പി. മാധവൻപിള്ള
പ്രമുഖനായ മലയാള വിവർത്തകനാണ് പി. മാധവൻപിള്ള (ജനനം : 28 ജനുവരി 1941 - മരണം : 26 മാർച്ച് 2022). മികച്ച വിവർത്തകനുള്ള കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.[1] മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡേക്കറുടെ വിഖ്യാത നോവൽ യയാതി ഉൾപ്പെടെ ഭാരതത്തിലെ വിവിധ ഭാഷകളിലെ പ്രശസ്ത കൃതികൾ ഇദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1941-ൽ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ജി. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ പാസായ ശേഷം വിവിധ എൻ.എസ്.എസ് കോളജുകളിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തു.
ജ്ഞാനപീഠം പുരസ്കാരം നേടിയ വി.എൻ. ഖണ്ഡേക്കറുടെ ‘യയാതി’യുടെ വിവർത്തനമാണു മാധവൻപിള്ളയെ പ്രശസ്‌തനാക്കിയത്.[2] ഇതുൾപ്പെടെ 25-ലേറെ കൃതികൾ ഇദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ‘മയ്യാദാസിന്റെ മാളിക’യ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ‘ശിലാപത്മ’ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇന്ത്യൻ ക്ലാസിക്കുകളുമായി മലയാളികൾക്ക് ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് പി മാധവൻ പിള്ളയുടെ വിവർത്തനത്തിലൂടെയായിരുന്നു എന്ന് പറയാം.[3] ഭാരതീയ ഭാഷാകൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളിൽ നിന്നല്ലാതെ ആ കൃതികളിലെ ജീവിതങ്ങൾ ഉരുത്തിരിഞ്ഞ മൂലഭാഷാകൃതികളിൽനിന്നുതന്നെ തർജമ ചെയ്താൽ അതിന് മൂല്യം വർധിക്കും എന്നതിന് ഉദാഹരണമായി മാധവൻപിള്ളയുടെ യയാതിയും ദ്രൗപദിയും പ്രഥമപ്രതിശ്രുതിയും തമസ്സും ചൂണ്ടിക്കാണിക്കപ്പെടുന്നു.[4] ഇതോടൊപ്പം പല പ്രമുഖ കൃതികളും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[5] സാഹിത്യകൃതികൾക്കു പുറമേ ഒരു പ്രമുഖ ഹിന്ദി-മലയാളം നിഘണ്ടുവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.[4]
ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലും, കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലും ഹിന്ദിവിഭാഗം മേധാവിയായിരുന്നു.[1] ഇതിനു പുറമേ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശകസമിതി അംഗം, എം.ജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
[തിരുത്തുക]ഭാര്യ: പെരുന്ന കളത്തിൽ ടി.യമുന. മക്കൾ: എം.വിദ്യ, സുദീപ്.
വിവർത്തന കൃതികൾ
[തിരുത്തുക]- യയാതി
- പ്രഥമപ്രതിശ്രുതി
- മൃത്യുഞ്ജയം
- തമസ്
- മയ്യാദാസിന്റെ മാളിക
- ശിലാപത്മം
- ഉത്തരമാർഗ്ഗം
- ദ്രൗപതി
- നിഴലും വെളിച്ചവും
- സുവർണ്ണലത
- ബകുളിന്റെ കഥ
- മൗനി
- മഹാനായകൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- കേരള സാഹിത്യ അക്കാദമി അവാർഡ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുരസ്‌കാരം
- എം.എൻ സത്യാർത്ഥി പുരസ്‌കാരം
- ഭാരത് ഭവൻ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "വിവർത്തകൻ പ്രൊഫ.പി.മാധവൻപിള്ള അന്തരിച്ചു". keralakaumudi.com. കേരള കൗമുദി. 27 മാർച്ച് 2022. Retrieved 29 മാർച്ച് 2022.
- ↑ "പ്രഫ. പി.മാധവൻപിള്ള അന്തരിച്ചു". manoramaonline.com. മലയാള മനോരമ. 27 മാർച്ച് 2022. Retrieved 29 മാർച്ച് 2022.
- ↑ "പ്രശസ്ത വിവർത്തകൻ പി മാധവൻപിള്ള അന്തരിച്ചു". samakalikamalayalam.com. സമകാലിക മലയാളം. 26 മാർച്ച് 2022. Retrieved 29 മാർച്ച് 2022.
- ↑ 4.0 4.1 ഗോപാലകൃഷ്ണൻ, എസ് (27 മാർച്ച് 2022). "യയാതിയുടെ വിവർത്തകൻ; മാധവൻ പിളള എന്ന മൗലികകൃതി". mathrubhumi.com. മാതൃഭൂമി. Retrieved 29 മാർച്ച് 2022.
- ↑ "വിവർത്തന മികവിന് വീണ്ടും അംഗീകാരം". 17 ജൂൺ 2013. ഡി.സി. ബുക്ക്സ്. Archived from the original on 2016-03-05. Retrieved 9 ജൂലൈ 2013.