മിന്നൽ പരമേശ്വരൻ പിള്ള
സൈക്കിളിൽ റോന്തുചുറ്റി റൗഡികളുടെ ഇടയിലും സംഘർഷമേഖലകളിലും മിന്നൽ വേഗത്തിൽ പ്രത്യക്ഷപ്പെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കിയ ശ്രദ്ധേയനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു എൻ. പരമശിവൻ നായർ എന്ന മിന്നൽ പരമേശ്വരൻ പിള്ള. പോലീസിലെ പോയ കാലത്തെ ത്രസിപ്പിച്ച പേരായിരുന്നു ‘മിന്നൽ’ എന്ന പരമേശ്വരൻ പിള്ള. ഒരു കാലത്ത് സാമാന്യജനത്തിന്റെ കണ്ണിൽ ഇതിഹാസ കഥാപാത്രമായിരുന്നു മിന്നൽ. കള്ളന്മാരുടെയും റൗഡികളുടെയും പേടി സ്വപ്നവും സത്യസന്ധതക്കും ധൈര്യത്തിനും പേരു കേട്ട പൊലീസുകാരനനുമായിരുന്നു മിന്നൽ പരമേശ്വരൻ പിള്ള. ഒരേ സമയം പല സ്ഥലത്ത് പ്രത്യക്ഷപ്പെടാനുള്ള സിദ്ധിയുണ്ടെന്ന് ജനസംസാരം ഉണ്ടായിരുന്നു. അങ്ങനെ പൊലീസ് ഓഫിസറായ എൻ. പരമശിവൻ നായർ നാട്ടുകാർക്ക് മിന്നൽ പരമേശ്വരൻ പിള്ളയായി[1].
മാതൃക പോലീസ് ഉദ്യോഗസ്ഥൻ
[തിരുത്തുക]അരാജകത്വത്തിനും നിയമ ലംഘകർക്കും എതിരെ മാത്രമായിരുന്നു മിന്നലിൻെറ ഓരോ പ്രവൃത്തിയും. ലോക്കപ്പ് മർദ്ദനങ്ങളോ കൊടിയ ക്രൂരതകളോ മിന്നൽ പരമേശ്വരൻ പിള്ള ഒരിക്കലും കേസ് അന്വേഷണത്തിന് അവലംബിച്ചിരുന്നില്ല. മനശാസ്ത്ര തലത്തിലും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെയുമായിരുന്നു അദ്ദേഹം മുന്നോട്ട് പോയിരുന്നത്. പൊലീസിനു കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊക്കെയും മിന്നലിനെ ഉന്നതോദ്യോഗസ്ഥർ നിർദ്ദേശിച്ചു. സത്യസന്ധനും കുറ്റാന്വേഷണ രംഗത്തെ ഏറ്റവും മിടുക്കനുമായ അദ്ദേഹം തിരുവിതാംകൂർ, കൊച്ചി പോലീസ്, കേരള പോലീസ് എന്നിവയിൽ പ്രവർത്തിച്ച ജീവിച്ചിരിക്കുന്നതിൽ ഏക വ്യക്തി എന്ന ബഹുമതിക്കും ഉടമയായിരുന്നു. കമ്മീഷണർ ആയി ഉയർന്നപ്പോഴും സൈക്കിൾ യാത്രയാണ് അദ്ദേഹം നടത്തിയിരുന്നത്.ഏ.കെ.ജിയെയും ഇ.എം.എസിനെയും ഒക്കെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം .
