ബാച്ചിയോദ അഗ്നോളോ
ഫ്ലോറൻസുകാരനായ ശില്പിയാണ് ബാച്ചിയോദ അഗ്നോളോ. 1462 മേയ് 15-ന് ജനിച്ചു. ദാരുശില്പിയായി ജീവിതം ആരംഭിച്ചു. 1491-നും 1502-നും ഇടയ്ക്ക് സാന്താമറിയനൊവെല്ല ദേവാലയത്തിലും വിച്ചിയോ കൊട്ടാരത്തിലും ഒട്ടധികം കൊത്തുപണികൾ നിർവഹിച്ചു. 1506-ൽ ഫിയൊറെയിലെ ഭദ്രാസനദേവാലയത്തിന്റെ കുംഭഗോപുരത്തിലെ കൊത്തുപണികൾ പൂർത്തിയാക്കുവാൻ ക്ഷണിക്കപ്പെട്ടു. എന്നാൽ മൈക്കൽ ആഞ്ജലൊയുടെ വിമർശനങ്ങൾ മൂലം ആ പണിയുടെ പുരോഗതിക്കു തടസ്സം നേരിട്ടു. ഒട്ടേറെ കൊട്ടാരങ്ങളും ദേവാലയങ്ങളും നിർമിച്ച അഗ്നോളോയുടെ സ്വാധീനശക്തി, ഫ്ളോറൻസിലെ വാസ്തുവിദ്യാരംഗത്തുണ്ടായ നവോത്ഥാനത്തിന് ഗണ്യമായ പിന്തുണയും ഉത്തേജനവും നല്കി. എങ്കിലും ഈ പുതിയ പ്രവണതയെ ഫ്ളോറൻസുകാർ വിമർശിച്ചു. മൈക്കൽ ആഞ്ജലൊ തുടങ്ങി അക്കാലത്തെ പ്രമുഖരായ പല കലാകാരന്മാരുടെയും സന്ദർശനകേന്ദ്രമായിരുന്നു അഗ്നോളയുടെ സ്റ്റുഡിയോ. 1543 മാർച്ച് 6-ന് അഗ്നോളോ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പുത്രൻമാരും വാസ്തുവിദ്യാവിദഗ്ദ്ധന്മാരായിരുന്നു. അവരിൽ ഏറ്റവും പ്രശസ്തൻ ഗിയൂലിയാനോ ആയിരുന്നു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗ്നോളോ, ബാച്ചിയോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |