Jump to content

ബലൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലൂൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബലൂൺ (വിവക്ഷകൾ) എന്ന താൾ കാണുക. ബലൂൺ (വിവക്ഷകൾ)
ആഘോഷവേളകളിൽ ഉപയോഗിക്കുന്ന തരം ബലൂണുകൾ.

ബലൂൺ എന്നത് ഉള്ളിൽ വാതകം നിറച്ച് ഉപയോഗിക്കുന്ന ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്‌. ഉള്ളിൽ സാധാരണയായി വായു, ഹീലിയം, നൈട്രസ് ഓക്സൈഡ്, ഹൈഡ്രജൻ മുതലായയാണ്‌ ഉപയോഗിച്ചു വരുന്നത്. ബലൂൺ നിർമ്മിക്കാൻ മുൻ കാലങ്ങളിൽ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് റബ്ബർ, ലാറ്റെക്സ്, പോളി ക്ലോറോപ്രീൺ, നൈലോൺ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആഘോഷ വേളകളിൽ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനും ഉൾപ്പെടെ ഒട്ടനവധി ആവശ്യങ്ങൾക്കായി ഇന്ന് ബലൂണുകൾ ഉപയോഗിച്ചു പോരുന്നു. ബലൂൺ ഉപയോഗിച്ച് മൃഗങ്ങളുടെയും മറ്റും മോഡലുകൾ നിർമ്മിയ്ക്കുന്ന ബലൂൺ മോഡലിംഗ് (ട്വിസ്റ്റിങ്) എന്ന കലയും പ്രചാരത്തിലുണ്ട്.

ബലൂൺ ചരിത്രം

[തിരുത്തുക]

റബ്ബർ ബലൂണുകൾ കണ്ടുപിടിക്കുന്നതിനുമുൻപും ബലൂണുകളുണ്ടായിരുന്നു.പണ്ടുകാലങ്ങളിൽ കവലകളിൽ ആളുകളെ രസിപ്പിക്കാനായി വിദൂഷകന്മാരും കോമാളികളും അടുത്തിടെ കൊന്ന മൂഗങ്ങളുടെ മൂത്രസഞ്ചികളും കുടലുകളും ഊതിവീർപ്പിച്ച ബലൂണുകളായിരുന്നു അവ. വായുവിന്റെ ഭാരം കണ്ടുപിടിക്കുന്നതിന് മഹാനായ ശാസ്ത്രജ്ഞൻ ഗലീലിയോ ഇതുപയോഗിച്ച് പരിക്ഷണം നടത്തിയിരുന്നു. യൂറോപ്പിലെ അസ്റ്റെക് വംശജരാണ് ആദ്യമായി മൃഗങ്ങളുടെ കുടലുകൾ ഊതിവീർപ്പിച്ച് ആദ്യകാലത്ത് പലതരത്തിലുള്ള രൂപങ്ങൾ ഉണ്ടാക്കിയിരുന്നത്. ദേവപ്രീതിയ്ക്കായി ബലി കൊടുക്കുന്ന മൃഗങ്ങളുടെ കുടലുകളായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്.പീന്നീട് മനുഷ്യരുടെ ശവങ്ങളിൽ നിന്നെടുക്കുന്ന കുടലുകളും ഇതിനായി ഉപയോഗിച്ചു. നായ,കഴുത എന്നീ മൃഗങ്ങളുടെ രൂപങ്ങളായിരുന്നു അന്ന് ഈ കുടൽമാലകൾ ഉപയോഗി്ച്ച് ഉണ്ടാക്കിയിരുന്നത്. ഇവ വലിയ ആഘോഷമായി അസ്റ്റെക് പിരമിഡിനു മുകളിൽ കൊണ്ടു വരികയും സൂര്യനെ പ്രീതിപ്പെടുത്താനായി അവിടെവച്ച് കത്തിക്കുകയും ചെയ്തുപോന്നു.

