മാപ്പിള റവ്യൂ
1941 മുതൽ 1946 വരെ കോഴിക്കോട്ടുനിന്ന് ഖാൻ ബഹാദൂർ കെ. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാസികയായിരുന്നു മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഈ മാസികയുടെ പ്രത്യേകതയായിരുന്നു. മാപ്പിളപശ്ചാത്തലമുള്ള നിരവധി ലേഖനങ്ങൾ ഈ മാസികയുടെ നിരവധി ലക്കങ്ങളിൽ പരന്നു കിടക്കുന്നു. കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. ഇസ്ലാമിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തെക്കുറിച്ചും സ്ത്രീവിദ്യാഭ്യസത്തെക്കുറിച്ചും മുസ്ലിം സ്ത്രീകളുടെ പാരതന്ത്ര്യത്തെ കുറിച്ചുമുള്ള ലേഖനങ്ങൾ ഈ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കെ. അബുബക്കർ, വക്കം അബ്ദുൾ മൗലവി എന്നിവർ ഇതിന്റെ പത്രാധിപർമാരായിരുന്നു. ഇംഗ്ലണ്ടിൽ പഠിച്ച ആദ്യത്തെ മാപ്പിള മലയാളിയായിരുന്നു ഖാൻ ബഹാദൂർ കെ. മുഹമ്മദ് സാഹിബ്. ബ്രിട്ടീഷ് കാലത്ത്, 1925 മുതൽ മലബാർ ജില്ല വിദ്യാഭ്യാസ ഓഫീസറും മാപ്പിളമാരുടെ സ്പെഷ്യൽ വിദ്യാഭ്യാസ ഓഫീസറും ആയിരുന്നു. മതം, ചരിത്രം, സാമൂഹിക- സാംസ്‌കാരിക വിഷയങ്ങൾ, ശാസ്ത്രം, ചെറുകഥ, കവിത എന്നിവയോടൊപ്പം ഖാൻ സാഹിബ് ലണ്ടനിൽനിന്ന് പഠനകാലത്ത്അയച്ച കത്തുകളും പ്രസിദ്ധീകരിച്ചിരുന്നു. തുടക്കത്തിൽ 52 പേജുള്ള പ്രസിദ്ധീകരണമായിരുന്നെങ്കിലും രണ്ടാം ലോകമഹയുദ്ധകാലത്തെ പേപ്പർ ക്ഷാമം കാരണം 32 പേജായി കുറച്ചു.
ഇസ്ലാം മതതത്വങ്ങളെ മലയാളികളെ പരിചയപ്പെടുത്തുന്നതും പരസ്പര സൗഹൃദം വളർത്തുന്നതിന് ഉതകുന്നതുമാണിതെന്ന് ഉള്ളൂർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
[തിരുത്തുക]മാപ്പിളസമുദായത്തിന് നവീനവിദ്യാഭ്യാസത്തിൽ അഭിരുചിയുണ്ടാക്കിത്തീർക്കുക, അഭ്യസ്തവിദ്യരായ മാപ്പിളമാർക്ക് തങ്ങളുടെ ആശയങ്ങളെയും അഭ്യർത്ഥനകളെയും പ്രസിദ്ധീകരിക്കാൻ ഒരു രംഗം നൽകുക, സമുദായോദ്ധാരണാർത്ഥം നിർമിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം ചെയ്യാൻ മാപ്പിള ധനാഢ്യന്മാരെ പ്രേരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, വിജ്ഞാനത്തിലും സംസ്‌കാരത്തിലും മാപ്പിളസമുദായത്തെ ഉന്നമിപ്പിക്കുക, അവരും ഇതര സമുദായങ്ങളും തമ്മിൽ സുദൃഢമായ സൗഹാർദം സ്ഥാപിച്ച് കേരളത്തിന്റെ പൊതുജീവിതത്തെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ഈ മാസികയുടെ പ്രസാധക ലക്ഷ്യങ്ങൾ.
ഉള്ളടക്കം
[തിരുത്തുക]ഉള്ളടക്കവിവരം നൽകുന്നത് ദ്വിഭാഷയിലാണ്; ഇംഗ്ലീഷിലും മലയാളത്തിലും. ചില ലക്കങ്ങളിൽ പൂർണമായും ഇംഗ്ലീഷ് ശീർഷകങ്ങൾ മാത്രമായും കാണുന്നുണ്ട്. മാഗസിനിൽ ലേഖനങ്ങളും കുറിപ്പുകളുമെല്ലാം മലയാളത്തിൽ തന്നെയാണ് നൽകിയിട്ടുള്ളത്.
പ്രധാന ലേഖകർ
[തിരുത്തുക]എസ്.കെ. പൊറ്റെക്കാട്ട്, ബി. കല്യാണിയമ്മ, പി.സി. മാനവവിക്രമരാജ, എ. അയ്യപ്പനാണ് മനുഷ്യശാസ്ത്രത്തെ (നരവംശശാസ്ത്രം) കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. കെ കുരിയാക്കോസ് തോട്ടിങ്ങലിന്റെ മലയാള ഭാഷാഭ്യാസനത്തെക്കുറിച്ചുള്ള ലേഖനപപരമ്പരയുണ്ട്.[1]
പുറം കണ്ണികൾ
[തിരുത്തുക]- ഗ്രന്ഥപ്പുര വെബ് സൈറ്റിൽ - മാസികയുടെ മാസികയുടെ അഞ്ചാം വാല്യത്തിന്റെ 1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ
അവലംബം
[തിരുത്തുക]- ↑ ശ്രീനാഥൻ, എം. (29 October 2022). "പഴയൊരു പുസ്തകം, മാസിക ഡിജിറ്റലാകുമ്പോൾ സംഭവിക്കുന്നത്". truecopythink.medi. truecopythink.medi. Retrieved 06 january 2025.
{{cite web}}
: Check date values in:|access-date=
(help); zero width space character in|title=
at position 3 (help)