വാകടോബി ദേശീയോദ്യാനം
വാകടോബി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Southeast Sulawesi, Indonesia |
Nearest city | Bau-Bau |
Coordinates | 5°41′S 124°0′E / 5.683°S 124.000°E |
Area | 13,900 km2 |
Established | 2002 |
Governing body | Ministry of Forestry |
ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസിയിൽ സ്ഥിതിചെയ്യുന്ന സമുദ്ര ദേശീയോദ്യാനമാണ് വാകടോബി ദേശീയോദ്യാനം. വാകടോബി എന്ന വാക്ക് നാല് പ്രധാന ട്യുകാങ്‌ബെസി ദ്വീപുകളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് നിർമ്മിച്ചതാണ്. വാങ്ങി-വാങ്ങി, കടെലുപ, ടോമിയ, ബിനോങ്കോ എന്നിവയാണ് ആ ദ്വീപുകൾ.[1] 2005 മുതൽ വാകടോബി ദേശീയോദ്യാനം ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ താത്കാലികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]തെക്കുകിഴക്കൻ സുലവേസിയിൽ, 05°12’-06°10’തെക്കും and 123°20’-124°39’കിഴക്കുമായി വാകടോബി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന്റെ വടക്കുകിഴക്കായി ബാൻഡ കടലും തെക്കുപടിഞ്ഞാറായി ഫ്‌ളോറസ് കടലും സ്ഥിതിചെയ്യുന്നു.[1]
വാങ്ങി-വാങ്ങി, കടെലുപ, ടോമിയ, ബിനോങ്കോ എന്നീ നാല് വലിയ ദ്വീപുകളും, ടോക്കോബാവോ, ഉത്തര ലിൻറെ, ദക്ഷിണ ലിന്റെ, ഹോഗാ, ടോളണ്ടോണോ, കമ്പെനോനി മുതലായ അനേകം ചെറു ദ്വീപുകളും കൂട്ടിച്ചേർന്നതാണ് വാകടോബി ദേശീയോദ്യാനം. വാങ്ങി-വാങ്ങി ദ്വീപിലെ 274 മീറ്റർ (899 അടി) ആണ് ഏറ്റവും ഉയരം കൂടിയ വാകടോബി ദേശീയോദ്യാനത്തിലെ സ്ഥലം. ടോമിയ ദ്വീപിലെ ലാഗോലെ കുന്ന് (271 മീ.), ബിനോങ്കോ ദ്വീപിലെ റ്റർപാടു കുന്ന് (222 മീ.), കടെലുപ ദ്വീപിലെ സംപുവാജിവോളോ പർവതം(203 മീ.) എന്നിവയാണ് ഉയരം കൂടിയ മറ്റു സ്ഥലങ്ങൾ. ജലത്തിന്റെ ആഴം വ്യത്യസ്തമാണ്. ഏറ്റവും ആഴം കൂട്ടിയ സ്ഥലം 1,044 മീറ്റർ (3,425 അടി) ആണ്.[2]
ഇന്തോനേഷ്യയിലെ മൂന്നാമത്തെ വലിയ സമുദ്രോദ്യാനമാണ് വാകടോബി. പ്രസിദ്ധനായ ഫ്രഞ്ച് സമുദ്രാന്തര ഗവേഷകനും,പര്യവേക്ഷകനും ചലച്ചിത്രകാരനുമായിരുന്ന ഴാക്ക് കുസ്തോ വാകടോബി ദ്വീപുകളെ വെള്ളത്തിനടിയിലെ നിർവാണം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് വാകടോബി ജില്ല മുഴുവൻ പരന്നു കിടക്കുന്ന ഒരു ദേശീയോദ്യാനമാണിത്. 