Jump to content

ബംഗാൾ വിഭജനം (1905)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബംഗാൾ വിഭജനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1947-ഇലെ വിഭജനത്തിനു ബംഗാൾ വിഭജനം (1947) കാണുക
കിഴക്കൻ ബംഗാൾ, ആസാം പ്രവിശ്യകളുടെ ഭൂപടം

1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.

പശ്ചാത്തലം

[തിരുത്തുക]

ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു. വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു. ഭൂമിശാസ്ത്രപരമായും മോശം വാർത്താവിനിമയ സൌകര്യങ്ങൾ കൊണ്ടും കിഴക്കൻ ബംഗാൾ പശ്ചിമബംഗാളിൽ നിന്നും ഏകദേശം ഒറ്റപ്പെട്ടുകിടന്നു. 1836-ൽ ഉയർന്ന പ്രവിശ്യകൾ ഒരു ല്യൂട്ടനന്റ് ഗവർണറുടെ ഭരണത്തിനു കീഴിൽ ആക്കി. 1854-ൽ ബംഗാളിന്റെ ഭരണത്തിൽ നിന്നും ഗവർണർ-ജനറൽ-ഇൻ-കൌൺസിലിനെ ഒഴിവാക്കി. 1874-ൽ സിൽഹെറ്റ് ഉൾപ്പെടുന്ന ആസ്സാം ബംഗാളിൽ നിന്നും വിഭജിച്ച് ഒരു പ്രത്യേക ചീഫ്-കമ്മീഷണർഷിപ്പ് രൂപവത്കരിച്ചു. ഇതിനോട് ലുഷായ് മലകൾ 1898-ൽ കൂട്ടിച്ചേർത്തു.

വിഭജനം

[തിരുത്തുക]

ബംഗാൾ വിഭജനം എന്ന ആശയം ആദ്യമായി പരിഗണിച്ചത് 1903-ൽ ആയിരുന്നു. ഇതു കൂടാതെ ചിറ്റഗോങ്ങ്, ധാക്ക, മൈമൻസിങ്ങ് എന്നീ ജില്ലകളെ ബംഗാളിൽ നിന്നും അടർത്തി ആസ്സാം പ്രവിശ്യയുടെ ഭാഗമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഛോട്ടാ നാഗ്പൂരിനെ സെണ്ട്രൽ പ്രോവിൻസുമായി കൂട്ടിച്ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

സർക്കാർ ഈ ആശയം 1904 ജനുവരിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു. ഫെബ്രുവരിയിൽ കഴ്സൺ പ്രഭു വിഭജനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി കിഴക്കൻ ജില്ലകളിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച്ചകൾ നടത്തുകയും ധാക്ക, ചിറ്റഗോങ്ങ്, മൈമൻസിങ്ങ് എന്നിവിടങ്ങളിൽ സർക്കാരിന്റെ വിഭജനത്തിലുള്ള നയം വിശദീകരിച്ചുകൊണ്ട് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.

വിഭജന പദ്ധതി അനുസരിച്ച് പുതുതായി രൂപവത്കരിക്കുന്ന പ്രവിശ്യയിൽ ത്രിപുര ഹിൽ സംസ്ഥാനം, ചിറ്റഗോങ്ങ്, ധാക്ക, രാജ്ഷാഹി (ഡാർജീലിങ്ങ് ഒഴിച്ച്) എന്നീ ഡിവിഷനുകൾ, മാൽഡ ജില്ല എന്നിവയും ആസ്സാം പ്രവിശ്യയും ഭാഗമാവും. ബംഗാളിനു ഈ വലിയ കിഴക്കൻ ഭൂഭാഗങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്നു മാത്രമല്ല, അഞ്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ സെണ്ട്രൽ പ്രൊവിൻസസിനു വിട്ടുകൊടുക്കേണ്ടിയും വരും. പടിഞ്ഞാറൻ ഭാഗത്ത് സംബല്പൂറും അഞ്ച് ചെറിയ ഒറിയ സംസാരിക്കുന്ന സംസ്ഥാനങ്ങളും ബംഗാളിനോട് കൂട്ടിച്ചേർക്കാം എന്ന് ഈ പദ്ധതി വിഭാവനം ചെയ്തു. ബംഗാളിന്റെ വിസ്തീർണ്ണം 141,580 ച.മൈൽ ആയും ജനസംഘ്യ 5.4 കോടി ആയും കുറയും. അതിൽ 4.2 കോടി ഹിന്ദുക്കളും 90 ലക്ഷം മുസ്ലീങ്ങളും ആയിരുന്നു.