കൂറ്റൻ ബലൂണുകൾ ആകാശത്തുകൂടെ പറക്കുന്ന വിദ്യയുടെ തുടക്കം പക്ഷെ വളരെ യാദൃച്ഛികമായിരുന്നു. 1783-ൽ ഫ്രഞ്ച് സഹോദരന്മാരായ ജാക്വിസ് എറ്റിനും ജോസഫ് മക്കൽ മോണ്ട് ഗോൾഫിയറുമാണ് ഈ ബലൂണിന്റെ തുടക്കക്കാർ. ഒരിക്കൽ അടുപ്പിനുമുന്നിൽ ഇരിക്കുകയായിരുന്ന സഹോദരന്മാരിൽ ഒരാൾക്ക് പുക ചുരുണ്ട് ചുരുണ്ട് മുകളിലേയ്ക്ക് പറന്നു പോകുന്നത് ജിജ്ഞാസയുണർത്തി. എന്താണ് ഇതിന്റെ രഹസ്യമെന്ന് അദ്ദേഹം സഹോദരനോട് ചോദിച്ചു. ചിലപ്പോൾ ചൂടുള്ള വായു തണുത്ത വായുവിനെക്കാൾ ഭാരം കുറവായിരിക്കുമെന്നും തണുത്ത വായു ചൂടുള്ള വായുവിനെ മുകളിലേയ്ക്ക് തള്ളുന്നത് കൊണ്ടായിരിക്കും പുക മുകളിലേയ്ക്ക് പോകുന്നതെന്നും രണ്ടാമത്തെ സഹോദരൻ വിശദീകരിച്ചു. അങ്ങനെയാണെങ്കിൽ ഒരു ബാഗ് ചൂട് വായു നിറച്ചാൽ അത് മുകളിലേയ്ക്ക് പറക്കുമോ എന്നായി ആദ്യത്തെ സഹോദരന്റെ സംശയം എങ്കിൽ പരീക്ഷിച്ചു കളയാം എന്നു തന്നെ രണ്ടുപേരും തീരുമാനിച്ചു. 35 അടിയുള്ള ഒരു ബാഗ് നിർമ്മിച്ച് അതിൽ കൽക്കരി കത്തിച്ചു വച്ചായിരുന്നു പരീക്ഷണം. വായുവിന് ചൂടു പിടിച്ചതോടെ ബാഗ് ആകാശത്തേയ്ക്ക് കുതിച്ചുയർന്നു. വാർത്ത കാട്ടുതീ പോലെ പടർന്നു. കോടതിയും സൈന്യവും ശാസ്ത്രജ്ഞരും ഈ കണ്ടുപിടിത്തത്തെകുറിച്ചറിഞ്ഞു. ഇവരുടെ ആവശ്യപ്രകാരം പാരീസിൽ അവർ വീണ്ടും പരീക്ഷണം നടത്തേണ്ടിവന്നു.കാഴ്ചക്കാരായി നിന്നവരെ അത്ഭൂതപ്പെടുത്തി കൊണ്ട് മോണ്ട്ഗോൾഫിയർ സഹോദരന്മാരുടെ അത്ഭൂതബലൂൺ വീണ്ടും ആകാശത്തേയ്ക്കുയർന്നു. ഇന്നുപയോഗിക്കുന്ന തരത്തിലുള്ള ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആദ്യമായി നിർമ്മിച്ചതും ഒരു ഫ്രഞ്ചുകാരനാണ്. ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും വ്യോമശാസ്ത്രജ്ഞനുമായ ജാക്വിസ് അലക്സാണ്ടർ സെസാർ ചാൾസ് തന്റെ ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് 43 കിലോമീറ്റർ ദൂരം രണ്ടുമണിക്കൂർകൊണ്ട് സഞ്ചരിച്ചു. ഫ്രാൻസിലും അമേരിക്കയിലും ഇത്തരത്തിലുള്ള കൂറ്റൻ ബലൂണുകൾ പ്രചാരമാർജ്ജിച്ചതോടെ സൈന്യം വ്യോമനിരീക്ഷണത്തിനായി ഇവ ഉപയോഗിക്കാൻ തുടങ്ങി.

