ഉള്ളടക്കത്തിലേക്ക് പോവുക

ലിംഗസമത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിംഗ സമത്വം അല്ലെങ്കിൽ ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യമാണ്. ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെ വികസനം, ജനാധിപത്യം, സ്വാതന്ത്ര്യം, തുല്യനീതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ മുൻപിൽ നിൽക്കുന്ന പ്രദേശങ്ങളിൽ ലിംഗ സമത്വം കാണാം.

ലിംഗനീതി എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യമാണ്. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ജൻഡർ ബോധവൽക്കരണത്തിന്റെയും അഭാവം പ്രശ്നം ഗുരുതരമാക്കുന്നു.

സ്ത്രീകളുടെ പദവിയും അധികാരവും ചെറുതായി കാണുന്ന, ലിംഗപദവി അടിസ്ഥാനമാക്കിയുള്ള വേർതിരിവ് പൊതുവെ കേരളത്തിലും വ്യാപകമാണ്. ഇതിന്റെ ഫലമായി സ്ത്രീകൾക്ക് അവരുടെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതികളും, മതപരമായ വിശ്വാസങ്ങളും, സാംസ്ക്കാരിക പ്രവർത്തനങ്ങളും, സ്ത്രീകളുടെ നേർക്കുള്ള ഏകപക്ഷീയമായ നിയന്ത്രണങ്ങളും, പരമ്പരാഗത വിദ്യാഭ്യാസ രീതിയും ഇതിന്റെ പ്രധാന കാരണങ്ങളാണ്. വീടിനകത്തും പുറത്തും കുറഞ്ഞ വരുമാനമുള്ള അല്ലെങ്കിൽ വരുമാനമില്ലാത്ത തൊഴിൽ ചെയ്യേണ്ടി വരുന്നതും, സ്ത്രീകൾക്ക് രാഷ്ട്രീയ അധികാര തുല്യത കുറഞ്ഞതും, പുരുഷമേധാവിത്വ രീതികളും സ്ത്രീകളുടെ അവകാശങ്ങളെ ഗുരുതരമായി ബാധിക്കാറുണ്ട്.

ഇന്ത്യയിൽ എല്ലായിടത്തും പോലെ പൊതുവെ കേരളത്തിലും സ്ത്രീകളിൽ നല്ലൊരു ശതമാനവും ഇപ്പോഴും വീട്ടുജോലികൾ മാത്രം ചെയ്യുന്നവരും എന്നാൽ അവർ തൊഴിൽ ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല എന്നതുമാണ്. വീട്ടുജോലികൾ ചെയ്യുക, കുട്ടികളെ പരിപാലിക്കുക, രോഗികളും ദുർബലരുമായ വൃദ്ധരെ സുശ്രൂഷിക്കുക തുടങ്ങിയ ജോലികൾ പലപ്പോഴും കഠിനമാണ്. എന്നാൽ ഇവ ചെയ്യാൻ മിക്കപ്പോഴും സ്ത്രീകൾ നിർബന്ധിതരാകുന്നു. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതോ ജോലി ചെയ്യുന്നതോ മോശമാണ് എന്നൊരു ചിന്താഗതി സമൂഹത്തിൽ പ്രബലമായിരുന്നു. അക്കാരണത്താൽ സ്ത്രീകൾക്ക് സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലെന്ന് മാത്രമല്ല സാമ്പത്തിക കാര്യങ്ങളിൽ മിക്കപ്പോഴും പുരുഷന്മാരെ ആശ്രയിക്കേണ്ടി വരുന്നു. സ്ത്രീധനം മൂലമുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്. മറുവശത്ത് പുരുഷന്മാർ കുടുംബത്തിന്റെ ബാധ്യതകൾ ഏകപക്ഷീയമായി ശിരസിൽ ഏറ്റേണ്ടി വരുന്നു. ഇത് പലപ്പോഴും പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. തൊഴിൽ ചെയ്യുന്ന ഗ്രാമീണ വനിതകളിൽ നല്ലൊരു ശതമാനം ഇപ്പോഴും കൃഷിയും അനുബന്ധ ജോലികളും ചെയ്യുന്നവരാണ്. തൊഴിൽ ചെയ്യുന്ന ഗ്രാമീണ വനിതകളിൽ വലിയൊരു ശതമാനം സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരും അവകാശവാദങ്ങൾ ഉന്നയിക്കാത്തവരുമാണ്.

ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIA+) വിഭാഗങ്ങളിൽ ട്രാൻസ് ജൻഡർ വ്യക്തികൾ അവകാശങ്ങൾക്ക് വേണ്ടി ചില പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. എന്നാൽ മറ്റ് വിഭാഗങ്ങളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതോ അപമാനിക്കുന്നതോവായ പ്രവണത കാണാം. സമൂഹത്തിലും കുടുംബത്തിലും ഇവർ പൊതുവേ ഒറ്റപ്പെടുന്ന സ്ഥിതി വിശേഷങ്ങൾ നിലനിൽക്കുന്നു. അതിനാൽ ഇത്തരം വ്യക്തികൾ അവരുടെ സത്വം മറച്ചുവെച്ചുകൊണ്ട് ജീവിക്കാനുള്ള സാഹചര്യം ഉടലെടുക്കുന്നു. പൊതുവേ കേരളത്തിലെ പൊതുയിടങ്ങളിൽ ഇത്തരം വ്യക്തികൾ അധികം കാണപ്പെടുന്നില്ല, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ. ഇത്തരം മേഖലയുമായി ബന്ധപെട്ടു പലവിധ പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാകാറുണ്ട്. ഇത് ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും സാമൂഹിക സാമ്പത്തികസ്ഥിതിയെയും ഗുരുതരമായി ബാധിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ലിംഗസമത്വം&oldid=4437046" എന്ന താളിൽനിന്ന് ശേഖരിച്ചത്