Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/സെപ്റ്റംബർ 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< സെപ്റ്റംബർ 2022 >>

സെപ്റ്റംബർ 6-11

ഹുമയൂണിന്റെ ശവകുടീരം
ഹുമയൂണിന്റെ ശവകുടീരം

ന്യൂ ഡെൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ്‌ മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയത്തിൽ മറ്റു പലരുടേയും ശവകുടീരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ സ്മാരകത്തിൽ ഇന്ത്യൻ വാസ്തുശിൽപ്പരീതിയിൽ പേർഷ്യൻ രീതിയുടെ സങ്കലനമാണ് ദർശിക്കാനാകുക.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


സെപ്റ്റംബർ 12-17

പുള്ളിമീൻകൊത്തി
പുള്ളിമീൻകൊത്തി

വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ്‌ പുള്ളിമീൻകൊത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മീൻ‌കൊത്തികളിൽ മൂന്നാം സ്ഥാനം ഇവക്കാണെന്ന് അനുമാനിക്കപ്പെടുന്നു. ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പം സ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌



സെപ്റ്റംബർ 18-23

രാജാപ്പരുന്തു്
രാജാപ്പരുന്തു്

ഇര പിടിയൻ ദേശാടനപ്പക്ഷിയാണ് രാജാപ്പരുന്തു്. തെക്കുകിഴക്കൻ യൂറോപ്പ് മുതൽ പശ്ചിമ-മദ്ധ്യ ഏഷ്യവരെ പ്രജനനം ചെയ്യുന്ന ഇവ തണുപ്പുകാലത്ത് ഉത്തര-പൂർവ ആഫ്രിക്കയിലേക്കും തെക്കു കിഴക്ക് ഏഷ്യയിലേക്കും ദേശാടനം നടത്തുന്നു. യൂറോപ്പിൽ ഇവ വംശനാശഭീഷണി നേരിടുന്നു. ചെറു മരങ്ങളുള്ള തുറന്ന പ്രദേശമാണ് രാജാപ്പരുന്തുകളുടെ ഇഷ്ടപ്പെട്ട സ്ഥലം. ചുറ്റും അധികം മരങ്ങളില്ലാത്ത മരത്തിൽ കൂട് വെയ്ക്കുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌



സെപ്റ്റംബർ 24-29

കായൽപ്പരുന്ത്
കായൽപ്പരുന്ത്

പരുന്തുവർഗ്ഗത്തില്പെട്ട ഇരപിടിയൻ പക്ഷിയാണ് കായൽപ്പരുന്ത്. തവിട്ടു നിറമുള്ള ഈ പക്ഷിയുടെ ചിറകുകളും വാലും കറുപ്പു കൂടുതലുള്ളതാണ്. റുമേനിയ തൊട്ട് കിഴക്കോട്ട് ദക്ഷിണറഷ്യ, മദ്ധ്യേഷ്യ , മംഗോളിയ വരെ പ്രജനനം നടത്തുന്നു. വെളിമ്പ്രദേശങ്ങളും മരുഭൂമികളുമാണ് ഇവയുടെ ഇഷ്ടപ്രദേശങ്ങൾ. ചീഞ്ഞവയാണ് പ്രധാന ഭക്ഷണമെങ്കിലും കരണ്ടുതീനികളെയും സസ്തനികളെയും പിടിച്ചു ഭക്ഷിക്കാറുണ്ട്, മറ്റ് ഇരപിടിയൻ പ്ക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാറുമുണ്ട്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌



സെപ്റ്റംബർ 30

തോട്ടിക്കഴുകൻ
തോട്ടിക്കഴുകൻ

അസിപിട്രിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകൻ. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ മലം, ചാണകവണ്ടുകൾ, പച്ചക്കറി, ചത്ത ജീവികളുടെ അവശിഷ്ടം എന്നിവയാണ് സാധാരണ ഭക്ഷണം. ചില സമയങ്ങളിൽ ചെറിയ ജന്തുക്കളെയും പക്ഷികളെയും ഉരഗങ്ങളെയും ഇവ പിടികൂടി ഭക്ഷണമാക്കാറുണ്ട്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂർത്ത ചുണ്ടുകളും ത്രികോണാകൃതിയിൽ അറ്റം കൂർത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകൾ. കേരളത്തിൽ വളരെ വിരളമായി മാത്രം കാണുന്ന ഈ പക്ഷിയെ കേരളത്തിനു വെളിയിൽ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിൽ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് സാധാരണ കാണാറുള്ളത്. കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിൽ തോട്ടിക്കഴുകനെ കണ്ടുവരുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