-antony-reminisces-his-theatrical-travel-across-kerala/2134/[പ്രവർത്തിക്കാത്ത കണ്ണി]