ഫ്രാൻസെസ് ഹോഡ്സൺ ബർനെറ്റ്
ഫ്രാൻസെസ് ഹോഡ്സൺ ബർനെറ്റ് | |
---|---|
ജനനം | Frances Eliza Hodgson 24 നവംബർ 1849 Cheetham, Manchester, England |
മരണം | 29 ഒക്ടോബർ 1924 Plandome Manor, New York, United States | (പ്രായം 74)
തൊഴിൽ | Novelist, playwright |
ദേശീയത | English |
പൗരത്വം | British (from birth), United States (from 1865) |
പങ്കാളി | Swan Burnett
(m. 1873; div. 1898)Stephen Townsend
(m. 1900; death 1902) |
കുട്ടികൾ | 2 |
ബ്രിട്ടീഷ് വംശജയായ ഒരു അമേരിക്കൻ നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഫ്രാൻസെസ് എലിസ ഹോഡ്സൺ ബർനെറ്റ് (ജീവിതകാലം: 24 നവംബർ 1849 - 29 ഒക്ടോബർ 1924). ലിറ്റിൽ ലോർഡ് ഫോണ്ട്ലറോയ് (1885–1886 ൽ പ്രസിദ്ധീകരിച്ചത്), എ ലിറ്റിൽ പ്രിൻസസ് (1905), ദി സീക്രട്ട് ഗാർഡൻ (1911) എന്നീ കുട്ടികളുടെ നോവലുകളുടെ രചനയിലൂടെയാണ് അവർ സാഹിത്യലോകത്ത് കൂടുതൽ അറിയപ്പെടുന്നത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ചീറ്റാമിലാണ് ഫ്രാൻസെസ് എലിസ ഹോഡ്സന്റെ ജനനം. 1852-ൽ പിതാവിന്റെ മരണത്തിനുശേഷം, കുടുംബം ദുരിതത്തിലാകുകയും 1865-ൽ അമേരിക്കയിലേക്ക് കുടിയേറി, ടെന്നസിയിലെ ന്യൂ മാർക്കറ്റിൽ താമസമാക്കുകയും ചെയ്തു. അവിടെ, ഫ്രാൻസെസ് തന്റെ കുടുംബത്തിനു സാമ്പത്തിക പിന്തുണ നൽകുന്നതിനായി എഴുതിത്തുടങ്ങുകയും 19 വയസ്സുമുതൽ മാസികകളിൽ കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.1870-ൽ മാതാവ് അന്തരിച്ചതിനുശേഷം 1872-ൽ ഒരു ഭിഷഗ്വരനായ സ്വാൻ ബർനെറ്റിനെ വിവാഹം കഴിച്ചു. ബർനെറ്റ്സ് കുടുംബം രണ്ടുവർഷം പാരീസിൽ താമസിക്കുകയും അവിടെവച്ച് അവരുടെ രണ്ട് ആൺമക്കളും ജനിച്ചതിനുശേഷം അമേരിക്കയിലേക്ക് മടങ്ങിപ്പോകുകയും വാഷിംഗ്ടൺ ഡി.സി.യിൽ താമസമുറപ്പിക്കുകയും ചെയ്തു. ബർണറ്റ് പിന്നീട് നോവലുകൾ എഴുതാൻ തുടങ്ങുകയും അതിൽ ആദ്യത്തെ നോവൽ (ദാറ്റ് ലാസ് ഓ ലോറീസ്) പ്രസിദ്ധീകരിക്കുകയും ഇത് മികച്ച അവലോകനങ്ങൾ നേടുകയും ചെയ്തു. ലിറ്റിൽ ലോർഡ് ഫോണ്ട്ലറോയ് 1886-ൽ പ്രസിദ്ധീകരിക്കുകയും ഇത് അവരെ കുട്ടികളുടെ ഫിക്ഷൻ രചയിതാവെന്ന നിലയിൽ പ്രശസ്തയാക്കുകയും ചെയ്തുവെന്നിരുന്നാലും 1890 കളിൽ എഴുതിയ മുതിർന്നവർക്കുള്ള അവരുടെ റൊമാന്റിക് നോവലുകളും ജനപ്രിയമായിരുന്നു. ലിറ്റിൽ ലോർഡ് ഫാന്റ്‌ലെറോയിയുടെയും എ ലിറ്റിൽ പ്രിൻസസിന്റെയും നാടക വേദിയിലേയ്ക്കുള്ള പതിപ്പുകൾ എഴുതുവാനും നിർമ്മിക്കാനും അവർ സഹായിക്കുകയും ചെയ്തു.
1880കളുടെ പ്രാരംഭം മുതൽ ബർണറ്റ് പതിവായി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ തുടങ്ങുകയും 1890 കളിൽ അവിടെ ഒരു ഭവനം വിലയ്ക്കു വാങ്ങുകയും അവിടെവച്ച് ദി സീക്രട്ട് ഗാർഡൻ എന്ന കൃതി എഴുതി പൂർത്തിയാക്കുകയും ചെയ്തു. മൂത്തപുത്രൻ ലയണൽ 1890-ൽ ക്ഷയരോഗത്താൽ മരിക്കുകയും ഇത് ജീവിതകാലം മുഴുവൻ അവൾക്ക് വിഷാദം അനുഭവിക്കാൻ കാരണമായിത്തീരുകയും ചെയ്തു.[1] 1898 ൽ സ്വാൻ ബർണറ്റിൽനിന്ന് വിവാഹമോചനം നേടിയ അവർ 1900 ൽ സ്റ്റീഫൻ ടൌൺസെൻഡിനെ 1900 ൽ വിവാഹം കഴിക്കുകയും 1902 ൽ വീണ്ടും വിവാഹമോചനം നേടുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ ന്യൂയോർക്കിലെ നസ്സാവു കൌണ്ടിയിൽ താമസമാക്കുകയും അവിടെവച്ച് 1924 ൽ അന്തരിക്കുകയും ബർണറ്റ് റോസ്ലിൻ സെമിത്തേരിയിൽ സംസ്കരിക്കപ്പെടുകയും ചെ്യതു.
