മധ്യകാല മലബാർ
മഹോദയപുരം പെരുമാക്കൻമാരുടെ പതനം സ്വരൂപങ്ങളുടെയും നാടുവാഴികളുടെയും വളർച്ചക്ക് നാന്ദി കുറിച്ചു.ഓരോ പ്രദേശത്തെയും നിയന്ത്രിച്ചിരുന്നത് അവിടുത്തെ സ്വരൂപമായിരുന്നു.കൂട്ടു കുടുംബം നിലനിന്നിരുന്ന പ്രദേശമാണ് പിന്നെ സ്വരൂപമായി മാറിയത്.കുറേ ഊരുകൾ ചേർന്നതായിരുന്നു നാട്.നാട് ഭരിച്ചിരുന്ന നാടുവാഴിക്ക് വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു.കോലത്തു നാട്,കോഴിക്കോട്(നെടിയിരുപ്പ്),വേണാട് എന്നിവയായിരുന്നു പെരുമാക്കൻമാരുടെ പതനശേഷം സ്വതന്ത്രമായ പ്രധാന നാടുകൾ.
കോലത്തു നാട്
[തിരുത്തുക]കോലത്തു നാട് കോരപ്പുഴ മുതൽ കാസർഗോഡ് വരെ വ്യാപിച്ചിരുന്നു.പുരാതന കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത്.ഇവിടുത്തെ ഭരണത്തെക്കുറിച്ച് അതുലന്റെ മൂഷക വംശത്തിൽ പ്രതിപാദിക്കുന്നുണ്ട്.1446 മുതൽ 1478 വരെ കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മന്റെ സംരക്ഷണത്തിലാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്.
കോഴിക്കോട്(നെടിയിരുപ്പ്)
[തിരുത്തുക]പുതുതായി സ്വതന്ത്രമായ നാടുകളിൽ കൂടുതൽ പ്രതാപമുണ്ടായിരുന്നത് സാമൂതിരി ഭരിച്ചിരുന്ന നെടിയിരുപ്പിനാണ്.12-ആം നൂറ്റാണ്ടിലാണ് നെടിയിരിപ്പുകാർ പോർളാതിരിയെ തോൽപ്പിച്ച് കോഴിക്കോട് കീഴടക്കിയത്.അതോടു കൂടി ഇവർ തളിക്ഷേത്രത്തിന്റെ ട്രസ്റ്റി ആയിത്തീർന്നു.ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു.ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർന്നു.കോഴിക്കോടിന്റെ വളർച്ചയിൽ അറബികളുടെയും പ്രാദേശിക മുസ്ലിംകളുടെയും പങ്ക് എടുത്ത് പറയേണ്ടതാണ്.പന്തലായനി കൊല്ലത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സാമൂതിരി അവിടെ പിടിച്ചെടുത്തതോടുകൂടി കോഴിക്കോട് ശക്തവും സമ്പന്നവുമായി മാറി.പിന്നീട് മാമാങ്കോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനവും സാമൂതിരിക്ക് ലഭിച്ചു.
രേവതി പട്ടത്താനം
[തിരുത്തുക]കോഴിക്കോട് തളി ക്ഷേത്രത്തിൽ വർഷംതോറും സാമൂതിരിയുടെ നേതൃത്വത്തിൽ മത്സരബുദ്ധ്യാ നടത്തപ്പെട്ടിരുന്ന വിദ്വൽസദസ്സാണ് രേവതി പട്ടത്താനം അഥവാ ഭട്ടസ്ഥാനം.ഇത് നടത്തിയിരുന്നത് തളി ക്ഷേത്രത്തിൽ വെച്ചായിരുന്നതു കൊണ്ട് ഇതിനെ തളി പട്ടത്താനം എന്നും വിളിക്കുന്നു.
അരിയിട്ടു വാഴ്ച
[തിരുത്തുക]കോഴിക്കോട് സാമൂതിരിയുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങിനെ അരിയിട്ടു വാഴ്ച എന്ന് വിളിക്കുന്നു.മദ്ധ്യകാലകേരളത്തിൽ ഇത് വളരെ വിപുലമായി പ്രാധാന്യത്തോടെ നടത്തിയിരുന്നു.തീപ്പെട്ട സാമൂതിരിയുടെ അടിയന്തരത്തിന് തിരുവന്തളി എന്നാണ് പറയുക.
പതിനെട്ടരക്കവികൾ
[തിരുത്തുക]കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ സദസ്സിൽ ഉണ്ടായിരുന്ന പതിനെട്ട് സംസ്കൃത പണ്ഡിതന്മാരും മലയാളത്തിൽ മാത്രം കവിതയെഴുതിയതു കൊണ്ട് പൂർണ്ണപദവിക്ക് അർഹനല്ലാതിരുന്ന പുനം നമ്പൂതിരിയും ചേർന്നതാണ് പതിനെട്ടരക്കവികൾ.
മഹാഭാരതപട്ടത്താനം
[തിരുത്തുക]ക്ഷേത്രപരിസരങ്ങളിൽ മഹാഭാരത കഥ വ്യാഖ്യാനം ചെയ്ത് പൊതുജനങ്ങളെ കേൾപ്പിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു.സംസ്കൃത പണ്ഡിതൻമാരായിരുന്ന മാവാതെ പട്ടൻമാർ(മഹാ ഭാരത പട്ടൻമാർ)ആയിരുന്നു ഇത് ചെയ്തിരുന്നത്.
ശാലകൾ
[തിരുത്തുക]മദ്ധ്യകാല കേരളത്തിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വേദാധ്യായത്തിനുള്ള വിദ്യാഭ്യാസശാലകളായിരുന്നു ശാലകൾ.കാന്തള്ളൂർശാല,മൂഴിക്കുളംശാല,എന്നിവയായിരുന്നു പ്രധാന ശാലകൾ.ഇവക്കു പുറമെ ശുകപുരംശാല,തിരുനെല്ലിശാല,കൊട്ടാരക്കരശാല എന്നിവയെക്കുറിച്ചും രേഖകളിൽ പരാമർശമുണ്ട്.ദക്ഷിണനളന്ദ എന്നു പ്രസിദ്ധമായിരുന്നത് കാന്തള്ളൂർ ശാലയായിരുന്നു.
അവലംബം
[തിരുത്തുക]മാതൃഭൂമി ഇയർബുക്ക് 2013