Jump to content

മിർസ സാഹിബാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബിലെ ജനകീയമായ നാലു ദുരന്ത പ്രണയ കഥകളിലൊന്നാണ് മിർസ സാഹിബാൻ. ഹീർ രാൻഝ, സോഹ്നി മഹിവാൽ, സാസി പൂൻ എന്നിവയാണ് മറ്റ് മൂന്നെണ്ണം. [1].[2]

കഥ ചുരുക്കത്തിൽ

[തിരുത്തുക]

‍സിയൽ വർഗ്ഗക്കാരായ ജാട്ടുകളുടെ അധീനതയിലുള്ള ഖീവ നഗരത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ പണ്ടൊരിക്കൽ ഒരു സ്ത്രീ ഒരാൺകുഞ്ഞിന് ജൻമം നൽകി. നിർഭാഗ്യവശാൽ പ്രസവത്തിന്ശേഷം തന്റെ കുഞ്ഞിന് മുലയൂട്ടും മുമ്പേ ആ സ്ത്രീ ഇഹലോകവാസം വെടിഞ്ഞു. അങ്ങനെയിരിക്കേ തൊട്ടടുത്ത് ഒരു സ്ത്രീ ഒരു പെൺകുഞ്ഞിന് ജൻമം നൽകി. തന്റെ മകൾക്കെന്നോണം ആ ആൺകുഞ്ഞിനും അവൾ മുലയൂട്ടി. ഒരേ പാലുകുടിച്ചു വളർന്ന ഇരുവരും സഹോദരങ്ങളെ പോലെയായി. വളർന്നുവലുതായ ഇരുവരിൽ പെൺകുട്ടിയായ ഫത്തേബീബി വഞ്ജാൾ എന്നയാളെ കല്യാണം കഴിച്ച് ഇപ്പോഴത്തെ ഫൈസലാബാദിനടുത്തുള്ള ധനബാബാദ് എന്ന ഗ്രാമത്തിൽ ഒരുദിവസത്തെ കുതിരപ്പുറത്തെ യാത്രക്ക് ശേഷം എത്തിച്ചേർന്നു. ഖരാൾ ജാട്ടിലെ സർദാറായ വഞ്ജാളിനും ഫത്തേബീബിക്കും മിർസാ ജാട്ട് എന്ന പേരിൽ ഒരു ഉശിരൻ കുഞ്ഞുണ്ടായി. അതേ സമയം ഫത്തേബീബിയുടെ സഹോദരസ്ഥാനീയൻ വളർന്നു വലുതായി സിയാൽ ജാട്ടിൻെ സർദാറായ ഖേവാഘാനായി മാറി. അദ്ദേഹത്തിൻെ മകളാണ് സാഹിദ. ഇവരെ പള്ളിക്കൂടത്തിൽ ചേർക്കുവാനുള്ള സമയമായി. മിർസയെ തന്റെ മാമന്റെവീട്ടിൽ നിർത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചു. സാഹിദയുടെ അച്ഛൻ ഒരേ പ്രായക്കാരായ ഇരുവരേയും ഖുറാൻ പഠിപ്പിക്കുവാൻ ഒരുമിച്ചുചേർത്തു. സ്വപ്നങ്ങൾക്കതീതമായ സൗന്ദര്യത്തിനുടമയാണ് സാഹിദ എന്ന് മിർസ ആദ്യം അറിഞ്ഞിരുന്നില്ല. ഖീവയിൽ പഠിക്കുവാൻ വന്നപ്പോൾ കുഞ്ഞായിരുന്ന താൻ അവളെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കൗമാര പ്രായത്തിലെത്തിയപ്പോൾ ഇരുവർക്കിടയിൽ സ്നേഹം പൂത്തുലഞ്ഞു.

സാഹസികനും ചെറുപ്പക്കാരനുമായ മിർസ പള്ളിക്കൂടം വിട്ട് മറ്റൊരു പാതയിലൂടെയാണ് വന്നത്. വീട്ടിലേക്ക് പച്ചക്കറി വാങ്ങുന്ന സാഹിബയെ ചന്തയിൽവെച്ച് മിർസ കണ്ടു. ഇലക്കറികളും മറ്റും വാങ്ങുന്നത് അവൻ നോക്കി നിന്നു.അവളുടെ സൗന്ദര്യത്തിൽ മയങ്ങിയ കച്ചവടക്കാരൻ അളവിൽ ക്കൂടുതൽ പച്ചക്കറികൾ തൂക്കുന്നതുകണ്ടു. മിർസയും അവളുടെ സ്നേഹമാധുര്യം നുകർന്നു. വളർന്നുവലുതായ മിർസ കുതിരസവാരിയിലും അമ്പെയ്ത്തിലും പ്രാവീണ്യം നേടി. മണ്ണിലൂടെ കുതിച്ചുപായുന്ന ബക്കി എന്ന ഒരു ഉശിരൻ കുതിരപ്പുറത്തായിരുന്നു അവന്റെ സവാരി. താൻ എയ്ത അമ്പുകളെല്ലാം ഉന്നത്തിൽ തന്നെ കൊള്ളിക്കുവാനുള്ള പ്രാവീണ്യം മിർസ നേടിയിരുന്നു.

