Jump to content

മോയിൻകുട്ടി വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊണ്ടോട്ടിയിലെ മോയിൻകുട്ടിവൈദ്യാർ സ്മാരക മന്ദിരം
മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലെ പഠനകേന്ദ്രം

മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ വ്യക്തിയാണ് മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ . (ജീവിത കാലയളവ് കൃസ്തു വർഷം 1852–1892). മലയാളം കലർന്ന തമിഴ് , മലയാളം കലർന്ന സംസ്കൃതം , അറബി എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു്കള്ക്ക് രൂപം നൽകിയത് .ഇരുപതാമത്തെ വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചതു്. അജ്മീറിലെ രാജാവായ മഹ്സിന്റെ മകൾ ഹുസ്നുൽ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും പ്രണയം കൽപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചതു്. പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും ജിന്നിന്റെ പരസ്‌പരപ്രവർത്തനങ്ങളുമൊക്കെ കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജീവിത രേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ കൊ​ണ്ടോട്ടിക്കടുത്തു് ഓട്ടുപാറയിൽ ഉണ്ണി മമ്മദ് കുഞ്ഞാമിന ദമ്പതികളുടെ മകനായാണ് മോയിൻകുട്ടി ജനിച്ചത്[1]. ഉണ്ണിമുഹമ്മദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്റയുടെ 27-ാമത്തെ ഇശൽ മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി ആയുർവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ്, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40-ാം വയസ്സിൽ)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ, മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്ന പേരിലൊരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.[2]

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിൻ കുട്ടി വൈദ്യർ. ചടുലമായ പദപ്രയോഗങ്ങൾ കൊണ്ട് ഇശൽ പാട്ടുകളെ മാസ്മരിക പാതയിൽ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തിൽ എഴുതിയ ഗാനങ്ങൾ ബിട്ടിഷ് അധികാരികൾ പലപ്പോഴും പിടിച്ചെടുത്തിരുന്നു.

ഓട്ടുപാറ വിട്ടിൽ ഉണ്ണിമമ്മദ് വൈദ്യയാർ-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1852-ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ആണ്‌ വൈദ്യർ ജനിച്ചത്‌. വൈദ്യചികിൽസാ കുടുംബത്തിൽ അംഗമായ മോയിൻകുട്ടിയെ ഒരു ചികിൽസകനാകാനായിരുന്നു പിതാവ് ഉണ്ണിമമ്മദ് വൈദ്യരുടെ തിരുമാനം എന്നാൽ തന്റെ ജീവിതം ഇശലുകളുടെ ലോകത്തിന് സമർപ്പിക്കാനായിരുന്നു വൈദ്യർക്ക് താൽപര്യം. അറബി, ഇംഗ്ലീഷ്, പാർഷി, തമിഴ്, സംസ്കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ ചെറുപ്രായത്തിൽ തന്നെ വശത്താക്കി. വിവിധ ഭാഷകളിൽ ഉള്ള പ്രാവിണ്യവും സർഗവൈഭവവും കൊണ്ട് സങ്കര പദപ്രയോഗങ്ങൾ അണിയിച്ച് ഒരുക്കി ഇശലുകളുടെ ലോകത്ത് തന്റെ സ്വന്തം ഇടം പടുത്തുയർത്തി. അത് ഒരു മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയ വട്ടങ്ങളായിരുന്നു.

മാപ്പിളപാട്ട് ഗാന ശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകൾ നൽകിയ കവിയാണ് വൈദ്യർ.[3] വളരെ അധികം കലാസൃഷ്ടികൾ മലയാളിക്ക് വൈദ്യർ സമ്മാനിച്ചിട്ടുണ്ട്. നാൽപ്പത് വയസ്സുവരെ മാത്രമാണ് വൈദ്യർ ജിവിച്ചത്. ബദറുൽമുനീർ ഹുസ്നുൽജമാൽ, ബദർകിസ്സപ്പാട്ട്, സലസീൽ, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്ട്, തീവണ്ടി ചിന്ത്‌, സലിഖത്ത്, മുല്ലപ്പു ചോലയിൽ, കറാമത്ത് മാല, തുടങ്ങിയ ധാരാളം കലാ സൃഷ്ടികൾ വൈദ്യരുടെ തുലികയിൽ വിരിഞ്ഞിട്ടുണ്ട്.

