വിക്കിപീഡിയ:ഗ്ലാം/കേരളം - പൈതൃക മ്യൂസിയം
മലയാളം വിക്കിപീഡിയയും GLAM പദ്ധതിയും
മലയാളം വിക്കിസമൂഹത്തിനു വേണ്ടി ഡയറക്ടർ, കേരളം - മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് മുൻപാകെ സമർപ്പിക്കുന്ന അപേക്ഷ.
സർ,
മലയാളം വിക്കിപീഡിയയും GLAM പദ്ധതിയും എന്ന ഒരു പ്രധാന വിഷയത്തിലേക്കു് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനും, ആഗോളാടിസ്ഥാനത്തിൽത്തന്നെ വമ്പിച്ച വാർത്താപ്രാധാന്യം നേടാൻ സാദ്ധ്യതയുള്ള പ്രസ്തുത പദ്ധതിയിൽ താങ്കളുടെ സ്ഥാപനത്തേയും ഉൾപ്പെടുത്തുന്നതിനുള്ള സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കാനുമാണു് ഈ അപേക്ഷ.
വിക്കിപീഡിയ എന്ന സ്വതന്ത്രവിജ്ഞാനകോശത്തെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടാകുമല്ലോ. ഞങ്ങൾ അതിന്റെ മലയാളം പതിപ്പായ മലയാളം വിക്കിപീഡിയയിൽ (http://ml.wikipedia.org) പ്രവർത്തിക്കുന്നവരാണ്. വർത്തമാനകാലത്ത് വിക്കിപീഡിയയുടെ പ്രാധാന്യവും അത് പ്രാദേശിക ഭാഷകളിൽ ഉണ്ടാക്കുന്ന അനുരണനങ്ങളും താങ്കൾക്ക് അറിവുള്ളതാണല്ലോ. ഇന്ത്യൻ ഭാഷകളിൽ വിവിധ തലങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന മലയാളത്തിലുള്ള വിക്കിപീഢിയ, ആഗോളാടിസ്ഥാനത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണു്.. മികച്ച പരീക്ഷണമാതൃക എന്ന നിലയിൽ മലയാളം വിക്കിപീഡിയയിൽ ഒരു GLAM പദ്ധതി ആരംഭിക്കാൻ വിക്കിപീഡിയയുടെ ആഗോളനേതൃത്വം സവിശേഷ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടു്. അതിലേക്കുള്ള പങ്കാളികൾ എന്ന നിലയിൽ ഏറ്റവും അനുയോജ്യമായ സ്ഥാപനങ്ങളിൽ, മുൻപന്തിയിൽ നിൽക്കുന്നതാണു് കേരളം - മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് എന്ന താങ്കളുടെ സ്ഥാപനമെന്നു് ഞങ്ങൾ മനസ്സിലാക്കുന്നു.
എന്താണ് GLAM?
[തിരുത്തുക]Galleries, Libraries, Archives & Museums ഇവയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് GLAM. ഈ നാലു വിഭാഗങ്ങളിൽ പെടുന്ന സ്ഥാപനങ്ങളിലെ ചരിത്ര ശേഖരങ്ങളുടെയും പ്രദർശനവസ്തുക്കളുടെയും രേഖകളുടെയും വിവരങ്ങൾ അടങ്ങുന്ന വൈജ്ഞാനിക ലേഖനങ്ങളും ചിത്രങ്ങളും വിക്കിപീഡിയയിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് GLAM പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
നമ്മുടെ അമൂല്യമായ സാംസ്കാരിക പൈതൃകങ്ങളെ വിവിധ രൂപത്തിൽ പ്രദർശിപ്പിക്കുകയും ആയവ ഏറ്റവും ആധുനികവും സാദ്ധ്യവുമായ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഭാവിയിലേക്ക് സൂക്ഷിക്കുകയുമാണല്ലോ ഇത്തരം സ്ഥാപനങ്ങൾ ചെയ്യുന്നത്. അതിനാൽ തന്നെ അപൂർവ്വവും ചരിത്രപ്രധാനവുമായ അറിവിന്റെ അക്ഷയഖനികൾ ആണ് താങ്കളുടേതുൾപ്പെടെയുള്ള ഇത്തരം സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും. പക്ഷെ പലപ്പോഴും ഈ അറിവുകൾ ഒക്കെ തന്നെ അതാതു സ്ഥാപനങ്ങളിൽ തന്നെ ഒതുങ്ങുകയും, പുതുതായി ആർജ്ജിച്ചെടുത്ത ഗവേഷണവിവരങ്ങൾ പലതും യഥാകാലങ്ങളിൽ യഥായുക്തം രേഖപ്പെടുത്താതെ പോവുകയും, ചിലതൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോവുകയും ചെയ്യാറുണ്ട്. ഇവിടങ്ങളിൽ ശേഖരിക്കപ്പെടുകയും വികസിപ്പിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും മിക്കപ്പോഴും പൊതുജനങ്ങൾക്ക് ദുഷ്‌പ്രാപ്യവും ആകാറുണ്ടു്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഡിജിറ്റൽ ടെക്നോളജിയുടെ ആവിർഭാവത്തോടെ ഇത്തരം GLAM സ്ഥാപനങ്ങൾ തങ്ങളുടെ സാംസ്കാരിക പൈതൃകത്തെ എന്നെന്നേക്കും സുരക്ഷിതമായി കാത്തുസൂക്ഷിക്കാനുള്ള പുത്തൻവഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്യപൂർത്തിക്കുവേണ്ടി അവർ അവലംബിക്കുന്ന മുഖ്യമായ ഒരു മാർഗ്ഗമായി ഇതിനകം വിക്കിപീഡിയ എന്ന ആഗോളപ്രസ്ഥാനം മാറിക്കഴിഞ്ഞിട്ടുണ്ടു്. ഇപ്പോൾ ലോകത്തിലെ പല രാഷ്ട്രങ്ങളിലും വിക്കിപീഡിയയും GLAM സ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിച്ചുകൊണ്ടു് വിജയകരമായ വിജ്ഞാനവ്യാപനമാതൃകകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു്.
ലക്ഷക്കണക്കിനു സന്നദ്ധസേവകർ പങ്കെടുക്കുന്ന വിക്കിപീഡിയ എന്ന മഹത്പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നതു് വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭരഹിതസ്വതന്ത്രസ്ഥാപനമാണു്. എല്ലാ ദേശത്തും എല്ലാ ഭാഷയിലും സ്വതന്ത്രവും സുഗമലഭ്യവുമായ അറിവിന്റെ ഏറ്റവും വിശാലമായ ശേഖരമായിത്തീരുക എന്നതാണു് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. കേവലം ഇംഗ്ലീഷ് പോലുള്ള അന്താരാഷ്ട്രഭാഷകളിൽ ഒതുങ്ങിനിൽക്കാതെ ഈ യജ്ഞം നമ്മുടേതുപോലുള്ള പ്രാദേശികഭാഷകളിലേക്കും വ്യാപിക്കുന്നതിൽ അവർ ബദ്ധശ്രദ്ധരുമാണു്. ലോകജനസംഖ്യയുടെ ഭീമമായ പങ്കു വഹിക്കുന്ന ഇന്ത്യയിലെ അനേകം പ്രാദേശികസമൂഹങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമാവുന്ന വിധത്തിൽ അവരുടെ മാതൃഭാഷകളിലേക്കു് നേരിട്ട് ഈ ജ്ഞാനസമാഹരണപ്രക്രിയ ഇറങ്ങിച്ചെല്ലാൻ വിവിധ ഇന്ത്യൻ ഭാഷാ വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കി പ്രവർത്തകർ ആശിക്കുന്നു. സ്വാഭാവികമായും, ഭാരതീയഭാഷകളിൽ ഏറ്റവും മികച്ച വിക്കിപീഡിയാ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന മലയാളത്തിൽ ഒരുമാർഗ്ഗദർശക GLAM പദ്ധതി ആവിഷ്കരിക്കാൻ മലയാളം വിക്കിപീഡിയ പ്രവർത്തകർ ആഗ്രഹിക്കുന്നു. മലയാളം വിക്കിപീഡിയ പത്താം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന അവസരത്തിൽ ഇത്തരത്തിൽ ഒരു മാർഗ്ഗദർശക പദ്ധതി മലയാളത്തിന്റേയും കേരളത്തിന്റേയും യശസ്സ് ഉയർത്തുകയും ചെയ്യും.
എന്താണ് വിക്കിപീഡിയ GLAM പദ്ധതി മാതൃക?
