ലാൽ സിംഗ് ഛദ്ദ
ലാൽ സിംഗ് ഛദ്ദ | |
---|---|
സംവിധാനം | അദ്വൈത് ചന്ദൻ |
നിർമ്മാണം | |
സ്റ്റുഡിയോ | |
വിതരണം | വിയാകോം18 സ്റ്റുഡിയോസ് (ഉത്തരേന്ത്യ) റെഡ് ജയന്റ് മൂവീസ് (തമിഴ്‌നാട്) ഗീത ആർട്ട്സ് (തെലങ്കാന) പാരമൗണ്ട് പിക്ചേഴ്സ് (വിദേശം) |
ദൈർഘ്യം | 159 minutes[1] |
രാജ്യം | India |
ഭാഷ | Hindi |
ഹിന്ദി ഭാഷയിൽ 2022-ൽ പുറത്തിറങ്ങിയ ഒരു ചലചിത്രമാണ് ലാൽ സിംഗ് ഛദ്ദ. അതുൽ കുൽക്കർണി രചനയും അദ്വൈത് ചന്ദൻ സംവിധാനവും ചെയ്ത ചിത്രത്തിൽ ആമിർ ഖാൻ, കരീന കപൂർ ഖാൻ, നാഗചൈതന്യ, മോന സിങ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു[2]. പാരാമൌണ്ട് പിക്ചേഴ്സ്, ആമിർ ഖാൻ പ്രൊഡക്ഷൻസ്, വയാകോം 18 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിൻസ്റ്റൺ ഗ്രൂമിന്റെ ഫോറസ്റ്റ് ഗമ്പ് എന്ന നോവലിനെ ആധാരമാക്കി 1994-ൽ അതേ പേരിൽ പുറത്തിറങ്ങിയ ചലചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ ചിത്രം[3][4].
ഇരുപതോള വർഷങ്ങൾ ചെലവിട്ടാണ് അതുൽ കുൽക്കർണി തിരക്കഥാരചനയും റീമേക്ക് റൈറ്റുകളും നേടിയെടുക്കലും നടത്തിയത്[5]. 2018-ൽ രാധിക ചൗധരി എന്ന ചലചിത്രപ്രവർത്തകയുടെ സഹകരണത്തോടെ ചിത്രം ആമിർ ഖാൻ ഏറ്റെടുക്കുകയായിരുന്നു. 2019 മാർച്ച് 14-ന് ചിത്രവും പേരും പ്രഖ്യാപിക്കപ്പെട്ടു[6]. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് ഈണം നൽകിയത് പ്രീതം ചക്രവർത്തി, തനൂജ് ടിക്കു എന്നിവരാണ്[7].
നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടന്നത്[8]. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയ ചിത്രീകരണം 2021 സെപ്റ്റംബറിൽ പൂർത്തിയായി[9]. തിയേറ്റർ റിലീസ് 2022 ഓഗസ്റ്റ് 11-ന് നടന്നു[10]. ഉറവിടത്തോടുള്ള പൊരുത്തം, പുതിയ പശ്ചാത്തലത്തിലേക്കുള്ള മാറ്റങ്ങൾ, സംഗീതം, പശ്ചാത്തല സംഗീതം തുടങ്ങിയവയെല്ലാം പ്രശംസിക്കപ്പെട്ടപ്പോഴും അഭിനയം പൊതുവെ നിരൂപണവിധേയമായി. തിയേറ്റർ റിലീസിൽ കിട്ടിയ കളക്ഷൻ നിർമ്മാണച്ചെലവിനെ കവച്ചുവെക്കുന്നതായിരുന്നില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യപ്പെട്ടതോടെ വലിയ മുന്നേറ്റം ചിത്രം കാഴ്ചവെച്ചിരുന്നു.