തൻറെ ഇരുപതാമത്തെ വയസിലാണ് അദ്ദേഹം അതിപ്രശസ്തമായ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ എഴുതിയത്. പ്രണയം പ്രമേയമായി മാപ്പിളപ്പാട്ടുകൾ വന്നുതുടങ്ങിയത് ഈ കൃതിയോടെയാണ്. ഒരു പേർഷ്യൻ പ്രണയകഥയാണ് ഈ കാവ്യത്തിന് അവലംബം. പിതാവിനെ ധിക്കരിച്ച് കാമുകനെ വരിക്കാൻ ധൈര്യപ്പെടുന്ന കാമുകിയുടെ കഥയാണിത്. ഹിന്ദ് രാജ്യത്തെ മഹാസീൻ രാജാവിൻറെ മകളായ ഹുസ്നുൽ ജമാലും മന്ത്രിയായ മസാമീരിൻറെ മകൻ ബദറുൽ മുനീറും തമ്മിൽ ബദ്ധാനുരാഗത്തിലാകുന്നു. ഇതിൽ അസൂയാലുക്കളായ ജിന്നുകളും മനുഷ്യരുമായ കഥാപാത്രങ്ങൾ ഇവരുടെ പ്രണയത്തിന് വിലങ്ങുതടികൾ സൃഷ്ഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന കമിതാക്കൾ ഒടുവിൽ നല്ലവരായ ചില ജിന്നുകളുടെ സഹായത്തോടെ ഒന്നാവുന്നു.

മോയിൻകുട്ടി വൈദ്യർ അറബിമലയാളത്തിൽ എഴുതിയ ഈ പാട്ടുകാവ്യത്തിൻറെ ശീലുകളിൽ പലതും പിന്നീട് മധുരമൂറുന്ന ഗാനങ്ങളായി മാറിയിട്ടുണ്ട്. മലയാള സിനിമയിലും ഇത്തരം ഗാനങ്ങൾ കാണാം. ഈ ഗാനങ്ങളിൽ പലതും പിന്നീട് ഒപ്പനപ്പാട്ടുകളായും ഉപയോഗിക്കപ്പെട്ടു. പിന്നീടുവന്ന മാപ്പിളപ്പാട്ടുകളിൽ പലതും ഈ പാട്ടുകാവ്യത്തിൻറെ ചുവടുപിടിച്ച്. എഴുതപ്പെട്ടവയാണ്. മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിൻറെ നാലാം ഇശൽപൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി.. എന്നു തുടങ്ങുന്ന ഗാനം ഇക്കൂട്ടത്തിൽ വളരെ പ്രശ്സതമാണ്.

മോയിൻകുട്ടി അവസാനം എഴുതിയത് ഹിജ്റ എന്ന കൃതിയാണ്. 26 പാട്ടുകൾ മാത്രമാണ് വൈദ്യർക്ക് ഹിജ്റയിൽ എഴുതാൻ സാധിച്ചത്. രോഗബാധിതനായ വൈദ്യർ 1892-ൽ ലോകത്തോട് വിടപറഞ്ഞു. അവസാനം ഹിജ്റ പൂർത്തികരിച്ചത് പിതാവ് ഉണ്ണി മമ്മദ് വൈദ്യർ ആയിരുന്നു.

കൃതികൾ

[തിരുത്തുക]
  • ബദർ പടപ്പാട്ട്
  • ബദറുൽ മുനീർ ഹുസ്നുൽ ജമാൽ
  • എലിപ്പട (പഞ്ചതന്ത്രം കഥയെ ആസ്പദമാക്കി എഴുതിയതു്)
  • ഒട്ടകത്തിന്റെയും മാനിന്റെയും കഥ
  • സലാസീൽ
  • ബൈത്തില്ല
  • ഹിജ്റ
  • കിളത്തിമാല
  • സ്വലീഖത്ത്
  • ഉഹദ് പടപ്പാട്ടു്
  • മുല്ലപ്പുഞ്ചോലയിൽ
  • തീവണ്ടിച്ചിന്ത്
  • കറാമത്ത് മാല

അവലംബം

[തിരുത്തുക]
  1. "മഹാകവി മോയിൻകുട്ടി വൈദ്യർ – Mahakavi Moyinkutty Vaidyar Mappila Kala Academy". Archived from the original on 2021-01-21. Retrieved 2021-01-21. {{cite web}}: |archive-date= / |archive-url= timestamp mismatch; 2020-10-28 suggested (help)
  2. [1]|prd.kerala.gov.in
  3. [2] Archived 2020-10-28 at the Wayback Machine.| കൃതികൾ-http://mappilakalaacademy.org
"https://ml.wikipedia.org/w/index.php?title=മോയിൻകുട്ടി_വൈദ്യർ&oldid=4112943" എന്ന താളിൽനിന്ന് ശേഖരിച്ചത്