ഉള്ളടക്കത്തിലേക്ക് പോവുക

വസീലി സൈറ്റ്സെവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vasily Grigoryevich Zaytsev
Zaytsev in Stalingrad, 1942
Nickname(s)Vasya
Born(1915-03-23)23 മാർച്ച് 1915
Yeleninskoye, Russian Empire
(now Chelyabinsk Oblast)
Died15 ഡിസംബർ 1991(1991-12-15) (പ്രായം 76)
Kyiv, Ukrainian SSR, Soviet Union
Allegiance Soviet Union
Years of service1937–1945
RankCaptain
Battles / warsകിഴക്കൻ യുദ്ധരംഗം (രണ്ടാം ലോക മഹായുദ്ധം)

രണ്ടാം ലോക മഹായുദ്ധകാലത്തെ പ്രസിദ്ധനായ സോവിയറ്റ് സ്നൈപ്പറായിരുന്നു വസീലി ഗ്രിഗോറിയേവിച്ച് സൈറ്റ്സെവ് (Russian: Василий Григорьевич Зайцев; IPA: [vʌˈsʲilʲɪj ɡrʲɪˈɡorʲjevʲɪtɕ ˈzajtsɨf]; 23 March 1915 – 15 December 1991). രണ്ടാം ലോകമഹായുദ്ധകാലത്തെ സ്റ്റാലിൻഗ്രാഡ് ആക്രമണത്തിനിടയിൽ, 1942 നവംബർ 10 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ജെർമൻ സേനയുടെ 225 ഓഫീസർമാരെയും, പട്ടാളക്കാരെയും വസീലി സൈറ്റ്സെവ് കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 11 ശത്രു സ്നൈപ്പർമാരുമുണ്ട്. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ വസീലി സൈറ്റ്സേവിന്റെ ധീരകഥകൾ റഷ്യൻ ചെറുത്തുനിൽപ്പിന് ഒരു പ്രചോദനമായിരുന്നു[1]

എനിമി അറ്റ് ദി ഗേറ്റ്സ് (Enemy at the gates) എന്ന ഹോളിവുഡ് സിനിമയുടെ കഥ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.

ജീവിതരേഖ

[തിരുത്തുക]

വസീലി ചെല്യാബിൻസ്ക് ഒബ്ലാസ്റ്റിലെ യെലനിൻസ്കോയ് എന്ന ഗ്രാമത്തിൽ ജനിച്ചു. കുട്ടിക്കാലം മുതലേ അപ്പൂപ്പനുമൊത്ത് യുരൽ മലകളിൽ മാനിനെയും, ചെന്നായ്ക്കളെയും വേട്ടയാടാൻ പോകുമായിരുന്നു. അന്നുമുതലേ ലക്ഷ്യംതെറ്റാതെ തോക്കുപയോഗിക്കാൻ വസീലി പഠിച്ചു. 22 വയസ്സുള്ളപ്പോൾ (1937) വസീലി സോവിയറ്റ് നാവികസേനയിലെ പസഫിക് ഫ്ലീറ്റിലെ ആർട്ടിലറി ഡിവിഷനിൽ ഗുമസ്തനായി ചേർന്നു. മിലിട്ടറി ബിസിനസ്സ് സ്കൂളിൽ നിന്ന് തുടർ പരിശീലനം നേടിയ വസീലിയെ റഷ്യയുടെ കിഴക്കൻ അതിർത്തി (ജപ്പാൻ കടൽ) പ്രദേശത്തുള്ള ഒരു നേവൽ ബേസിൽ ഫൈനാൻസ് വകുപ്പിന്റെ തലവനായി നിയമിച്ചു. ഇതിനിടെ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ ജർമ്മനിയുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ട് വരികയായിരുന്നു. 1942 ആയതോടെ യുദ്ധമുഖത്തേയ്ക്ക് സ്ഥലം മാറ്റം അപേക്ഷിച്ച് കൊണ്ട് വസീലി അഞ്ച് അപേക്ഷകൾ കൊടുത്തിരുന്നു. വസീലിയുടെ അഞ്ചാമത്തെ അപേക്ഷ ഫലം കണ്ടു 1942 സെപ്റ്റ്ംബർ മാസത്തിൽ വസീലിയ്ക്ക് സ്റ്റാലിൻഗ്രാഡിലെ ഒരു കരസേന യൂണിറ്റിലേയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചു കിട്ടി. അങ്ങനെ വസീലിയും തന്റെ യൂണിറ്റിനൊപ്പം വോൾഗ നദി മുറിച്ചു കടന്നു സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ഒരു ഭാഗമായി.

