Jump to content

വിക്കിപീഡിയ:തിരുത്തൽ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Edit warring എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ചർച്ചകളെ അടിസ്ഥാനമാക്കിയാണ്‌ വിക്കിപീഡിയ പരസ്പര പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല. ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിർക്കുന്നുവെങ്കിൽ അവരുമായി ചർച്ചയിലേർപ്പെടുകയും പരസ്പരധാരണയിലെത്തുവാനും തർക്കപരിഹാരം നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങൾക്കും പതിപ്പുകൾക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തൽ യുദ്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ, പ്രത്യേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കിൽ അവർ തടയപ്പെടാൻ സാധ്യതയുണ്ട് .
ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന വളരെയധികം കടുത്ത ഒരു തിരുത്തൽ യുദ്ധം

സമവായരൂപവത്കരണത്തിന്‌ പരസ്പരം സഹായിച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നവരും തിരുത്തൽ നയങ്ങൾ പിന്തുടരുന്നവരുമായ ഉപയോക്താക്കൾ തമ്മിൽ നടത്തുന്ന ചർച്ചകളിലൂടെ വികസിക്കുന്നവയാണ്‌ വിക്കിപീഡിയയിലെ താളുകൾ. അവർ തർക്കപരിഹാരം നടത്തുന്നവരാണ്‌ അത് സാധ്യമാക്കാൻ പരസ്പരം സഹായിക്കുന്നവരും. തങ്ങളുടെ വിയോജിപ്പുകൾ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുപകരം ഉപയോക്താക്കൾ ഒറ്റയ്ക്കോ സംഘം ചേർന്നോ മറ്റുള്ളവർ നടത്തുന്ന സംഭാവനകളിൽ തുടർച്ചയായി മുൻപ്രാപനങ്ങൾ നടത്തുമ്പോഴാണ്‌ ഒരു തിരുത്തൽ യുദ്ധം അരങ്ങേറുന്നത്. ദയവായി, തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ലേഖകരെപ്പറ്റി കാര്യനിർവ്വാഹകരെ വിവരമറിയിക്കുക.

നിലവിൽ തിരുത്തൽ യുദ്ധത്തിനെതിരായ ഒരു വ്യക്തമായ നയം നിലവിലുണ്ട്, മൂന്നു മുൻപ്രാപന നിയമമാണത് (3-മു.നി.). കാര്യനിർവ്വാഹകർ അതിൻപ്രകാരം നടപടിയെടുത്തില്ലെങ്കിലും, ആരെങ്കിലും കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ചേർക്കുന്നതോടെ ഉചിതമായ നടപടിക്ക് സാധ്യതയേറെയാണ്‌. വിക്കിപീഡിയയുടെ നയങ്ങൾ തിരുത്തൽ യുദ്ധങ്ങൾക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലെങ്കിലും തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ലേഖകർ തടയപ്പെട്ടേക്കാം.

വിക്കിപീഡിയയുടെ വായനക്കാർക്കും ലേഖകർക്കും ദോഷമല്ലാതൊന്നും തിരുത്തൽ യുദ്ധങ്ങൾ സംഭാവന ചെയ്യുന്നില്ല. മറ്റുള്ളവരെ പരിഗണിക്കാതെ ഒരു നിലപാടിൽ ഉറച്ചുനിൽക്കാനോ ലേഖനത്തിന്റെ ഏതെങ്കിൽ ഒരു പതിപ്പ് നിലനിർത്താനോ ഉള്ള ശ്രമം സന്തുലിതമായ് കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുകയും ലേഖകർക്കിടയിൽ വിദ്വേഷം വളരാൻ കാരണമാകുകയും സമവായത്തിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. ആവശ്യമായ ബോധവൽക്കരണം, മുന്നറിയിപ്പ്, തടയൽ എന്നിവയ്ക്കുശേഷവും തിരുത്തൽ യുദ്ധം തുടരുന്ന ലേഖകർ സമൂഹത്തേയും വിജ്ഞാനകോശത്തേയും നിസ്സാരവൽക്കരിക്കുകയാണ്‌, ഇത് അവരുടെ തിരുത്താനുള്ള അവകാശങ്ങളിൽ അനിശ്ചിതമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്കെത്തിക്കും.