കഥ
[തിരുത്തുക]ലാൽ സിംഗ് ഛദ്ദ എന്ന സിഖുകാരൻ നടത്തുന്ന തീവണ്ടിയാത്രക്കിടയിലായി തന്റെ ജീവിതകഥ വിവരിക്കുന്നതാണ് ചിത്രത്തിന്റെ തന്തു. ബുദ്ധിപരവും ശാരീരികവുമായ പരിമിതികൾ നേരിട്ട കുട്ടിക്കാലത്താണ് രൂപ ഡിസൂസ എന്ന കളിക്കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. അക്കാലത്ത് ലെഗ് ബ്രേസുകൾ ധരിച്ച് സ്കൂളിലെത്തുന്ന ലാലിനെ സഹപാഠികളിൽ ചിലർ കല്ലെടുത്തെറിയുമ്പോൾ ഓടിത്തുടങ്ങുന്നു. ഇതോടെ ലെഗ് ബ്രേസുകൾ ഊരിപ്പോവുകയും അവയുടെ സഹായമില്ലാതെ തന്നെ ഓടാൻ സാധിക്കുമെന്ന് അവൻ തിരിച്ചറിയുകയും ചെയ്യുന്നു. അക്കാലത്തെ സിഖ്-വിരുദ്ധ കലാപത്തിൽ നിന്ന് രക്ഷപ്പെടാനായി ലാലിന്റെ മുടി അമ്മ മുറിക്കുകയും, തലപ്പാവ് ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. രൂപയുടെ വീട്ടിലെ കുടുംബതർക്കങ്ങളെ തുടർന്ന് ലാലിന്റെ വീട്ടുജോലിക്കാരിയായിരുന്ന അവളുടെ മുത്തശ്ശിയുടെ കൂടെയായി താമസം. ഇത് അവരുടെ സൗഹൃദത്തെ കൂടുതൽ വളർത്തി.
പിന്നീട് വിവിധങ്ങളായ രാഷ്ട്രീയ കാലുഷ്യങ്ങളിലൂടെ കടന്നുപോവുന്ന ലാലിന്റെയും രൂപയുടെയും ജീവിതവും കഥയിലൂടെ മുന്നോട്ട് നീങ്ങുന്നു. ലാൽ സ്പോർട്ട്സിൽ മുന്നോട്ടുപോകുമ്പോൾ രൂപ മോഡലിങ് രംഗത്ത് നിന്നും പ്രശസ്തി കാംക്ഷിക്കുന്നു. അവർ അതിനായി മുംബൈയിലേക്ക് പോകുന്നു.
പഠനശേഷം, സൈന്യത്തിൽ ചേർന്ന ലാൽ, പരിശീലനത്തിനിടെ ബാല എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. സൈന്യത്തിൻ നിന്ന് പിരിഞ്ഞാൽ ഒരുമിച്ച് ഒരു അടിവസ്ത്ര നിർമ്മാണ സംരംഭം തുടങ്ങണമെന്ന ബാലയുടെ സ്വപ്നത്തിൽ ലാൽ കൂടി പങ്കുചേരുന്നുണ്ട്.
1999-ലെ കാർഗിൽ യുദ്ധത്തിൽ ലാലും ബാലയും പങ്കാളികളായിരുന്നു. സംഘർഷത്തിനിടയിൽ പരിക്കേറ്റ അഞ്ച് സൈനികരെ രക്ഷപ്പെടുത്താൻ ലാലിന് കഴിഞ്ഞെങ്കിലും ബാലയുടെ ജീവൻ രക്ഷിക്കാൻ ലാലിന് സാധിച്ചില്ല. അബദ്ധത്തിൽ ഒരു നുഴഞ്ഞുകയറ്റക്കാരനെ (മുഹമ്മദ് പാജി) കൂടി ലാൽ രക്ഷപ്പെടുത്തുന്നുണ്ട്. അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ലാൽ സിംഗ് ഛദ്ദയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള പുരസ്കാരമായ വീര ചക്രം ലഭിക്കുന്നുണ്ട്.
ലാൽ രൂപക്ക് സ്ഥിരമായി കത്തുകളയക്കുന്നുണ്ടെങ്കിലും രൂപ അതിനെ കണക്കിലെടുക്കുന്നില്ല.
പ്രശസ്തി തേടി മുംബൈയിലെ മോഡലിങ് രംഗത്തെത്തിയ രൂപ, പക്ഷെ ഒരു നിഗൂഢസംഘത്തിന്റെ വെപ്പാട്ടിയായി മാറുകയായിരുന്നു. ഇത് മനസ്സിലാക്കിയ ലാൽ, രൂപയെ രക്ഷിക്കാൻ ശ്രമിക്കുകയും തന്റെ പ്രണയം തുറന്നുപറയുകയും ചെയ്യുന്നുണ്ട്. എന്നാൽ തന്നെ മറക്കണമെന്ന് ആവശ്യപ്പെടുകയാണ് രൂപ ചെയ്യുന്നത്.