1936 ൽ സെൻട്രൽ പാർക്കിലെ കൺസർവേറ്ററി ഗാർഡനിൽ അമേരിക്കൻ ശിൽപ്പിയായിരുന്ന ബെസ്സി പോട്ടർ വോന്നോ ബർണറ്റിന്റെ ഒരു സ്മാരക ശില്പം സ്ഥാപിച്ചു. അവരുടെ പ്രശസ്ത കൃതിയായിരുന്ന സീക്രട്ട് ഗാർഡനിലെ രണ്ടു കഥാപാത്രങ്ങളായ മേരിയും ഡിക്കണും ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ജീവചരിത്രം
[തിരുത്തുക]മാഞ്ചസ്റ്ററിലെ ബാല്യം
[തിരുത്തുക]ഫ്രാൻസെസ് എലിസ ഹോഡ്സൺ മാഞ്ചസ്റ്ററിലെ ചീറ്റാമിലെ 141 യോർക്ക് സ്ട്രീറ്റിൽ[note 1] ജനിച്ചു. യോർക്ക്ഷെയറിലെ ഡോൺകാസ്റ്ററിൽ നിന്നുള്ള ഇരുമ്പുപണിക്കാരനായ എഡ്വിൻ ഹോഡ്ജോണിന്റെയും അദ്ദേഹത്തിന്റെ പത്നി എലിസ ബൂണ്ടിന്റെയും അഞ്ച് കുട്ടികളിൽ മൂന്നാമത്തെയാളായിരുന്നു അവർ. ഡീൻസ്‌ഗേറ്റിൽ ഇരുമ്പ് സാധനങ്ങളും പിച്ചളവസ്‌തുക്കളും വിൽപ്പനനടത്തുന്ന ഒരു കട ഹോഡ്‌ജ്‌സൺ നടത്തിയിരുന്നു. ഫ്രാൻസിസിന് രണ്ട് മൂത്ത സഹോദരന്മാരും രണ്ട് അനുജത്തിമാരും ഉണ്ടായിരുന്നു.[2]
1852-ൽ കുടുംബം യോർക്ക് സ്ട്രീറ്റിൽനിന്ന് ഏകദേശം ഒരു മൈൽ അകലെയായി സെന്റ് ലൂക്ക് ചർച്ചിന് എതിർവശത്തായി പുതുതായി നിർമ്മിച്ച ടെറസുള്ള വിശാലമായ ഒരു വീട്ടിലേക്ക് മാറിത്താമിസിച്ചു.[3][note 2] കഷ്ടിച്ച് ഒരു വർഷത്തിനുശേഷം, ഭാര്യ അഞ്ചാം തവണ ഗർഭവതിയായ സമയത്ത്, കുടുംബത്തെ സാമ്പത്തിക ബാധ്യതയിലാക്കിക്കൊണ്ട് ഹോഡ്സൺ ഹൃദയാഘാതത്തെത്തുടർന്ന് പെട്ടെന്നു മരണമടഞ്ഞു. മാതാവ് കുടുംബ ബിസിനസ്സ് ഏറ്റെടുത്തു നടത്തിയപ്പോൾ ഫ്രാൻസിസിന്റെ പരിചരണം മുത്തശ്ശി ഏറ്റെടുത്തു. അവൾക്കു വായിക്കാൻ പുസ്തകങ്ങൾ നൽകിയ മുത്തശ്ശിയിൽ നിന്ന്, വായനയെ സ്നേഹിക്കാൻ പഠിച്ച ഫ്രാൻസെസിനു ലഭിച്ച ആദ്യ പുസ്തകമായ ദി ഫ്ലവർ ബുക്കിൽ നിറമുള്ള ചിത്രങ്ങളും കവിതകളും ഉണ്ടായിരുന്നു.
വരുമാനം കുറവായതിനാൽ, എലിസയ്ക്ക് അവരുടെ കുടുംബവീട് ഉപേക്ഷിച്ച് കുട്ടികളോടൊപ്പം സീഡ്ലി ഗ്രോവ്, ടാന്നേഴ്സ് ലെയ്ൻ, പെൻഡെൽട്ടൺ, സാൽഫോർഡ് എന്നിവിടങ്ങളിൽ ബന്ധുക്കളോടൊപ്പം താമസിക്കേണ്ടി വരുകയും അവിടെ അവർ ഒരു വലിയ പൂന്തോട്ടമുള്ള ഒരു വീട്ടിൽ താമസിക്കുകയും ഫ്രാൻസെസ് ആ ജീവിതം ആവോളം ആസ്വദിക്കുകയും ചെയ്തു.
ഒരു വർഷക്കാലം ഫ്രാൻസെസ് രണ്ട് വനിതകൾ നടത്തുന്ന ഒരു ചെറിയ ഡെയിം സ്കൂളിൽ പോയ ഫ്രാൻസെസ് അവിടെവച്ച് ആദ്യമായി ഗന്ധർവ്വന്മാരെക്കുറിച്ചുള്ള ഒരു പുസ്തകം ശ്രദ്ധിച്ചു. മാതാവ് കുടുംബത്തെ സാൽഫോർഡിലെ ഇസ്ലിംഗ്ടൺ സ്ക്വയറിലേക്ക് മാറ്റിയപ്പോൾ, ഫ്രാൻസെസ് പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും അഭാവത്തിൽ വിലപിച്ചു. അക്കാലത്ത് മാഞ്ചസ്റ്ററിൽ താമസിച്ചിരുന്ന ഫ്രീഡ്രിക്ക് ഏംഗൽസ് പറയുന്നതനുസരിച്ച്, തിരക്കേറിയതും ദാരിദ്ര്യവുമുള്ള ഒരു പ്രദേശത്തോട് ചേർന്നുള്ള കുലീന ജാതരില്ലാത്തതും അടച്ചുപൂട്ടിയതുമായ ഒരു ചത്വരത്തിലായിരുന്നു അവരുടെ പുതിയ വീട് സ്ഥിതിചെയ്തിരുന്നത്.
പഴയ നോട്ട്ബുക്കുകളിൽ കഥകൾ എഴുതിയിരുന്ന ഫ്രാൻസെസ് ഒരു സജീവ ഭാവനയുള്ള കുട്ടിയായിരുന്നു. ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ നോവലായിരുന്ന അങ്കിൾ ടോംസ് ക്യാബിൻ അവളുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. കുട്ടിക്കാലത്ത് ഈ നോവലിലെ രംഗങ്ങൾ അഭിനയിക്കാൻ അവൾ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. ഫ്രാൻസെസിനെയും സഹോദരങ്ങളെയും ദ സെലക്ട് സെമിനാരി ഫോർ യംഗ് ലേഡീസ് ആൻഡ് ജെന്റിൽമെൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനത്തിന് അയക്കുകയും അവിടെ അവൾ "പ്രായത്തിൽക്കവിഞ്ഞ ബുദ്ധിയുള്ളവൾ", "പ്രണയലോലുപ" എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. അവൾക്ക് സജീവമായ ഒരു സാമൂഹിക ജീവിതമുണ്ടായിരുന്നുവെന്നു മാത്രമല്ല സുഹൃത്തുക്കളോടും ബന്ധുക്കളോടും കഥകൾ പറയാൻ സമയം കണ്ടെത്തികയും ചെയ്‌തു; അവളുടെ കഥകൾ ചൂണ്ടിക്കാട്ടി അവളെ കളിയാക്കുന്ന പ്രവണത സഹോദരന്മാർക്കുണ്ടായിരുന്നെങ്കിലും മാതാവിൽ അവൾ ഒരു നല്ല പ്രേക്ഷകയെ കണ്ടെത്തി. പതിനഞ്ച് വയസ്സ് വരെ ഫ്രാൻസെസ് സെലക്ട് സെമിനാരിയിലെ തൻറെ വിദ്യാഭ്യാസം തുടർന്നു.
