Jump to content

മരിലിൻ മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മെർലിൻ മൺറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരിലിൻ മണ്രോ
മരിലിൻ 1953ൽ
ജനനം
നോർമ ജീൻ മോർട്ടേൻസൺ
മറ്റ് പേരുകൾനോർമ ജീൻ ബേക്കർ
സജീവ കാലം1947-1962
ഉയരം5 അടി 5½ ഇഞ്ച് (1.66 മീറ്റർ)
ജീവിതപങ്കാളി(കൾ)ജെയിംസ് ഡോഹർട്ടി (1942-1946) (വിവാഹമോചനം)
ജോ ഡിമാഗ്ഗിയോ (1954) (വിവാഹമോചനം)
ആർതർ മില്ലർ (1956-1961) (വിവാഹമോചനം)
വെബ്സൈറ്റ്മരിലിൻ മണ്രോ . കോം

മരിലിൻ മൺറോ (ജനനം നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926-നു – മരണം: ഓഗസ്റ്റ് 5, 1962), ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു. തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും മരിലിൻ മൺറോ പ്രശസ്തയായിരുന്നു[1]. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മരിലിൻ മൺറോ ഉയർന്നു[2].

ഇവരുടെ കുട്ടിക്കാലത്ത് വലിയൊരു സമയം ദത്തു കുടുംബങ്ങ‌ളിലാണ് മരിലിൻ വളർന്നത്. മോഡലായി ജീവിതമാരംഭിച്ച മരിലിന് ഇതിലൂടെ 1946-ൽ റ്റ്വന്റിയത് സെഞ്ച്വറി ഫോക്സ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനിയിൽ നിന്ന് ജോലിക്കവസരം ലഭിച്ചു. ആദ്യകാലത്തെ റോളുകൾ ചെറുതായിരുന്നെങ്കിലും ദി അസ്ഫാൾട്ട് ജങ്കിൾ, ആൾ എബൗട്ട് ഈവ് (രണ്ടും 1950-ൽ പുറത്തിറങ്ങിയത്) ശ്രദ്ധ നേടി. 1952-ൽ മരിലിന് ആദ്യമായി ഡോണ്ട് ബോതർ റ്റു നോക്ക് എന്ന ചലച്ചിത്രത്തിൽ നായികാവേഷം ലഭിച്ചു.[3] 1953-ൽ നയാഗ്ര അതിഭാവുകത്വം നിറഞ്ഞ നോയ്ർ ചലച്ചിത്രത്തിൽ പ്രധാനവേഷം ലഭിച്ചു. ഈ ചലച്ചിത്രം മരിലിന്റെ വശ്യതയെ കേന്ദ്രീകരിച്ച ചിത്രമായിരുന്നു. "ബ്ലോണ്ട് മുടിയുള്ള പൊട്ടിപ്പെണ്ണ്" എന്ന പ്രതിച്ഛായ പിന്നീടുവന്ന ചലച്ചിത്രങ്ങളായ ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ട്സ് (1953), ഹൗ റ്റു മാരി എ മില്യണൈർ (1953), ദി സെവൻ ഇയർ ഇച്ച് (1955) എന്നീ ചലച്ചിത്രങ്ങൾ കാര്യമായി പ്രയോജനപ്പെടുത്തി.