[തിരുത്തുക]ഒരു GLAM സ്ഥാപനവുമായി (ഉദാ: കേരളം - പൈതൃക മ്യൂസിയം) ബന്ധപ്പെട്ട വിഷയങ്ങൾ അഥവാ ആ സ്ഥാപനത്തിലെ പ്രദർശന/സംരക്ഷിത വസ്തക്കളെക്കുറിച്ചുള്ള വൈജ്ഞാനിക വിവരങ്ങൾ, ആ GLAM സ്ഥാപനത്തിലെ ജീവനക്കാരുടെ സജീവമായ സഹകരണത്തോടെ വൈജ്ഞാനിക ലേഖനങ്ങളായി വിക്കിപീഡിയയിൽ എഴുതുകയാണ് GLAM പദ്ധതിയിലൂടെ ചെയ്യുന്നത്. GLAM സ്ഥാപനങ്ങളുടെ വിക്കിപീഡിയ വഴിയുള്ള ഡിജിറ്റൈസേഷനാണ് ഇതെന്നും പറയാം. ഇംഗ്ലീഷ് വിക്കിപീഡിയയിലും യൂറോപ്യൻ ഭാഷാ വിക്കിപീഡിയകളിലും (ഉദാ: ജർമ്മൻ, ഫ്രഞ്ച്, പോളിഷ്) അതത് സ്ഥലത്തെ ഭാഷാ വിക്കിപീഡിയരും GLAM സ്ഥാപനങ്ങളും ചേർന്ന് വളരെയധികം പദ്ധതികൾ ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ http://outreach.wikimedia.org/wiki/GLAM എന്ന വെബ്ബ് താളിൽ താങ്കൾക്ക് കാണാവുന്നതാണ്.
ഇതിൽ സഹകരിച്ചാൽ പൈതൃക മ്യൂസിയത്തിനുള്ള മെച്ചം
[തിരുത്തുക]- പൈതൃകമ്യൂസിയത്തിനു കിട്ടുന്ന പൊതുജന ശ്രദ്ധ (ഒരു പക്ഷെ അന്താരാഷ്ട്ര ശ്രദ്ധ തന്നെ)
- പൈതൃകമ്യൂസിയത്തിത്തിലെ പ്രദർശന /സംരക്ഷിത വസ്തക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തും. അത് വിവിധ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടും
- പൈതൃകമ്യൂസിയത്തിത്തിന്റെ ഡിജിറ്റൈസേഷൻ പദ്ധതി നന്നായി ടെസ്റ്റ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം വിക്കിപീഡിയയിലൂടെ കിട്ടുന്നു.
- പൈതൃകമ്യൂസിയത്തിലെ വിവരങ്ങളുടെ വിക്കിപീഡിയയിലൂടെ ലഭ്യമാക്കുന്നത് മ്യൂസിയത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു.
- പൈതൃകമ്യൂസിയത്തിലെ ജീവനക്കാരുടെ സമയം ഫലപ്രദമായി ഉപയൊഗപ്പെടുത്തുന്നു. അവരുടെ അറിവുകൾ നിരവധി ആളുകളിലേക്ക് എത്തുന്നു.
- മലയാളഭാഷയുടെ വളർച്ചയ്ക്ക് പൈതൃകമ്യൂസിയത്തിനു സ്ഥാപനത്തിലെ ജീവനക്കാർ സംഭാവന ചെയ്യുന്നു
- QR Code തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള വാതായനം തുറന്നു കിട്ടുന്നു
ഇതിലൂടെ മലയാളം വിക്കിപീഡിയക്കുള്ള മെച്ചം
[തിരുത്തുക]- പൈതൃകമ്യൂസിയത്തിലെ വിഷയവുമായി ബന്ധപ്പെട്ട നിരവധി പുതിയതും അപൂർവ്വവുമായ ലേഖനങ്ങൾ വിക്കിപീഡിയയിൽ എത്തും
- പൈതൃകമ്യൂസിയത്തിലെ ജീവനക്കാരെ സ്വതന്ത്രവിജ്ഞാന നിർമ്മാണത്തിന്റെ ഭാഗമായി മാറ്റാനുള്ള അവസരം ലഭിക്കുന്നു.
മലയാളം വിക്കിപീഡിയർ ഈ പദ്ധതിയിൽ എങ്ങനെ സഹകരിക്കും?