തിരുത്തൽ യുദ്ധം

തിരുത്തൽ പ്രക്രിയ

ഒരു തുറന്ന വ്യൂഹത്തിന്‌ ഗുണമേന്മയുള്ളതും സന്തുലിതവുമായ വിജ്ഞാകോശ ഉള്ളടക്കം പ്രദാനം ചെയ്യാൻ സാധിക്കുമെന്നത് പ്രധാന നിലപാടായി വിക്കിപീഡിയ സ്വീകരിച്ചിരിക്കുന്നു. പരസ്പര ധാരണയും ക്ഷമയും ശക്തമായ സാമൂഹ്യബോധവും ഇതിനാവശ്യമാണ്‌. ഇതിനെയെല്ലാം നിഷ്ഫലമാക്കുന്നവയാണ്‌ മര്യാദകേടുകളും തിരുത്തൽ യുദ്ധങ്ങളും.

ലേഖകർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരിക്കുന്നു അവ പരിഹരിക്കുവാൻ സാധിക്കുന്നുമില്ല, അത്തരം അവസരങ്ങളിൽ ചർച്ചനടത്തുകയും പരസ്പരധാരണയിലെത്തുവാനുമാണ്‌ ശ്രമിക്കേണ്ടത്, തർക്കപരിഹാരം തേടുകയോ മറ്റ് ലേഖകരടങ്ങിയ വലിയ സമൂഹത്തോട് സഹായിക്കുവാൻ അഭ്യർത്ഥിക്കുകയോ ചെയ്യുക.

എന്താണ് തിരുത്തൽ യുദ്ധം?

പരസ്പരം സഹകരണത്തിനു കാക്കാതെ വിജയിക്കുവാനും കാര്യം സാധിക്കുന്നതിനുവേണ്ടിയും, ചർച്ചകൾ സ്തംഭിപ്പിക്കുവാനും, താളിൽ ഒരു നിലപാട് അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയും എതിർപ്പോടെയും, ആക്രമണോത്സുകതയോടെയും നിഷ്ഫലമായ തിരുത്തലോ മുൻപ്രാപനമോ നടത്തലാണ് തിരുത്തൽ യുദ്ധം. തിരുത്തൽ യുദ്ധത്തിലേർപ്പെടുന്നവർ ശക്തമായി പോരാടുകയും, വ്യവസ്ഥകളുപയോഗിച്ച് അമ്മാനമാടുകയും, സം‌വാദം താൾ ചർച്ചകൾകൊണ്ട് നിറക്കുകയും ചെയ്യും. വിജ്ഞാകോശപരമായ സമവായത്തിനു ശ്രമിക്കാതെ ഇവർ മറ്റ് ഉപയോക്താക്കളെ ഈ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയും അവരുടെ സമയവും ശ്രമങ്ങളും നിഷ്ഫലമാക്കുകയും ചെയ്യും. ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. അവ വിള്ളലുകളുണ്ടാക്കുന്നതും ദോഷകരവും, പ്രയോജനരഹിതവുമാണ്‌, അവ പലപ്പോഴും മറ്റ് ഉപയോക്താക്കളുടെയും കാര്യനിർവ്വാഹകരുടേയും ഇടപെടലുകളിലേക്ക് നയിക്കുന്നു.

സാധാരണയായി തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ഒരു ഉപയോക്താവ് നിലവിലുള്ള തിരുത്തൽ നടപടിക്രമങ്ങളെ അവഗണിക്കുകയും, മറ്റുള്ളവർ ഉന്നയിക്കുന്ന വസ്തുതകളെ കണക്കിലെടുക്കാതെ മാറ്റങ്ങൾ തിരസ്ക്കരിക്കുകയും ചെയ്യും. വിക്കിപീഡിയയിലെ നയങ്ങളും മാർഗ്ഗരേഖകളുമനുസരിച്ചായിരിക്കണം ഉള്ളടക്കങ്ങൾ എഴുതപ്പെടേണ്ടത്. ലേഖകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പോരാടുന്നതിനേക്കാൾ ചർച്ച നടത്തുകയാണ്‌ വേണ്ടത്. പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ അവർ കാത്തിരിക്കണം, തർക്കപരിഹാരം നടത്തുന്നതുവരെ സ്വന്തം തിരുത്തലുകൾ മറ്റുള്ളവർ തിരസ്ക്കരിക്കും എന്നറിയുകയാൽ അവർ ലേഖനത്തിൽ അത്തരം തിരുത്തലിനു വീണ്ടും ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനു കാക്കുകയാണ്‌ വേണ്ടത്. മറ്റുള്ളവർ അവരുടെ താൽപ്പര്യങ്ങൾ ലേഖനത്തിൽ ചേർക്കാൻ ശ്രമിക്കുന്നു എന്നത് ആർക്കും തിരുത്തൽ യുദ്ധം നടത്താനുള്ള കാരണമല്ല.

തിരുത്തൽ യുദ്ധത്തിന്റെ ഭാഗമല്ലാത്തവ എന്തൊക്കെ?

ചില അവസരങ്ങളിൽ നടത്തുന്ന മുൻപ്രാപനമോ തിരുത്തൽ തിരസ്ക്കരണമോ ആവശ്യമുള്ളവയാണ്‌, അവ ഇവയാണ്‌ (ഇവയിൽ മാത്രം പരിമിതിപ്പെടുന്നുമില്ല):

  • നശീകരണ പ്രവർത്തനങ്ങളെയോ വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളെയോ തിരസ്ക്കരിക്കുന്നത് തിരുത്തൽ യുദ്ധമല്ല. തുടർച്ചയായി അങ്ങേയറ്റം മോശമോ തെറ്റായതോ ആയ വിവരങ്ങൾ താളിൽ ചേർക്കുന്നതും താളിൽ നിന്നും വലിയ തോതിൽ വിവരങ്ങൾ നീക്കുന്നതും വാൻഡലിസമായി കണക്കാക്കും, പക്ഷെ പൊതുവായ വീക്ഷണത്തിൽ താളുകൾ തിരുത്തുന്നതിന്റെ ഭാഗമായുള്ള നീക്കം ചെയ്യലുകളും കൂട്ടിച്ചേർക്കലുകളും മറ്റ് നല്ല രീതിയിലുള്ള മാറ്റങ്ങളും വാൻഡലിസത്തിന്റെ ഭാഗമല്ല.
  • നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള തിരുത്തലുകൾ. ഉദാഹരണത്തിന്‌ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളുടെ കാര്യത്തിലുള്ള നയമനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയെ ഇകഴ്ത്തുന്ന അവലംബരഹിതമായ പരാമർശങ്ങൾ നീക്കംചെയ്യുന്നത്.

മുൻപ്രാപനം

ഒരു വ്യക്തി ഒരു താളിൽ നടത്തിയ മാറ്റങ്ങൾ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്‌ മുൻപ്രാപനം. വരുത്തപ്പെട്ട മാറ്റം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കാതെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാതെ മുൻപ്രാപനം വഴി മറ്റ് ലേഖകൻ വരുത്തിയ മാറ്റം ഇല്ലാതാക്കുകയാണ്‌ ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ന്യായവശം കൂടാതെ മുൻപ്രാപനം നടത്തുവാൻ പാടില്ല.

തങ്ങൾക്ക് വിയോജിപ്പുള്ള കാര്യം ചേർത്ത ഉപയോക്താവിനെ അവഗണിക്കുവാനോ നിഷേധിക്കുവാനോ വേണ്ടി മുൻപ്രാപനം നടത്തരുത്, ഒരു പോരാട്ടത്തിന്റെ ചുവടുവയ്പ്പായും അങ്ങനെ ചെയ്യരുത്. ഈ രീതിയിൽ മുൻപ്രാപനത്തെ ദുരുപയോഗപ്പെടുത്തുന്നവർ കാര്യനിർവ്വാഹകർ വഴിയുള്ള മുന്നറിയിപ്പിനോ തടയലിനോ സാധ്യതയുണ്ട്.

മൂന്നു മുൻപ്രാപന നിയമം

സാധാരണ രീതിയിലുള്ള തിരുത്തൽ യുദ്ധസ്വഭാവത്തിന്റെ ഭാഗമായുള്ള അനാവശ്യമായ മുൻപ്രാപനം തടയുന്നതിന്റെ ഭാഗമായി നിലവിലുള്ള രജതരേഖയാണ്‌ "മൂന്നു മുൻപ്രാപന നിയമം" ("3-മു.നി.") ("3RR"). ഈ നിയമനുസരിച്ച് ഒരുപയോക്താവ് ഏതെങ്കിലും ഒരു താളിൽ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ നടത്തുന്നുവെങ്കിൽ അത് തിരുത്തൽ യുദ്ധമായി കണക്കാക്കും, അതനുസരിച്ച് ചിലപ്പോൾ ആദ്യഘട്ടത്തിൽ 24 മണിക്കൂർ നേരത്തേക്ക് തടയപ്പെടാം. മുൻപ്രാപനങ്ങൾ വഴിയുള്ള തിരുത്തൽ യുദ്ധം ഒരു പ്രത്യേക തലത്തിൽ കവിഞ്ഞ് സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു രേഖ വരയ്ക്കുകയാണ്‌ 3-മു.നി. ചെയ്യുന്നത്, അതുവരെ അതിനെതിരെ നടപടികൾ എടുത്തില്ലെങ്കിൽ അതിനുള്ള സാധുതയും അത് വ്യക്തമാക്കുന്നു. ചില അവസരങ്ങളിൽ തിരുത്തൽ യുദ്ധത്തിന്റെ ഭാഗമല്ലാത്ത മുൻപ്രാപനങ്ങൾക്ക് ഈ നിയമം ബാധകമല്ല (ഇവിടെ കാണുക).

