ലക്ഷണ
ഒരു വാക്കിന്റെയോ മറ്റൊരു സ്വനസംഘാതത്തിന്റെയോ വാച്യാർഥത്തെത്തുടർന്ന് സന്ദർഭാനുഗുണമായ മറ്റൊരർഥം ദ്യോതിപ്പിക്കുന്ന ശബ്ദശക്തിയാണ് ലക്ഷണ. ഭാരതീയ വൈയാകരണന്മാരുടെയും ആലങ്കാരികന്മാരുടെയും അഭിപ്രായത്തിൽ അർഥബോധത്തിനു കാരണമായ മൂന്നിനം ശബ്ദവ്യാപാരങ്ങളിൽ ഒന്നാണ് ലക്ഷണ. ഭാരതീയാർഥവിജ്ഞാനമനുസരിച്ച്, വാച്യാർഥം അഥവാ രൂഢാർഥം വെളിപ്പെടുത്തുന്ന 'അഭിധ', ലാക്ഷണികാർഥം ദ്യോതിപ്പിക്കുന്ന 'ലക്ഷണ', വ്യംഗ്യാർഥം അഭിവ്യഞ്ജിപ്പിക്കുന്ന 'വ്യഞ്ജന' എന്നീ മൂന്ന് ശബ്ദവ്യാപാരങ്ങളാണുള്ളത്. ലക്ഷണാവ്യാപാരവും വ്യഞ്ജനാവ്യാപാരവും ശബ്ദത്തിന് വാച്യാതീതമായ അർഥദ്യോതനശേഷിയും സൗകുമാര്യവും നൽകുന്നു.
ലക്ഷണാവ്യാപാരം
[തിരുത്തുക]ഭാഷയിലെ എല്ലാ ശബ്ദങ്ങൾക്കും പ്രകരണം മുതലായ നിയമങ്ങൾക്കും വിധേയമായി സങ്കേതസിദ്ധവും യുക്തിസഹവുമായ വാച്യാർഥത്തെ പ്രകാശിപ്പിക്കുന്നതിനുള്ള അന്തഃശക്തിയാണ് അഭിധ. ഇതിൽ സൂച്യസൂചകബന്ധം അനായാസവും ഋജുവുമാണ്. ഒരു പദത്തിന്റെ നിയതമായ അർഥത്തെ സ്വീകരിച്ചുലഭിക്കുന്ന അർഥമാണ് അഭിധ. കാവ്യഭിന്നമായ വ്യവഹാരങ്ങളിലെല്ലാം വാച്യാർഥത്തെ അനാവരണം ചെയ്യുന്ന വ്യാപാരമാണിത്. ചിലപ്പോൾ വക്താവ് പ്രത്യേകമായ ചില ഉദ്ദേശ്യങ്ങൾ മുൻനിർത്തി വാക്കിനെ വാച്യാർഥത്തിൽനിന്ന് വ്യതിചലിപ്പിക്കുകയും അയുക്തികമായ ഒരു ഭാഷാഘടന രൂപപ്പെടുത്തുകയും ചെയ്യും. മുഖ്യാർഥത്തെ ചെറുത്തു നിൽക്കുന്ന ഈ ഭാഷാരൂപം അപരിചിതത്വംകൊണ്ട് ശ്രോതാവിനു കൗതുകകരവും ഭ്രാന്തിജനകവുമാകും. അവിടെ വാക്കും വാച്യാർഥവും വിഘടിച്ചുനിൽക്കുകയും അവയ്ക്കിടയിൽ ഒരു വിടവു ദൃശ്യമാവുകയും ചെയ്യും. ഇങ്ങനെ അയുക്തികതകൊണ്ട് ബാധിതാർഥകമായി അപരിചിതമായിത്തീരുന്ന ശബ്ദത്തെ നിരസിച്ച് തത്സ്ഥാനത്ത് മറ്റൊരു ശബ്ദം സങ്കല്പിച്ച് യുക്തിഭദ്രമായ ഒരു പരിചിതാർഥം കണ്ടെത്തുവാൻ ശ്രോതാവിനു ശ്രമിക്കേണ്ടതായി വരും. ശബ്ദമാണ് ഈ ശ്രമത്തിനു ഹേതുവെന്നതുകൊണ്ട് അതിനെ ശബ്ദത്തിന്റെ വ്യാപാരമെന്നു പറയുന്നു. ഈ വ്യാപാരമാണ് ലക്ഷണ. ലക്ഷണാവ്യാപാരത്തിന്റെ ഫലമായി യുക്തിസഹമായ ഒരർഥം പ്രതീതമാകും. ഇതാണ് ലക്ഷ്യാർഥം.
