മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് | |
---|---|
മധുരക്കിഴങ്ങിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. batatas
|
Binomial name | |
Ipomoea batatas (L.) Lam.
|
മനുഷ്യർക്കും കന്നുകാലികൾക്കും ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് (Sweet potato).മലബാറിൽ ഇതിനെ ഉണ്ടക്കിഴങ്ങ് എന്നും വിളിക്കുന്നു. ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജം നിർമ്മിക്കുന്നു. കൂടാതെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളാണ്.[1]
കൃഷിരീതികൾ
[തിരുത്തുക]എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും ഇളക്കവും നീർവാഴ്ചയുമുള്ള മണൽ കലർന്ന മണ്ണിൽ ഏറ്റവും നന്നായി വിളവുതരുന്ന ഒരു വിളകൂടിയാണിത്. ജൂൺ-ജൂലൈ , സെപ്റ്റംബർ-ഒക്ടോബർ എന്നീ കാലങ്ങളിലാണ് പൊതുവേ കേരളത്തിൽ ഇവ കൃഷിചെയ്യുന്നത്. നന സൗകര്യമുള്ള കരപ്രദേശങ്ങളിൽ ഒക്ടോബർ -നവംബർ മാസങ്ങളിലും വയലുകളിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലും ഈ കിഴങ്ങ് കൃഷിചെയ്യാം[1].
നടീൽവസ്തു
[തിരുത്തുക]മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും.
ഒന്നാം തവാരണ
[തിരുത്തുക]മധുരക്കിഴങ്ങ് കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നതിന് മൂന്ന് മാസം മുൻപ് തന്നെ തവാരണകൾ തയ്യാറാക്കേണ്ടതാണ്. ഇതിനായി ഒരു ഹെക്ടർ സ്ഥലത്തേക്ക് കൃഷി ചെയ്യുന്നതിനായി 100 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒന്നാമത്തെ തവാരണ ഒരുക്കേണ്ടതാണ്. 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങളെടുത്ത് അതിൽ നല്ലതുപോലെ മൂപ്പെത്തിയതും രോഗ-കീടബാധ ഏൽക്കാത്തതുമായ 125-150 ഗ്രാം വരെ തൂക്കം വരുന്നതുമായ കിഴങ്ങുകളാണ് നടുന്നത്. ഇങ്ങനെ നടുന്ന കിഴങ്ങുകൾ തമ്മിൽ 25 സെന്റീമീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം. ഇങ്ങനെ ഒന്നാം തവാരണയിലേയ്ക്കായി 80 കിലോഗ്രാം കിഴങ്ങ് മതിയാകും. നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വള്ളികളുടെ ശരിയായ വളർച്ചക്കായി 1.5 കിലോഗ്രാം യൂറിയ രാസവളം നൽകാവുന്നതാണ്. നന ആവശ്യാനുസരണം നൽകി 40 മുതൽ 45 ദിവസമാകുമ്പോൾ ഏകദേശം 20-30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ച് രണ്ടാം തവാരണയിൽ നടാവുന്നതാണ്[1].
രണ്ടാം തവാരണ
[തിരുത്തുക]നൂറു ചതുരശ്രമീറ്റർ അളവിലുള്ള ഒന്നാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ നടുന്നതിനായി 500 ചതുരശ്ര മീറ്റർ സ്ഥലത്താണ് രണ്ടാം തവാരണ ഒരുക്കേണ്ടത്. ഇങ്ങനെ ഒരുക്കുന്ന തവാരണയിലും ഒന്നാം തവാരണയിലേതുപോലെ അകലത്തിലാണ് വാരങ്ങൾ തയ്യാറാക്കുന്നത്. ഇങ്ങനെ നടുന്ന വള്ളികൾ നട്ട് രണ്ടാഴ്ച കഴിഞ്ഞും ഒരു മാസം കഴിഞ്ഞും 2.5 കിലോഗ്രാം യൂറിയ വളമായി നൽകി ആവശ്യത്തിന് ജലസേചനം നടത്തി ഒന്നരമാസം കഴിയുമ്പോൾ 20- 30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ചെടുത്ത് പ്രധാന കൃഷിസ്ഥലത്ത് നടാവുന്നതാണ്.
കിഴങ്ങുകൾക്ക് പകരം വള്ളികളാണ് തവാരണകളിൽ നടുന്നതെങ്കിൽ രണ്ടാം തവാരണയിൽ അനുവർത്തിക്കുന്ന കാര്യങ്ങൾ മാത്രം മതിയാകും. വള്ളികളുടെ കടഭാഗം ഒഴികെ മധ്യഭാഗവും തലപ്പും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. രണ്ടാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ കെട്ടുകളാക്കി രണ്ടു ദിവസം തണലിൽ സൂക്ഷിച്ചതിനുശേഷമാണ് നടുന്നതിനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള വള്ളികൾ 60 സെന്റീമീറ്റർ അകലത്തിൽ 25-30സെന്റീമീറ്റർ ഉയരമുള്ള വാരങ്ങളിൽ 15-20 സെന്റീമീറ്റർ ഇടയകലം നൽകിയാണ് നടേണ്ടത്. വള്ളിയുടെ നടുഭാഗം മണ്ണിട്ടുമൂടുകയും രണ്ട് അഗ്രങ്ങളും മണ്ണിന് പുറത്തായിരിക്കുകയും വേണം[1].