തുടക്കത്തിലെയുള്ള സംഘട്ടനങ്ങളിൽ വസീലി തന്റെ മികച്ച മാർക്ക്സ്മാൻഷിപ്പ് പ്രകടിപ്പിച്ചു തുടങ്ങി. സാധാരണ ഇൻഫൻട്രി സേനയ്ക്ക് നൽകുന്ന നിലവാരം കുറഞ്ഞ തോക്കായ മോസിൻ നഗാന്റ് (റഷ്യൻ: Винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) 1938 കാർബൈൻ ഉപയോഗിച്ച് 32 ജെർമൻ പട്ടാളക്കാരെ വെടിവെച്ചു വീഴ്ത്തിയിരുന്നു. വസീലിയുടെ കഴിവുകൾ കണ്ടു തിരിച്ചറിഞ്ഞ സൈനിക മേധാവികൾ അദ്ദേഹത്തെ സ്നൈപ്പർ യൂണിറ്റിലേക്ക് മാറ്റുകയും ഉപയോഗിക്കാൻ സ്നൈപ്പർമാർ ഉപയോഗിക്കുന്ന പ്രത്യേക തരം മോസിൻ നഗാന്റ് സ്നൈപ്പർ റൈഫിൾ ഇഷ്യൂ ചെയ്യുകയും ചെയ്തു. അധികം കാലം കഴിയാതെ വസീലി റഷ്യൻ സേനയിലെ ഏറ്റവും കാര്യശേഷിയുള്ള സ്നൈപ്പറായി മാറി. റഷ്യയിൽ മുഴുവൻ വസീലി പ്രസിദ്ധനായി. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ റഷ്യൻ സ്നൈപ്പർമാർ അനേകം ജെർമൻ പട്ടാളക്കാരെ കൊന്നൊടുക്കി എന്ന വാർത്തകൾ ജെർമൻ സേനയുടെ മനോധൈര്യം കെടുത്താൻ സഹായിച്ചു.

ലക്ഷ്യം തെറ്റാതെ തോക്കുപയോഗിക്കുന്നതിൽ മാത്രമല്ല. സ്നൈപ്പർ യുദ്ധ തന്ത്രങ്ങളിലും (en:Fieldcraft) താൻ അഗ്രഗണ്യനാണെന്ന് വസീലി തെളിയിച്ചു. വസീലി ആവിഷ്കരിച്ച ആറു പേരെ ഒരു ഷൂട്ടറും ഒരു സ്കൗട്ടുമുള്ള മൂന്നു ടീമായി വിഭജിച്ചു വലിയൊരു പ്രദേശത്തെ കവർ ചെയ്യുന്ന ദി സിക്സസ് എന്ന സ്നൈപ്പർ തന്ത്രം ഇപ്പോഴും ആധുനിക സൈന്യങ്ങൾ ഉപയോഗിക്കുന്നു.[2]

വസീലിയെ സ്നൈപ്പർ സേനയിൽ എടുക്കുന്നതിനു മുൻപു ഉപയോഗിച്ച തരം സ്റ്റാൻഡാർഡ് ഇഷ്യൂ മോസിൻ നഗാന്റ് 1938 കാർബൈൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വസീലി_സൈറ്റ്സെവ്&oldid=3502666" എന്ന താളിൽനിന്ന് ശേഖരിച്ചത്