[തിരുത്തുക]- GLAM സ്ഥാപനത്തിലെ ജീവനക്കാർക്ക് വിക്കിപീഡിയ പരിചയപ്പെടുത്തും
- ജീവനക്കാരെ വിക്കിപീഡിയയിൽ ലേഖനം എഴുതാനുള്ള സങ്കേതങ്ങൾ പഠിപ്പിക്കും
- മലയാളം ടൈപ്പിങ്ങ് അറിയില്ലെങ്കിൽ അതും പഠിപ്പിക്കും
- വൈജ്ഞാനിക ലേഖനങ്ങൾ എഴുതുമ്പോൾ പാലിക്കേണ്ട നയങ്ങളിൽ പരിശീലനം നൽകും
ചുരുക്കത്തിൽ ഇതിൽ പങ്കെടുക്കുന്ന ജീവനക്കാരെ മലയാളം വിക്കിപീഡിയയിൽ സ്വതന്ത്രമായി ലേഖനങ്ങൾ എഴുതി സ്വതന്ത്രവിജ്ഞാന സംരംഭത്തിന്റെ ഭാഗമാകാൻ പര്യാപ്തമാക്കും.
കേരളം : പൈതൃക മ്യൂസിയത്തിലെ GLAM പദ്ധതി : പൈതൃക മ്യൂസിയം എന്ത് സഹായമാണ് ചെയ്യേണ്ടത്?
[തിരുത്തുക]മേൽപ്രകാരം കേരളം പൈതൃക മ്യൂസിയത്തിൽ GLAM പദ്ധതി ആരംഭിക്കുവാൻ അനുമതി നൽകുന്നപക്ഷം മ്യൂസിയത്തിലെ നിലവിലുള്ള ജീവനക്കാർക്ക് പുറമേ, കാര്യവട്ടം കാമ്പസിലെ ആർക്കിയോളജി വിഭാഗം വിദ്യാർത്ഥികൾ മറ്റ് താൽപര്യമുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്നും പദ്ധതി നടത്തിപ്പിനാവശ്യമായ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലനം നൽകുവാൻ കഴിയും.
അടിസ്ഥാനപരമായ കമ്പ്യൂട്ടർ ജ്ഞാനവും, അറിവ് പങ്ക് വെക്കാൻ താൽപര്യമുള്ളവരുമായ സന്നദ്ധപ്രവർത്തന താല്പര്യമുള്ളവരുമായ ആളുകളാണ് ഈ പദ്ധതി നടത്തിപ്പിന് ആവശ്യം.
മലയാളം മ്യൂസിയത്തിലെ പ്രദർശനവസ്തുക്കളെകുറിച്ച്, അവയുടെ പ്രത്യേകതകൾ, കണ്ടെത്തിയ വർഷം, പ്രാധാന്യം, അവ വെളിപ്പെടുത്തുന്ന ചരിത്ര വസ്തുതകൾ തുടങ്ങിയവ പ്രത്യേകം പ്രത്യേകം ലേഖനങ്ങളായി വിക്കിപീഡിയയിൽ ഇവരെക്കൊണ്ട് എഴുതിക്കുവാൻ കഴിയും. ഓരോ ലേഖനവും പ്രദർശന വസ്തുക്കളുടെ ചിത്രങ്ങളെടുത്ത് വിശദീകരിക്കാനും കഴിയും.
പരമാവധി ആറുമാസം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ മലയാളം മ്യൂസിയം കേരളവും ലോകവും ശ്രദ്ധിക്കുന്ന ഒന്നായി മാറ്റുന്ന ഒരു പ്രക്രിയയ്ക്ക് തുടക്കമിടാൻ കഴിയും.
ഈ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അനുമതി നൽകൽ തുടങ്ങിയവ മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതാകുന്നു.
- GLAM പദ്ധതിക്ക് അനുമതി തരിക.
- പദ്ധതിക്കു ഒരു കാലയളവ് നിർണ്ണയിക്കുക (പരമാവധി 6 മാസം)
- പദ്ധതിയിലൂടെ ഏതൊക്കെ ലേഖനങ്ങൾ വിക്കിയിൽ വരണം എന്നത് വിക്കിപീഡിയരുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുക.