താൻ രക്ഷപ്പെടുത്തിയ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനായിരുന്ന മുഹമ്മദിനെ വഴിയിൽ വെച്ച് ലാൽ കണ്ടുമുട്ടുന്നു. തന്റെ വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് മുംബൈയിൽ താമസിച്ചുവന്ന മുഹമ്മദ് പാജി, തന്റെ തീവ്രനിലപാടുകളിൽ പശ്ചാത്തപിക്കുന്നു.
ബാലയുടെ സ്വപ്നമായിരുന്ന അടിവസ്ത്രനിർമ്മാണ സംരംഭം ആരംഭിക്കുന്നതോടെ മുഹമ്മദ് പാജി കൂടി ലാലിനൊപ്പം ചേരുന്നുണ്ട്. നിലനിൽപ്പ് ഭീഷണിയെല്ലാം മറികടന്ന് കമ്പനി രൂപ എന്ന പേരിലേക്ക് വികസിക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ കൂടി നിക്ഷേപങ്ങൾ അവർ നടത്തുന്നു. മുഹമ്മദ്, തന്റെ സ്വപ്നമായ വിദ്യാലയവുമായി മുന്നോട്ടുപോവാനായി സംരംഭത്തിൽ നിന്ന് വിരമിക്കുന്നു.
അമ്മയുടെ മരണത്തോടെ വീട്ടിലെയും തോട്ടത്തിലെയും പരിചരണങ്ങളുമായി മുന്നോട്ടുനീങ്ങവെ രൂപ ലാലിനെ തേടി എത്തുന്നുണ്ട്. ഒന്നിച്ച് ജീവിച്ചുതുടങ്ങിയതോടെത്തന്നെ അധോലോകവുമായുള്ള ബന്ധം കാരണം പോലീസ് രൂപയെ കൊണ്ടുപോകുന്നു.
ഒറ്റക്കാവുന്ന ലാൽ ഒരുദിവസം ഓടാൻ തുടങ്ങുന്നു. രാജ്യമെമ്പാടും തലങ്ങും വിലങ്ങും ഓടിത്തുടങ്ങിയ അദ്ദേഹത്തിന് പിറകെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം ഓടുന്നുണ്ട്. വർഷങ്ങൾ നീണ്ട ആ ഓട്ടം ഒരു ദിവസം പെട്ടെന്ന് നിർത്തി വീട്ടിലേക്ക് മടങ്ങുന്ന ലാൽ രൂപ എഴുതിയ കത്തുകൾ കൈപ്പറ്റുന്നുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞ രൂപയെ കാണാനായാണ് ലാൽ ഈ ട്രെയിൻ യാത്ര നടത്തുന്നത്.
രൂപയുമായി കണ്ടുമുട്ടുമ്പോൾ അമൻ എന്ന തന്റെ മകനെ ലാൽ കാണുന്നുണ്ട്. ഇങ്ങനെ ഒരു മകൻ തനിക്കുണ്ടെന്ന് ലാൽ അറിഞ്ഞിരുന്നില്ല. വിവാഹം കഴിച്ച് അല്പകാലം കഴിയുന്നതോടെ തന്നെ രോഗബാധിതയായിരുന്ന രൂപ മരണപ്പെടുന്നു. ഇതോടെ മകനെ പരിപാലിക്കുന്ന ലാൽ, തങ്ങൾ പഠിച്ച അതേ സ്കൂളിൽ തന്നെ അവനെ ചേർക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- നായിക് ലാൽ സിംഗ് ഛദ്ദയായി ആമിർ ഖാൻ
- ലാലിന്റെ ചെറുപ്പകാലം അഹമ്മദ് ഇബ്ൻ ഉമർ അവതരിപ്പിക്കുന്നു[11]
- രൂപ ഡിസൂസ ഛദ്ദയായി കരീന കപൂർ ഖാൻ[12]
- രൂപയുടെ ചെറുപ്പകാലം ഹഫ്സ അഷ്റഫ് അവതരിപ്പിക്കുന്നു[13]
- ബാല ആയി നാഗ ചൈതന്യ [14]
- ഗുർപ്രീത് കൌർ ഛദ്ദയായി മോന സിംഗ്
- അമൻ ഛദ്ദയായി റോഹാൻ സിംഗ്
- മുഹമ്മദ് യാക്കൂബ് അഥവാ മുഹമ്മദ് പാജിയായി മാനവ് വിജ്
- ട്രെയിനിൽ ലാലിനു അഭിമുഖമായി ഇരിക്കുന്ന വനിതാ യാത്രക്കാരിയായി ആര്യ ശർമ്മ[15]
- ഷാറൂഖ് ഖാൻ (കാമിയോ റോൾ)
അവലംബം
[തിരുത്തുക]- ↑ "Laal Singh Chaddha". British Board of Film Classification. Archived from the original on 3 August 2022. Retrieved 3 August 2022.
