ഫ്രെഡറിക് ജാക്സൺ ടേണർ
ഫ്രെഡറിക് ജാക്സൺ ടേണർ അമേരിക്കൻ ചരിത്രകാരനായിരുന്നു. യു.എസ്. ചരിത്രപഠനരീതിക്ക് കാതലായ മാറ്റത്തിനു വഴിതെളിച്ച ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് (frontier hypothesis) എന്ന രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ഇത് ടേണർ തീസിസ് എന്ന പേരിലും അറിയപ്പെടുന്നു. ആൻഡ്രൂ ജാക്സൺന്റെയും മേരി ടേണറുടെയും മകനായി യു.എസ്സിൽ വിസ്കോൺസിൻ-ലെ പോർട്ടേജിൽ 1861 നവംബർ 14-ന് ഇദ്ദേഹം ജനിച്ചു. പിതാവ് ഒരു പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും പ്രാദേശിക ചരിത്രകാരനും ആയിരുന്നു.
ചരിത്രഗവേഷകൻ
[തിരുത്തുക]മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ടേണർ വിസ്കോൺസിൻ സർവകലാശാലയിൽനിന്ന് 1884-ൽ ബിരുദവും 1888-ൽ എം.എ. ബിരുദവും സമ്പാദിച്ചു. കുറച്ചുകാലം പത്രപ്രവർത്തകനായും പ്രവർത്തിച്ചു. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് ഇദ്ദേഹം 1890-ൽ ഡോക്ടറേറ്റ് നേടി. "ദ് ക്യാരക്റ്റർ ആൻഡ് ഇൻഫ്ളുവൻസ് ഒഫ് ദി ഇന്ത്യൻ ട്രേഡ് ഇൻ വിസ്കോൺസിൻ എന്നതായിരുന്നു ഗവേഷണ വിഷയം. 1889 നവംബർ 25-ന് ഷിക്കാഗോയിലെ കരോലിന മെയ് ഷെർവുഡിനെ ഇദ്ദേഹം വിവാഹം കഴിച്ചു. വിസ്കോൺസിൻ സർവ്വകലാശാലയിൽ ഇദ്ദേഹം 1889 മുതൽ 92 വരെ ചരിത്രത്തിന്റെ പ്രൊഫസറായും 1892 മുതൽ 1910 വരെ അമേരിക്കൻ ചരിത്രത്തിന്റെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1909-ൽ ഇദ്ദേഹം അമേരിക്കൻ ഹിസ്റ്റോറിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റായി. 1910 മുതൽ 15 വരെ അമേരിക്കൻ ഹിസ്റ്റോറിക്കൽ റിവ്യൂവിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1910 മുതൽ 24-ൽ സർവീസിൽ നിന്നു പിരിയുന്നതുവരെ ഇദ്ദേഹം ഹാർവാഡ് സർവകലാശാലയിൽ പ്രൊഫസറായിരുന്നു.
പ്രധാന ഗവേഷണ ഗ്രന്ഥങ്ങൾ
[തിരുത്തുക]ഷിക്കാഗോയിൽ സംഘടിപ്പിച്ച അമേരിക്കൻ ഹിസ്റ്റോറിക്കൽ അസ്സോസിയേഷന്റെ പ്രത്യേക സമ്മേളനത്തിൽ 1893 ജൂലൈ. 12-ന് ഇദ്ദേഹം ദ് സിഗ്നിഫിക്കൻസ് ഒഫ് ദ് ഫ്രോണ്ടിയർ ഇൻ അമേരിക്കൻ ഹിസ്റ്ററി എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഇതിലാണ് ഇദ്ദേഹം അമേരിക്കൻ ചരിത്രപഠനത്തിനായി ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് എന്ന നൂതന രീതി അവതരിപ്പിച്ചത്. പരിതഃസ്ഥിതികളുടെ സ്വാധീനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചരിത്രപഠനരീതിയാണ് ഇദ്ദേഹം നൂതനമായി അവലംബിച്ചത്.
- ദ് ഫ്രോണ്ടിയർ ഇൻ അമേരിക്കൻ ഹിസ്റ്ററി (1920)
- ദ് സിഗ്നിഫികൻസ് ഒഫ് സെക്ഷൻസ് ഇൻ അമേരിക്കൻ ഹിസ്റ്ററി (1932)
- ദി യുണൈറ്റഡ് സ്റ്റേറ്റ്സ്, 1830-1850 (1935)
എന്നീ ഗവേഷണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1927-ൽ ഇദ്ദേഹം ഹെന്റി ഇ. ഹന്റിങ്ടൺ ലൈബ്രറിയിൽ റിസർച്ച് അസോസിയേറ്റ് ആയി സേവനമനുഷ്ഠിച്ചു.
മരണാനന്തരം പുലിറ്റ്സർ സമ്മാനം
[തിരുത്തുക]1932 മാർച്ച് 14-ന് ഇദ്ദേഹം പസാദിനയിൽ മരണമടഞ്ഞു. ദ് സിഗ്നിഫിക്കൻസ് ഒഫ് സെക്ഷൻസ് ഇൻ അമേരിക്കൻ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിന് മരണാനന്തരം 1933-ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു.
അവലംബം
[തിരുത്തുക]- http://www.britannica.com/EBchecked/topic/610263/Frederick-Jackson-Turner
- http://www.answers.com/topic/frederick-jackson-turner
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടേണർ, ഫ്രെഡറിക് ജാക്സൺ (1861 - 1932) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |