Jump to content

മത്തേയോ റിച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്തേയോ റിച്ചി

ദൈവദാസൻ
റിച്ചി ചൈനീസ് പണ്ഡിതന്റെ വേഷത്തിൽ
ജനനം(1552-10-06)6 ഒക്ടോബർ 1552
മാസെറാറ്റ, പേപ്പൽ രാഷ്ട്രങ്ങൾ
മരണം11 മേയ് 1610(1610-05-11) (പ്രായം 57)
ബെയ്ജിങ്, മിങ് സാമ്രാജ്യം
കലാലയംഈശോസഭ
പിൻഗാമിനിക്കോളാസ് ലോംഗോബാർഡി

പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ചൈനയിലെത്തി, 17-18 നൂറ്റാണ്ടുകളിൽ അവിടെ നിലവിലിരുന്ന കത്തോലിക്കാ വേദപ്രചാര ദൗത്യം സ്ഥാപിച്ച ഇറ്റലിക്കാരനായ ഈശോസഭാ സന്യാസിയാണ് മത്തേയോ റിച്ചി (ജനനം: 1552, ഒക്ടോബർ 6; മരണം:1610 മേയ് 11). ചൈനയിലെ ജനങ്ങൾക്ക് അവരുടെ കൺഫ്യൂഷിയൻ പശ്ചാത്തലത്തിൽ നിന്നു വിച്ഛേദിതരാകാതെ സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രമേ ക്രിസ്തുമതത്തിന് അവിടെ പ്രചരിക്കാനാവുകയുള്ളെന്നു തിരിച്ചറിഞ്ഞ റിച്ചി ക്രിസ്തീയവിശ്വാസത്തെ ചൈന സംസ്കാരവുമായി സമരസപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചു.[1]

തുടക്കം

[തിരുത്തുക]

ഇറ്റലിയിൽ, മാർപ്പാപ്പയുടെ അധികാരസീമയിൽ പെട്ടിരുന്ന മാസെററ്റായിൽ ജനിച്ച റിച്ചി ജന്മസ്ഥലത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റോമിൽ രണ്ടു വർഷം നിയമം പഠിക്കുകയും 1571 ആഗസ്റ്റ് 15-ന് ഈശോസഭക്കാരുടെ റോമൻ കോളേജിൽ പ്രവേശിച്ച് സന്യാസപരിശീലനവും തത്ത്വശാസ്ത്രത്തിലേയും ദൈവശാസ്ത്രത്തിലേയും പഠനപദ്ധതികളും പൂർത്തിയാക്കുകയും ചെയ്തു. ഇതിനു പുറമേ അക്കാലത്ത് അദ്ദേഹം, പ്രസിദ്ധനായ ഫാദർ ക്രിസ്റ്റഫർ ക്ലാവിയസിന്റെ കീഴിൽ അദ്ദേഹം ഗണിതവും, പ്രപഞ്ചശാസ്ത്രവും, ജ്യോതിശാസ്ത്രവും പഠിച്ചു. 1577-ൽ റിച്ചി കിഴക്കൻ ഏഷ്യയിൽ വേദപ്രചാരകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് 1578 മാർച്ച് 24-ന് പോർത്തുഗലിലെ ലിസ്ബണിൽ നിന്ന് യാത്രതിരിച്ച അദ്ദേഹം, സെപ്തംബർ 13-ന് ഗോവയിലെത്തുകയും അവിടേയും തുടർന്ന് കൊച്ചിയിലും അദ്ധ്യാപനത്തിലും ഇതര സേവനങ്ങളിലും നിയോഗിക്കപ്പെടുകയും ചെയ്തു. റോമിലെ സന്യാസപരിശീലനത്തിൽ ഗുരുവായിരുന്ന ഫാദർ അസെസ്സന്ദ്രോ വലിഞ്ഞാനി അപ്പോൾ പൗരസ്ത്യദേശത്തെ ഈശോസഭാ മിഷനുകളുടെ നേതൃത്വത്തിലായിരുന്നു. വലിഞ്ഞാനി വിളിച്ചതനുസരിച്ച്, 1582 ആഗസ്റ്റ് 7-ന് റിച്ചി, യൂറോപ്യന്മാർക്ക് അക്കാലത്ത് ചൈനയിലേക്കുള്ള കവാടമായിരുന്ന മക്കാവോയിലെത്തി.[2]