- ↑ "Calling Aamir Khan Before Laal Singh Chaddha Release Might be a Problem. Here's Why". Archived from the original on 11 February 2021. Retrieved 20 February 2021.
- ↑ "Laal Singh Chaddha: How Aamir Khan adapted Forrest Gump to Bollywood". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2022-08-09. Archived from the original on 16 March 2023. Retrieved 2023-03-16.
- ↑ "Breaking! Aamir Khan starrer Laal Singh Chaddha to release on Christmas 2020". Bollywood Hungama. 4 May 2019. Archived from the original on 1 October 2019. Retrieved 16 September 2019.
- ↑ "Exclusive: Atul Kulkarni says he wrote the script of Laal Singh Chaddha 10 years back; says Aamir Khan did not believe he wrote a good script". Bollywood Hungama. 2 August 2020. Archived from the original on 27 January 2021. Retrieved 13 December 2020.
- ↑ "Mark the date... Aamir Khan's new film #LaalSinghChaddha to release on #Christmas 2020... Stars Aamir in title role... Directed by Advait Chandan... Written by Atul Kulkarni... #Viacom18Movies". Archived from the original on 22 September 2022. Retrieved 16 September 2019.
- ↑ "Pritam to compose for Aamir Khan's Laal Singh Chaddha". Cinema Express. 19 August 2019. Archived from the original on 26 November 2020. Retrieved 15 December 2020.
- ↑ "As Aamir Khan begins shooting for Laal Singh Chaddha, his mother gives Muhurat clap". Deccan Chronicle. 1 November 2019. Archived from the original on 3 November 2019. Retrieved 4 November 2019.
- ↑ "Aamir Khan's Laal Singh Chaddha goes on floors as actor's mom gives clap for mahurat shot". Timesnownews.com. 1 November 2019. Archived from the original on 4 November 2019. Retrieved 4 November 2019.
- ↑ "Aamir Khan's 'Laal Singh Chaddha' to clash with Akshay Kumar's 'Raksha Bandhan' on August 14 - Times of India". The Times of India. Archived from the original on 15 February 2022. Retrieved 15 February 2022.
- ↑ "Gippy Grewal's son refuses to play the role of young laal in Aamir Khan's Laal Singh Chaddha". Hindustan Times. 8 August 2022. Archived from the original on 9 August 2022. Retrieved 9 August 2022.
- ↑ "Confirmed Kareena Kapoor Khan reunites with Aamir Khan". Bollywood Hungama. 21 June 2019. Archived from the original on 22 June 2019. Retrieved 15 September 2019.
- ↑ "Laal Singh Chaddha review: Aamir Khan's remake of Forrest Gump is just average fare". cinestaan.com. 13 August 2022. Archived from the original on 22 September 2022. Retrieved 18 August 2022.
- ↑ "Naga Chaitanya makes Bollywood debut, joins cast of Aamir Khan's Laal Singh Chaddha". The New Indian Express. 4 May 2021. Archived from the original on 4 May 2021. Retrieved 4 May 2021.
- ↑ "Mere Dad Ki Dulhan actress Aaryaa Sharma to make her Bollywood debut in Laal Singh Chaddha". Times Of India. 13 October 2021. Archived from the original on 13 October 2021. Retrieved 13 October 2021.