ജലസേചനം
[തിരുത്തുക]മഴയെ ആശ്രയിക്കാതെ കൃഷി നടത്തുമ്പോൾ നട്ട് ആദ്യത്തെ പത്ത് ദിവസം രണ്ട് ദിവസത്തിൽ ഒരിക്കലും പിന്നീട് ഒരാഴ്ചയോ പത്ത് ദിവസത്തിൽ ഒരിക്കലോ ഇടവിട്ടും ജലസേചനം നടത്താവുന്നതാണ്. നനയ്ക്കുന്നതുപോലെതന്നെ മണ്ണിൽ അധികമുള്ള ജലം വാർന്നുപോകുന്നതിനും സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതാണ്.
വളപ്രയോഗം
[തിരുത്തുക]വാരങ്ങൾ തയ്യാറാക്കുന്നതിനു മുൻപായി ഒരു ഹെക്ടറിലേയ്ക്ക് 10 ടൺ കാലിവളം അടിവളമായി ചേർക്കുന്നത് കിഴങ്ങിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായിക്കും. വാരങ്ങൾ എടുക്കുമ്പോൾ അടിവളമായി യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകേണ്ടതാണ്. നട്ട് ഒരു മാസം കഴിയുമ്പോൾ മേൽവളമായി യൂറിയ വാരങ്ങളുടെ വശങ്ങളിൽ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്.
കീടങ്ങൾ
[തിരുത്തുക]ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളർച്ചെയെത്തിയ ചെല്ലികൾ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ തിന്ന് അവയെ പൊൾലയാക്കുന്നു. നേരിയ രീതിയിൽ ആക്രമണ വിധേയമായ കിഴങ്ങുകൾ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു[1].
കീടങ്ങളെ നശിപ്പിക്കുന്നതിലേക്കായി; കീടാക്രമണം ഉണ്ടായിട്ടുള്ള മുൻ വിളയുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തുനിന്നും പൂർണ്ണമായും നീക്കം ചെയ്യേണ്ടതാണ്. കീട ബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തിരഞ്ഞെടുക്കുക. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടൺ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. കൂടാതെ നട്ട് 65 ദിവസം പ്രായമാകുമ്പോൾ ഫെന്തയോൺ, ഫെനിട്രോതയോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് 0.05% വീര്യത്തിൽ മണ്ണ് കുതിരുന്ന വിധത്തിൽ ഒഴിച്ചുകൊടുക്കുകയുമാകാം. ഇവയെക്കൂടാതെ നട്ട് 50 മുതൽ 80 വരെ ദിവസ്പ്രായത്തിൽ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ച് കൃഷിയിടത്തിൽ അവിടവിടെയായി അഞ്ചുമീറ്റർ ഇടവിട്ട് വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളിൽ ഇത്തരം കെണികൾ ഉപയോഗിച്ച് കീടത്തെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോൺ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആൺ വർഗ്ഗത്തെ ആകർഷിച്ചും നശിപ്പിക്കാവുന്നതാണ്[1].
വിളവെടുപ്പ്
[തിരുത്തുക]സാധാരണയായി കൃഷിചെയ്ത് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തിൽ വ്യത്യാസം വരാവുന്നതാണ്. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാൻ സാധിക്കും. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുൻപ് നനയ്ക്കുന്നത് കിഴങ്ങുകൾ എളുപ്പത്തിൽ വിളവെടുക്കുന്നതിന് സഹായകരമാകും.
ഇനങ്ങൾ
[തിരുത്തുക]- ഭദ്രകാളിച്ചുവല
- കോട്ടയം ചുവല
- ചിന്നവെള്ള
- ചക്കരവള്ളി
- ആനക്കൊമ്പൻ തുടങ്ങിയവ നാടൻ ഇനങ്ങളാണ്[1].
- എച്ച്-1
- എച്ച്-42
- ശ്രീ നന്ദിനി
- ശ്രീവർദ്ധിനി
- ശ്രീ രത്ന
- ശ്രീഭദ്ര
- കാഞ്ഞാങ്ങാട്
- ശ്രീ അരുൺ
- ശ്രീ വരുൺ
- ശ്രീ കനക എന്നിവ അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങളാണ്[1].
ചിത്രശാല
[തിരുത്തുക]-
മധുരക്കിഴങ്ങ് ചെടി
-
മധുരക്കിഴങ്ങ് ഇല
-
മധുരക്കിഴങ്ങ് വിളവെടുക്കുന്നു
-
മധുരക്കിഴങ്ങ്
-
മധുരക്കിഴങ്ങ്
-
മധുരകിഴങ്ങ് മുളച്ചത്