Jump to content

പീൽ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലസ്തീൻ റോയൽ കമ്മീഷന്റെ റിപ്പോർട്ട്
പീൽ കമ്മീഷൻ വിഭജന പദ്ധതി, ജൂലൈ 1937. ചുവന്ന വരയ്ക്കുള്ളിലുള്ള പ്രദേശങ്ങൾ നിർദ്ദിഷ്ട ജൂതരാഷ്ട്രത്തിന്റെ ഭാഗമായിരുന്നു. കറുത്ത വരയ്ക്കുള്ളിൽ നെടുകെയും കുറുകെയും വരകളുള്ള ഭാഗം ക്രിസ്ത്യാനികൾക്കും യഹൂദർക്കും മുസ്ലീങ്ങൾക്കുമിടയിലെ ജറുസലേമിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ബ്രിട്ടീഷ് നിയന്ത്രണത്തിലും ഭരണത്തിലും തുടർന്നുകൊണ്ടുള്ള അന്താരാഷ്ട്ര മേഖലയായി നിർദ്ദേശിക്കപ്പെട്ട ഒരു "എൻക്ലേവ്" (അല്ലെങ്കിൽ "ഇടനാഴി") പ്രതിനിധീകരിക്കുന്നു.
Createdജൂലൈ 1937
PurposeInvestigation of the causes of the 1936 Arab revolt in Palestine

പീൽ കമ്മീഷൻ, ഔപചാരികമായി പലസ്തീൻ റോയൽ കമ്മീഷൻ എന്നറിയപ്പെടുന്നതും, ആറ് മാസത്തെ അറബ് പൊതു പണിമുടക്കിനെത്തുടർന്ന് യുണൈറ്റഡ് കിംഗ്ഡം ഭരിക്കുന്ന മാൻഡേറ്ററി ഫലസ്തീനിലെ അശാന്തിയുടെ കാരണങ്ങളെക്കിറിച്ച് അന്വേഷിക്കാൻ 1936-ൽ പീൽ പ്രഭുവിന്റെ നേതൃത്വത്തിൽ നിയുക്തമായതുമായ ഒരു ബ്രിട്ടീഷ് റോയൽ കമ്മീഷൻ ഓഫ് എൻക്വയറി ആയിരുന്നു. 1937 ജൂലൈ 7-ന്, ലീഗ് ഓഫ് നേഷൻസിൻറെ മാൻഡേറ്റ് പ്രവർത്തനക്ഷമമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട്, വിഭജനം ശുപാർശ ചെയ്തുകൊണ്ടുള്ള ഒരു റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിച്ചു.[1] ബ്രിട്ടീഷ് കാബിനറ്റ് വിഭജന പദ്ധതിയെ തത്വത്തിൽ അംഗീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുള്ളതായി പ്രഖ്യാപിച്ചു.[2] റിപ്പോർട്ടിൻറെ പ്രസിദ്ധീകരണത്തെത്തുടർന്ന്, 1938-ൽ വുഡ്ഹെഡ് കമ്മീഷൻ ഇത് വിശദമായി പരിശോധിക്കുകയും ഒരു യഥാർത്ഥ വിഭജന പദ്ധതിക്കായി ശുപാർശ നടത്തുകയും ചെയ്തു.

വിഭജന പദ്ധതിയെ അറബികൾ നഖശിഖാന്തം എതിർക്കുകയും ഐക്യകണ്ഠമായി അപലപിക്കുകയും ചെയ്തു. അറബ് ഉന്നതാധികാര സമിതി ഒരു ജൂത രാഷ്ട്രമെന്ന ആശയത്തെ തള്ളിക്കളയുകയും  "എല്ലാ നിയമാനുസൃത ജൂതന്മാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളുടെ സംരക്ഷണവും ഒപ്പം ന്യായമായ ബ്രിട്ടീഷ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന" ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായാണ് അവർ ആഹ്വാനം ചെയ്തത്. എല്ലാ ജൂത കുടിയേറ്റങ്ങളും ഭൂമിയുടെ വിൽപ്പനയും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു യഹൂദ രാഷ്ട്രം സൃഷ്ടിക്കുന്നതും സ്വതന്ത്ര ഫലസ്തീന്റെ അഭാവവും ബ്രിട്ടൻ തങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൻറെ ലംഘനമാണെന്ന് അവർ വാദിച്ചു.

വിഭനജ പദ്ധതിയെച്ചൊല്ലി സയണിസ്റ്റ് നേതൃത്വവും കടുത്ത ഭിന്നതയിലായിരുന്നു. 1937 ലെ സയണിസ്റ്റ് കോൺഗ്രസിൽ അംഗീകരിച്ച ഒരു പ്രമേയത്തിൽ, ഇതിലെ പ്രതിനിധികൾ പ്രത്യേക വിഭജന പദ്ധതി നിരസിച്ചു. എന്നിരുന്നാലും, വിഭജനത്തിന്റെ തത്വം ഏതെങ്കിലും പ്രധാന വിഭാഗങ്ങൾ "അംഗീകരിക്കുകയോ" അല്ലെങ്കിൽ "വെറുതെ നിരസിക്കുകയോ" ചെയ്തിട്ടില്ല എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഭാവി ചർച്ചകൾ തുടരാൻ പ്രതിനിധികൾ നേതൃത്വത്തിന് അധികാരം നൽകി. ജൂത ഏജൻസി കൗൺസിൽ പിന്നീട് അവിഭക്ത പലസ്തീന്റെ കാര്യത്തിൽ സമാധാനപരമായ ഒരു ഒത്തുതീർപ്പ് കണ്ടെത്തുന്നതിനായി ഒരു സമ്മേളനം വിളിച്ചുകൂട്ടണമെന്ന അഭ്യർത്ഥനകൂടി കൂട്ടിച്ചേർത്തു. ബെന്നി മോറിസിന്റെ അഭിപ്രായത്തിൽ, ബെൻ-ഗുറിയണും വെയ്‌സ്‌മാനും ഇതിനെ “ഫലസ്തീനെ മുഴുവനും ഏറ്റെടുക്കുന്ന കൂടുതൽ വിപുലീകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയായാണ്” കണ്ടത്.