ഉദാഹരണമായി 'ഗംഗയിലെ കുടിൽ' എന്ന ഒരു കാവ്യപ്രയോഗം പരിഗണിക്കാം. 'ഗംഗയിലെ കുടിൽ' എന്ന പ്രയോഗത്തെ ലക്ഷണാവ്യാപാരം മുഖേന അർഥം ലഭിക്കേണ്ട ഒരു പ്രയോഗമായി ആലങ്കാരികന്മാർ അവതരിപ്പിക്കുന്നു. ഗംഗയിൽ കുടിൽ അസംഗതമാവുകയും ഗംഗാതീരത്തെ കുടിൽ എന്നാണ് ലക്ഷ്യമെന്നറിയുകയും ചെയ്യുന്നു. ഇത് ലാക്ഷണികാർഥമാണ്.
ഗംഗാതീരത്തെ കുടിൽ എന്നു പറയാതെ ഗംഗയിലെ കുടിൽ എന്നു പറഞ്ഞത് അവിടത്തെ ശീതളിമ, പാവനത്വം തുടങ്ങിയവ വ്യഞ്ജിപ്പിക്കുന്നതിനാണെങ്കിൽ വ്യംഗ്യാർഥമായി ഇതുകൂടി ലഭിക്കുന്നു. വാച്യമായി പറയാതെ ഒരു ആശയം വ്യഞ്ജനാവ്യാപാരംവഴി ലഭിക്കുന്നതിന് ഉദാഹരണമാണിത്.
ചുരുക്കത്തിൽ, വാക്കുകൾ നേരിട്ട് അർഥം നൽകാതെ വരുമ്പോൾ ലഭിക്കുന്നതാണ് ലക്ഷണയിലൂടെയുള്ള ലക്ഷ്യാർഥം. അതായത്, അഭിധവഴിയുള്ള വാച്യാർഥത്തിനു തടസ്സം വരുമ്പോൾ പിന്നെ നമുക്ക് ലഭിക്കുന്നത് ലക്ഷ്യാർഥമാണ്.
ലക്ഷണകൾ
[തിരുത്തുക]സവിശേഷമായ ചില അർഥച്ഛായകളെ ശ്രോതാവിന്റെ ശ്രദ്ധയിലേക്ക് പുരഃക്ഷേപിക്കാനുള്ള ഒരു തന്ത്രമാണ് ലക്ഷണ. കാവ്യങ്ങളിൽ ലക്ഷണാവ്യാപാരം വളരെയധികം ദൃശ്യമാണ്. ബാധിതാർഥകമായ ശബ്ദത്തിൽനിന്ന് പിൻതിരിഞ്ഞ് ശ്രോതാവ് മറ്റൊരർഥം അന്വേഷിക്കുമ്പോൾ പ്രയുക്തശബ്ദത്തോട് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ഒരർഥമണ്ഡലത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുന്നത്. സാദൃശ്യം, സംയോഗം, സമവായം, വൈപരീത്യം, ക്രിയായോഗം എന്നിങ്ങനെ അഞ്ചു സംബന്ധങ്ങൾ പ്രാചീനർ നിർദ്ദേശിച്ചിട്ടുണ്ട്.
ഗൗണി
[തിരുത്തുക]സാദൃശ്യാസ്പദമായ ലക്ഷണയാണ് ഗൗണി. ഉപമ, രൂപകം മുതലായ സാമ്യമൂലാലങ്കാരങ്ങൾ ഗൗണീലക്ഷണയുടെ രൂപഭേദങ്ങളാണ്.
ശുദ്ധ
[തിരുത്തുക]മറ്റു ബന്ധങ്ങളെ ആസ്പദമാക്കിയുള്ളത് ശുദ്ധ. അപ്രസ്തുതപ്രശംസാലങ്കാരം ശുദ്ധലക്ഷണയുടെ രൂപഭേദങ്ങളിലൊന്നാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധ്വനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |