Jump to content

ഫൂൽമണി ദാസി കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളിൽ നടന്ന ഒരു ശൈശവവിവാഹത്തെ തുടർന്ന് നടന്ന നിർബന്ധിത ലൈംഗികബന്ധത്താൽ ഫൂൽമണി ദാസി എന്ന പതിനൊന്നുകാരി അരക്കെട്ട് തകർന്ന് മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഫൂൽമണി ദാസി കേസ്[1]. നിലവിലുണ്ടായിരുന്ന നിയമപ്രകാരം വിവാഹിതരുടെ ബലാത്സംഗം കുറ്റകരമല്ലാതിരുന്നതിനാൽ[2] ഭർത്താവ് ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ കേസിനെ തുടർന്ന് വിവാഹിതർക്കും അവിവാഹിതർക്കും ബാധകമാക്കിക്കൊണ്ട് സമ്മതപ്രായം 12 ആയി ഉയർത്തുന്ന ഏജ് ഓഫ് കൺസെന്റ് ആക്റ്റ്, 1891 നിലവിൽ വന്നു. ശൈശവവിവാഹത്തിനെതിരെയും ശബ്ദങ്ങളുയരാൻ ഈ കേസ് കാരണമായി[3]. മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഭർത്താവ് ശിക്ഷിക്കപ്പെടുകയും ചെയ്തു.

സംഭവം[തിരുത്തുക]

നിർബന്ധിതമായ ലൈംഗികബന്ധത്താലാണ് യോനിക്ക് പരിക്കേറ്റ് അമിത രക്തസ്രാവം മൂലം ഫൂൽമണി കൊല്ലപ്പെടുന്നത്. ഫൂൽമണിയുടെ പതിനൊന്നാം വയസ്സിലാണ് 35 വയസുകാരനായ ഹരിമോഹൻ മൈതി അവരെ പ്രാപിക്കാൻ ശ്രമിച്ചത്[1] [4] [5].

വിചാരണ[തിരുത്തുക]

1890 ജൂലൈ 6 -ന് കൊൽക്കത്ത സെഷൻസ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചു[6]. പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരെ മൊഴി നൽകിയെങ്കിലും[5] 1860-ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വിവാഹിതരുടെ ലൈംഗികബന്ധം നിർബന്ധിതമാണെങ്കിൽ കൂടി ബലാത്സംഗത്തിന്റെ പരിധിയിൽ വരുമായിരുന്നില്ല[6] എന്നതിനാൽ ബലാത്സംഗകുറ്റം ഒഴിവാക്കപ്പെട്ടു. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിൽ ഒരുവർഷത്തെ ജയിൽ വാസമാണ് ഹരിമോഹന് കിട്ടിയ ശിക്ഷ[3][5]. ചക്രവർത്തിനി / ഹരിമോഹൻ മൈതി എന്നപേരിലാണ് കേസ് അറിയപ്പെട്ടത്[4].

അനന്തരഫലങ്ങൾ[തിരുത്തുക]

ഏജ് ഓഫ് കൺസെന്റ് ആക്ട്, 1891 അഥവാ ആക്ട് X ഓഫ് 1891. നിലവിൽ വരാൻ ഈ സംഭവവും ഒരു കാരണമായി മാറി. ഈ നിയമപ്രകാരം വിവാഹിതരോ അവിവാഹിതരോ ആയ പെൺകുട്ടികളുടെ ലൈംഗികബന്ധത്തിനായുള്ള സമ്മതപ്രായം ചുരുങ്ങിയത് 10 വയസ് എന്നുണ്ടായിരുന്നത് 12 വയസായി ഉയർത്തി. മറിച്ചുള്ളവ ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നും[7] ക്രിമിനൽ നിയമനടപടികൾക്ക് വിധേയമാകുമെന്നും നിയമം അനുശാസിച്ചു. നിലവിലുണ്ടായിരുന്ന 1882-ലെ സമാനനിയമമനുസരിച്ച് 10 വയസായിരുന്നു സമ്മതപ്രായം. ഈ നിയമത്തിന്റെ ഭേദഗതിയായി വന്ന പുതിയ ബിൽ  നിയമമായി മാറുകയായിരുന്നു. നിയമം നിലവിൽ വന്നെങ്കിലും കണിശമായി നടപ്പാക്കപ്പെട്ടില്ല ഇത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Himani Bannerji (2001). Inventing Subjects: Studies in Hegemony, Patriarchy and Colonialism. Anthem Press. pp. 74–76. ISBN 978-1-84331-073-0. Retrieved 8 December 2014.
  2. https://www.lawarticle.in/marital-rape-in-india/
  3. 3.0 3.1 Fernando Coronil; Julie Skurski (2006). States of Violence. University of Michigan Press. p. 417. ISBN 0-472-06893-8. Retrieved 8 December 2014.
  4. 4.0 4.1 Bonnie G. Smith (2008). The Oxford Encyclopedia of Women in World History: 4 Volume Set. Oxford University Press. p. 60. ISBN 978-0-19-514890-9. Retrieved 8 December 2014.
  5. 5.0 5.1 5.2 Mytheli Sreenivas (2008). Wives, Widows, and Concubines: The Conjugal Family Ideal in Colonial India. Indiana University Press. p. 71. ISBN 0-253-35118-9. Retrieved 8 December 2014.
  6. 6.0 6.1 Mrinalini Sinha (1 January 1995). Colonial Masculinity: The 'manly Englishman' and The' Effeminate Bengali' in the Late Nineteenth Century. Manchester University Press. pp. 143–. ISBN 978-0-7190-4285-0.
  7. Himani Bannerji (2001). Inventing Subjects: Studies in Hegemony, Patriarchy and Colonialism. Anthem Press. pp. 74–76. ISBN 978-1-84331-073-0. Retrieved 8 December 2014.
"https://ml.wikipedia.org/w/index.php?title=ഫൂൽമണി_ദാസി_കേസ്&oldid=3651402" എന്ന താളിൽനിന്ന് ശേഖരിച്ചത്