സാഹിബയെക്കൂടാതെ മിർസക്ക് ജീവിക്കുവാൻ പറ്റാതായി. അവരുടെ സ്നേഹം പൂത്തുലഞ്ഞു. അവരുടെ ലോകത്ത് അവർ മതിമറന്നു. ഒരിക്കൽ തന്റെ പാഠഭാഗം തെറ്റായി ഉച്ചരിച്ച സാഹിബയെ നേർത്ത വടികൊണ്ട് മൗലവി തല്ലി. ആ നേർത്ത ശിഖരം അവളുടെ ചർമ്മത്തിൽ പൊള്ളിപ്പിടിച്ചു. സ്നേഹത്തിന്റെ നാളുകൾ നീണ്ടുനിന്നില്ല. മിർസയും സാഹിബയും തമ്മിലുള്ള പ്രണയം സാഹിബയുടെ വീട്ടുകാർ അറിയുകയും മിർസയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ അതേ നഗരത്തിലുള്ള താഹിർഖാൻ എന്നയാളുമായി സാഹിബയുടെ കല്ല്യാണം ഉറപ്പിച്ചു. മിർസയില്ലാത്തതിനാൽ ഒരു തടസ്സവും കൂടാതെ സാഹിബയുടെ കല്ല്യാണത്തിനുള്ള ഒരുക്കങ്ങൾ നടന്നു.

കർമ്മു എന്നു പേരുള്ള ബ്രാഹ്മണനായ കൂട്ടുകാരൻ വഴി തന്റെ കല്യാണവാർത്ത അവൾ മിർസയെ അറിയിച്ചു. വാർത്ത അറിഞ്ഞ മിർസ തന്നെ തടഞ്ഞ പരിവാരങ്ങളെ വകവെയ്ക്കാതെ പുറപ്പെടുവാൻ തയ്യാറായി. അവന് പോയേ മതിയാവൂ. അവനെ തടയുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ മിർസയുടെ അച്ഛൻ അവനോട് ഇങ്ങനെ പറ‍‍‍‍‍ഞ്ഞു "തിരിച്ചു വരുമ്പോൾ സാഹിബ കൂടെ കാണുമെന്ന ഉറപ്പ് വേണം. ഇല്ലെങ്കിൽ അത് നമ്മുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കും. തന്റെ സ്നേഹസാഫല്യത്തിനായി വഞ്ജാൽ അവനെ അനുഗ്രഹിച്ചു.

'വാ എന്റെ ബക്കി' എന്നു പറഞ്ഞ് അവൻ അമ്പും വില്ലുമായി കുതിര പുറത്തു കയറി ഖീവ ഗ്രാമം ലക്ഷ്യമാക്കി നീങ്ങി. കല്യാണ ദിവസം മംഗല്യത്തിന് തൊട്ട് മുൻപ് മിർസ അവിടെ എത്തി ചേർന്നു. സാഹിബ ഇരുന്നിരുന്ന മുറി ആരും അറിയാതെ തുറന്ന് ഉള്ളിൽ പ്രവേശിച്ചു. കടും ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്ന അവളെ അവൻ തന്റെ വാക്കുകളാൽ പ്രശംസിച്ചു. മൃദുലമായ കൈകൾ മൈലാഞ്ചി ഇട്ടു ചുവന്നിരുന്നു. ഒട്ടും സമയം കളയാതെ അവളെ കൈപിടിച്ച് സുരക്ഷിതമായ ദൂരം എന്ന് തോന്നും വരെ അവളുമായി കുതിരപ്പുറത്ത് പാഞ്ഞു. ക്ഷീണിതനായ അവൻ ഒരു മരത്തിൻ ചുവട്ടിൽ വിശ്രമിച്ചു. അവൾ അവനെ നോക്കിയിരുന്നു.

