റബ്ബി ബെഞ്ചമിൻ
റബ്ബി ബെഞ്ചമിൻ (ബെഞ്ചമിൻ ഓഫ് റ്റുഡേല )
[തിരുത്തുക]റബ്ബി ബെഞ്ചമിൻ 12-ആം നൂറ്റാണ്ടിലെ ജൂതസഞ്ചാരിയായിരുന്നു. ബെഞ്ചമിൻ ഓഫ് ജോനാഹ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഗണ്ഡങ്ങൾ അദ്ദേഹം സന്ദർശിച്ചു. ബെഞ്ചമിന്റെ വിവരണങ്ങൾ മാർക്കോ പോളോ പോലെയുള്ള സഞ്ചാരികൾക്ക് സഹായകമായിട്ടുണ്ട്. ബെഞ്ചമിൻ റ്റുഡേല ഇന്ത്യയിൽ കേരളമടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷജ്ഞാനവും ഉയർന്ന അറിവും മൂലം ജൂതചരിത്രത്തിലും മധ്യകാല ഭൂമിശാസ്ത്രത്തിലും അദ്ദേഹം പ്രധാന വ്യക്തിത്വമായിത്തീർന്നു.
റബ്ബി ബെഞ്ചമിന്റെ വ്യക്തിജീവിതത്തെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങളെ ലഭ്യമായിട്ടുള്ളൂ. നവറ്‍റെ രാജ്യത്തിലെ (Kingdom of Navarre) റ്റുഡേല എന്ന പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതകാലം 12-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു. ജോനാഹ് എന്നായിരുന്നു പിതാവിന്റെ പേര്.സ്പെയിനിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
1167-ൽ ആണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. ഇന്നത്തെ കൊല്ലം പ്രദേശത്തെക്കുറിച്ചു വിശദമായ വിവരം നൽകിയ ആദ്യത്തെ യൂറോപ്യൻ സഞ്ചാരിയാണ് റബ്ബി ബെഞ്ചമിൻ. വേണാട്ടിലെ ആദിത്യവർമ്മയുടെ കാലത്താണ് ഇദ്ദേഹം കൊല്ലം സന്ദർശിച്ചത്. കൊല്ലം ഭാഗത്തു ധാരാളം കച്ചവടക്കാരെ അദ്ദേഹം കണ്ടിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ വിശദമായ ചിത്രം അദ്ദേഹത്തിന്റെ വിവരണങ്ങളിൽ കാണാം. ' വ്യാപാരം ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഇഞ്ചിയും എലവും കറുവപ്പട്ടയുമെല്ലാം ഉൾപ്പെടുമെങ്കിലും പ്രാധാന്യം കുരുമുളകിനായിരുന്നു. രാത്രികാലത്തു വിളക്ക് കത്തിച്ചുവെച്ച് അതിന്റെ വെളിച്ചത്തിലായിരുന്നു കച്ചവടം നടത്തിയിരുന്നത് ' എന്ന് തന്റെ പുസ്തകത്തിൽ അദ്ദേഹം കുറിച്ചു.
കച്ചവടം നടത്തുക മാത്രമല്ല പല ദേശങ്ങളിൽ താമസിക്കുന്ന ജൂതന്മാരുടെ കാര്യങ്ങൾ അറിയുക എന്നതും ബെഞ്ചമിന്റെ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നു. ജൂതവിഭാഗത്തിൽപെട്ട ഇദ്ദേഹം അക്കാലത്തു കേരളത്തിൽ താമസിച്ചിരുന്ന ജൂതന്മാരെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജൂതന്മാരിൽ പലരും വ്യാപാരം നടത്തി നല്ല സമ്പത്തു ഉണ്ടാക്കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ബെഞ്ചമിൻ തന്റെ യാത്ര ആരംഭിച്ചത് സ്പെയിനിലെ സാറഗോസയിൽനിന്നാണ് (zaragoza). പിന്നീട് എബ്രോ (ebro) താഴ് വരയിലേക്കും അവിടെ നിന്ന് സ്പെയിനിലെ തരാഗോന (Taragona), ബാസ്‌ലോന (Barcelona ), ഗിറോണ (girona)യിലേക്കും അദ്ദേഹം യാത്ര ചെയ്തു. ഗ്രീസും കോൺസ്റ്റന്റിനോപിളും കടന്നു ഏഷ്യയിലേക്കും പിന്നീട് സിറിയയും ലെബനനും ഇസ്രായേലിലും യാത്ര ചെയ്ത് ബാഗ്ദാദ് എത്തും മുൻപ് വടക്കേ മെസോപൊട്ടേമിയയിലേക്കും യാത്ര ചെയ്തു.