റൗഡി ആനപാച്ചൻ
[തിരുത്തുക]അനവധി കുറ്റവാളികളെ മുട്ടുകുത്തിച്ച ചരിത്രമാണ് മിന്നൽ പരമേശ്വരൻ പിള്ളക്കുള്ളത്. ചവറയിൽ 1950 ൽ എസ്.ഐ ആയിരുന്ന കാലത്ത് ആ പ്രദേശത്തെ പ്രധാന കുറ്റവാളി ആനപാച്ചൻ എന്ന റൗഡിയായിരുന്നു. പല പോലീസ് ഉദ്യോഗസ്ഥർ വിചാരിച്ചിട്ടും മുട്ടുകുത്തിക്കാൻ കഴിയാതിരുന്ന പാച്ചനെ തെരുവിൽ ഒറ്റയടിക്ക് വീഴ്ത്തിയായിരുന്നു പരമേശ്വരൻ പിള്ളയുടെ അരങ്ങേറ്റം. പിന്നീട് ആനപാച്ചൻ അന്നത്തെ വക്കീൽ മളളൂർ ഗോവിന്ദപിള്ളയെ കൊണ്ട് പരമേശ്വരൻ പിള്ളക്കെതിരെ മർദനത്തിന് കേസ് കൊടുത്തെങ്കിലും കേസ് തോറ്റുപോയി.[അവലംബം ആവശ്യമാണ്]
കാട്ടുകോഴി ചാക്കോ
[തിരുത്തുക]കാഞ്ഞിരപ്പള്ളിയിൽ എസ്. ഐ ആയി ചാർജെടുത്ത പരമേശ്വരൻ പിള്ള ‘കാട്ടുകോഴി ചാക്കോ’ എന്ന റൗഡിയെ നടുറോഡിൽ അടിച്ചൊതുക്കി പേരെടുത്തു. ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ സ്ത്രീകൾക്കെതിരെ നടന്ന ചില അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ട പരമേശ്വരൻപിള്ള ക്ഷേത്രത്തിൽ പൊങ്കാല നടക്കുമ്പോൾ പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് കർശന നിർദ്ദേശം നൽകി. 1954 ലെ ഈ നിർദ്ദേശത്തെ തുടർന്നാണ് "സ്ത്രീകളുടെ ശബരിമല" എന്ന വിശേഷണം ആറ്റുകാൽ ക്ഷേത്രത്തിന് ലഭിച്ചതെന്നും ആത്മകഥയിൽ പറയുന്നതായി ആത്മകഥ എഴുതാൻ സഹായിച്ച ശിവദാസ് പറയുന്നു.[അവലംബം ആവശ്യമാണ്]
"മിന്നൽ" ബഹുമതി
[തിരുത്തുക]പരമേശ്വരൻപിള്ളയ്ക്ക് ‘മിന്നൽ’ എന്ന പട്ടം നൽകിയത് കോട്ടയം കളക്ടറായിരുന്ന ഗോവിന്ദമേനോനായിരുന്നു. അന്ന് കസബ സ്റ്റേഷനിൽ എസ്.ഐ യായിരുന്ന പരമേശ്വരൻപിള്ള ഊടുവഴികളിൽ കൂടി സൈക്കിളിൽ മിന്നൽ വേഗത്തിൽ എത്തി കുറ്റവാളികളെ പിടികൂടുക പതിവാക്കി.
കാരുണ്യമുള്ള പോലീസുകാരൻ
[തിരുത്തുക]ധീരനും ധർമ്മിഷ്ഠനുമായ മിന്നലിൻെറ കണ്ണ് നനയിച്ച ഒരു കേസ് അന്വേഷണം മിന്നൽ പരമേശ്വരൻ പിള്ളയുടെ ആത്മകഥയിലുണ്ട്. കൊല്ലം ജില്ലയിൽ ചാർജെടുത്തപ്പോൾ പ്രദേശത്തെ ഒരു റൗഡിയെ വിളിച്ച് വരുത്തി. നല്ല ആകാരസൗഷ്ടവും 25 വയസിന് താഴെ പ്രായവുമുള്ള യുവാവിനെ മിന്നൽ പരമേശ്വരൻ പിള്ള ഉപദേശിച്ച് വിടുകയാണുണ്ടായത്. ഉപദേശം ഫലിക്കുകയും യുവാവ് റൗഡിസം ഉപേക്ഷിക്കുകയും ചെയ്തു. റൗഡിസം പ്രധാന വരുമാനമായിരുന്ന യുവാവ് ഇതുമൂലം പട്ടിണിയിലുമായി. ദിവസങ്ങളോളം പട്ടിണി കിടന്ന് മടുത്ത യുവാവ് അടുത്തുള്ള ഒരു ജൻമിയെ കണ്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും ജൻമി ഇയ്യാളെ മർദിക്കുകയായിരുന്നു. യുവാവ് ആകട്ടെ ജൻമിയുടെ മകനെ കുത്തിവീഴ്ത്തിയാണ് പ്രതികാരം ചെയ്തത്. ഈ സംഭവത്തിൽ കേസ് അന്വേഷണം നടത്തിയ ‘മിന്നൽ’ യുവാവിനോട് അനുകമ്പ ഉണ്ടായിരുന്നെങ്കിലും കേസ് അന്വേഷണത്തിൽ അണുകിട വ്യതിചലിച്ചില്ല. തുടർന്ന് പ്രതിയെ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു.ആ സംഭവത്തിൽ ഏറെ വിഷമമുണ്ടായിരുന്നു മിന്നൽ പരമേശ്വരൻ പിള്ളക്ക്. അതുപോലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങാൻ തൻെറ ശമ്പളത്തിൽ നിന്ന് നല്ലൊരു പങ്ക് സംഭാവന ചെയ്തിരുന്നു[2].