ഓർക്കുക, മൂന്നു മുൻപ്രാപന നിയമം ലംഘിക്കപ്പെടാതെ തന്നെ ഒരു ഉപയോക്താവിന്റെ തിരുത്തലുകൾ യുദ്ധ പ്രതീതി ഉളവാക്കുന്നവയാണെങ്കിൽ കാര്യനിർവ്വാഹകർക്ക് അനുയോജ്യമായി ഇടപെടാവുന്നതാണ്‌, അതുപോലെ ഏത് ഉപയോക്താവിനും തിരുത്തൽ യുദ്ധത്തെപ്പറ്റി കാര്യനിർവ്വാഹകരെ അറിയിക്കാവുന്നതാണ്‌ (പകരം പ്രത്യാക്രമണം നടത്തുകയല്ല വേണ്ടത്).

3-മു.നി. യുടെ പ്രയോഗം

ഒരു "താൾ" എന്നത് വിക്കിപീഡിയയിലെ ഏതു താളുമാകാം, സം‌വാദം താളുകളും പദ്ധതി മേഖലയിലെ താളുകളും ഉൾപ്പെടെ. ഒരു മുൻപ്രാപനം എന്നതു മറ്റ് ലേഖകരുടെ പ്രവൃത്തികളെ പിൻവലിക്കുന്ന ഏതു പ്രവൃത്തിയേയും ഉദ്ദേശിക്കുന്നു, കാര്യനിർവ്വാഹകരുടെ പ്രവൃത്തികളും ഉൾപ്പെടെ എല്ലാം അതിന്റെ പരിധിയിൽ വരുന്നു. മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകൾ മധ്യേ വരാതെ ഒരു ഉപയോക്താവ് നടത്തുന്ന മുൻപ്രാപനങ്ങൾ ഒരു മുൻപ്രാപനമായാണ്‌ കണക്കാക്കുക. (ഈ നിർവ്വചനം "മുൻപ്രാപന"ത്തിന്‌ മറ്റിടങ്ങളിൽ നൽകിയിരിക്കുന്ന നിർവ്വചനങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌).

ഈ നിയമം പ്രവർത്തികമാക്കപ്പെടുക വ്യക്തിയുടെ മേലാണ്‌, അതായത് ഒരു വ്യക്തിയുടെ ഒന്നിലധികം അംഗത്വങ്ങൾ നടത്തുന്ന പ്രവൃത്തികളായാലും ഒരുമിച്ചു കണക്കാക്കപ്പെടും. അതുപോലെ താളുകൾ തോറുമാണ്‌ ഈ നിയമം ബാധകമാകുക, ഒരു വ്യക്തി പലതാളുകളിലായി മുൻപ്രാപനങ്ങൾ നടത്തുകയും ഒരു താളിലും മൂന്നിൽ കൂടുതൽ മുൻപ്രപനങ്ങൾ നടത്തിയില്ലെങ്കിൽ നിയമം ബാധകമാകുകയില്ല, പക്ഷെ ആ വ്യക്തി ഒരു പ്രശ്നകാരിയായി കണക്കാക്കപ്പെടാം.

ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ലെങ്കിൽ അത് നടപ്പാക്കുന്നതിനെ ഉറപ്പിക്കുന്ന ഒരു രജതരേഖയാണ്‌ 3-മു.നി. ഒരു താളിൽ നിശ്ചിത എണ്ണം തവണ വരെ മുൻപ്രാപനം നടത്താനുള്ള ഒരു നിയമപരമായ സൗകര്യമല്ല ഇത്. 3-മു.നി. ലംഘിക്കുന്നില്ലെങ്കിൽ കൂടി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ലേഖകർക്കെതിരെ കാര്യനിർവ്വാഹകർക്ക് നടപടി കൈക്കൊള്ളാവുന്നതാണ്‌.

