Jump to content

മേരി ഷൈല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഷൈല
പുറമേ അറിയപ്പെടുന്നഷൈല
ജനനംചെന്നൈ, തമിഴ്‌നാട്  ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1973

1973-ൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന മലയാള സിനിമയിലെ "വാഴ്ത്തുന്നു ദൈവമേ നിൻ മഹത്ത്വം" എന്ന ഒറ്റ പാട്ടുകൊണ്ട് മലയാള സിനിമയിൽ അറിയപ്പെട്ട ഗായികയാണ് ഷൈല എന്ന മേരി ഷൈല.[1] അക്കാലത്ത് മലയാളസിനിമയിലെ ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പിന്നീട് കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനാഗീതമായി സ്വീകരിക്കപ്പെട്ടു.[1] തന്റെ ഇരുപതാമത്തെ വയസ്സിൽ പാടിയ ആ ഒരു ഗാനത്തോടുകൂടി സിനിമാരംഗം വിട്ട മേരി ഇപ്പോൾ ബംഗളൂരുവിൽ ലിംഗരാജപുരത്ത് ജീവിക്കുന്നു.[1]

ജീവിത രേഖ

[തിരുത്തുക]

ബർമയിൽ നിന്നും ചെന്നൈയിൽ കുടിയേറിയ ഒരു തമിഴ് കുടുംബത്തിലാണ് ഷൈലയുടെ ജനനം. ചെറുപ്പം മുതലേ റേഡിയോയുടെ ആരാധിക. ലതാ മങ്കേഷ്‌കറുടെ പാട്ടുകൾ കേട്ട് മനഃപാഠമാക്കുകയായിരുന്നു അന്നത്തെ പ്രധാന ഹോബി. പിൽക്കാലത്ത് ചെന്നൈ ആൾവാർപേട്ടിലെ എൽഡാംസ് റോഡിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സർവീസസിലെ ഒരു സ്ഥിരം ഗായികയായി മാറിയ ഷൈല ഈ മിഷനറിക്കുവേണ്ടി ആദ്യം സ്റ്റേജിൽ പാടിയതും ലതയുടെ പാട്ടുകൾ ആണ്. ക്രിസ്ത്യൻ ആർട്സിൽ വന്ന ശേഷമാണ് ഷൈല മേരി ഷൈലയാകുന്നത്. ഷൈലയുടെ ചേച്ചി വിമല 1960കളിൽ തന്നെ സിനിമയിൽ നർത്തകിയായി പ്രവർത്തിച്ചിരുന്നു. മിഷനറിയിലെ സഹപ്രവർത്തകൻ സതീഷിനെയാണ് ഇവർ വിവാഹം ചെയ്തത്. സുകന്യ, സഞ്ജന, ശരണ്യ എന്നിവർ മക്കളാണ്.[1][2]

ചലച്ചിത്രഗാനരംഗത്ത്‌

[തിരുത്തുക]

ക്രിസ്ത്യൻ ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സർവീസസ് സിനിമാ നിർമ്മാണ മേഖലയിലേക്ക് കാറ്റുവിതച്ചവനിലൂടെ ആദ്യമായി തുടക്കം കുറിച്ചപ്പോൾ മേരിക്കും അതിൽ പാടാൻ അവസരം ലഭിച്ചു. പക്ഷെ, മലയാളം അത്ര വശമില്ലാതിരുന്ന മേരിക്ക് പൂവച്ചൽ ഖാദർ എഴുതി പീറ്റർ-റൂബൻ എന്നിവർ ചിട്ടപ്പെടുത്തിയ ഈ ഗാനം പഠിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, മേരിയെക്കൊണ്ട് ഈ സിനിമയിൽ പാടിക്കണം എന്നുള്ള ഈ സിനിമയുടെ സംവിധായകനായ സുവിയുടെ നിർബന്ധബുദ്ധിയും ഗായകൻ ജെ.എം രാജുവിന്റേയും പൂവച്ചൽ ഖാദറിന്റെയും സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ജെ.സി. ജോർജ്ജിന്റെയും സഹകരണങ്ങളും മേരിക്ക് തുണയായെത്തി. ഇവർ മൂന്നുപ്പേരും കൂടി രണ്ടുദിവസം മുഴുവൻ എടുത്താണ് മേരിയെ ഈ ഗാനത്തിന്റെ മലയാളം ഉച്ചാരണം പഠിപ്പിച്ചത്. തുടർന്ന്, സിനിമ പുറത്തിറങ്ങിയപ്പോൾ സിനിമയേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഇവർ പാടിയ ഈ ഗാനമായിരുന്നു. ഈ ഗാനത്തിലെ "നീയെന്റെ പ്രാർത്ഥന കേട്ടു... നീയെന്റെ മാനസം കണ്ടു..." എന്നീ വരികൾ ഇന്നും പോപ്പുലറാണ്. എന്നാൽ, ഈ ഒരു ഗാനത്തോടുകൂടി സിനിമാരംഗം വിട്ട ഇവർ 1970കളുടെ അവസാനത്തോടെ മിഷനറിയിലെ സഹപ്രവർത്തകൻ സതീഷിനെ വിവാഹം ചെയ്തതോടുകൂടി ഒരു അജ്ഞാത വാസത്തിലേക്ക് കടക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു. പിന്നീട്, ദീർഘകാലം ഇവരെക്കുറിച്ച് ആർക്കും ഒരറിവും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം മേരിയുടെ മകൾ സഞ്ജന യൂട്യൂബിൽ ഉള്ള അമ്മയുടെ പാട്ടിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിൽ നിന്ന് ഉണ്ടായ ഒരു കമന്റാണ് ഇപ്പോൾ ഈ ഗായികയെ കണ്ടെത്താൻ സഹായിച്ചത്.[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "'കാണാതായ' ആ സൂപ്പർ ഹിറ്റ് ഗായിക ഇതാ ഇവിടെ". Mathrubhumi. 2 മാർച്ച് 2018. Archived from the original on 2018-03-04. Retrieved 2018-03-03.
  2. 2.0 2.1 "ദൈവം ഷൈലയുടെ പ്രാർഥന കേട്ടു, ഖാദറിന്റെ മാനസം കണ്ടു". Mathrubhumi. 24 ഡിസംബർ 2017. Archived from the original on 2018-03-03. Retrieved 2018-03-03.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേരി_ഷൈല&oldid=3807410" എന്ന താളിൽനിന്ന് ശേഖരിച്ചത്