- സന്നദ്ധരായ ജീവനക്കാരെ പദ്ധതിയിൽ ലേഖനമെഴുതാനും അതിനാവശ്യമായ വിവരങ്ങളും വസ്തുതകളും ചിത്രങ്ങളും മ്യൂസിയത്തിൽ നിന്നും സമാഹരിക്കാനുള്ള അനുവാദം നൽകൽ,
- ആവശ്യമെങ്കിൽ കാര്യവട്ടം കാമ്പസിൽ നിന്നുമുള്ള ആർക്കിയോളജി വിദ്യാർത്ഥികളെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള അനുമതി നൽകൽ, ഇവർക്കാവശ്യമുള്ള പരിശീലനത്തിന് സഹായിക്കൽ,
- സന്നദ്ധപ്രവർത്തകർക്ക് സംവിധാനങ്ങൾ ഇല്ലാത്തപക്ഷം മ്യൂസിയത്തിലെ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് അനുമതി നൽകൽ .
- ലേഖനങ്ങൾക്ക് വേണ്ട ചിത്രങ്ങൾ/വീഡിയോകൾ എടുത്ത് സ്വതന്ത്ര അനുമതിയോടെ വിക്കിമീഡിയ കോമൺസിൽ ചേർക്കാനുള്ള അനുമതി തരിക.
- പദ്ധതിയിൽ താല്പര്യമുള്ള ജീവനക്കാർക്കും പ്രാദേശിക വിക്കിപീഡിയർക്കും GLAM പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിന് അനുവാദം നൽകുക. പരിശീലനം സംഘടിപ്പിക്കുന്നതിന് സഹായിക്കുക.
GLAM പദ്ധതി നടത്തിപ്പിനായി മ്യൂസിയം പ്രത്യേകം പണം ചെലവാക്കേണ്ടിവരുന്നില്ല. പരമാവധി 20 പേർ പങ്കെടുത്തേക്കാവുന്ന ഏകദിന പരിശീലനത്തിന് സാദ്ധ്യമെങ്കിൽ ഭക്ഷണം നൽകുന്നതിനുള്ള ഏർപ്പാടുണ്ടാക്കുക മാത്രമാണ് ഇതിനായി വരുന്ന ചെലവ്. പരിശീലന സാമഗ്രികൾ, കൈപ്പുസ്തകം തുടങ്ങിയവ വിക്കിപീഡിയ പ്രവർത്തകർ ഒരുക്കുന്നതായിരിക്കും. പദ്ധതിയുടെ ഘട്ടങ്ങൾ
ഘട്ടം ഒന്ന് :
പദ്ധതിയിൽ താൽപര്യമുള്ള ജീവനക്കാരേയും വിദ്യാർത്ഥികളേയും യോഗ്യതയുള്ള മറ്റുള്ളവരേയും കണ്ടെത്തുക
ഘട്ടം രണ്ട് :
- പദ്ധതിക്കായി തിരഞ്ഞെടുത്തവർക്ക് വിക്കിപീഡിയ എഡിറ്റിങ്ങ് പരിശീലനം നൽകുകു
- പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ മ്യൂസിയം അധികൃതരും മലയാളം വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക
- പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങൾ (പ്രത്യേകിച്ച് തക്കതായ റെഫറൻസ് ഗ്രന്ഥങ്ങൾ) കിട്ടുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുക
ഘട്ടം മൂന്ന്
- ഉള്ളടക്ക വികസനം തുടങ്ങുക
- ലേഖനത്തിനു അവലംബവും ചിത്രങ്ങളും മറ്റും ചേർക്കാൻ പദ്ധതിയിൽ പങ്കെടുക്കുന്നവരെ സഹായിക്കുക
- എല്ലാ ആഴ്ചയും പദ്ധതിയുടെ പോക്ക് വിലയിരുത്തി അഭിപ്രായം കൈമാറുകയും ആവശ്യമെങ്കിൽ പദ്ധതിയുടെ പോക്കിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യുക
ഘട്ടം നാല്
- പദ്ധതി ലക്ഷ്യം കണ്ടെത്തി പൂർത്തികരിക്കുക
- പദ്ധതി വിലയിരുത്തുക, പഠിച്ച പാഠങ്ങൾ രേഖപ്പെടുത്തുക
- പദ്ധതിയിലൂടെ വന്ന ഓഫ് ലൈൻ വേർഷൻ ഉണ്ടാക്കുക.
- പദ്ധതിയുടെ വിജയത്തെ കുറിച്ച് പരമാവധി പ്രചാരണം കൊടുക്കുക
മലയാളം വിക്കിസമൂഹത്തിനു വേണ്ടി
സുഗീഷ് സുബ്രഹ്മണ്യം സെബിൻ
അനുബന്ധം
[തിരുത്തുക]സ്ഥാപനത്തിന്റെ സ്വന്തം ഡിജിറ്റൈസേഷനെ ഇത് ബാധിക്കുമോ ?
