വട്ടിപ്പണം
ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങൾക്ക് വേണ്ടി 1808ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ മൂവായിരം വീതം ആകെ ആറായിരം പൂവരാഹൻ നിക്ഷേപിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡൻറ് ആയിരുന്ന കേണൽ മെക്കാളെ ആണ് ഈ നിക്ഷേപം നടത്തിയത്. നിക്ഷേപത്തുകയ്ക്ക് പലിശ 8 ശതമാനം എന്ന നിരക്കിൽ ഇരു വിഭാഗങ്ങളുടെയും സഭാ അധ്യക്ഷന്മാർക്ക് വേറെയായി പലിശ അനുവദിച്ചിരുന്നു. ഇത് വട്ടിപ്പണം എന്നറിയപ്പെടുന്നു. മെക്കാളേ ഈ നിക്ഷേപത്തിന് ആധാരമായ തുക കണ്ടെത്തിയത് എവിടെ നിന്നാണെന്നുള്ളത് ഇന്നും തർക്കവിഷയമാണ്.[1][2]
ചരിത്രം
[തിരുത്തുക]തച്ചിൽ മാത്തുത്തരകൻ എന്ന സുറിയാനി വർത്തക പ്രമാണിയ്ക്ക് സർക്കാർ നൽകാൻ കടപ്പെട്ടിരുന്ന ബാധ്യതയാണ് ഈ പണം എന്ന് കത്തോലിക്കാ എഴുത്തുകാർ രേഖപ്പെടുത്തുന്നു. മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശം ചെറുക്കുന്നതിനുള്ള നീക്കങ്ങൾക്ക് സാമ്പത്തിക സഹായമായി മാത്തൂ തരകൻ തിരുവിതാംകൂർ സർക്കാരിന് കൊടുത്ത വായ്പയാണ് ഈ വിവരണം അനുസരിച്ച് വട്ടിപ്പണത്തിന് ആധാരമായ ആറായിരം പൂവരാഹൻ നിക്ഷേപം. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡൻറ് കോളിൻ മെക്കാളെയുമായും സർക്കാർ അധികാരികളുമായും തരകന് ഉണ്ടായിരുന്ന അകൽച്ച കാരണം അദ്ദേഹത്തിൻറെ ജീവിതകാലത്ത് ഈ പണം തിരിച്ചു കൊടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം മെക്കാളെ സുറിയാനി ക്രിസ്ത്യാനികളിലെ പുത്തൻകൂർ, പഴയകൂർ എന്നീ രണ്ട് വിഭാഗങ്ങൾക്കായി ഈ തുക തുല്യമായി വീതിച്ച് 3000 വീതം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ പലിശയ്ക്ക് നിക്ഷേപിച്ചു.[3] അതേസമയം ചില യാക്കോബായ എഴുത്തുകാരുടെ ഭാഷ്യം അനുസരിച്ച് പുത്തൻകൂറ് വിഭാഗത്തിനുള്ള നിക്ഷേപം മാർത്തോമ ആറാമൻ എന്ന സഭാ അധ്യക്ഷൻ നിക്ഷേപിച്ചത് ആണ്.[4] മറ്റു ചിലർ മാർത്തോമ ഏഴാമനാണ് ഇത് നിക്ഷേപിച്ചത് എന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ മാത്തൂ തരകനെ പറ്റി ഈ വിഷയത്തിൽ ഒന്നും ഈ ഭാഷ്യങ്ങളിൽ പരാമർശിക്കാറില്ല. മാത്രമല്ല കേണൽ മെക്കാളെ ആറായിരം പൂവാരാഹനാണ് നിക്ഷേപിച്ചത് എന്നും അതിൽ ഒരു പകുതി പുത്തൻകൂറിന് എന്നപോലെ പഴയകൂർ വിഭാഗത്തിനും കൊടുത്തിരുന്നു എന്നും ഉള്ള വസ്തുത ഈ ഭാഷ്യങ്ങളിൽ മറച്ചു വെയ്ക്കപ്പെടുന്നു. എന്ത് തന്നെയായാലും പിൽക്കാലത്ത് പുത്തങ്കൂർ വിഭാഗത്തിനിടയിൽ രൂപപ്പെട്ട രൂക്ഷമായ ആഭ്യന്തര തർക്കങ്ങളിലും തുടർന്നുള്ള പിളർപ്പുകളിലും ഈ നിക്ഷേപം വലിയ കുപ്രസിദ്ധി നേടി. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വ്യഹാരങ്ങളാണ് ഒന്നാമത്തെയും, രണ്ടാമത്തെയും വട്ടിപ്പണ കേസുകൾ.[5][6]
കക്ഷികൾ
[തിരുത്തുക]മലബാർ ഉൾപ്പെടെ ഇന്ത്യ മുഴുവന്റെയും ഭരണം ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് 1857 ൽ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതോടെ വട്ടിപ്പണം നൽകാനുള്ള ബാധ്യതയും ബ്രിട്ടീഷ് സർക്കാരിന് വന്നുചേർന്നു. പഴയകൂറുകാരുടെ പേരിൽ വട്ടിപ്പണം സ്വീകരിച്ചിരുന്നത് വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആയിരുന്നു. പുത്തങ്കൂറുകാരുടെ സഭാ അധ്യക്ഷൻ ആയ മലങ്കര മെത്രാപ്പോലീത്തയാണ് അവർക്ക് അനുവദിക്കപ്പെട്ട വട്ടിപ്പണം സ്വീകരിച്ചിരുന്നത്.[1] ബ്രിട്ടീഷ് ഇന്ത്യ സാമ്രാജ്യത്തിന് കീഴിലുള്ള തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളുടെ ഔദ്യോഗിക അംഗീകാരം ഉള്ള സഭാധ്യക്ഷന്മാർക്ക് മാത്രമേ വട്ടിപ്പണത്തിന് അർഹത ഉണ്ടായിരുന്നുള്ളൂ.
