പുകഴേന്തി (സംഗീത സംവിധായകൻ)
പുകഴേന്തി | |
---|---|
പ്രമാണം:Pukazhenthi.jpg | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വേലപ്പൻ നായർ |
ജനനം | തിരുവനന്തപുരം, കേരളം, ഇന്ത്യ | സെപ്റ്റംബർ 27, 1929
മരണം | 27 ഫെബ്രുവരി 2005 | (പ്രായം 75)
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | ഹാർമോണിയം |
വർഷങ്ങളായി സജീവം | 1965-1995 |
പ്രസിദ്ധനായ ഒരു ചലച്ചിത്രസംഗീതസംവിധായകനായിരുന്നു പുകഴേന്തി എന്നറിയപ്പെട്ടിരുന്ന ടി.കെ. വേലപ്പൻ നായർ (സെപ്റ്റംബർ 27, 1929 - ഫെബ്രുവരി 27, 2005). മുപ്പത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]1929 സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് കേശവപിള്ള - ജാനകിയമ്മ ദമ്പതികളുടെ മകനായി ജനിച്ച പുകഴേന്തിയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ചാല വി. എം. സ്കൂളിൽ നിന്നായിരുന്നു. പക്ഷെ സംഗീതത്തോടുള്ള കടുത്ത ഇഷ്ടം കാരണം വിദ്യാഭ്യാസം ഉപേക്ഷിച്ചു മദ്രാസിൽ എത്തി. പാലക്കാട് പരമേശ്വരൻ നായർ ആണ് അദ്ദേഹത്തിന്റെ സംഗീതഗുരു. തമിഴ് സംഘകാല കവിയായിരുന്ന പുകഴേന്തിയുടെ പേർ നിർദ്ദേശിച്ചത് അദ്ദേഹമായിരുന്നു. ഗുരു പരമേശ്വരൻ നായർ വഴി പ്രസിദ്ധ സംഗീത സംവിധായകൻ കെ. വി. മഹാദേവന്റെ ഓർക്കസ്ട്രയിൽ അംഗമാകാൻ സാധിച്ചത് പുകഴേന്തിയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. കെ. വി. മഹാദേവനോടൊപ്പം 250-ൽ പരം തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങൾ സംവിധാനം ചെയ്തു. 1965-ൽ മുതലാളി എന്ന ചിത്രത്തിനാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങൾക്കും ചില ഭക്തിഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു. മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു, അപാരസുന്ദര നീലാകാശം, ഗോപുരമുകളിൽ വാസന്തചന്ദ്രൻ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. പി. ഭാസ്കരനോടൊപ്പമാണ് അദ്ദേഹം കൂടുതൽ ഗാനങ്ങളും ചെയ്തത്. ചലച്ചിത്രഗാനങ്ങൾ കൂടാതെ ധാരാളം ആൽബങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു. 2003-ൽ പുറത്തിറങ്ങിയ പഞ്ചാക്ഷരി എന്ന ആൽബത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനം സംഗീതസംവിധാനം നിർവഹിച്ചത്. 2005 ഫെബ്രുവരി 27-ന് 75-ആം വയസ്സിൽ ജന്മനാടായ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദർശനത്തിനെത്തിയ അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.