മലനാട്
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂവിഭാഗത്തെയാണ് മലനാട് എന്നു പറയുന്നത്. കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളാണ് മലനാട് എന്നറിയപ്പെടുന്നത്. ഇടനാട്, തീരദേശം എന്നിവയാണ് മറ്റു ഭൂവിഭാഗങ്ങൾ
ഘടന
[തിരുത്തുക]38863 ച.കി.മീറ്റർ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പർവ്വതനിരയായ പശ്ചിമഘട്ടം സംസ്ഥാനത്തിന് കിഴക്ക് 600 മീറ്റർ മുകളിലുള്ള പ്രദേശത്തിന്റെ ഭാഗമായ സഹ്യാദ്രി - വടക്ക് തപതി നദി മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്നു. ഇതിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി ആണ്. കേരളത്തിന്റെ വടക്ക് കടൽ തീരത്തു നിന്ന് 12 കി.മീ. കിഴക്കായി തുടങ്ങുന്ന മലനിരകൾ കോഴിക്കോടിനു കിഴക്കുള്ള വാവൽ മല എന്നറിയപ്പെടുന്ന മല വരേയ്ക്കും സമുദ്രത്തിന് സമാന്തരമാണ്. വാവൽ മലയിൽ നിന്ന് ഈ പർവ്വത നിരകൾ കിഴക്കോട്ട് തിരിയുന്നു. കുറച്ച് വടക്കോട്ട് നീങ്ങിയശേഷം പിന്നീട് തെക്കോട്ട് പ്രയാണം ചെയ്യുന്നു. ഇത് അവസാനിക്കുന്നത് പാലക്കാട് ചുരത്തിന് അടുത്തുള്ള വടമലയിലാണ്. തേയില, ഏലം, കാപ്പി തുടങ്ങിയയുടെ കൃഷിക്ക് ഏറ്റവും ഉത്തമാമായ കാലവസ്ഥയാണ് ഇവിടങ്ങളിലേത്.
പാലക്കാട്ട് പാതയ്ക്ക് തെക്കുള്ള തെന്മലയും വടമല പോലെ ചെങ്കുത്തായതാണ്. ഇതിന്റെ തുടർച്ചയായുള്ള മലകൾ ആനമല പ്രദേശത്തെത്തുമ്പോഴേക്ക് ഉയരം വളരെയധികം കൂടുന്നു. ആനമലക്ക് തെക്കുള്ള കൊടുമുടികൾ ഉൾപ്പെടെ വളരെ ഉയരം കൂടിയവയാണ്. പാലക്കാട് ചുരത്തിന്റെ കിഴക്ക് മുതൽ തിരുവനന്തപുരം വരെ തെക്കൻ സഹ്യാദ്രി നീണ്ടു കിടക്കുന്നു. ഈ മലനിരകളുടെ വടക്കു പടിഞ്ഞാറൻ ഭാഗത്താണ് നെല്ലിയാമ്പതി പീഠഭൂമി. മധ്യഭാഗത്ത് പെരിയാർ പീഠഭൂമിയും തെക്ക് അഗസ്ത്യമലനിരയുമാണ്. ആനമല നിരകളോട് പഴനിമല കൂടിച്ചേരുന്ന ഭാഗത്താണ് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പെരിയാർ പീഠഭൂമിയിൽ നിന്നാണ് പെരിയാർ നദി രൂപമെടുക്കുന്നത്. പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു. തെക്കോട്ട് പോകുന്തോറും സഹ്യാദ്രിയുടെ ഉയരവും വ്യാപ്തിയും കുറഞ്ഞു വരുന്നു. അഗസ്ത്യമലയെന്നറിയപ്പെടുന്ന മലകൾ 1869 മീറ്റർ ഉയരത്തിലെത്തുന്നുണ്ട്.