ബെയ്ജിങ്ങിൽ

[തിരുത്തുക]

മക്കാവോയിലും ഇതരനഗരങ്ങളിലും കുറേ വർഷങ്ങൾ ചെലവഴിച്ച റിച്ചി, തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പ്രവേശിക്കാനും രാജശ്രദ്ധയിൽ പെടാനും നടത്തിയ ശ്രമങ്ങൾ ആദ്യമൊന്നും വിജയം കണ്ടില്ല. ഒടുവിൽ 1598-ൽ ബെയ്ജിങ്ങിലെത്തിയ അദ്ദേഹത്തിന് തന്റെ സമ്മാനങ്ങൾ രാജസന്നിധിയിൽ എത്തിക്കാൻ കഴിഞ്ഞത് രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. മത്തേയോ റിച്ചിയുടെ പേര് ചീനക്കാർ അവരുടെ ഭാഷയിലേക്ക് പരാവർത്തനം ചെയ്തത് ലീ മാ-തൗ എന്നായിരുന്നു. യേശുവിന്റെയും മാതാവിന്റേയും ചിത്രങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും ഉൾപ്പെടെയുള്ള റിച്ചിയുടെ കാഴ്ചകൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ചക്രവർത്തി കൺഫ്യൂഷിയൻ ആചാരസമിതിയുടെ അഭിപ്രായം തേടി. പുതുമയുള്ള കാഴ്ചകൾ കൊട്ടാരത്തിൽ സ്വീകരിക്കുന്നത് ഭാഗ്യക്കേടിനു കാരണമായേക്കാമെന്നതിനാൽ റിച്ചിയുടെ സമ്മാനങ്ങൾ സ്വീകരിക്കരുതെന്നും അദ്ദേഹത്തെ തലസ്ഥാനത്ത് താമസിക്കാൻ അനുവദിക്കാതെ സ്വന്തം നാട്ടിലേക്കു തിരിച്ചയക്കണമെന്നുമായിരുന്നു ആചാരസമിതി ചക്രവർത്തിക്കു കൊടുത്ത നിർദ്ദേശം. എങ്കിലും അതു മാനിക്കാതെ റിച്ചിയുടെ സമ്മാനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തെ ബെയ്ജിങ്ങിൽ താമസിക്കാൻ അനുവദിക്കുകയുമാണ് ചക്രവർത്തി ചെയ്തത്.[3]

വേദപ്രചാരശൈലി

[തിരുത്തുക]
റിച്ചി, പരമ്പരാഗതമായ ചീന വേഷത്തിൽ

ചൈനയിലെ സുവിശേഷവേലയ്ക്ക് റിച്ചി തെരഞ്ഞെടുത്തത് ചീന ഭാഷയേയും സംസ്കാരത്തേയും കൺഫ്യൂഷിയൻ പാരമ്പര്യത്തെയും ആംഗീകരിച്ചും ആശ്രയിച്ചുമുള്ള രീതിയാണ്. അതിനു സഹായകമാകും വിധം അദ്ദേഹം ചീന ഭാഷയിലും സാഹിത്യത്തിലും കൺഫ്യൂഷിയൻ ക്ലാസ്സിക്കുകളിലും അവഗാഹം നേടി. ദൈവത്തെ പരാമർശിക്കാൻ കൺഫ്യൂഷിയൻ രചനകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ സമീപനം ഏറെ സഹായകമായി.[2]

പൂർവികരുടെ പൂജ (ancestor worship) ഉൾപ്പെടെയുള്ള ചീന ആചാരങ്ങളെ ക്രിസ്തീയമായി അംഗീകരിക്കാനും റിച്ചി തയ്യാറായി. പൂർവികരുടെ ബഹുമാനത്തിനായുള്ള ആചാരങ്ങൾ ചൈനയിൽ കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും കൺഫ്യൂഷിയൻ ക്ഷേത്രങ്ങളിൽ നടക്കുന്ന ഈ ചടങ്ങുകൾ ക്രിസ്തീയവിശ്വാസത്തിന്റെ വിശുദ്ധിയെ ഹനിക്കും വിധം മതാത്മകമല്ലെന്നും അദ്ദേഹം കരുതി. ചൈനയിലെ പരമ്പരാഗത ധാർമ്മികതയോടു ഈവിധം സമരസപ്പെട്ട റിച്ചി, തദ്ദേശീയർക്ക് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും കുടുംബപാരമ്പര്യങ്ങളോട് ചേർന്നു നിൽക്കാനും ഔദ്യോഗിക ചുമതലകളോട് നീതി പുലർത്താനും കൺഫ്യൂഷിയൻ ജ്ഞാനപാരമ്പര്യത്തിൽ തുടരാനും കഴിയുമെന്നാക്കി.[1]