ഏതെങ്കിലും ലേഖകൻ അബദ്ധത്തിൽ മൂന്നു മുൻപ്രാപന നിയമം ലംഘിക്കുകയാണെങ്കിൽ, അവർ അവസാനം വരുത്തിയ മാറ്റം തിരസ്ക്കരിച്ചിരിക്കണം. കാര്യനിർവ്വാഹകൾ അത് കണക്കിലെടുക്കുകയും, അത്തരം അവസരങ്ങളിൽ തടയൽ ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതുമാണ്‌, ഉദാഹരണത്തിന്‌ ലംഘനം നടത്തിയ ഉപയോക്താവ് സാധാരണഗതിയിൽ തിരുത്തൽ യുദ്ധകാരിയല്ല, കൂടാതെ അദ്ദേഹം മാന്യമായി തന്റെ പിഴവ് പരിഹരിക്കാൻ ശ്രമിക്കുന്നുമുണ്ട് എങ്കിൽ.

3-മു.നി.ക്കുള്ള അപവാദങ്ങൾ

തിരുത്തൽ യുദ്ധങ്ങളെ പ്രതിരോധിക്കുവാൻ വേണ്ടി നിർമ്മിച്ചിരിക്കുന്നതുകൊണ്ടുതന്നെ തിരുത്തൽ യുദ്ധങ്ങളുടെ ഭാഗമല്ലാത്ത മുൻപ്രാപനങ്ങൾ ലംഘനങ്ങളായി കണക്കാക്കപ്പെടില്ല. തിരുത്തൽ യുദ്ധങ്ങൾ വിനാശകാരികളാണ്‌ അതിനാൽതന്നെ വളരെ സൂക്ഷിച്ചാണ്‌ അതിനുള്ള അപവാദങ്ങളായി കണക്കാക്കപ്പെടുന്നതും. താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ മൂന്നു മുൻപ്രാപന നിയമം പ്രയോഗിക്കുന്നതിന്‌ അപവാദങ്ങളാണ്‌, ഇവയെ ഈ നിയമത്തിന്റെ വീക്ഷണത്തിൽ മുൻപ്രാപനങ്ങളായി കണക്കാക്കുന്നില്ല.

ഉപയോക്തൃ തരംതിരിച്ചുള്ള അപവാദങ്ങൾ

  • സ്വന്തം തിരുത്തലുകളുടെ മുൻപ്രാപനം (സ്വയം തിരസ്ക്കരണം). (ഈ നിയമത്തിന്റെ പരിധിയിൽ മറ്റുള്ളവരുടെ പ്രവൃത്തികൾ ഇല്ലാതാക്കുന്നതിനെയാണ്‌ കണക്കാക്കുന്നത്, അതിനാൽ സ്വയം തിരസ്കരണം നിയമലംഘനമായി കണക്കാക്കപ്പെടില്ല.)
  • നിങ്ങളുടെ ഉപയോക്തൃമണ്ഡലത്തിൽ നടത്തുന്നുന്ന മുൻപ്രാപനങ്ങൾ (നിങ്ങൾ വിക്കിപീഡിയയുടെ ഉപയോക്തൃതാളിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതുവരെയും മുൻപ്രാപനങ്ങൾ നടത്തുന്നത് 3-മു.നി. ഉള്ളടക്ക തരങ്ങൾക്കുള്ള അപവാദങ്ങളിൽപ്പെട്ടതാകുന്നതുവരെയും.)
  • വിലക്കപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകളിൽ മുൻപ്രാപനങ്ങൾ നടത്തുന്നത്.

ഉള്ളടക്ക തരംതിരിച്ചുള്ള അപവാദങ്ങൾ

  • വ്യക്തമായ വാൻഡലിസം - കാര്യബോധമുള്ള ഏതു ഉപയോക്താവും പെട്ടെന്നു തന്നെ വാൻഡലിസമാണെന്ന് അംഗീകരിക്കുന്ന തരത്തിലുള്ള തിരുത്തലുകൾ, അതായത് താൾ ശൂന്യമാക്കൽ നികൃഷ്ടമോ നിന്ദ്യമോ ആയ ഭാഷാശൈലിയുപയോഗിച്ചുള്ള തിരുത്തൽ എന്നിവ. കാര്യനിർവ്വാഹകർ വ്യവസ്ഥാപിതമായ വാൻഡലിസങ്ങളെ തടയുകയും, തുടർച്ചയായി മുൻപ്രാപനങ്ങൾ നടത്തുന്നതിനേക്കാൾ താളിന്‌ സം‌രക്ഷണമേർപ്പെടുത്തുന്നത് പരിഗണിക്കുകയും വേണം. കാര്യനിർവ്വാഹകരല്ലാത്ത ഉപയോക്താക്കൾ കാര്യനിർവ്വാഹകരുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ വാൻഡലിസം തടയുന്നതിനായി മുൻപ്രാപനങ്ങൾ നടത്തേണ്ടിവരും.
  • പകർപ്പവകാശ ലംഘനങ്ങളോ സൗജന്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ഉപയോഗ ലംഘനമോ.
  • വിക്കിപീഡിയയുടെ സെർവറുകൾ നിലകൊള്ളുന്ന അമേരിക്കൻ ഐക്യനാടിലെ ഫ്ലോറിഡ സംസ്ഥാനത്തെ നിയമങ്ങളുടെ വ്യക്തമായ ലംഘനം.
  • ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിലെ ഹാനികരമോ വളച്ചൊടിച്ചതോ തെളിവില്ലാത്തതോ മോശം നിലവാരത്തിലുള്ള തെളിവുകൾ അവലംബിച്ചതോ ആയ പരാമർശങ്ങൾ

ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ വിവാദപരമോ തിരുത്തൽ യുദ്ധമോ ആയി ഗണിക്കപ്പെട്ടേക്കാം. നടത്തുന്ന തിരുത്തൽ 3-മു.നി.ക്ക് അപവാദമാണെന്ന പക്ഷക്കാരനാണ്‌ താങ്കളെങ്കിൽ അത് വ്യക്തമാക്കുന്ന തിരുത്തൽ സംഗ്രഹമോ, സം‌വാദം താളിൽ അപവാദത്തിന്റെ ന്യായവശം വ്യക്തമാക്കുന്ന പ്രത്യേക കുറിപ്പോ നൽകുന്നത് കൂടുതൽ നന്നായിരിക്കും. സംശയം തോന്നുന്നുവെങ്കിൽ മുൻപ്രാപനം അരുത്; ഓർക്കുക വിക്കിപീഡിയ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സം‌രംഭമാണ്‌. പകരം തർക്കപരിഹാരം തേടുക, പ്രത്യേകിച്ച് അനുയോജ്യമായ നോട്ടീസ്ബോർഡുകളിൽ സഹായം അഭ്യർത്ഥിക്കുക.

വാൻഡലിസം നടക്കുന്ന അവസരങ്ങളിൽ മുൻപ്രാപനം നടത്തുന്നതിനേക്കാൾ വാൻഡലിസം നടത്തുന്ന ലേഖകരെ തടയലോ വാൻഡലിസത്തിന്‌ വിധേയമാകുന്ന താളിന്‌ സം‌രക്ഷണമേർപ്പെടുത്തുന്നതോ ആയിരിക്കും കൂടുതൽ ഉചിതം. അതുപോലെ തടയലോ താളിന്‌ സം‌രക്ഷണമേർപ്പെടുത്തലോ ആണ്‌ തുടർച്ചയായി പകർപ്പവകാശ ലംഘനമുള്ള ഉള്ളടക്കം ചേർക്കുമ്പോൾ ചെയ്യേണ്ടത്. വാൻഡലിസം ശ്രദ്ധയിൽപ്പെടുമ്പോൾ കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ്ബോർഡിൽ അതിനെപ്പറ്റി അറിയിക്കുകയോ താളിന്‌ സം‌രക്ഷണം ഏർപ്പെടുത്താൻ അഭ്യർത്ഥിക്കുകയോ ചെയ്യേണ്ടതാണ്‌. (ശ്രദ്ധിക്കുക, താളിന്‌ സം‌രക്ഷണം ഏർപ്പെടുത്തുക എന്നത് നിങ്ങളുടെ പതിപ്പ് സം‌രക്ഷിക്കുവാൻ വേണ്ടി സംവിധാനിക്കപ്പെട്ടതല്ല, തിരുത്തൽ യുദ്ധം ഒഴിവാക്കി ചർച്ചയെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടിയാണത്.)