വട്ടിപ്പണക്കേസുകൾ
[തിരുത്തുക]പുത്തൻകൂർ സുറിയാനിക്കാർക്ക് ഇടയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങിയ ആഭ്യന്തര തർക്കങ്ങളിൽ വട്ടിപ്പണത്തിന്മേലുള്ള അവകാശം ഒരു പ്രധാന വിഷയം ആയിരുന്നു. ഔദ്യോഗിക സഭ ഏതാണ്, ആരാണ് അതിൻറെ നിയമാനുസൃത തലവൻ എന്നീ അടിസ്ഥാന വിഷയങ്ങളിലുള്ള തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വ്യഹാരങ്ങളാണ് ഒന്നാമത്തെയും, രണ്ടാമത്തെയും വട്ടിപ്പണ കേസുകൾ.[5] മലങ്കര മെത്രാപ്പോലീത്ത മാത്യൂസ് അത്താനാസിയോസിന്റെ പിൻഗാമിയായി 1877ൽ അധികാരമേറ്റ തോമസ് അത്താനാസിയോസും അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് നിയമിച്ച പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് 2ാമനും തമ്മിലുള്ള അധികാര തർക്കമാണ് ഒന്നാം വട്ടിപ്പണക്കേസ് അഥവാ ഒന്നാം സമുദായ കേസ് എന്ന് അറിയപ്പെടുന്നത്. ഈ കേസിലെ വിധി പുലിക്കോട്ടിൽ ദിവനാസിയോസിന് അനുകൂലമായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമിയായി 1911ൽ അധികാരമേറ്റ വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസും അദ്ദേഹത്തിൻറെ കൂട്ട് ട്രസ്റ്റിമാരായ കോര കോറപ്പിസ്കോപ്പ, കുര്യൻ എന്നിവരും തമ്മിൽ ഉടലെടുത്ത അധികാര തർക്കമാണ് രണ്ടാം വട്ടിപ്പണക്കേസിലേക്ക് നയിച്ചത്.[5]
അവലംബം
[തിരുത്തുക]സൂചിക
[തിരുത്തുക]- ↑ 1.0 1.1 Mackenzie (1906), പുറം. 213.
- ↑ Fenwick (2009), പുറം. 311-312.
- ↑ ജോസഫ് (1947), പുറം. 13-15.
- ↑ ഇടവഴിക്കൽ (1908), പുറം. 169-170.
- ↑ 5.0 5.1 5.2 "History of Church Cases at a Glance, Litigation Among the Members of Syrian Christians in Malankara - An Overview, History of Church, Baselios Church Digital Library". Retrieved 2023-09-23.
- ↑ ചെറിയാൻ (2015), പുറം. 58-60.
സ്രോതസ്സുകൾ
[തിരുത്തുക]- Mackenzie, G. T. (1906). History of Christianity in travancore. Travancore State Manual. Vol. 2. p. 213.
- ഇടവഴിക്കൽ, ഫിലിപ്പ് (1908). ഇ. പി., മാത്യു (ed.). The Indian Church of St. Thomas. pp. 169–170.
- ജോസഫ്, എം. ഒ. (1947). മാത്തൂ തരകൻ. ആലപ്പുഴ: കാത്തലിക് പബ്ലിഷിംഗ് ഹൗസ്. pp. 13–15.
- പുലിയുറുമ്പിൽ, ജെയിംസ് (1993). A Period of Jurisdictional Conflict in the Suriani Church of India. pp. 182–196, 262–264.
- Fenwick, John (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India. pp. 311–312.
- ചെറിയാൻ, പുന്നൂസ് (2015). The Malabar Syrians and the Church Missionary Society 1816-1840. pp. 58–60.