ദൈവനാമങ്ങളുടേയും പൂർവികർക്കു നൽകുന്ന വണക്കത്തിന്റേയും കാര്യത്തിൽ റിച്ചി സ്വീകരിച്ച നിലപാടുകൾ കത്തോലിക്കാ വൃത്തങ്ങളിൽ പിന്നീട് വലിയ വിവാദം സൃഷ്ടിച്ചു. 1704-ലും 1715-ലും ദൈവനാമങ്ങളുടെ ഉപയോഗത്തെക്കുറിച്ചു നൽകിയ തീരുമാനത്തിൽ ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ, ഷാങ് ടി, ടിയൻ എന്നീ പദങ്ങളുടെ ഉദ്ദിഷ്ടാർത്ഥത്തെക്കുറിച്ച് തീർപ്പു പറഞ്ഞില്ല. എന്നാൽ ദുർവ്യാഖ്യാനത്തിനു സാധ്യതയൊരുക്കുമെന്ന ന്യായത്തിൽ ആ പദങ്ങളുടെ ഉപയോഗം വിലക്കിയ മാർപ്പാപ്പ അവയുടെ സ്ഥാനത്ത് ടിയൻ-ചു എന്ന പദമാണ് സ്വീകാര്യമായി പ്രഖ്യാപിച്ചത്.[2]

പണ്ഡിതൻ

[തിരുത്തുക]
റിച്ചി നിർമ്മിച്ച പൂവേഷ്യയുടെ ഭൂപടം

ഗണിതം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയുൾപ്പെടെയുള്ള മതേതരവിജ്ഞാനശാഖകളിൽ അഗാധമായ അറിവുണ്ടായിരുന്ന റിച്ചി പാശ്ചാത്യചിന്തയിലേയും ശാസ്ത്രത്തിലേയും ആശയങ്ങൾ ചൈനയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു. യൂക്ലിഡിന്റെ 'എലിമെന്റുകൾ' ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം ചീനഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്യുകയും ചൈനയുടെ ഭൂപടം നിർമ്മിക്കുകയും ചെയ്തു. ഘടികാരങ്ങളെക്കുറിച്ച് ഉണ്ടായിരുന്ന അറിവും ജ്യോതിശാസ്ത്രജ്ഞാനവും റിച്ചിയെ പണ്ഡിതന്മാർക്കും രാജപരിവാരത്തിനും സ്വീകാര്യനാക്കി.[4] റിച്ചിയുടെ പിൻഗാമികളായ ഈശോസഭാ പ്രേഷിതരെ പിന്നീട് ചീന സർക്കാർ, പഞ്ചാംഗപരിഷ്കാരത്തിന്റെ ചുമതലയേൽപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ജ്യോതിശാസ്ത്ര ബ്യൂറോയുടെ അധിപന്മാരാക്കും ചെയ്തു.

ചരമം, വിലയിരുത്തൽ

[തിരുത്തുക]
ബെയ്ജിങ്ങിൽ റിച്ചിയുടെ സംസ്കാരസ്ഥാനം

1610 റിച്ചി അന്തരിച്ചപ്പോൾ, ചൈനയിൽ മരിക്കുന്ന യൂറോപ്യന്മാരെ ബെയ്ജിങ്ങിൽ സംസ്കരിക്കുന്നതിനുള്ള വിലക്കിന് ഇളവു വരുത്തിക്കൊണ്ട്, ചക്രവർത്തി തന്നെ ബെയ്ജിങ്ങിൽ അദ്ദേഹത്തിനു സംസ്കാരസ്ഥാനം നൽകി.[4]

ഏഴാം നൂറ്റാണ്ടിൽ നെസ്തോറിയൻ മിഷനറിമാരും പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സന്യാസികളും ചൈനയിൽ ക്രിസ്തുമതം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ വേദപ്രചാരദൗത്യങ്ങൾ സൃഷ്ടിച്ച ക്രിസ്തീയസമൂഹങ്ങൾ, ദേശീയസംസ്കാരവുമായുള്ള ജൈവബന്ധത്തിന്റെ അഭാവത്തിൽ അന്യം നിന്നു പോവുകയാണുണ്ടായത്. ചൈനയിൽ ഇടം കണ്ടെത്താനുള്ള ക്രിസ്തുമതത്തിന്റെ മൂന്നാമത്തെ ശ്രമത്തിന്റെ ഭാഗമായിരുന്നു റിച്ചി. ആ സംരംഭത്തിന്റെ താരതമ്യവിജയത്തിനു കാരണം അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷതകളായിരുന്നു.[1][2]

നുറുങ്ങുകൾ

[തിരുത്തുക]
  • ചൈനയിൽ ലീ മാ-തൗ എന്ന പേരിൽ അറിയപ്പെട്ട റിച്ചിയുടെ ബെയ്ജിങ്ങിലെ വരവിനെക്കുറിച്ച് കൊട്ടാരത്തിലെ ഔദ്യോഗികചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "രണ്ടാം മാസത്തിൽ ടീയൻ സിൻ കാരനായ മാ ടാങ് എന്ന ഷണ്ഡൻ, പശ്ചിമസമുദ്രദേശത്തു നിന്നുള്ള ലീ മാ-തൗ-വിനെ കൊട്ടാരത്തിൽ എത്തിച്ചു. ചക്രവർത്തിക്കായി അയാൾ ചില കാഴ്ചകൾ കൊണ്ടു വന്നിരുന്നു. കാഴ്ചകൾ ചക്രവർത്തി ആചാരങ്ങളുടെ ചുമതലയുള്ള സമിതിക്ക് അയച്ചു കൊടുത്തു."[3]
  • റിച്ചിയെ സ്വീകരിക്കുന്നതിനേക്കുറിച്ചും, യേശുവിന്റേയും വിശുദ്ധമാതാവിന്റേയും ചിത്രങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും ഉൾപ്പെടെ അദ്ദേഹം സമർപ്പിക്കാൻ ആഗ്രഹിച്ച കാഴ്ചകളെക്കുറിച്ചും, കൺഫ്യൂഷിയൻ ആചാരസമിതി ഇങ്ങനെ പ്രതികരിച്ചതായും കൊട്ടാരം ചരിത്രകാരൻ പറയുന്നു: "പശ്ചിമസമുദ്രദേശക്കാർക്ക് നമ്മളുമായി ബന്ധമൊന്നുമില്ല. അവർ നമ്മുടെ നിയമങ്ങൾ അനുസരിക്കുന്നുമില്ല. ലീ മാ-തൗ സമർപ്പിച്ചിരിക്കുന്ന സ്വർഗ്ഗാധിപന്റേയും കന്യകയുടേയും ചിത്രങ്ങളിലും വലിയ കാര്യമൊന്നുമില്ല....അയാൾ അമരന്മാരുടെ അസ്ഥികൾ അടങ്ങിയ ഒരു സഞ്ചിയും സമർപ്പിച്ചല്ലോ. അമരന്മാർ സ്വർഗ്ഗത്തിലേക്കു പോയപ്പോൾ അസ്ഥികൾ കൊണ്ടു പോയില്ലെന്നാണോ കരുതേണ്ടത്?"[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 A History of Christianity, Kenneth Scott Latourette (പുറങ്ങൾ 939-41)
  2. 2.0 2.1 2.2 2.3 മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള ലേഖനം
  3. 3.0 3.1 3.2 China, a Short Cultural History, by CP Fitzgerald, 3rd Edition (പുറം 481)
  4. 4.0 4.1 വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്‌ട്യാനിറ്റി (പുറങ്ങൾ 181-82)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മത്തേയോ_റിച്ചി&oldid=3895238" എന്ന താളിൽനിന്ന് ശേഖരിച്ചത്