Jump to content

മദാം ബോവറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദാം ബോവറി
1857-ൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ഭാഷയിലെ മൂലപതിപ്പിന്റെ ടൈറ്റിൽ പുറം
കർത്താവ്ഗുസ്താഫ് ഫ്ലൊബേർ
രാജ്യംഫ്രാൻസ്
ഭാഷഫ്രെഞ്ച്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർറെവ്യൂ ദെ പാരിസ്(ഖണ്ഡശ:); മൈക്കൽ ലെവി ഫ്രെരീസ്(പുസ്തകരൂപം, 2 വാല്യങ്ങളായി)
പ്രസിദ്ധീകരിച്ച തിയതി
ഖണ്ഡശ: 1856; പുസ്തകരൂപം: ഏപ്രിൽ 1857
ISBNഅപ്രസക്തം

ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താഫ് ഫ്ലൊബേറിന്റെ നായകശില്പമാണ് മദാം ബോവറി. 1856-ൽ വെളിച്ചം കണ്ട ഈ കൃതി, ഫ്ലൊബേറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളിൽ ആദ്യത്തേതാണ്. ഒരു താഴേക്കിട ഡോക്ടറുടെ പത്നിയായ എമ്മാ ബോബറിയെ കേന്ദ്രീകരിച്ചാണ് ഇതിലെ കഥ. പ്രവിശ്യാജീവിതത്തിന്റെ സാധാരണത്വവും ശൂന്യതയും നൽകിയ വിരസതയിൽ നിന്നു രക്ഷനേടാനായി, വിവാഹേതരബന്ധങ്ങളിലേക്കും ധനശേഷിക്കു നിരക്കാത്ത ജീവിതശൈലിയിലേക്കും തിരിഞ്ഞ എമ്മായുടെ കഥ പ്രേമബന്ധങ്ങളിലെ തിക്താനുഭവങ്ങളുടേയും സാമ്പത്തികത്തകർച്ചയുടേയും വഴി പിന്തുടർന്ന് അത്മഹത്യയുടെ ദുരന്തത്തിൽ സമാപിക്കുന്നു. രചനയിൽ തികവിനുവേണ്ടിയുള്ള അന്വേഷണത്തിന് "കുപ്രസിദ്ധി" തന്നെ നേടിയിരുന്ന ഫ്ലൊബേർ, താൻ എപ്പോഴും "ശരിയായ വാക്ക്" തേടിനടക്കുകയാണെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. അതിസാധാരണമെന്നോ ഏറെ ആവർത്തിക്കപ്പെട്ടിട്ടുള്ളതെന്നോ പറയാവുന്ന ഒരു ഇതിവൃത്തത്തെ ആശ്രയിച്ചുള്ള ഈ കൃതിയുടെ കലാപരമായ മേന്മ അതിലെ വിശദാംശങ്ങളിലും കഥയുടെ നിഗൂഢക്രമത്തിലുമാണ്.

1856 ഒക്ടോബർ 1 മുതൽ ഡിസംബർ 15 വരെ "പാരിസ് റെവ്യൂ" എന്ന ആനുകാലികത്തിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അശ്ലീലതയുടെ പേരിൽ ആക്രമിക്കപ്പെട്ടു. 1857 ജനുവരിയിൽ ഇതുസംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു. 1857 ഫെബ്രുവരി 7-ന് ഫ്ലൊബേർ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മദാം ബോവറി പെട്ടെന്ന് "ബെസ്റ്റ് സെല്ലർ" ആയി. റിയലിസ്റ്റ് സാഹിത്യത്തിന്റെ അടിസ്ഥാനമാതൃക, എല്ലാക്കാലത്തേയും ഏറ്റവും മഹത്തായ നോവലുകളിൽ ഒന്ന്, എന്നീ നിലകളിൽ ഇതിന്റെ സ്ഥാനം ഇന്ന് അനിഷേധ്യമായിരിക്കുന്നു.


എല്ലാക്കാലത്തേയും ഏറ്റവും മികച്ച പത്തു നോവലുകൾ കണ്ടെത്താനായി സമകാലീന സാഹിത്യകാരന്മാർക്കിടയിൽ 2007-ൽ അമേരിക്കയിലെ ടൈം വാരിക നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും മുന്തിയ രണ്ടു നോവലുകളിൽ ഒന്നായി മദാം ബോവറി വിലയിരുത്തപ്പെട്ടു. അതിനേക്കാൾ മികച്ചതായി കണക്കാക്കപ്പെട്ടത്, സമാന ഇതിവൃത്തമുള്ള ലിയോ ടോൾസ്റ്റോയ്-യുടെ അന്നാ കരേനിന മാത്രമായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Grossman, Lev (January 15, 2007). "The 10 Greatest Books of All Time". Time. Archived from the original on 2013-08-26. Retrieved May 12, 2010.
"https://ml.wikipedia.org/w/index.php?title=മദാം_ബോവറി&oldid=3640100" എന്ന താളിൽനിന്ന് ശേഖരിച്ചത്