തിരുത്തൽ യുദ്ധ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യൽ

ഒരു തിരുത്തൽ യുദ്ധത്തിന്റെ പ്രവർത്തനം കാണുമ്പോൾ നിങ്ങളെന്തു ചെയ്യണം

പ്രശ്നത്തിന്‌ പരിഹാരം ആരായുന്നതാണ്‌ ഒരു തിരുത്തൽ യുദ്ധം കാണുമ്പോൾ ചെയ്യേണ്ടത് അല്ലാതെ അതിൽ പങ്കെടുത്ത് യുദ്ധം കൂടുതൽ മുറുക്കുകയല്ല വേണ്ടത്. വിയോജിപ്പ് കൂടുതൽ പ്രത്യക്ഷമാകുമ്പോൾ അതിലുൾപ്പെട്ട രണ്ട് പക്ഷവും യുദ്ധം മതിയാക്കി പ്രശ്നം സം‌വാദം താളിൽ ചർച്ച ചെയ്യുന്നതിന്‌ ശ്രമിക്കേണ്ടതാണ്‌, സന്ദർഭോചിതമായി അനുയോജ്യമായ ഇടങ്ങളിൽനിന്നും സഹായത്തിന്‌ അഭ്യർത്ഥിക്കുകയും ചെയ്യുക. സമൂഹത്തിനിടയിൽ ശുപാർശചെയ്യപ്പെട്ട ഇതരമാർഗ്ഗങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.

സഹകരിച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള ക്ഷണം നിരസിച്ചും, നൽകിയ വസ്തുതകളെ അവഗണിച്ചും, തർക്കപരിഹാരത്തിനു തയ്യാറാവാതെ ഒന്നോ അതിൽകൂടുതലോ ഉപയോക്താക്കൾ തിരുത്തൽയുദ്ധം നിർത്താൻ തായ്യാറാവുന്നില്ലെങ്കിൽ, കാര്യനിർവ്വാഹകർക്കുള്ള/3-മു.നി.ക്കുള്ള നോട്ടീസ്ബോർഡിൽ കാര്യനിർവ്വാഹകരുടെ ഇടപെടലിനുവേണ്ടി അഭ്യർത്ഥിക്കേണ്ടതാണ്‌. തിരുത്തൽ യുദ്ധത്തിൽ മുന്നോട്ടുപോകുന്ന ഉപയോക്താവ് അത് വിക്കിപീഡിയയിൽ നിരോധിക്കപ്പെട്ടതാണെന്ന വസ്തുതതയെക്കുറിച്ച് അജ്ഞനാണെന്ന് കാണപ്പെടുകയാണെങ്കിൽ, {{uw-3rr}} എന്ന ഫലകം ആ ഉപയോക്താവിന്റെ സം‌വാദം താളിൽ നിക്ഷേപിച്ച് ഉപയോക്താവിനെ ബോധാവാനാക്കേണ്ടതാണ്‌. പൊതുവായ തരത്തിലുള്ള മുന്നറിയിപ്പു ഫലകങ്ങളുടെ ഉപയോഗം തിരുത്തൽ യുദ്ധാവസരങ്ങളിൽ ഒഴിവാക്കുക, അത് ചിലപ്പോൾ പ്രശ്നം വർദ്ധിപ്പിച്ചേക്കാം. സന്ദർഭത്തിനനുസരിച്ച് പ്രശ്നം തണുപ്പിക്കാനുതകുന്ന തരത്തിലുള്ള നിങ്ങളുടെ സ്വന്തം അഭിപ്രായവും ഉപയോക്താവിനെ അറിയിക്കുന്നതും പരിഗണിക്കുക.

പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് എങ്ങനെ തിരുത്തൽ യുദ്ധത്തിൽ അകപ്പെടുന്നതിൽ നിന്നൊഴിവാകാം

പൊതുവായിപ്പറഞ്ഞാൽ, ആശയവിനിമയമാണ്‌ അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനുള്ള നല്ല മാർഗ്ഗം: കൂടുതൽ വായനക്ക് വിക്കിപീഡിയ:തിരുത്തൽ നയം#ചർച്ചയും തിരുത്തലും കാണുക. തർക്കം ഉടലെടുത്തിരിക്കുന്നു എന്ന് വ്യക്തമായി കഴിഞ്ഞാൽ തിരുത്തൽ സംഗ്രഹം മാത്രം നൽകുന്നതിനെ ആശ്രയിക്കരുത്, പ്രശ്നത്തെ ലേഖനത്തിന്റെ സം‌വാദം താളിൽ ചർച്ചയ്ക്ക് വിധേയമാക്കുക. തർക്കത്തെ ചർച്ചയ്ക്ക് വിധേയമാക്കാൻ ഏറ്റവും പ്രാഥമികമായി തിരഞ്ഞെടുക്കേണ്ടത് ലേഖനത്തിന്റെ സം‌വാദം താൾ തന്നെയാണ്‌, ഇത് പ്രശ്നാവലോകനത്തിനു കാര്യനിർവ്വാഹകരെ സഹായിക്കുകയും ചെയ്യും.