GLAM സ്ഥാപനങ്ങൾക്ക് സാധാരണയായി ഉണ്ടാകാവുന്ന സംശയമാണിത്. കൂടാതെ വിക്കിപീഡിയ വഴി സൗജന്യമായി വിവരങ്ങൾ ലഭ്യമാകുമ്പോൾ തങ്ങളുടെ സ്വന്തം ഡിജിറ്റൈസേഷൻ പരിപാടി വഴി ലഭ്യമായേക്കാവുന്ന വരുമാന സ്രോതസ്സിന് കോട്ടം തട്ടുമോ എന്ന സംശയവും ഉണ്ടാകാറുണ്ട്. ഈ സംശയങ്ങൾ ഇപ്രകാരം ദൂരീകരിക്കാം.
GLAM സ്ഥാപനത്തിലെ പൂർണ്ണ വിവരങ്ങളും വിക്കിപീഡിയയിലെ ലേഖനങ്ങളാക്കി മാറ്റുവാൻ കഴിയെണമെന്നില്ല. അപ്പോൾ സ്ഥാപനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ - കൂടുതൽ പ്രദർശന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ, സ്ഥാപനത്തെ ബന്ധപ്പെടാനുള്ള വിലാസം തുടങ്ങിയവയ്കായി ജനങ്ങൾ വിക്കിപീഡിയ ലേഖനത്തിൽ നിന്നും സ്ഥാപനത്തിന്റെ വൈബ്സൈറ്റ് സന്ദർശിക്കുവാൻ തുടങ്ങും.
സ്ഥാപനങ്ങളുടെ സ്വന്തം വെബ്‌വിലാസം അഥവാ കണ്ണികൾ വിക്കി ലേഖനത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു. അതുവഴി, കൂടുതൽ ആളുകൾ സ്ഥാപനങ്ങളുടെ വൈബ്സൈറ്റുകളിലേക്കെത്തുകയും കൂടുതൽ വിവരങ്ങൾ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് തേടുവാൻ അത് വഴിയൊരുക്കുകയും ചെയ്യുന്നു.
GLAM സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെ വിക്കിപീഡിയയിൽ സന്നിവേശിപ്പിക്കപ്പെടുന്ന ലേഖനങ്ങൾ പൊതു ജനങ്ങളിൽ അതത് വിഷയങ്ങളിൽ താല്പര്യമുള്ളവരാൽ കൂടുതൽ മെച്ചപ്പെടുത്തപ്പെടുവാൻ സാദ്ധ്യത ഉണ്ടാവുന്നു. ആ മെച്ചപ്പെടുത്തലുകൾ സ്ഥാപനങ്ങളുടെ ഡിജിറ്റൈസേഷനെ സഹായിക്കുകയും സ്വന്തം സൈറ്റുകളിൽ അവ പ്രദർശിപ്പിക്കാൻ / കൂട്ടിച്ചേർക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു.
ഇപ്രകാരം വിക്കിപീഡിയ വഴി കൂടുതൽ സന്ദർശകർ സ്ഥാപനങ്ങളുടെ വെബ്ബ് സൈറ്റുകളിലേക്കെത്തുന്നു.
കൂടാതെ മലയാളം വിക്കിപീഡിയ വഴി സ്ഥാപനത്തെക്കുറിച്ചുള്ള വിവരം മലയാളികളും അല്ലാത്തവരുമായ കൂടുതൽ ജനങ്ങളിലേക്കെത്തുകയും അതിന്റെ ഭാഗമായി സ്ഥാപനത്തിലെ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു.
സ്ഥാപനങ്ങൾ സാധാരണയായി ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കുന്ന വെബ്സൈറ്റുകളുടെ മലയാളം പതിപ്പായി വിക്കിപീഡിയ ലേഖനങ്ങൾ വർത്തിക്കുന്നു.
GLAM സ്ഥാപനം തങ്ങളുടെ സ്വന്തം വൈബ്സൈറ്റ് വഴി ചെയ്യുന്ന ഡിജിറ്റൈസേഷനെ ഇത് യാതൊരു വിധത്തിലും ദോഷകരമായി ബാധിക്കില്ല. മറിച്ച് അതിന് സഹായകരമായ ധാരാളം സഹചര്യങ്ങൾ വിക്കിപീഡിയവഴി ലഭിക്കുകയും ചെയ്യുന്നു.