Jump to content

റോസിന്റെ നിയമാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് വേണ്ടി ഫ്രാൻസിസ് റോസ് തയ്യാറാക്കിയ "മലങ്കര മാർത്തോമാ ശ്ലീഹായുടെ ഇടവകയുടെ കൽപനകൾ" എന്ന രചനയാണ് റോസിന്റെ നിയമാവലി (ഇംഗ്ലീഷ്: Rozian Statutes) എന്ന പേരിൽ അറിയപ്പെടുന്നത്.[1][2][1] പ്രാചീന മലയാള രേഖയായ ഈ ഗ്രന്ഥം ആദ്യമായി അച്ചടിയിലെത്തുന്നത് 1976 ൽ രണ്ടു പ്രാചീന കൃതികൾ എന്ന ഗ്രന്ഥത്തിലാണ്. 1606 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ രൂപതാ നിയമാവലിക്കു കൂനൻ കുരിശു സത്യം വരെ കേരളസഭയിൽ പ്രാബല്യമുണ്ടായിരുന്നു. വത്തിക്കാൻ ഗ്രന്ഥശേഖരത്തിൽ ഇതിന്റെ പകർപ്പു സൂക്ഷിച്ചിട്ടുണ്ട്. 1792 നു മുമ്പ് തന്നെ ഈ പകർപ്പ് റോമിലെത്തിയിരിക്കാമെന്ന് സ്കറിയ സക്കറിയ നിരീക്ഷിക്കുന്നു.[3] 1792 ൽ റോമിലുണ്ടായിരുന്ന കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇതുമുണ്ട്. അങ്കമാലി ദേവാലയം വിലയ്ക്കു വാങ്ങിയ ക‍ർമ്മലീത്ത മിഷണറിമാരായിരിക്കണം ഇതു റോമിലേക്കു കൊണ്ടു പോയത്. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ ക്രമ നമ്പർ MSY 116 Sup. ആയി ഈ കൈയെഴുത്തുഗ്രന്ഥം സൂക്ഷിച്ചിരിക്കുന്നു.[3]

ഭാഷയും ലിപി വ്യവസ്ഥയും

[തിരുത്തുക]

ആര്യ എഴുത്താണ് റോസിന്റെ നിയമാവലിയിൽ ഉപയോഗിച്ചിരിക്കുന്നത്. തമിഴ് ലിപികളുടെ വടിവിൽ മലയാളലിപികൾ എഴുതാനുള്ള ശ്രമം ഈ ഗ്രന്ഥങ്ങളിലുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന ക - ത ഇവയുടെ ലിപികൾക്കു തമിഴ് ലിപികളോടു സാദൃശ്യമുണ്ട്. ഏ. ഓ എന്നിവ ഉപയോഗിക്കേണ്ടുന്ന സ്ഥാനങ്ങളിൽ എ, ഒ എന്നീ ഹ്രസ്വ ചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നു. കെട്ടുപുള്ളികൾ (േ, ൊ) ഉപയോഗിച്ചു കാണുന്നില്ല. ഉദാ: തെറി - തേറി, കെട്ടു - കേട്ടു, പൊക, പോക, ലൊകം - ലോകം. "ഇത" (ഇത്), 'കണ്ട്'(കണ്ട്) എന്നിങ്ങനെ അകാര ചിഹ്നം കൊണ്ട് സംവൃതോകാരം രേഖപ്പെടുത്തുന്ന രീതിയാണ് ഈ ഗ്രന്ഥത്തിൽ. "അതു" (അത്) പോലെ ഉകാര ചിഹ്നവും ഉപയോഗിച്ചു കാണുന്നു. ലിപി പരമായി ധാരാളം സവിശേഷതകൾ ഉള്ള ഒരു ഗ്രന്ഥമാണിത്.[3]

പുതിയ പതിപ്പ്

[തിരുത്തുക]

ലിപി പരമായ സവിശേഷതകൾ പരമാവധി നില നിറുത്തി 2019 ൽ ഈ ഗ്രന്ഥം പ്രാചീന ഗദ്യ മാതൃകകൾ ഉദയം പേരൂ‍ർ മുതൽ മിലാൻ വരെ എന്ന പേരിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 വടക്കൻ പറവൂരെ കോട്ടക്കാവ് കത്തോലിക്കാ ദേവാലയത്തിന്റെ വെബ്സൈറ്റ്
  2. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന പ്രസിദ്ധീകരണം, സ്കറിയ സക്കറിയ എഴുതിയ ഉപോദ്ഘാതം
  3. 3.0 3.1 3.2 സക്കറിയ, സ്കറിയ (2019). പ്രാചീന ഗദ്യ മാതൃകകൾ. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. pp. 130–131. ISBN 978-93-88992-38-1.
"https://ml.wikipedia.org/w/index.php?title=റോസിന്റെ_നിയമാവലി&oldid=3948407" എന്ന താളിൽനിന്ന് ശേഖരിച്ചത്