അമേരിക്കൻ ആഭ്യന്തരയുദ്ധം മൂലമുണ്ടായ ലങ്കാഷെയർ പരുത്തി ക്ഷാമത്താൽ മിക്കവാറും പരുത്തിയെ മാത്രം ആശ്രയിച്ചു നിലനിന്നിരുന്ന മാഞ്ചസ്റ്ററിന്റെ സമ്പദ്‌വ്യവസ്ഥ താറുമാറായി. 1863-ൽ, എലിസ ഹോഡ്ജ്‌സൺ അവരുടെ ബിസിനസ്സ് വിൽക്കാനും കുടുംബത്തെ വീണ്ടും ഒരു ചെറിയ വീട്ടിലേക്ക് പറിച്ചുനടാനും നിർബന്ധിതയായതോടെ അക്കാലത്തെ ഫ്രാൻസിസിന്റെ പരിമിതമായ വിദ്യാഭ്യാസം അവസാനിച്ചു. എലിസയുടെ സഹോദരൻ (ഫ്രാൻസിസിന്റെ അമ്മാവൻ) വില്യം ബൂണ്ട്, ടെന്നസിയിലെ നോക്സ്വില്ലിൽ തന്നോടൊപ്പം ചേരാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. അവിടെ അദ്ദേഹത്തിന് നല്ല നിലയിൽ നടന്നിരുന്ന ഉണങ്ങിയ ചരക്കുകളുടെ ഒരു കടയുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ എലിസ അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിച്ച് കുടുംബത്തെ മാഞ്ചസ്റ്ററിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു. അവർ അവരുടെ വസ്തുവകകൾ വിൽക്കുകയും ഫ്രാൻസിസിനോട് തന്റെ ആദ്യകാല രചനകൾ തീയിലിടാൻ പറയുകയുമുണ്ടായി. 1865-ൽ ഈ കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയും നോക്‌സ്‌വില്ലിന് സമീപം താമസമാക്കുകയും ചെയ്തു.
ടെന്നസിയിലേക്ക് നീക്കം
[തിരുത്തുക]ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം, ഈ പ്രദേശത്തേക്ക് എത്തിയ മറ്റു കച്ചവടങ്ങളുടെ ആധിക്യം ഫ്രാൻസിസിന്റെ അമ്മാവന് തന്റെ ബിസിനസിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനാൽ പുതുതായി എത്തിച്ചേർന്ന കുടുംബത്തിന് സംരക്ഷണം നൽകാൻ കഴിഞ്ഞില്ല. നോക്‌സ്‌വില്ലിന് പുറത്തുള്ള ന്യൂ മാർക്കറ്റിലെ ആദ്യത്തെ ശൈത്യകാലത്ത് കുടുംബം ഒരു തടികൊണ്ടുള്ള ക്യാബിനിൽ താമസിക്കാൻ പോയി. പിന്നീട് അവർ നോക്‌സ്‌വില്ലിലെ ഒരു വീട്ടിലേക്ക് മാറുകയും ഒരു ഒറ്റപ്പെട്ട കുന്നിൻ മുകളിൽ സ്ഥിതിചെയ്തിരുന്ന വീടിന്റെ സ്ഥാനത്തിൽനിന്നുള്ള പ്രചോദനത്താൽ ഫ്രാൻസിസ് ഇതിനെ "മൗണ്ട് അററാത്തിലെ നോഹയുടെ പെട്ടകം" എന്ന് വിശേഷിപ്പിച്ചു. അവർക്ക് എതിരെവശത്തു താമസിക്കുന്നത് ബർണറ്റ് കുടുംബമായിരുന്നു. ഫ്രാൻസെസ് സ്വാൻ ബർണറ്റുമായി സൗഹൃദം സ്ഥാപിക്കുകയും അവൾ ഇംഗ്ലണ്ടിൽവച്ചു വായിച്ച ചാൾസ് ഡിക്കൻസ്, സർ വാൾട്ടർ സ്കോട്ട്, വില്യം മക്കീപീസ് താക്കറെ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ബർണറ്റിനു പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടിക്കാലത്തെ പരിക്ക് കാരണം മുടന്തനായിരുന്ന അയാൾക്ക് കായികമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും ചെയ്തതിനാൽ അവൾ അവനുമായി ചങ്ങാത്തത്തിലായിരിക്കാം. അവർ കണ്ടുമുട്ടി അധികം താമസിയാതെ സ്വാൻ ഒഹായോയിലെ കോളേജിലേക്ക് പുറപ്പെട്ടു.
പണം സമ്പാദിക്കാനായി ഫ്രാൻസെസ് എഴുത്തിലേക്ക് തിരിഞ്ഞു. അവളുടെ ആദ്യ കഥ 1868 ൽ ഗോഡീസ് ലേഡീസ് ബുക്കിൽ പ്രസിദ്ധീകരിക്കപ്പെട്ടു. താമസിയാതെ, ഗോഡീസ് ലേഡീസ് ബുക്ക്, സ്‌ക്രിബ്‌നേഴ്‌സ് മാസിക, പീറ്റേഴ്‌സൺ മാഗസിൻ, ഹാർപർ ബസാർ എന്നിവയിൽ അവളുടെ എഴുത്തുകൾ പതിവായി പ്രസിദ്ധീകരിക്കപ്പെട്ടു. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അവൾ ആഗ്രഹിക്കുകയും, അമിതമായി ജോലിചെയ്യാൻ തുടങ്ങുകയും ചെയ്തു. പിന്നീട് തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ താനൊരു "പെൻ ഡ്രൈവിംഗ് മെഷീൻ" ആയിരുന്നുവെന്ന് അവർ എഴുതി. അഞ്ചുവർഷമായി പലപ്പോഴും ജോലിയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാകുലപ്പെടാതെ അവൾ നിരന്തരം എഴുതി. അവൾക്ക് 18 വയസ് തികയുന്നതിനുമുമ്പ് ആദ്യ കഥ പ്രസിദ്ധീകരിച്ചുകഴിഞ്ഞശേഷം ഒരു എഴുത്തുകാരിയെന്ന നിലയിൽ അവൾ ജീവിതകാലം മുഴുവൻ ചെലവഴിച്ചു. 1869 ആയപ്പോഴേക്കും കുടുംബത്തെ നോക്‌സ്‌വില്ലിലെ ഒരു മികച്ച വീട്ടിലേക്ക് മാറ്റാനുള്ള തുക അവൾ സമ്പാദിച്ചിരുന്നു.
അവളുടെ മാതാവ് 1870-ൽ മരണമടയുകയും രണ്ട് വർഷത്തിനുള്ളിൽ അവളുടെ രണ്ട് സഹോദരിമാരും ഒരു സഹോദരനും വിവാഹിതരാകുകയും ചെയ്തു. അവൾ സ്വാനുമായി ചങ്ങാത്തത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാനുള്ള തിരക്കിലായിരുന്നില്ല.
വിവാഹം
[തിരുത്തുക]എഴുത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് 1872-ൽ ഒരു നീണ്ട സന്ദർശനത്തിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അവർ തുടർന്ന് പാരീസിലേക്ക് പോകുകയും അവിടെ സ്വാനെ വിവാഹം കഴിക്കാൻ സമ്മതിച്ചശേഷം, ഒരു ഹൌട്ട് കോച്ചർ വിവാഹ വസ്ത്രം ഉണ്ടാക്കി ടെന്നസിയിലേക്ക് കയറ്റി അയയ്ക്കാൻ പറയുകയും ചെയ്തു. താമസിയാതെ അവൾ വീട്ടിൽ തിരിച്ചെത്തുകയും വിവാഹവസ്ത്രം എത്തിച്ചേരുന്നതുവരെ വിവാഹം നീട്ടിവെക്കാൻ ശ്രമിച്ചുവെങ്കിലും എത്രയും വേഗം വിവാഹം കഴിക്കണമെന്ന് സ്വാൻ അവളോട് നിർബന്ധിച്ചതിന്റെ ഫലമായി 1873 സെപ്റ്റംബറിൽ അവർ വിവാഹിതരായി. ഒരു മാഞ്ചസ്റ്റർ സുഹൃത്തിനോട് വിവാഹവസ്ത്രത്തെക്കുറിച്ചുള്ള ഇച്ഛാഭംഗത്തെക്കുറിച്ച് എഴുതിക്കൊണ്ട് തന്റെ പുതിയ ഭർത്താവിനെക്കുറിച്ച് അവൾ ഇപ്രകാരം പറഞ്ഞു : "പുരുഷന്മാർ വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ് ... വെളുത്ത മിനുസപ്പട്ടും മുഖപടവസ്ത്രവും ക്രീം നിറമുള്ള ചിത്രപട്ടാംബരവും തമ്മിലുള്ള വ്യത്യാസത്തിന്റെ പ്രാധാന്യം അവർക്കറിയില്ല". 1874 സെപ്റ്റംബറിൽ അവൾ തന്റെ ആദ്യത്തെ കുട്ടിയായ ലയണലിന് ജന്മം നൽകി. ആ വർഷം തന്നെ ലങ്കാഷെയറിൽ പശ്ചാത്തലമാക്കി തന്റെ ആദ്യത്തെ മുഴുനീള നോവലായ ദാറ്റ് ലാസ് ഓ ലോറിസ് എന്ന കൃതിയുടെ രചന ആരംഭിച്ചു.
