Jump to content

മലയാള ഭാഷാഭേദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാള ഭാഷാ ഭേദങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള വാമൊഴി പ്രയോഗത്തിൽ ഉപയോഗിച്ച് വരുന്ന വ്യത്യസ്തമായ ശൈലികൾ എന്നതാണ് മലയാള ഭാഷാഭേദങ്ങൾ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പ്രദേശങ്ങൾക്കനുസൃതമായും (ഉദാ : തിരുവനന്തപുരം മലയാളം, തൃശ്ശൂർ മലയാളം) മത സാംസ്കാരിക സ്വാധീനം കൊണ്ടും (ഉദാ: മാപ്പിള മലയാളം, നമ്പൂതിരി മലയാളം) മലയാള വാമൊഴിയിൽ വ്യത്യാസങ്ങൾ കണ്ടു വരുന്നു.

ദേശഭേദങ്ങൾ

[തിരുത്തുക]

കേരളത്തിലെ ഓരോ പ്രദേശത്തുമുള്ള മലയാളം, ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും ചില വാക്കുകളുടെ പ്രയോഗംകൊണ്ടും, മറ്റുപ്രദേശങ്ങളിലെ 'മലയാളങ്ങളി'ൽനിന്നു ഭിന്നമാണ്. പ്രാദേശികമായ ഉച്ചാരണരീതിഭേദങ്ങൾ പരിചയമുണ്ടെങ്കിൽ, ഒരാളിന്റെ ഉച്ചാരണരീതിശ്രദ്ധിച്ച് ഏതുപ്രദേശക്കാരനാണ് അയാൾ എന്നു മിക്കവാറും പറയാം.

ചിലസ്ഥലങ്ങളിൽ അതിഥികൾ ചെല്ലുമ്പോൾ വീട്ടുകാർ 'വരൂ, ഇരിക്കൂ' എന്നു പറയും. ചിലയിടങ്ങളിൽ 'വന്നാട്ടെ, ഇരുന്നാട്ടെ' എന്നാണ്. 'വരണം, ഇരിക്കണം' എന്നും 'ബരി, ഇരിക്കി' എന്നും പറയുന്ന സ്ഥലങ്ങളുണ്ട്.

കേരളത്തിന്റെ വടക്കേ അറ്റം തൊട്ട് തെക്കേ അറ്റം വരെ സഞ്ചരിച്ചാൽ പല തരത്തിലുള്ള മലയാളം കേൾക്കുവാൻ സാധിക്കും. 'എന്ത്?', 'എന്താ?' എന്നീ ചോദ്യങ്ങളും 'ആണോ' എന്ന ചോദ്യവും പല ജില്ലകളിലും ചോദിക്കുന്ന രീതി നോക്കാം.

ഭാഷാഭേദങ്ങൾ
എന്ത്? എന്താ? എന്താ ഇത്? ആണോ? പോയോ? വരുകയില്ല
തിരുവനന്തപുരം എന്തര്?/എന്തോന്ന്? എന്തരാണ്?/എന്തോന്നാണ്? എന്തരാണിത്?/എന്തോന്നാണിത്? തന്നെ? പെയ്യോ?/പോയാ? വരില്ല/വരൂല്ല
കൊല്ലം എന്ത്? എന്തുവാ?
എന്തോന്നാ?
എന്തുവാ ഇത്?
എന്തോന്നാ ഇത്?
ആന്നോ? പോയോ? വരത്തില്ല
പത്തനംതിട്ട എന്നത്? എന്നതാ? എന്നതാ ഇത്? പോയോ? വരുകേല
ആലപ്പുഴ പോയോ? വരൂല്ല
കോട്ടയം എന്നാ? എന്നതാന്നേ ഇത്? പോയോ? വരത്തില്ല
എറണാകുളം എന്ത്? എന്താണ്? എന്താണിത്? അതെയോ? പോയോ? വരില്ല
തൃശൂർ എന്തൂട്ട്? എന്തൂട്ടാ? എന്തൂട്ടാത്? അതേ? പോയോ? വരില്ല
പാലക്കാട്
(കിഴക്കൻ പ്രദേശങ്ങൾ)
എ'ന്ത് എ'ന്താത് വെരില്ല്യ
വള്ളുവനാടൻ മലയാളം
(പാലക്കാട്-ഒറ്റപ്പാലം, പട്ടാമ്പി, മലപ്പുറം-പെരിന്തൽമണ്ണ, പൊന്നാനി)
എന്ത്? എന്ത്യേ? എന്തായിത്? അത്യോ? പോയീര്ന്നോ? വരില്യ
ഏറനാടൻ മലയാളം
(മലപ്പുറം-മഞ്ചേരി)
എത്ത്? എത്താ? എത്താത്? ആണോ? പോയീന്നാ? ബെരൂല
കോഴിക്കോട് എന്ത്ന്നാ എന്തേന്? പോയിനാ?
വയനാട്
കണ്ണൂർ എന്ത്ന്ന് എന്ത്‌ന്നാ? എന്ത്‌ന്നാത്? അതെയാ പോയിനാ വെരൂല
കാസർകോട് എന്ത്‍ന്നപ്പ എന്നാപ്പ എന്നാനിതു അത്യാ പോയിറ്റെ ബെരൂല്ല


കൂടാതെ ഓരോ ജില്ലയിലും പ്രാദേശികമായ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

മത സാംസ്കാരിക സ്വാധീനം

[തിരുത്തുക]

ഫ്യൂഡൽ കേരളത്തിൽ ഓരോ സമുദായത്തിനും തങ്ങളുടേതായ വാമൊഴി ശൈലി ഉണ്ടായിരുന്നു. 'ഞാൻ' എന്ന പദം കീഴാളർ ഉപയോഗിച്ചിരുന്നില്ല പകരം, 'അടിയൻ','ഏൻ' എന്നെല്ലാം പ്രയോഗിച്ച് വന്നു. തമ്പുരാക്കന്മാരും നമ്പൂതിരിമാരും 'നാം' എന്ന് സ്വയം അഭിസംബോധന ചെയ്തു. മുസ്ലീം സമുദായക്കാർ 'ഞമ്മൾ' എന്ന പദമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് ഇത്തരം പദങ്ങളുടെ പ്രയോഗം വിരളമാണ്.

സാഹിത്യത്തിൽ

[തിരുത്തുക]

നാടകം, നോവൽ, ചെറുകഥ, സിനിമ എന്നീ സാഹിത്യരൂപങ്ങളിൽ സംഭാഷണങ്ങൾക്ക് മുഖ്യസ്ഥാനമുള്ളതിനാൽ അവയിൽ പ്രാദേശികപ്രയോഗങ്ങൾ ധാരാളം വരും. എന്നാൽ, പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പ്രാദേശികപ്രയോഗങ്ങൾ മിക്കവാറും ഒഴിവാക്കുകയും പരക്കെ അംഗീകാരമുള്ള പ്രയോഗങ്ങൾ സ്വീകരിക്കുകയുമാണ് ചെയ്യാറുള്ളത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലയാള_ഭാഷാഭേദങ്ങൾ&oldid=3832147" എന്ന താളിൽനിന്ന് ശേഖരിച്ചത്