അതേസമയം, അവളുടെ വീട്ടിൽ, കല്യാണച്ചടങ്ങിനായി വരുവാൻ സാഹിബയോട് അവളുടെ ആങ്ങളമാർ ആവശ്യപ്പെട്ടു. അവളെ കാണാതായതോടെ എന്തോ കുഴപ്പം തോന്നിയ അവർ, പകച്ചു പോയ കല്യാണ ചെറുക്കനും മറ്റ് ആൺ സഹോദരങ്ങളുമൊത്ത് മിർസയ്ക്കും സാഹിബയ്ക്കും വേണ്ടി കുതിരപ്പുറത്ത് യാത്ര തിരിച്ചു. എത്രയും പെട്ടെന്ന് തന്റെ സഹോദരങ്ങൾ തന്നെ തേടി വരുമെന്ന് അവൾ ഭയന്നു . എന്ത് ചെയ്യണമെന്നറിയാതെ അവനെ നോക്കി അവൾ ഇരുന്നു. മിർസയ്ക്കു മുന്നിൽ തന്റെ സഹോദരങ്ങൾ എത്തിയാൽ മിർസയുടെ ധൃതശരങ്ങളാൽ അവരെ വകവരുത്തുമെന്ന് അവൾക്കുറപ്പായിരുന്നു.

തന്റെ സഹോദരങ്ങൾ തന്നിൽ സഹതാപമുൾക്കൊള്ളുമെന്ന് ഉറപ്പിച്ച അവൾ മിർസയുടെ ആവനാഴിയിൽ ഉണ്ടായിരുന്ന കൂർത്ത അമ്പുകൾ രണ്ടായി ഒടിച്ചു. അവളുടെ ഈ ചെയ്തിയാൽ രക്തം ചീന്തില്ല എന്നവൾ ഉറപ്പിച്ചു. പെട്ടെന്ന് സാഹിബയുടെ ജ്യേഷ്ഠൻമാർ ഇരുവരെയും മരത്തിനടിയിൽ കണ്ടു. അവളുടെ ജ്യേഷ്ഠൻ എയ്ത അമ്പ് മിർസയുടെ തൊണ്ടയിൽ ആഴ്ന്നിറങ്ങി. തന്റെ ആവനാഴിയിൽ പരതിയ മിർസയ്ക്ക് ഒടിഞ്ഞ അമ്പിൻകഷ്ണങ്ങളാണ് ലഭിച്ചത്. ഉത്തരത്തിനായി സാഹിബയുടെ മുഖത്ത് നോക്കിനിൽക്കെ തന്റെ വിരിമാറിൽ രണ്ടാമത്തെ അമ്പും തുളച്ചു കയറി. പ്രിയതമനെ വാരിപ്പുണർന്ന സാഹിബ അവനുമൊപ്പം മനം നൊന്ത് ജീവൻവെടിഞ്ഞു.

പഞ്ചാബി സംസ്കാരത്തിൽ

[തിരുത്തുക]

പഞ്ചാബി സംസ്കാരത്തിലെ ജനകീയ പ്രണയ കഥകളിലൊന്നാണ് മിർസ സാഹിബാന്റേത്. ഈ കഥ കേന്ദ്രീകിച്ച് നിരവധി നാടോടിഗാനങ്ങളും നാടകങ്ങളും സിനിമകളും ഉണ്ടായിട്ടുണ്ട്. നൂർജഹാൻ പാടിയ 1982ലെ "മിർസ ജാട്ട്" ചലച്ചിത്രത്തിലെ "മിർസ" എന്ന ഗാനം പ്രശസ്തമാണ്. [അവലംബം ആവശ്യമാണ്] 2012ൽ പുറത്തിറങ്ങിയ മിർസ - ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമയുടെ ഉള്ളടക്കം ഈ പ്രണയ കഥയാണ്. 1941ൽ അലം ലോഹാർ എന്ന പഞ്ചാബി ഗായകനാണ് ഈ പ്രണയ കഥ അതീവ ഹൃദ്യമായ ശൈലിയിൽ അൽഗോസ, ചിംത എന്ന ഗായികമാരോടൊപ്പം പാടി പ്രശസ്തമാക്കുന്നത്. 2016ൽ രാകേഷ് ഓം പ്രകാശ് മെഹ്റ പുറത്തിറങ്ങിയ മിർസിയ എന്ന ചലച്ചിത്രമാണ് ഈ ജനുസിലെ അവസാനത്തേത്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2016-07-12.
  2. https://www.sikhiwiki.org/index.php/Mirza_Sahiban

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിർസ_സാഹിബാൻ&oldid=3807206" എന്ന താളിൽനിന്ന് ശേഖരിച്ചത്