നോക്‌സ്‌വില്ലിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹമുണ്ടായിരുന്ന ഈ ദമ്പതികൾക്ക് പാരീസിലേക്ക് പോകുന്നതിന് അവളുടെ എഴുത്തിൽനിന്നുള്ള വരുമാനം മതിയായിരുന്നു. അവിടെ സ്വാൻ കണ്ണ്, ചെവി എന്നിവയുടെ ചികിത്സയിൽ വിദഗ്ദ്ധനായി തന്റെ മെഡിക്കൽ പരിശീലനം തുടർന്നു. അവരുടെ രണ്ടാമത്തെ മകൻ വിവിയന്റെ ജനനം അവരെ അമേരിക്കയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. തന്റെ രണ്ടാമത്തെ കുട്ടി പെൺകുട്ടിയാകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നതിനാൽ നേരത്തേ തിരഞ്ഞെടുത്തിരുന്ന വിവിയൻ എന്ന പേര് പുത്രനുവേണ്ടി പുല്ലിംഗ അക്ഷരത്തിലേക്ക് മാറ്റി. കുടുംബം അവളുടെ എഴുത്തിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുകയും ആൺ കുട്ടികൾക്കായി വസ്ത്രങ്ങൾ സ്വയം തുന്നി കുടുംബത്തിലെ സാമ്പത്തിക ഭദ്രത നിലനിറുത്തുകയും ചെയ്തു. ബർണറ്റ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത് തുടരുകയും ആൺകുട്ടികൾക്കായി ലേസ് കോളറുകളുപയോഗിച്ച് വെൽവെറ്റ് സ്യൂട്ടുകൾ രൂപകൽപ്പന ചെയ്തതോടൊപ്പം അവൾക്കായി ഞൊറികളുള്ള വസ്ത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. മക്കളുടെ മുടി നീളത്തിൽ വളരാൻ അനുവദിച്ചിരുന്ന അവൾ അത് പിന്നീട് നീണ്ട ചുരുളുകളായി രൂപപ്പെടുത്തുന്നതിലും ശ്രദ്ധിച്ചിരുന്നു.
വാഷിംഗ്ടൺ ടി.സി.
[തിരുത്തുക]പാരീസിലെത്തി രണ്ടുവർഷത്തിനുശേഷം, കുടുംബം വാഷിംഗ്ടൺ ഡി.സിയിലേക്ക് പോകാൻ ആഗ്രഹിക്കുകയും, അവിടെ ഡോക്ടറായി യോഗ്യത നേടിയ സ്വാൻ തന്റെ മെഡിക്കൽ പ്രാക്ടീസ് തുടരാൻ ആഗ്രഹിച്ചു. എന്നിരുന്നാലും അവർ കടക്കെണിയിലായിരുന്നതിനാൽ സ്വാൻ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിരതാമസമാക്കിയപ്പോൾ ഫ്രാൻസസ് സ്വാന്റെ മാതാപിതാക്കളോടൊപ്പം ന്യൂ മാർക്കറ്റിൽത്തന്നെ താമസിക്കാൻ നിർബന്ധിതയായി. 1877 കളുടെ തുടക്കത്തിൽ ലാസ് ഓ ലോറിസ് പ്രസിദ്ധീകരിക്കാൻ അവർ ഒരു കരാറിലേർപ്പെടുകയും , അത് പരമ്പരയായുള്ള പ്രസിദ്ധീകരണത്തിൽ ഇതിനകം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത സമയത്ത് അവൾ തന്റെ ഭർത്താവിനെ ബിസിനസ്സ് മാനേജരായി നിയമിച്ചു. ലാസ് ഓ ലോറിസ് നല്ല അവലോകനങ്ങളുമായി പ്രസിദ്ധീകരിക്കപ്പെടുകയും അവകാശങ്ങൾ ഒരു ബ്രിട്ടീഷ് പതിപ്പിനായി വിൽക്കുകയും ചെയ്തു. പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം, അവൾ തന്റെ ഭർത്താവുമായി വാഷിംഗ്ടൺ ഡി.സിയിൽ ചേരുകയും അവിടെ കുടുംബത്തെയും സുഹൃത്തുക്കളെയും സ്ഥാപിക്കുകയും ചെയ്തു. വളർന്നുവരുന്ന യുവ നോവലിസ്റ്റായി അറിയപ്പെട്ടിരുന്ന അവൾ തുടർന്നും എഴുതി. ഒരു കുടുംബത്തെ വളർത്തുന്നതിനും പുതിയ നഗരത്തിൽ സ്ഥിരതാമസമാക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും അവർ ഹാവോർത്ത് എന്ന കൃതിയുടെ രചന ആരംഭിക്കുകയും 1879-ൽ പ്രസിദ്ധീകരിക്കുകയും ചെ്യതു. അതുപോലെ തന്നെ ലണ്ടനിൽ അവതരിപ്പിച്ച പകർപ്പവകാശ ലംഘന സ്റ്റേജ് പതിപ്പിന് മറുപടിയായി ദാറ്റ് ലാസ് ലോറിയുടെ നാടകീയമായ വ്യാഖ്യാനവും അവർ എഴുതി. 1879-ൽ ബോസ്റ്റൺ സന്ദർശിച്ച ശേഷം ലൂയിസ മേ അൽകോട്ടിനെയും കുട്ടികളുടെ മാസികയായ സെന്റ് നിക്കോളസിന്റെ എഡിറ്റർ മേരി മാപ്സ് ഡോഡ്ജിനെയും കണ്ടുമുട്ടിയ ശേഷം ബർണറ്റ് കുട്ടികളുടെ കഥകൾ എഴുതാൻ തുടങ്ങി. അടുത്ത അഞ്ചുവർഷക്കാലം സെന്റ് നിക്കോളാസിൽ നിരവധി ചെറുകഥകൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു. മുതിർന്നവരുടെ കഥകളും എഴുതിയ ബർണറ്റ് ലൂസിയാന എന്ന കൃതി 1880 ലും എ ഫെയർ ബാർബേറിയൻ 1881 ലും; ത്രൂ വൺ അഡ്മിനിസ്ട്രേഷൻ 1883-ലും പ്രസിദ്ധീകരിച്ചു. നോർത്ത് കരോലിനയിലെ ലേക് ല്യൂറിനടുത്തുള്ള "ലോഗൻ ഹൌസ് "സത്രത്തിൽ താമസിക്കുമ്പോൾ 1881 ൽ എസ്മെറെൽഡ എന്ന നാടകം എഴുതുകയും പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രോഡ്‌വേയിലെ ഏറ്റവും കൂടുതൽ കാലം അരങ്ങേറിയ നാടകമായി ഇത് മാറുകയും ചെയ്തു. എന്നിരുന്നാലും, നേരത്തെ നോക്‌സ്‌വില്ലിൽ സംഭവിച്ചതുപോലെ, ഒരു വീടും കുട്ടികളെയും ഭർത്താവിനെയും പരിപാലിക്കുന്നതിനും അവളുടെ എഴുത്തിന്റെ സമയക്രമം പാലിക്കുന്നതിനുമിടെ സമ്മർദ്ദം അനുഭവപ്പെടുകയും ഇത് തളർച്ചക്കും വിഷാദത്തിനും കാരണമായിത്തീരുകയും ചെയ്തു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ബർണറ്റ് വാഷിംഗ്ടൺ സമൂഹത്തിൽ അറിയപ്പെടുകയും ചൊവ്വാഴ്ച വൈകുന്നേരങ്ങളിൽ ഒരു സാഹിത്യ സദസ് നടത്തുകയും പലപ്പോഴും രാഷ്ട്രീയക്കാരും പ്രാദേശിക സാക്ഷരരും ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്വാൻറെ മെഡിക്കൽ പരിശീലനം വളർന്നുകൊണ്ടിരിക്കുകയും നല്ല പ്രശസ്തി കൈവരിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ വരുമാനം അവളേക്കാൾ പിന്നിലായിരുന്നതിനാൽ എഴുത്ത് തുടരണമെന്ന് അവൾ വിശ്വസിച്ചു. നിർഭാഗ്യവശാൽ അവൾക്ക് പലപ്പോഴും അസുഖം ബാധിക്കുകയും വാഷിംഗ്ടൺ ഡി.സിയുടെ ചൂടിൽ കഷ്ടപ്പെടുകയു ചെയ്തതൊടെ സാധ്യമാകുമ്പോഴെല്ലാം അവൾ അവിടെനിന്നു രക്ഷപ്പെടുന്നതിൽ തൽപരയായി. 1880 കളുടെ തുടക്കത്തിൽ ക്രിസ്ത്യൻ സയൻസ്, ആത്മീയത, തിയോസഫി എന്നിവയിൽ അവൾ താല്പര്യം കാണിച്ചു. ഈ വിശ്വാസങ്ങൾ അവളുടെ പിൽക്കാല ജീവിതത്തെയും പിൽക്കാല ഫിക്ഷൻ കഥകളിലെ ഉള്ളടക്കങ്ങളെയും സ്വാധീനിച്ചിരുന്നിരിക്കാം. അവൾ ഒരു അർപ്പണബോധമുള്ള മാതാവായിരുന്നു, രണ്ട് ആൺമക്കളെ വളർത്തുന്നതിൽ അവർ വലിയ സന്തോഷം കണ്ടെത്തി. ഓരോ ദിവസവും അവരുടെ നീളമുള്ള മുടി ചുരുട്ടുന്ന രീതി തുടരുന്നതിലൂടെ അവർ അവരുടെ രൂപഭാവങ്ങളഇൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് ലിറ്റിൽ ലോർഡ് ഫോണ്ട്ലെറോയിയുടെ രചനയ്ക്കു പ്രചോദനമായിത്തീരുകയും ചെയ്തു.
1884-ൽ ലിറ്റിൽ ലോർഡ് ഫാന്റ്‌ലെറോയിയുടെ രചന ആരംഭിക്കുകയും 1885-ൽ സെന്റ് നിക്കോളാസിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1886 ൽ ഇതിന്റെ പുസ്തക രൂപം പുറത്തിറങ്ങുകയും ചെയ്തു. ലിറ്റിൽ ലോർഡ് ഫോണ്ട്ലെറോയിക്ക് നല്ല അവലോകനങ്ങൾ ലഭിക്കുകയും ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുകയും ചെയ്തു. 12 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി ഒരു എഴുത്തുകാരിയെന്ന നിലയിലുള്ള ബർനെറ്റിന്റെ ഖ്യാതി ഉറപ്പിക്കുകയും ചെയ്തു. ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വെൽവെറ്റ് സ്യൂട്ടുകൾ ധരിക്കുകയും നീളമുള്ള മുടി ചുരുണ്ട മുടിയുമുള്ള ഒരു ആൺകുട്ടിയെ കഥയിൽ അവതരിപ്പിക്കുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ സെഡ്രിക് ബർണറ്റ് അവരുടെ ഇളയ മകൻ വിവിയനെ മാതൃകയാക്കിയിരുന്നതിനാൽ ലിറ്റിൽ ലോർഡ് ഫോണ്ട്ലറോയിയുടെ ആത്മകഥാപരമായ വശങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ നിന്ന് അപകീർത്തികരമായ പരാമർശങ്ങൾക്ക് കാരണമായിരുന്നു. ലിറ്റിൽ ലോർഡ് ഫോണ്ട്ലറോയ് പ്രസിദ്ധീകരിച്ചതിനുശേഷം, കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയെന്ന നിലയിലുള്ള ബർനെറ്റിന്റെ പ്രശസ്തി പൂർണമായും സ്ഥാപിക്കപ്പെട്ടു. 1888-ൽ ലിറ്റിൽ ലോർഡ് ഫാന്റ്‌ലെറോയിയുടെ നാടക അവകാശങ്ങളെച്ചൊല്ലി ഇംഗ്ലണ്ടിൽ നടന്ന ഒരു കേസിൽ അവർ വിജയം നേടുകയും ഇത് 1911 ൽ ബ്രിട്ടീഷ് പകർപ്പവകാശ നിയമത്തിലെ ഉൾപ്പെടുത്തലിന് ഒരു കീഴ്‌വഴക്കമാകുകയും ചെയ്തു. നാടക രൂപത്തിൽ തന്റെ സാഹിത്യം ചോരണം നടത്തിയതിന്റെ രണ്ടാമത്തെ സംഭവത്തിന് മറുപടിയായി അവൾ ദി റിയൽ ലിറ്റിൽ ഫോണ്ട്ലറോയ് എഴുതി ലണ്ടനിലെ അരങ്ങുകളിലും ബ്രോഡ്‌വേയിലും അവതരിപ്പിച്ചു. നിർമ്മിച്ച ലോർഡ് ഫോണ്ട്ലറോയ്. നാടകം അവളെ പുസ്തകത്തിന്റെ അത്രയുംതന്നെ പണം സമ്പാദിക്കുന്നതിന് സഹായിച്ചു.
ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്ര
[തിരുത്തുക]1887-ൽ വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിനായി ബർണറ്റ് ഇംഗ്ലണ്ടിലേക്ക് പോകുകയും ഇത് അമേരിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ട്രാൻസ്അറ്റ്‌ലാന്റിക് സമുദ്ര യാത്രകളിൽ ആദ്യത്തേതായി മാറുകയും ചെയ്തു. കുട്ടികളോടൊപ്പം അവർ ലണ്ടനിലെ മാഡം തുസാഡിന്റെ വാക്സ് മ്യൂസിയം പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അവളുടെ വാടക മുറികളിൽ ചൊവ്വാഴ്ച വൈകുന്നേരങ്ങളിലെ സാഹിത്യ സദസ് തുടരുകയും ഇത് താമസിയാതെ സന്ദർശകരെ ആകർഷിച്ചതോടൊപ്പം സ്റ്റീഫൻ ടൌൺസെൻഡിനെ ആദ്യമായി കണ്ടുമുട്ടുന്നതിനിടയാക്കുകയും ചെയ്തു. തിരക്കുപിടിച്ച തന്റെ പരിപാടികൾക്കിടയിൽ ചൂട്, വിനോദസഞ്ചാരികളുടെ തിരക്ക് എന്നിവയാൽ അവൾക്ക് അസുഖം അനുഭവപ്പെടുകയും കിടക്കയിൽ ദീർഘനേരം ചെലവഴിക്കുകയും ചെയ്തു. മക്കളോടൊപ്പം അവൾ ശീതകാലം ഫ്ലോറൻസിൽ ചെലവഴിക്കുകയും അവിടെവച്ച് ദി ഫോർച്യൂൺസ് ഓഫ് ഫിലിപ്പ ഫെയർഫാക്സ് എഴുതുകയും അമേരിക്കയിൽ അല്ലാതെ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച അവരുടെ ഒരേയൊരു പുസ്തകമായി ഇതു മാറുകയും ചെയ്തു. ആ ശൈത്യകാലത്ത് സാറാ ക്രൂ ഓർ വാട്ട് ഹാപ്പെൻഡ് അറ്റ് മിസ് മിൻചിൻസ് അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചു. സാറാ ക്രൂവിനെ ഒരു സ്റ്റേജ് നാടകമാക്കി മാറ്റുന്നതിന് ഒരുമ്പെടുകയും പിന്നീട് ഈ കഥയെ എ ലിറ്റിൽ പ്രിൻസസ് എന്ന കൃതിയാക്കി മാറ്റുകയും ചെയ്തു. 1888-ൽ, ബർണറ്റ് മാഞ്ചസ്റ്ററിലേക്ക് മടങ്ങിപ്പോകുകയും അവിടെ ക്രോംവെൽ റോഡിൽ നിന്നകന്ന് ഒരു വലിയ വീട് പാട്ടത്തിനെടുക്കുകയും അത് അലങ്കരിച്ച് ഒരു ബോർഡിംഗ് ഹൌ സായി പ്രവർത്തിപ്പിക്കുകയും അതിനുശേഷം അവൾ ലണ്ടനിലേക്ക് മാറുകയും അവിടെ വീണ്ടും മുറികൾ എടുത്ത് ലണ്ടൻ കാലാവസ്ഥ ആസ്വദിച്ചുകൊണ്ട് ഫോർച്യൂൺസ് ഓഫ് ഫിലിപ്പ ഫെയർഫാക്‌സിന്റെ നാടക രൂപമായ ഫിലിസിനെ തയ്യാറാക്കുകയും ചെയ്തു. നാടകം ഓടുമ്പോൾ മോശം അവലോകനങ്ങളിൽ അവൾ നിരാശയാകുകയും ഒപ്പം സുഹൃദ്സമ്മേളനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. ഈ കാലയളവിൽ ജൂബിലി വർഷത്തിൽ കണ്ടുമുട്ടിയ സ്റ്റീഫൻ ടൌൺസെൻഡിനെ കൂടുതലായി കാണാൻ തുടങ്ങി.
1890 ഡിസംബറിൽ, ബർണറ്റിന്റെ മൂത്തമകൻ ലയണൽ പാരീസിൽവച്ച് ക്ഷയരോഗം മൂലം മരിച്ചു, ഇത് പിൽക്കാലത്തെ അവളുടെ ജീവിതത്തെയും എഴുത്തിനെയും വളരെയധികം സ്വാനീനിച്ചു. മരിക്കുന്നതിനുമുമ്പ്, അവൾ വൈദ്യരിൽ നിന്ന് പുത്രനുള്ള ചികിത്സ തേടിയതോടൊപ്പം സ്പാകൾ സന്ദർശിക്കാൻ ജർമ്മനിയിലേക്ക് കൊണ്ടുപോയിരുന്നു. പുത്രന്റെ മരണശേഷം, അവൾ കടുത്ത വിഷാദാവസ്ഥയിലായി. ഈ സമയം അവർ ചർച്ച് ഓഫ് ഇംഗ്ലണ്ടിലുള്ള പരമ്പരാഗത വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കുകയും ആത്മീയതയും ക്രിസ്ത്യൻ സയൻസും സ്വീകരിക്കുകയും ചെയ്തു. ലണ്ടനിലേക്ക് മടങ്ങിയ അവർ 1892 ഫെബ്രുവരിയിൽ ഒരു ഓപ്പണിംഗ് ആതിഥേയത്വം വഹിച്ചുകൊണ്ട് ഡ്രൂറി ലെയ്ൻ ബോയ്സ് ക്ലബ് രൂപീകരിച്ചു. ഈ കാലയളവിൽ സ്റ്റീഫൻ ടൌൺസെന്റിന് അഭിനയജീവിതം ആരംഭിക്കുന്നതിനായി ഒരു നാടകം എഴുതി. വാഷിംഗ്‌ടൺ ഡി.സി ഭവനത്തിൽനിന്നും ഭർത്താവിൽ നിന്നും ഇളയ മകനിൽ നിന്നുമുള്ള രണ്ടുവർഷത്തെ അഭാവത്തിനുശേഷം 1892 മാർച്ചിൽ ബർണറ്റ് അവിടെ തിരിച്ചെത്തുകയം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നതോടൊപ്പം സാഹിത്യരചന പുനരാരംഭിക്കുകയും ചെയ്തു. 1893-ൽ ബർണറ്റ് “ദി വൺ ഐ ന്യൂ ബെസ്റ്റ് ഓഫ് ഓൾ” എന്ന തലക്കേട്ടിൽ തന്റെ മൂത്തമകനായി സമർപ്പിച്ചുകൊണ്ട് ഒരു ആത്മകഥ പ്രസിദ്ധീകരിച്ചു. ആ വർഷം, ചിക്കാഗോ ലോകമേളയിൽ അവളുടെ ഒരു കൂട്ടം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
വിവാഹമോചനം
[തിരുത്തുക]1894 ൽ ബർണറ്റ് ലണ്ടനിലേക്ക് മടങ്ങിയെങ്കതിലും അവിടെവച്ച് ഇളയ മകൻ വിവിയൻ രോഗിയാണെന്ന വാർത്തയറിഞ്ഞതിനാൽ ഉടനടി അമേരിക്കയിലേക്ക് തിരിച്ചു പോയി. വിവിയൻ അസുഖത്തിൽ നിന്ന് മോചിതനായെങ്കിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ ടേം നഷ്ടമായി. സുഖം പ്രാപിക്കുന്നതുവരെ ബർണറ്റ് പുത്രനോടൊപ്പം താമസിക്കുകയും തുടർന്ന് ലണ്ടനിലേക്ക് മടങ്ങുകയും ചെയ്തു. ഈ സമയം അവൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിഷമിക്കാൻ തുടങ്ങിയിരുന്നു. വിവിയന്റെ വിദ്യാഭ്യാസത്തിനായി അവൾ പണം നൽകുകയും വാഷിംഗ്ടൺ ഡി.സിയിലും ലണ്ടനിലും ഓരോ വീടുകൾ കൈവശം വയ്ക്കുകയും ചെയ്തിരുന്നു. സ്വാൻ വാഷിംഗ്ടൺ ടിസിയിലെ വീട്ടിൽ നിന്ന് സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ഇതിനകം മാറിയിരുന്നു. പഴയതുപോലെ വരുമാനമാർഗ്ഗത്തിനായി അവൾ വീണ്ടും സാഹിത്യരചനയിലേയ്ക്കു തിരിയുകയും എ ലേഡി ഓഫ് ക്വാളിറ്റി രചിക്കുകയും ചെയ്തു. 1896-ൽ പ്രസിദ്ധീകരിച്ച എ ലേഡി ഓഫ് ക്വാളിറ്റി, വിജയകരമായി രചന നിർവ്വഹിച്ച മുതിർന്നവർക്കുള്ള ചരിത്ര നോവലുകളുടെ കൂട്ടത്തിൽ ആദ്യത്തേതായി മാറിയതോടെ തുടർന്ന് 1899-ൽ ഇൻ കണക്ഷൻ വിത്ത് ദി വില്ലോബി ക്ലെയിം, 1901-ൽ ദ മേക്കിംഗ് ഓഫ് എ മാർച്ചിയോണസ്, ദി മെത്തേഡ്സ് ഓഫ് ലേഡി വാൾഡർഹർസ്റ്റ് എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു.
