Jump to content

വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3


പത്രക്കുറിപ്പ്


മലയാളം വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ചിത്രങ്ങളും, പ്രമാണങ്ങളും ഇന്റർനെറ്റ് സംഭരണിയായ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മലയാളം വിക്കിപീഡിയയിലും ഇതര സംരംഭങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങളാണ് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ഈ പരിപാടിയിലൂടെ ശേഖരിക്കുന്നത്. 2011 ൽ ആരംഭിച്ച ഈ പദ്ധതിയുടെ മൂന്നാംപതിപ്പാണ് ജൂലൈ 15 ന് ആരംഭിച്ചത്. ബഹുജനങ്ങൾക്കും പങ്കാളികളാകാവുന്ന ഈ പദ്ധതി ആഗസ്റ്റ് 15 വരെ തുടരും.

2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങൾ ശേഖരിച്ചപ്പോൾ 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ പതിനൊന്നായിത്തലധികം പ്രമാണങ്ങളാണ് വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തത്. ഇത്രയധികം ചിത്രങ്ങളും വീഡിയോകളും പുസ്തകങ്ങളും ഒരുമിച്ച് പൊതു ഉപയോഗത്തിനായി സമാഹരിക്കുന്ന ലോകത്തിലെ തന്നെ പ്രധാന പദ്ധതികളിലൊന്നായി മലയാളികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിമാറിക്കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന ചിത്രങ്ങളും മറ്റും സൃഷ്ടാവിന് കടപ്പാട് രേഖപ്പെടുത്തി, ക്രിയേറ്റീവ് കോമൺസ് നിബന്ധനപ്രകാരം വിക്കിസംരംഭങ്ങൾക്കും ഇതര പത്ര - ദൃശ്യ - ഇന്റർനെറ്റ് മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയും.

ഉള്ളടക്കങ്ങൾ, ചിത്രങ്ങൾ എന്നിവ സ്വതന്ത്രമായ ലൈസൻസോടെ പങ്കുവച്ചാൽ വിക്കിപീഡിയ പോലുള്ള സംരംഭങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും അവ ഫലപ്രദമായി പുനരുപയോഗിക്കാൻ സാധിക്കും. പകർപ്പാവകാശം സ്വതന്ത്രമായ വിജ്ഞാന നിർമ്മിതിയ്ക്കും വിതരണത്തിനും ഭീഷണിയാണ്. വിക്കിമീഡിയ കോമൺസ് എന്ന ആഗോളസംരംഭത്തിൽ വിക്കിമീഡിയരുടെ നേതൃത്വത്തിൽ ഇത്തരം സ്വതന്ത്ര ചിത്രങ്ങൾ ശേഖരിക്കപ്പെടുന്നു. ലോകത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ശ്രമഫലമായി സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒന്നേമുക്കാൽ കോടിയിൽ പരം മീഡീയ പ്രമാണങ്ങളാണ് ഇപ്രകാരം വിക്കിമീഡിയ കോമൺസിൽ സമാഹരിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ കേരളവുമായോ മലയാളവുമായോ ബന്ധപ്പെട്ട ചിത്രങ്ങൾ പരിമിതമാണ്. ഇത് പരിഹരിക്കാനും സ്വതന്ത്രലൈസൻസിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാനുമാണ് മലയാളം വിക്കിപീഡിയ സമൂഹം ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. യൂറോപ്യൻ രാജ്യങ്ങളിലെ വിക്കിപീഡിയ സമൂഹങ്ങൾ കൂടുതൽ പ്രാദേശിക ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തുന്ന "ലണ്ടൻ ലൌസ് വിക്കിപീഡിയ" പോലുള്ള സംരംഭങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി നടത്തുന്നത്.

വിദേശരാജ്യങ്ങളിലേതുപോലെ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായാണു നടപ്പാക്കുന്നതു്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോരുത്തർക്കും അവർ സ്വന്തമായി എടുത്ത ചിത്രങ്ങളും വിഡീയോകളും ഇതര മീഡിയാ പ്രമാണങ്ങളും പകർപ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യാം.

ഇതിനു സമാനമായി 2012ൽ ആഗോളതലത്തിൽ നടത്തിയ വിക്കി ലൗസ് മോണ്യുമെന്റ്സ് എന്ന പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ മത്സരമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഇതിൽ ഏറ്റവുമധികം ചിത്രങ്ങൾ സംഭാവന ചെയ്തത് ഇന്ത്യയിൽ നിന്നായിരുന്നു. ഒന്നാം സ്ഥാനം നേടിയ ചിത്രവും ഇന്ത്യയിൽ വച്ച് എടുത്തതായിരുന്നു.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ് തുടങ്ങി ആദ്യദിവസം തന്നെ ആയിരത്തിലധികം ചിത്രങ്ങളാണു കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ടതു്. ഇതുവരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രമെല്ലാം https://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2013 എന്ന കണ്ണിയിൽ കാണാം. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ കോമൺസിലെത്തിക്കാനും, പ്രചാരം കൂടുതൽ പേരിലേയ്ക്കെത്തിക്കാനുമുള്ള ശ്രമത്തിലാണു വിക്കിപ്രവർത്തകർ.

പദ്ധതിയെപ്പറ്റി കൂടുതലറിയാൻ : http://ml.wikipedia.org/wiki/WP:MLW3 എന്ന വിക്കിതാൾ സന്ദർശിക്കുകയോ help@mlwiki.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ് എന്നീ സാമൂഹ്യക്കൂട്ടായ്മകളിൽ Malayalam Loves Wikimedia III എന്ന് തിരഞ്ഞാൽ ലഭിക്കുന്ന ഇവന്റ് താളുകളിലും മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ കൂടുതൽ വാർത്തകളും ചിത്രങ്ങളും ലഭ്യമാണ്.