പുതിയ പ്രവിശ്യയ്ക്ക് കിഴക്കൻ ബംഗാളും ആസ്സാമും എന്ന് പേരുകൊടുത്തു. ഈ പ്രവിശ്യയുടെ തലസ്ഥാനം ധാക്കയും ഉപ ആസ്ഥാനം ചിറ്റഗോങ്ങും ആയിരുന്നു. 3.1 കോടി ജനസംഘ്യയുള്ള ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 106,540 ച.മൈൽ ആയിരുന്നു. ജനസംഘ്യയിൽ 1.8 കോടി മുസ്ലീങ്ങളും 1.2 കോടി ഹിന്ദുക്കളും ആയിരുന്നു. ഭരണകാര്യങ്ങൾക്കായി ഒരു ലെജിസ്ലേറ്റീവ് കൗൺസിലും രണ്ട് അംഗങ്ങളുള്ള ഒരു റെവന്യൂ ബോർഡും രൂപവത്കരിച്ചു. കൽക്കത്ത ഹൈക്കോടതിയുടെ നീതിന്യായ പരിധിയിൽ മാറ്റങ്ങൾ വരുത്തിയില്ല. കിഴക്കൻ ബംഗാളും ആസാമും എന്ന പ്രവിശ്യയ്ക്ക് വ്യക്തമായി രേഖപ്പെടുത്തിയ ഒരു പശ്ചിമ അതിർത്തിയും വ്യത്യസ്തമായ ഭൗമ, വർഗ്ഗീയ, ഭാഷാപരമായ അതിർത്തികളും ഉണ്ടായിരിക്കും എന്ന് സർക്കാർ അഭിപ്രായപ്പെട്ടു. 1905 ജൂലൈ 20-നു ഈ പ്രവിശ്യ നിലവിൽ വരുത്താനുള്ള അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിച്ചു. ബംഗാൾ വിഭജനം അതേ വർഷം ഒക്ടോബർ 16-നു നടന്നു.

ഈ തീരുമാനം ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു. പൂർവ്വ ബംഗാളിലെ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക പ്രദേശം തങ്ങൾക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും എന്നു തോന്നലുണ്ടായി. എങ്കിലും പശ്ചിമബംഗാളിലെ ജനങ്ങൾക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല. ഈ കാലയളവിൽ വലിയതോതിൽ ദേശസ്നേഹ സാഹിത്യം രചിക്കപ്പെട്ടു. ആസ്സാമിന്റെ ചീഫ് കമ്മീഷണർ ആയിരുന്ന സർ ഹെന്രി കോട്ടൺ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തെ നയിച്ചു. എങ്കിലും കഴ്സൺ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ല. പിന്നീട് നോട്ടിങ്ങാം ഈസ്റ്റ്-ൽ നിന്നും ലിബറൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൺ പൂർവ്വ ബംഗാളിലെ ആദ്യത്തെ ല്യൂറ്റനന്റ് ഗവർണർ ആയ സർ ബാമ്ഫിൽഡ് ഫുള്ളറെ പുറത്താക്കാനുള്ള ശ്രമങ്ങളെ വിജയകരമായി നയിച്ചു. 1906-ൽ രവീന്ദ്രനാഥ ടാഗോർ വിഭജനം പിൻ‌വലിക്കണം എന്നു ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവർക്ക് പ്രചോദനമായി പ്രശസ്തമായ അമർ ശോണാ ബംഗ്ലാഎന്ന കാവ്യം രചിച്ചു. ഇത് വർഷങ്ങൾക്കു ശേഷം 1972-ൽ ബംഗ്ലാദേശിന്റെ ദേശീയ ഗീതമായി.

രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാളിന്റെ രണ്ടുഭാഗങ്ങളും 1911-ൽ വീണ്ടും സംയോജിപ്പിച്ചു. മതപരമായ അടിസ്ഥാനം ഉപേക്ഷിച്ച് ഭാഷാടിസ്ഥാനത്തിൽ ഒരു പുതിയ വിഭജനം നിലവിൽ വന്നു. ഹിന്ദി, ഒറിയ, ആസ്സാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ന്യൂ ഡെൽഹിയിലേയ്ക്കു മാറ്റി.

എങ്കിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സ്പർദ്ധകളുടെ ഫലമായി ഇരുകൂട്ടരുടെയും രാഷ്ട്രീയാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരേണ്ടി വന്നു.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബംഗാൾ_വിഭജനം_(1905)&oldid=3566733" എന്ന താളിൽനിന്ന് ശേഖരിച്ചത്