1.4 ദശലക്ഷം ഹെക്ടർ വിസ്തൃതിയാണിതിനുള്ളത്. ഇതിൽ ഒമ്പത് ലക്ഷം ഹെക്ടറിലും ഉഷ്ണമേഖലാ പവിഴപ്പുറ്റുകൾ നിലനിൽക്കുന്നു. ലോകത്തിൽ തന്നെ പവിഴപ്പുറ്റിന്റെ ഇനങ്ങളുടെയും, മത്സ്യങ്ങളുടെ ഇനങ്ങളുടെയും എണ്ണത്തിൽ ഒന്നാം സ്ഥാനം വാകടോബി ദേശീയോദ്യാനത്തിനാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പരിസ്ഥിതിയാണ് വാകറ്റോബി. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് മാത്രമാണ് വലിപ്പത്തിൽ വാകടോബിയേക്കാൾ മുന്നിലുള്ളത്. വലുതും ചെറുതും ആയ മത്സ്യങ്ങളുടെയും, ഡോൾഫിനുകളുടെയും, കടലാമകളുടെയും, തിമിംഗിലങ്ങളുടെയും ആവാസ വ്യവസ്ഥയാണ് ഈ പവിഴപ്പുറ്റുകൾ.[3]
ഇവിടത്തെ 143 ദ്വീപുകളിൽ ഏഴെണ്ണത്തിൽ മാത്രമേ മനുഷ്യവാസമുള്ളൂ. ഏകദേശം ഒരു ലക്ഷമാണ് ഇവിടങ്ങളിലെ ആകെ ജനസംഖ്യ. ബാജോ സമുദായവും, മുക്കുവരായ നാടോടികളുമാണ് ഈ ദ്വീപുകളിൽ അധിവസിക്കുന്ന പ്രധാന ജനവിഭാഗങ്ങൾ.
ജൈവ വൈവിദ്ധ്യം
[തിരുത്തുക]ഏഷ്യാ പസഫിക്കിലെ ലോക പവിഴപ്പുറ്റ് ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന വാകടോബി ദ്വീപുകൾ തെളിഞ്ഞ സമുദ്രവും സമൃദ്ധമായ ജൈവ വൈവിദ്ധ്യമുള്ള ജലാന്തർ ലോകവും കാഴ്ച്ചവെക്കുന്നു. വാകടോബി 942 വ്യത്യസ്ത മത്സ്യയിനങ്ങൾക്കും ലോകത്തിലെ ആകെയുള്ള 850 ഇനം പവിഴപ്പുറ്റ് വർഗങ്ങളിൽ 750 ഇനങ്ങൾക്കും ആവാസ വ്യവസ്ഥയൊരുക്കുന്നു.[3]
ഇവിടെ കണ്ടു വരുന്ന ആവാസവ്യവസ്ഥകൾ ഇനി പറയുന്നവയാണ്. കണ്ടൽ വനങ്ങൾ, തീരദേശ വനങ്ങൾ, താഴ്ന്ന ചതുപ്പ് നിലങ്ങൾ, നദീതീര കുറ്റിക്കാടുകൾ, താഴ്ന്നനില മഴക്കാടുകൾ, പർവത മഴക്കാടുകൾ, പവിഴപ്പുറ്റുകൾ. വാകടോബി ദ്വീപസമൂഹത്തിൽ 25 തരം പവിഴപ്പുറ്റ് കൂട്ടങ്ങൾ ഉണ്ട്. അതിൽ തീരപ്പുറ്റ്, പവിഴരോധിക, പവിഴപ്പുറ്റ് വലയം എന്നിവ അടങ്ങിയിരിക്കുന്നു.[1] 2003 ൽ നടത്തിയ സർവേയിൽ പവിഴപ്പുറ്റുകളിലെ 15 കുടുംബങ്ങളിലും 68 ജനറയിലും പെട്ട 396 ഉപവിഭാഗങ്ങളെ കണ്ടെത്തുകയുണ്ടായി.[4] ഇതിൽ Acropora formosa, Acropora hyacinthus, Psammocora profundasafla, Pavona cactus, Leptoseris yabei, Fungia molucensis, Lobophyllia robusta, Merulina ampliata, Platygyra versifora, Euphyllia glabrescens, Tubastraea frondes, Stylophora pistillata, Sarcophyton throchelliophorum, എന്നിവയും Sinularia ഉപവർഗ്ഗവും ഉൾപ്പെടുന്നു.[5]