ചരിത്രം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഓട്ടൊമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ, പലസ്തീൻ പ്രദേശം ഭരിക്കാൻ യുണൈറ്റഡ് കിംഗ്ഡത്തിന് ലീഗ് ഓഫ് നേഷൻസ് അധികാരം നൽകി. 1948-ൽ യുണൈറ്റഡ് കിംഗ്ഡം പിന്മാറുന്നത് വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ തുടർന്നു. എന്നിരുന്നാലും, ഈ പ്രദേശത്തെ മുൻ നിവാസികളുടെ അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ബാൽഫോർ പ്രഖ്യാപനത്തെ മാനിക്കാൻ ശ്രമിച്ചതിനാൽ, പരിഹാരം മറ്റ് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചു. വിഭജനം ഉൾപ്പെടെ ഈ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള നിരവധി സാധ്യതകൾ ബ്രിട്ടീഷ് സർക്കാർ ആരാഞ്ഞു.

1936-ൽ അറബികളും ജൂതന്മാരും തമ്മിൽ ഗുരുതരമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെടുകയും അത് മൂന്ന് വർഷക്കാലത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. ഇത്തരത്തിൽ അക്രമ സംഭവങ്ങൾ വർധിച്ച സമയത്താണ് കമ്മീഷൻ സ്ഥാപിതമായത്.  1936 നവംബർ 11 ന്, കലാപത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു കണ്ടെത്താനായി കമ്മീഷൻ ഫലസ്തീനിലെത്തി. കലാപത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഇരുവിഭാഗത്തിന്റെയും പരാതികൾ തീർപ്പാക്കുന്നതിനും കമ്മീഷൻറെ ഉത്തരവാദിത്വമായിരുന്നു. ഇതിനിടെ ചൈം വെയ്‌സ്മാൻ ജൂത വംശജരെ പ്രതിനിധീകരിച്ച് ഒരു പ്രസംഗം നടത്തി. 1936 നവംബർ 25 ന്, , യൂറോപ്പിൽ 6,000,000 ജൂതന്മാരുണ്ടെന്ന് പീൽ കമ്മീഷനു മുമ്പാകെ ബോധ്യപ്പെടുത്തിയ വെയ്‌സ്മാൻ പറഞ്ഞത് ... "അവർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥലങ്ങളും അവർക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളുമായി ലോകം വിഭജിച്ചിരിക്കുന്നു" എന്നാണ്.

ജെറുസലേമിലെ മുഫ്തി ഹജ്ജ് അമീൻ അൽ ഹുസൈനി കമ്മീഷനു മുന്നിൽ അറബികളുടെ പൈതൃക ഭൂമി ജൂതന്മാരുമായി വിഭജിക്കുന്നതിനെ എതിർക്കുന്നതായി ബോധ്യപ്പെടുത്തി. പുറത്തുനിന്നുള്ള യഹൂദ കുടിയേറ്റം പൂർണമായിത്തന്നെ അവസാനിപ്പിക്കണമെന്ന് അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു. അറബികൾ കമ്മീഷനെ ഔദ്യോഗികമായി ബഹിഷ്‌കരിക്കുന്നത് തുടർന്നുവെങ്കിലും, ശാന്തത പുനഃസ്ഥാപിക്കാനുള്ള വെയ്‌സ്‌മാന്റെ അഭ്യർത്ഥനയോട് പ്രതികരിക്കാനുള്ള അടിയന്തര ബോധം അവർക്കുണ്ടായിരുന്നു. ആന്തരികമായി ഫലസ്തീനിൽ രംഗത്ത് മുഫ്തിയുടെ എതിരാളിയായിരുന്ന ജെറുസലേമിന്റെ മുൻ മേയർ റഗേബ് ബേ അൽ-നഷാഷിബി, അനൗദ്യോഗിക മാർഗങ്ങളിലൂടെ അറബ് വീക്ഷണം വിശദീകരിക്കാൻ പ്രതിനിധി സംഘത്തെ അയച്ചു. 1981-ൽ കമ്മീഷൻ യോഗം ചേർന്ന മുറിയിൽ ജൂത ഏജൻസി എക്‌സിക്യൂട്ടീവിലെ രാഷ്ടീയ വിഭാഗം മൈക്രോഫോണുകൾ സ്ഥാപിച്ചിരുന്നുവെന്നും ഡേവിഡ് ബെൻ ഗുരിയന്  ഇവിടെ സ്ഥാപിക്കപ്പെട്ട ക്യാമറയിലൂടെ കമ്മീഷൻറെ തെളിവുകളുടെ പകർപ്പുകൾ വായിക്കാൻ കഴിഞ്ഞുവെന്നും വെളിപ്പെടുത്തപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; avalon എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mandated Landscape2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പീൽ_കമ്മീഷൻ&oldid=4143115" എന്ന താളിൽനിന്ന് ശേഖരിച്ചത്