മെൽവിൽ ഡി മെല്ലൊ
ആകാശവാണിയുടെ ശ്രദ്ധേയനായ ഒരു വാർത്താപ്രക്ഷേപകനായിരുന്നു മെൽവിൽ ഡി മെല്ലൊ (1913 - 1989). സ്വതന്ത്രഭാരതത്തിലെ പല സുപ്രധാനസംഭവങ്ങളെപ്പറ്റി അദ്ദേഹം നൽകിയ റിപ്പോർട്ടുകളും റേഡിയോയിലൂടെയുള്ള തത്സമയവിവരണങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. വാർത്താവിനിമയ രംഗത്തേക്കുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചുകൊണ്ട് 1963-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
ജീവിത രേഖ
[തിരുത്തുക]മസ്സൂരിയിലെ സെന്റ് ജോർജസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആകാശവാണിയിൽ ചേരുന്നതിനു മുമ്പ് കരസേനയിൽ 5/2 പഞ്ചാബ് റെജിമെന്റിൽ ലെഫ്റ്റനന്റായി സേവനം അനുഷ്ഠിച്ചു. കൊരാലി എമ്മ ഡി മെല്ലോ ഭാര്യയാണ്.
ഔദ്യോകിക ജീവിതം
[തിരുത്തുക]1950 - 1971 കാലഘട്ടത്തിൽ 'സ്റ്റാഫ് ആർട്ടിസ്റ്റ്' വിഭാഗത്തിൽപ്പെട്ട ആകാശവാണി ജീവനക്കാരനായിരുന്നു. ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം ആകാശവാണിയിലെ ഇമെററ്റസ് നിർമാതാവായി (emeritus producer) 5 വർഷം തുടർന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല നിർണായക സംഭവങ്ങളെ പറ്റി തന്റെ ഗംഭീര പുരുഷസ്വരത്തിലുള്ള വിവരണം റേഡിയോയിലൂടെ ശ്രോതാക്കളിൽ എത്തിച്ചു ശ്രദ്ധേയനായി. 1948-ഇൽ ബിർളാ ഹൌസിൽ നിന്ന് രാജ്‌ഘട്ട് വരെയുള്ള ഗാന്ധിജിയുടെ വിലാപയാത്രയ്ക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ ദുഖവും ആദരാഞ്ജലികളും പ്രതിഫലിച്ചുകൊണ്ട് മെല്ലോ നൽകിയ 7 മണിക്കൂർ നീണ്ട തത്സമയവിവരണം ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണ ചരിത്രത്തിലെ ഒരു ശ്രദ്ധേയ മുഹൂർത്തമായി വിലയിരുത്തപ്പെടുന്നു. 1952-ഇൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ തത്സമയവിവരണം നൽകാൻ ബ്രിട്ടീഷ് സർക്കാർ മേല്ലോയെ തിരഞ്ഞെടുക്കുകയുണ്ടായി. റിപ്പബ്ലിക്ക് ദിന പരേഡുകളെ പറ്റിയും ഇന്ത്യ - പാകിസ്താൻ ഹോക്കി മത്സരങ്ങളെ പറ്റിയുമുള്ള അദ്ദേഹത്തിന്റെ വർണനകൾ ഇന്നും സ്മരിക്കപെടുന്നു. ബംഗ്ലാദേശ് യുദ്ധത്തെ പറ്റിയും ബംഗ്ലാദേശിന്റെ വിമോചനത്തെ പറ്റിയും മെല്ലോ നൽകിയ വാർത്താവിതരണ പരമ്പര ശ്രോതാക്കൾ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നു.
കൃതികൾ
[തിരുത്തുക]1964-ലെ ടോക്യോ ഒളിമ്പിക്സിനോടനുബന്ധിച്ചു രചിച്ച ഒളിമ്പിക്സിന്റെ കഥ ഉൾപടെ നിരവധി കായിക സംബന്ധമായ പുസ്തകങ്ങൾ രചിച്ചു. റിമെംബേർഡ് ഗ്ലോറി (Remembered Glory), റീച്ചിങ്ങ് ഫോർ എക്സലെൻസ് (Reaching for Excellence), നാടൻ കളികളും ഭാരതത്തിലെ ആയോധന കലകളും എന്നിവയാണ് മറ്റു കൃതികൾ.
പുരസ്കാരങ്ങൾ
[തിരുത്തുക]തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉടനീളം ഡി മേല്ലോയെ തേടി അനേകം പുരസ്കാരങ്ങൾ എത്തി. 1948-ലെ കോമൺവെൽത്ത് സ്കോളർഷിപ്, 1963-ലെ പത്മ ശ്രീ, മികച്ച റേഡിയോ ഡോക്യുമെന്ററിക്കുള്ള ചെക്കോസ്ലോവാക്ക്, പ്രൈസ് ഇറ്റാലിയ പുരസ്കാരങ്ങൾ, ഏഷ്യാഡ് ജ്യോതി പുരസ്കാരം എന്നിവയെല്ലാം ഡി മേല്ലോയ്ക്ക് ലഭിച്ചു.