റബ്ബറിന്റെ വരവോടെയാണ് ബലൂണുകൾ കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. 1824-ൽ പ്രമുഖശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ മൈക്കൽ ഫാരഡെയാണ് ആദ്യത്തെ റബ്ബർ ബലൂൺ നിർമ്മിച്ചത്. [1]ഹൈഡ്രജൻ നിറച്ച ഈ ബലൂൺ തന്റെ പരീക്ഷണങ്ങൾക്കുവേണ്ടിയായിരുന്നു ഫാരഡെ നിർമ്മിച്ചത്. രണ്ടു റബ്ബർഷീറ്റുകൾ ചേർത്തുവച്ച് വക്കുകൾ കൂൂട്ടിച്ചേർത്ത് അതിനുള്ളിൽ ഹൈഡ്രജൻ നിറയ്ക്കുകയായിരുന്നു ഫാരഡെ. ഹൈഡ്രജൻ നിറക്കുമ്പോൾ ഭാരക്കുറവുമൂലം അത് പൊങ്ങുന്നതായും അദ്ദേഹം കണ്ടെത്തി. ഇംഗ്ളണ്ടിലെ പ്രമുഖ റബ്ബർവ്യാപാരിയായ തോമസ് ഹാൻകോക്കാണ് ആദ്യത്തെ കളിപ്പാട്ട ബലൂണുകൾ നിർമ്മിച്ചത്. പരിക്ഷണാവശ്യങ്ങൾക്കുവേണ്ടി ബലൂൺ നിർമ്മിച്ചുവെങ്കിലും ജനങ്ങൾക്ക് ബലൂൺ കിട്ടിയത് 1825 ലാണ്. പക്ഷേ അന്ന് അവർ അത് സ്വയം നിർമ്മിക്കേണ്ടിയിരുന്നു. അതായത് അക്കാലത്ത് ബലൂൺ കിട്ടിയിരുന്നത് ഒരു കിറ്റ് രൂപത്തിലായിരുന്നു. റബ്ബർലായനിയും സിറിഞ്ചുമാണ് കിറ്റിലുണ്ടായിരുന്നത്. ഇതുപയോഗിച്ച് ബലൂൺ ഉണ്ടാക്കണം. ഹാൻകോക്ക് ആണ് അത് വിപണനം ചെയ്തിരുന്നത്. അന്തരീക്ഷ താപനിലയിൽ വ്യതിയാനം ബാധിക്കാത്ത ബലൂണുകൾ 1847-ൽ ലണ്ടനിലെ ജെ. ജെ. ഇൻഗ്രാം നിർമ്മിച്ചു. കളിപ്പാട്ട ബലൂണുകൾ ഇന്നുകാണുന്ന രീതിയിലേയ്ക്ക് വളരാൻ കാരണമായത് ഇൻഗ്രാമിന്റെ ബലൂണുകളാണ്. ഒരു കാലത്ത് കോമാളികളും ഇന്ദ്രജാലക്കാരും മാത്രം ബലൂണുകൾ കൊണ്ട് നിർമ്മിച്ചിരുന്ന രൂപങ്ങൾ പെൻസിൽ ബലൂണുകളുടെ വരവോടെ കുട്ടികൾക്കും ഉണ്ടാക്കാമെന്നായി. ബലൂണുകൾ കൂടുതൽ ജനകീയമാകാൻ പെൻസിൽ ബലൂണുകൾ ഉപകരിച്ചു.

1870-71-ൽ നടന്ന ഫ്രഞ്ച്-പ്രഷ്യൻ യുദ്ധത്തിൽ ഇരുപക്ഷത്തെ സൈന്യവും ബലൂണുകൾ ഉപയോഗിച്ചിരുന്നു എന്നു മാത്രമല്ല ഫ്രഞ്ച് മാന്ത്രികനായിരുന്ന ലിയോൺ ഗാംബട്ട പാരീസിൽ വച്ച് ഒരു ബലൂൺ റാഞ്ചുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. രണ്ട് ലോക മഹായുദ്ധങ്ങളിലും ശത്രുനീക്കങ്ങൾ അറിയാൻ ബലൂണുകൾ സൈന്യത്തെ ഏറെ സഹായിച്ചു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Swain, Heather (2010). Make These Toys: 101 Clever Creations Using Everyday Items. Penguin Publishing Group. pp. 15–. ISBN 978-1-101-18873-6. Archived from the original on November 27, 2017.

കൂടുതൽവായനയ്ക്ക്

[തിരുത്തുക]

"Stories Behind Everyday Things"; New York: Reader's Digest, 1980.

പുറത്തേയ്ക്കുള്ളകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബലൂൺ&oldid=3386569" എന്ന താളിൽനിന്ന് ശേഖരിച്ചത്