1898-ൽ വിവിയൻ ഹാർവാഡിൽ നിന്ന് ബിരുദം നേടിയപ്പോൾ അവൾ സ്വാൻ ബർണറ്റിനെ വിവാഹമോചനം ചെയ്തുഔദ്യോഗികമായി വിവാഹമോചനത്തിനുള്ള കാരണം ഉപേക്ഷിച്ചുപോകലായിരുന്നെങ്കിലും യഥാർത്ഥത്തിൽ ബർണറ്റും സ്വാനും അവരുടെ വിവാഹബന്ധം പിരിച്ചുവിടാൻ മുമ്പുതന്നെ പദ്ധതിയിട്ടിരുന്നു. സ്വാൻ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് എടുക്കുകയും ബർണറ്റിനൊപ്പം താമസിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തതോടെ രണ്ടുവർഷത്തിനുശേഷം വിവാഹമോചനത്തിന് ഒരു കാരണമാണ് ഉപേക്ഷിച്ചുപോകലെന്നു വാദിക്കാൻ അവർക്ക് കഴിഞ്ഞു. പത്രങ്ങൾ വിമർശനാത്മകമായാണ് ഈ സംഭവത്തോടു പ്രതികരിച്ചത്. അവളെ ഒരു പുതിയ സ്ത്രീ എന്ന് വിശേഷിപ്പിച്ച വാഷിംഗ്ടൺ പോസ്റ്റ്, ഭാര്യയുടെ കടമകളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച അവരുടെ നൂതന ആശയങ്ങളിൽനിന്നാണ് വിവാഹമോചനം ഉടലെടുത്തതെന്ന് എഴുതുകയുണ്ടായി.
1890 കളുടെ പകുതി മുതൽ അവൾ ഇംഗ്ലണ്ടിൽ ഗ്രേറ്റ് മെയ്‌താം ഹാളിൽ താമസിച്ചു. അതിൽ ഒരു വലിയ പൂന്തോട്ടമുണ്ടായിരുന്നത് പുഷ്പങ്ങളോടുള്ള ഇഷ്ടം അവരുടെ പ്രകടിപ്പിക്കുന്നതിന് സാധിച്ചു. അമേരിക്കയിലേക്കുള്ള വാർഷിക ട്രാൻസ്അറ്റ്‌ലാന്റിക് സമുദ്ര യാത്രകൾ തുടർന്നെങ്കിലും അടുത്ത ദശകത്തിൽ അവളുടെ ഭവനം ഇവിടെയായിരുന്നു. ഒരു ഫ്യൂഡൽ മാനർ ഹൌസിനോട് സാമ്യമുള്ള മെയ്‌തം ഹാൾ ബർണറ്റിനെ മോഹിപ്പിച്ചു. അവർ പ്രാദേശിക ഗ്രാമങ്ങളിൽ സാമൂഹ്യ സൃഹൃദം സ്ഥാപിക്കുകയും നാട്ടിൻപുറത്തെ ജീവിതം ആസ്വദിക്കുകയും ചെയ്തു. അവൾ വീട് അതിഥികളെക്കൊണ്ടു നിറക്കുകയും ഒപ്പം സ്റ്റീഫൻ ടൌൺസെൻഡും അവർക്കൊപ്പം താമസിപ്പിക്കുകയും ചെയ്തത് പ്രാദേശിക വികാരി ഒരു മതദ്വേഷമായി കണക്കാക്കി. 1900 ഫെബ്രുവരിയിൽ അവൾ ടൌൺസെൻഡിനെ വിവാഹം കഴിച്ചു.
പുനർവിവാഹവും പിൽക്കാലവും
[തിരുത്തുക]ഇറ്റലിയിലെ ജെനോവയിലാണ് വിവാഹം നടന്നത്. ശേഷം ദമ്പതികൾ മധുവിധുവിനായി പെഗ്ലിയിലേക്ക് പോകുകയും അവിടെ രണ്ടാഴ്ച തുടർച്ചയായ മഴ സഹിച്ചു കഴിയുകയും ചെയ്തു. ബർണറ്റിന്റെ ജീവചരിത്രകാരൻ ഗ്രെച്ചൻ ഗെർസീന വിവാഹത്തെക്കുറിച്ച് എഴുതുന്നു, "ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു". ടൗൺസെന്റിന് അവളേക്കാൾ പത്ത് വയസ്സ് കുറവാണെന്ന് - പത്രമാധ്യമങ്ങൾ ഊന്നിപ്പറഞ്ഞു. എന്നാൽ അവൾ അയാളെ തന്റെ സെക്രട്ടറി എന്നാണ് വിശേഷിപ്പിച്ചത്. ജീവചരിത്രകാരൻ ആൻ ത്വയിറ്റ് അയാൾ അവളെ സ്നേഹിക്കുന്നുവോയെന്ന് സംശയിക്കുന്നു. അക്കാലത്ത് 50 കാരിയായിരുന്ന ബർനെറ്റ് “തടിയുള്ളയാളും അനാരോഗ്യവതിയുമായിരുന്നു” എന്ന് അവർ അവകാശപ്പെടുന്നു. തന്റെ അഭിനയ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനു സാമ്പത്തികമായി സഹായത്തിനും ടൌൺസെന്റിന് അവളെ ആവശ്യമായിരുന്നുവെന്ന് ത്വൈറ്റ് വിശ്വസിക്കുന്നു. മാസങ്ങൾക്കുള്ളിൽത്തന്നെ സഹോദരിക്ക് അയച്ച കത്തിലൂടെ തന്റെ വിവാഹം പ്രശ്‌നത്തിലാണെന്ന് അവർ സമ്മതിച്ചിരുന്നു. ടൌൺസെൻഡിനെ തീർത്തും വിവേകശൂന്യവും ഉന്മാദിയുമെന്ന് അവർ വിശേഷിപ്പിച്ചു. ടൌൺസെന്റ് അവളെ വിവാഹത്തിന് ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ത്വൈറ്റ് വാദിക്കുന്നു: അയാൾക്ക് അവളിൽ നിന്ന് പണം ആവശ്യമായിരുന്നു, അതുപോലെ ഒരു ഭർത്താവെന്ന നിലയിൽ അവളെ നിയന്ത്രിക്കാൻ അയാൾ ആഗ്രഹിച്ചു.
ടൗൺസെൻഡിനൊപ്പം മെയ്‌താമിൽ തുടരുന്നത് അസഹനീയമെന്ന ചിന്ത വളർന്നതോടെ ബർനെറ്റ് 1900–1901 ലെ ശൈത്യകാലത്ത് ലണ്ടനിൽ ഒരു വീട് വാടകയ്‌ക്കെടുത്തു. അവിടെ അവൾ സുഹൃത്തുക്കളുമായി ഇടപഴകുകയും എഴുതുകയും ചെയ്തു. അവൾ ഒരേസമയം രണ്ട് പുസ്തകങ്ങളുടെ രചനയിൽ മുഴുകുകി. ഇതിൽ ദ ഷട്ടിൽ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ ഒരു പുസ്തകമായിരുന്നു. രണ്ടാമത്തെ പുസ്തകമായ ദി മേക്കിംഗ് ഓഫ് എ മാർച്ചിയോണസ് ഏതാനും ആഴ്ചകൾക്കുള്ളിൽ എഴുതിയതും നല്ല അവലോകനങ്ങൾ നേടി പ്രസിദ്ധീകരിക്കപ്പെട്ടതുമാണ്. 1901-ലെ വസന്തകാലത്ത്, അവർ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ടൌൺസെന്റ് ദീർഘകാല പ്രസാധകരായ സ്‌ക്രിബ്‌നേർസിനു പകരം ഒരു വലിയ അഡ്വാൻസ് വാഗ്ദാനം ചെയ്ത പ്രസാധകശാലയുമായി കരാറിലേർപ്പെടാൻ ശ്രമിച്ചു. മെയ്താമിലെ ഭവനത്തിൽ അതിഥികളെക്കൊണ്ടു നിറയ്ക്കുകയും അവരുമായി ഇടപഴകുകയും ചെയ്ത ഒരു വേനൽക്കാലത്തിനുശേഷം 1902 ലെ ശരത്കാലത്ത് അവൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. അവൾ അമേരിക്കയിലേക്ക് മടങ്ങുകയും 1902 ലെ ശൈത്യകാലത്ത് ഒരു സാനിറ്റോറിയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അവിടെവച്ച് അവൾ ടൌൺസെൻഡിനോട് ഇനി ഒരുമിച്ചു താമസിക്കില്ല, ഈ വിവാഹം അവസാനിച്ചു എന്നു പറഞ്ഞു.
രണ്ടുവർഷത്തിനുശേഷം 1904 ജൂണിൽ അവർ മെയ്‌താമിലേക്ക് മടങ്ങിയെത്തി. മെയ്‌തം ഹാളിൽ മതിലുകളുള്ള ഒരു പൂന്തോട്ടമുണ്ടായിരുന്നു ഈ റോസ് ഗാർഡനിൽവച്ച് അവൾ നിരവധി പുസ്തകങ്ങൾ എഴുതിയിരുന്നു. അവിടെവച്ച് ദി സീക്രട്ട് ഗാർഡൻ എന്ന കൃതിയുടെ ആശയം മനസ്സിൽ അങ്കുരിക്കുകയും മാഞ്ചസ്റ്റർ സന്ദർശിക്കുമ്പോൾ ബ്യൂൾ ഹിൽ പാർക്കിലെ മാനർ ഹൌസിൽവച്ച് എഴുതുകയും ചെയ്തു. 1905-ൽ ഒരു ലിറ്റിൽ പ്രിൻസസ് എന്ന നാടകം ഒരു നോവലാക്കി മാറ്റിയ ശേഷം പ്രസിദ്ധീകരിച്ചു. തന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബർണറ്റ് ഒരിക്കൽക്കൂടി എഴുത്തിലേക്ക് തിരിഞ്ഞു. വിലയേറിയ വസ്ത്രങ്ങൾക്കായി പണം ചിലവഴിച്ച് അവൾ അതിരുകടന്ന ജീവിതശൈലി തുടർന്നു. 1905 ൽ ബർണറ്റ് ഒരു അർദ്ധ സസ്യഭുക്കായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അവൾ മാംസത്തെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
1907-ൽ, സ്ഥിരമായി അമേരിക്കയിലേക്ക് മടങ്ങിയെത്തുകയും 1905-ൽ ഒരു പൗരത്വമെടുത്തതിനുശേഷം, 1908-ൽ ന്യൂയോർക്ക് നഗരത്തിന് പുറത്തുള്ള ലോംഗ് ഐലൻഡിലെ പ്ലാൻഡം മാനറിലെ പ്ലാൻഡോം പാർക്ക് വിഭാഗത്തിൽ ഒരു ഭവനം പണിതുയർത്തി. മകൻ വിവിയൻ പബ്ലിഷിംഗ് ബിസിനസിൽ ജോലി ചെയ്യുകയും, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ചിൽഡ്രൻസ് മാഗസിൻ എഡിറ്ററാകാൻ അവൾ സമ്മതിക്കുകയും ചെയ്തു. അടുത്ത കുറച്ച് വർഷങ്ങളിൽ അവർ ചിൽഡ്രൻസ് മാഗസിനിൽ നിരവധി ഹ്രസ്വ കൃതികൾ പ്രസിദ്ധീകരിച്ചു. 1911 ൽ അവൾ സീക്രട്ട് ഗാർഡൻ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വർഷങ്ങളിൽ അവർ ലോംഗ് ഐലൻഡിലെ വേനൽക്കാല വസതിയിലും ബെർമുഡയിലെ ഒരു ശീതകാല വസതിയിലുമായി ജീവിച്ചു. ദി ലോസ്റ്റ് പ്രിൻസ് 1915-ൽ പ്രസിദ്ധീകരിക്കുകയും ദി ഹെഡ് ഓഫ് ഹൌ സ് ഓഫ് കൂമ്പെയും അതിന്റെ തുടർച്ചയായ റോബിനും 1922-ൽ പ്രസിദ്ധീകരിച്ചു.
ബർണറ്റ് തന്റെ ജീവിതത്തിന്റെ അവസാനത്തെ 17 വർഷക്കാലം പ്ലാൻഡം മാനറിൽ താമസിച്ചു. അവിടെവച്ച് 1924 ഒക്ടോബർ 29 ന് 74 വയസ്സുള്ളപ്പോൾ അവർ മരണമടഞ്ഞു. അവളെ റോസ്ലിൻ സെമിത്തേരിയിൽ സംസ്കരിച്ചു. മകൾ വിവിയൻ 1937-ൽ മരിക്കുമ്പോൾ അദ്ദേഹത്തെ സമീപത്തുതന്നെ അടക്കം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Lionel Burnett, death; findagrave.com Retrieved March 7, 2010
- ↑ Rutherford 1994
- ↑ Thwaite 1991, p. 4
- ↑ Anon, City of Manchester commemorative plaques, Manchester City Council
കുറിപ്പുകൾ
[തിരുത്തുക]- ↑ York Street was later renamed and became Cheetham Hill Road. The house, along with the other houses in the terrace, was demolished in the 1990s to make way for a new development.
- ↑ The house, which was extant when Thwaite's book was published in 1991, later became number 385 Cheetham Hill Road. Manchester City Council mounted a blue plaque on the front which read "Frances Hodgson Burnett (1849 - 1924) Novelist and Authoress of 'Little Lord Fauntleroy' and many other works lived here (1852 - 1854)" The house was later demolished and the plaque is now on show at the Metropolitan University of Manchester.[4]