വിക്കിപീഡിയയിൽ സമയപരിധിയില്ല എന്നോർക്കുക, പ്രശ്നകരമായ ഭാഗങ്ങളിൽ ലേഖകർ ഉചിതമായ വൃത്തിയാക്കൽ ടാഗുകൾ ചേർക്കുന്നത് അനുവദനീയവുമാണ്‌. ചർച്ചയ്ക്കൊരു പരിസമാപ്തി ഉണ്ടാകുന്നില്ലെങ്കിൽ, പ്രശ്നം കൂടുതൽ ലേഖകരുടെ ശ്രദ്ധയിലേക്ക് തിരിക്കുന്നത് ഒത്തുതീർപ്പിലെത്തുന്നതിലേക്ക് നയിച്ചേക്കാം. മൂന്നാമതൊരു വശം കണക്കിലെടുക്കുന്നതും മറ്റ് ലേഖകരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നതും പരിഗണിക്കുക. പ്രശ്നത്തെക്കുറിച്ച് ബോധാവാന്മാരായ നിഷ്പക്ഷ ലേഖകർക്ക് വിവാദഭാഗങ്ങൾ തിരുത്തിയെഴുതി പ്രശ്നം ലഘൂകരിക്കുവാനും സമവായം രൂപപ്പെടുത്തുവാനും സഹായിക്കുവാനും കഴിയും. ഇതൊക്കെ പരാജയപ്പെടുകയാണെങ്കിൽ അനൗപചാരികമായോ ഔപചാരികമായോ ആയ രീതിയിലുള്ള തർക്കപരിഹാരം തേടുക.


പരിചയസമ്പന്നരായ ചില ലേഖകർ മുൻപ്രാപനങ്ങളുടെ കൂട്ടത്തിൽ അപവാദങ്ങളായി മുകളിൽ നൽകിയവയിൽ നൽകിയവമാത്രം നടത്തുമെന്ന നിലപാടെടുക്കുന്നു അല്ലെങ്കിൽ അവർ ഒരു മുൻപ്രാപനത്തിൽ പരിമിതപ്പെടുത്തുന്നു; തർക്കം ഉടലെടുക്കുന്നുവെങ്കിൽ പ്രശ്നം കൂടുതൽ വഷളാക്കുന്നതിനേക്കാൾ അത്തരം വ്യക്തികൾ പ്രാമുഖ്യം നൽകുക സം‌വാദങ്ങൾക്കും മറ്റുള്ളവരുടെ സഹായങ്ങൾ തേടുന്നതിനുമായിരിക്കും. മുൻപ്രാപനങ്ങൾക്ക് അപവാദങ്ങളായി നൽകിയവയിൽപ്പെട്ടവ മാത്രം നടത്തുക എന്ന നയം ലേഖകർക്ക് സ്വീകരിക്കാവുന്നതാണ്‌; വിക്കിപീഡിയ:അത്യാവശ്യമെങ്കിൽ മാത്രം മുൻപ്രാപനം നടത്തുക കാണുക. ഭിന്നാഭിപ്രായങ്ങളുള്ളതും വികാരപരമായി സമീപിക്കപ്പെടുന്നതും അതുവഴി തിരുത്തൽ യുദ്ധത്തിനു സാധ്യത കൂടുതലുള്ളതുമായ വിവാദവിഷയങ്ങളുടെ കാര്യത്തിൽ ഈ നയം കൂടുതൽ അനുയോജ്യമായിരിക്കും.

പിൻകുറിപ്പ്: ലേഖകർ സമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തൽ യുദ്ധങ്ങളിൽ പങ്കെടുക്കരുത്. തുടർച്ചയായി മുൻപ്രാപനങ്ങൾ നടത്താതെ കാര്യം മറ്റുള്ളവരുമായി ചർച്ച ചെയ്യുക; ഒരു മുൻപ്രാപനം അത്യാവശ്യമാണ് എങ്കിൽ, മറ്റൊരു ലേഖകനും അതുപോലെ ചിന്തിക്കുന്നുണ്ടാവാം, അതു ചെയ്യുക (മറ്റുള്ളവരെ അറിയിക്കാതെ തന്നെ), അത് ആ പ്രവൃത്തി സംബന്ധമായ സമവായത്തിലേക്ക് നയിച്ചുകൊള്ളും. താൾ സം‌രക്ഷണത്തിന്‌ അപേക്ഷിക്കുക, അല്ലാതെ മുൻപ്രാപനങ്ങൾ നടത്തിക്കൊണ്ട് തർക്കത്തിന്റെ ഭാഗമാകരുത്.

ഇതും കാണുക