മൃഗസ്നേഹി
[തിരുത്തുക]അക്രമികൾക്കുനേരെ മിന്നൽ പിണർപോലെ പാഞ്ഞെത്തി തലസ്ഥാനത്തെ കുറ്റവാളികളെ വിറപ്പിച്ചിരുന്ന പോലീസ് ഇൻസ്‌പെക്ടർ മിന്നൽ പരമേശ്വരൻ നായർ, ജോലിത്തിരക്കുകൾക്കിടയിലും വീട്ടിലെത്തിയാൽ, വീടിനു പിന്നിലെ തൊഴുത്തിൽ പശുക്കൾക്കൊപ്പം കൂടും. രാത്രി എത്ര വൈകിയെത്തിയാലും തൊഴുത്തിലെത്തി പശുക്കളെ ഓമനിക്കുന്ന അച്ഛൻ, മകൾ മീരയ്ക്ക് എന്നും ആരാധനാപാത്രമായിരുന്നു. അച്ഛനിൽ നിന്നാണ് മീര വളർത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തം കടംകൊണ്ടത്. ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളെ(വെച്ചൂർ പശു) വളർത്തുന്നതിൽ പ്രശസ്തയാണ് ഇന്ന് മീര[3].
മിന്നൽക്കഥകൾ
[തിരുത്തുക]തൻെറ ആത്മകഥ പൂർത്തിയാക്കിയ ശേഷമാണ് 2013 സെപ്റ്റംബറിൽ (17/18), 97 ാം വയസിൽ അദ്ദേഹം ജീവിതത്തിൽ നിന്നും മടങ്ങിയത്. തിരുവനന്തപുരം സ്വദേശിയും ഗാനരചയിതാവുമായ ശിവദാസ് തുടർച്ചയായ മൂന്നരവർഷം കൊണ്ടാണ് മിന്നലിൻെറ ആത്മകഥ കേട്ടെഴുതിയത്. എന്നാൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പെയായി അദ്ദേഹം അന്തരിച്ചു. 1500 പേജുള്ള കൈയെഴുത്ത് പ്രതിയുടെ അവസാന മിനുക്ക് പണി നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്. സർവീസ് ജീവിതത്തിലെ ഉദ്വേഗജനകമായ ഏടുകൾ, സംസ്ഥാനപോലീസിന്റെയും കേരളസമൂഹത്തിന്റെയും പരിണാമകാലങ്ങളെ മിന്നൽക്കഥകൾ എന്ന ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാം. പ്രസാധകർ : ഡി സി ബുക്സ്[4].
മിന്നൽ പരമേശ്വരൻ അവാർഡ്
[തിരുത്തുക]ഗണേശോൽസവം ട്രസ്റ്റ് സംഘടിപ്പിച്ച മികച്ച സാമൂഹിക സേവകനുള്ള പുരസ്കാരമാണ് മിന്നൽ പരമേശ്വരൻ അവാർഡ്.
അവലംബം
[തിരുത്തുക]- ↑ http://www.asianetnews.tv/Venad//minnal%20parameswaran%20pillai%20passed%20away-2280|മിന്നൽ പരമേശ്വരൻ പിള്ള അന്തരിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മിന്നൽ പരമേശ്വരൻ പിള്ളയു....
- ↑ "വെച്ചൂർ പശു വളർത്തുന്നതിൽ പ്രശസ്ത..." Archived from the original on 2017-07-02. Retrieved 2015-12-08.
- ↑ മിന്നൽക്കഥകൾ[പ്രവർത്തിക്കാത്ത കണ്ണി]