ഉദ്യാനത്തിലെ രേഖപ്പെടുത്തപ്പെട്ട പക്ഷി വർഗ്ഗങ്ങളിൽ ബ്രൗൺ ബൂബി, പൊന്മാൻ, മലേഷ്യൻ പ്ലോവർ എന്നിവയുണ്ട്.[5] ഹോക്സ്ബിൽ കടലാമ, ലോഗർഹെഡ് കടലാമ, ഒലിവ് റിഡ്ലി കടലാമ എന്നീ കടലാമ വർഗ്ഗങ്ങളും ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു.[5]
മനുഷ്യവാസം
[തിരുത്തുക]ബൌ-ബൌ മേഖലയുടെ ഭരണകേന്ദ്രമാണ് വാകടോബി ദ്വീപുകളിലെ പ്രധാന മനുഷ്യതാവളം. 2001 ലെ കണക്കുകളനുസരിച്ച് ഏകദേശം 90,000 ജനങ്ങൾ ഇവിടെ ജീവിക്കുന്നുണ്ട്.[4] ഉദ്യാനത്തിനു ചുറ്റും ജീവിക്കുന്ന തദ്ദേശീയരായ ജനങ്ങൾ ബജൗ വംശജരാണ്. ഇവർ ഇപ്പോളും കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നു.[5]
സംരക്ഷണവും ഭീഷണികളും
[തിരുത്തുക]1996 ലാണ് ഈ മേഖല ആദ്യമായി സംരക്ഷിത മേഖലയാവുന്നത്. വാകടോബി സമുദ്ര സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചത് 1996ലായിരുന്നു. വാകടോബി ദേശീയോദ്യാനം 2002 ൽ നിലവിൽ വന്നു. വാകടോബി ദേശീയോദ്യാന അതോറിറ്റി ആണ് ഇവിടം ഭരിക്കുന്നത്.[1] 2005 ൽ ഇവിടം ലോക പൈതൃക സ്ഥാനങ്ങളുടെ താത്ക്കാലിക പട്ടികയിൽ ഉൾപ്പെട്ടു. 2012 ൽ ജൈവവൈവിദ്ധ്യമണ്ഡലങ്ങളുടെ ലോക ശൃംഖലയിൽ വാകടോബിയും ചേർക്കപ്പെട്ടു.[6]
അമിത മത്സ്യബന്ധനവും നശീകാരികളായ മത്സ്യബന്ധന മാർഗ്ഗങ്ങളുമാണ് ഇവിടം നേരിടുന്ന പ്രധാന ഭീഷണികൾ.[7] തോട്ട പൊട്ടിച്ചുള്ള മത്സ്യബന്ധനം, വിഷം ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ ഇതിൽ പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Lestari Hutan Indonesia Archived 2010-04-20 at the Wayback Machine., retrieved 23 July 2010
- ↑ 2.0 2.1 "World Heritage Tentative List: Wakatobi National Park". UNESCO. Retrieved 23 July 2010.
- ↑ 3.0 3.1 Underwater Nirwana
- ↑ 4.0 4.1 WWF: Rapid Ecological Assessment Wakatobi National Park, 2003 Archived 2010-10-11 at the Wayback Machine., retrieved 23 July 2010
- ↑ 5.0 5.1 5.2 5.3 Ministry of Forestry: Wakatobi National Park Archived 2010-12-29 at the Wayback Machine., retrieved 23 July 2010
- ↑ UNESCO: "Ecological Sciences for Sustainable Development", retrieved 22 October 2013
- ↑ The Nature Conservancy: Wakatobi National Park Archived 2010-10-11 at the Wayback Machine., retrieved 23 July 2010