ഒരേ തരം വേഷങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൺറോ ആക്റ്റേഴ്സ് സ്റ്റുഡിയോയിൽ പഠിച്ച് തനിക്കഭിനയിക്കാൻ സാധിക്കു‌ന്ന ചലച്ചിത്രങ്ങളുടെ ശ്രേണി വർദ്ധിപ്പിക്കാൻ ശ്രമിച്ചു. തന്റെ അഭിനയജീവിതത്തിന്റെ രണ്ടാം പാദത്തിൽ മരിലിൻ മൺറോ കൂടുതൽ ഗൌരവമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. ഇവയിൽ പലതും വിജയമായിരുന്നു. ബസ് സ്റ്റോപ്പ് (1956) എന്ന ചലച്ചിത്രത്തിലെ അഭിനയം വിമർശകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. മരിലിന്റെ ചലച്ചിത്ര നിർമ്മാണക്കമ്പനിയായ മരിലിൻ മൺറോ പ്രൊഡക്ഷൻസ് ദി പ്രിൻസ് ആൻഡ് ദി ഷോഗേൾ (1957) എന്ന ചലച്ചിത്രം നിർമിച്ചു. ഇതിലെ അഭിനയത്തിന് മരിലിന് ബാഫ്റ്റ പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിക്കുകയുണ്ടായി. സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് പുരസ്കാരം ലഭിഛ്കു. മരിലിന്റെ പൂർത്തിയായ അവസാന ചലച്ചിത്രം ദി മിസ്‌ഫിറ്റ്സ് (1961) ആയിരുന്നു. ക്ലാർക്ക് ഗേബിൾ ആയിരുന്നു ഈ ചിത്രത്തിൽ മരിലിനോടൊപ്പമഭിനയിച്ചത്. ആ സമയത്ത് മരിലിന്റെ ഭർത്താവായിരുന്ന ആർതർ മില്ലറായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

അവസാനകാലത്ത് തന്റെ ചലച്ചിത്രജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മരിലിന് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്നു. അവസാന വർഷങ്ങളിൽ രോഗം, വ്യക്തിപരമായ പ്രശ്നങ്ങൾ, വിശ്വസിക്കാൻ വയ്യായ്ക, കൂടെ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ബാരിബിച്യുറേറ്റുകൾ അധികമായ അളവിൽ കഴിച്ചതുകൊണ്ടുണ്ടായ മരണത്തിന്റെ സാഹചര്യം പല അഭ്യൂഹങ്ങൾക്കും ഗൂഢാലോചനാ കഥകൾക്കും ഹേതുവായി. ഔദ്യോഗികമായി "ആത്മഹത്യയാകാൻ സാദ്ധ്യതയുണ്ട്" എന്നാണ് വർഗ്ഗീകരിക്കപ്പെട്ടിരുന്നതെങ്കിലും അബദ്ധത്തിൽ മരുന്ന് അധികമായി കഴിച്ചതോ കൊലപാതകം ചെയ്യപ്പെട്ടതോ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കുമായിരുന്നില്ല. 1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുക്കുകയുണ്ടായി. മരണശേഷം സാംസ്കാരിക ബിം‌ബം എന്നതുകൂടാതെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന സെക്സ് ബിംബം എന്ന പ്രതിച്ഛായയും മരിലിന് ലഭിച്ചു.[4][5][6] 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക് മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്ത്.[7]

അവലംബം

[തിരുത്തുക]
  1. "കെന്നഡിമാർ മരുന്നുഡോസ് കൂട്ടി 'കൊലപ്പെടുത്തിയ' സ്വപ്‌നസുന്ദരി? മർലിൻ മൺറോയുടെ 'സീക്രട്ട് ലൈഫ്'". Retrieved 2022-08-04.
  2. ഓബിച്വറി വെറൈറ്റി, 1962 ഓഗസ്റ്റ് 8, പേജ് 63.
  3. "February 20, 2003: IN THE NEWS". North Coast Journal. Retrieved 2012-11-09.
  4. Hall, Susan G. (2006). American Icons: An Encyclopedia of the People, Places, and Things that Have Shaped Our Culture. Greenwood Publishing Group. p. 468. ISBN 978-0-275-98429-8.
  5. Rollyson, Carl (2005). Female Icons: Marilyn Monroe to Susan Sontag. iUniverse. p. 2. ISBN 978-0-595-35726-0.
  6. Churchwell, Sarah (2005). The Many Lives of Marilyn Monroe. Metropolitan Books. ISBN 978-0-8050-7818-3.
  7. "Film's Sexiest Women of All Time". TV Guide Network. 2009. {{cite news}}: |access-date= requires |url= (help)

ഗ്രന്ഥസൂചിക

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മരിലിൻ_മൺറോ&oldid=4145655" എന്ന താളിൽനിന്ന് ശേഖരിച്ചത്