Jump to content

വിക്കിപീഡിയ സംവാദം:നിയമസഹായം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിങ്ങൾ എടുത്ത ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക് നൽകുക എന്നാൽ ഏതൊരാൾക്കും അത് വാണിജ്യപരമായോ സ്വകാര്യഉപയോഗത്തിനോ ഉപയോഗിക്കാം എന്ന സമ്മതപത്രം നൽകുകയാണ്. പൊതുസഞ്ചയത്തിലേക്ക് നൽകിക്കഴിഞ്ഞാൽ അത് ആര് എങ്ങിനെ ഉപയോഗിക്കുന്നു എന്ന് ഉടമസ്ഥൻ അറിയേണ്ടതില്ല. ഇനി അങ്ങിനെ അറിയണമെന്നാണെങ്കിൽ, കടപ്പാടുകൾ നൽകുക എന്നത് നിർബന്ധമാണെങ്കിൽ ഇത്തരം അനുമതി പത്രങ്ങൾ എല്ലാം മാറ്റിയെഴുതേണ്ട കാലമായി എന്നാണർത്ഥമാക്കുന്നത്. കടപ്പാട് നൽകുകയോ നൽകാതിരിക്കുകയോ ചെയ്യട്ടെ ആർ ഗൗനിക്കുന്നു. ഇന്റർനെറ്റിലുള്ള എത്രയോ ഡാറ്റകൾ യാതൊരു കടപ്പാടും നൽകാതെ നാം ഉപയോഗിക്കുന്നുണ്ടല്ലോ. ഇനി, കടപ്പാട് നൽകുന്നില്ല എന്ന കാരണത്താൽ ഉപയോക്താക്കൾ തങ്ങളുടെ ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്കു നൽകുന്നതിൽ നിന്നും പിൻമാറുന്നുണ്ടെന്നുള്ള വസ്തുത ശരിയാണോ എന്നറിയില്ല. ഇനി അങ്ങിനെയാണെങ്കിൽ തന്നെ ആ ഉപയോക്താക്കൾ പൊതുസ‍ഞ്ചയം എന്നതിന്റെ വിശാലമായ അർത്ഥങ്ങൾ മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാൻ. നിയമസഹായം എന്ന പദം തന്നെ അനാവശ്യമാണിവിടെ. ഞാൻ അധികമൊന്നും ചിത്രങ്ങൾ ഇങ്ങിനെ സംഭാവനചെയ്തിട്ടില്ല, ഇനി ഞാൻ പൊതുസഞ്ചയത്തിലേക്ക് നൽകിയ ചിത്രങ്ങൾ ആര് എങ്ങിനെ ഉപയോഗിച്ചാലും എനിക്കു യാതൊരു അസ്വസ്ഥതയും ഉണ്ടാവില്ലെന്ന് ഇവിടെ സൂചിപ്പിക്കട്ടെ, മാത്രവുമല്ല ഭാവിയിൽ ചിത്രങ്ങൾ സംഭാവനചെയ്യുന്നതിൽ നിന്നും എന്നെ അത് പിൻവലിപ്പിക്കുകയുമില്ല ബിപിൻ (സംവാദം) 04:36, 16 ജൂൺ 2013 (UTC)[മറുപടി]

  • കടപ്പാട് കൊടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്നു വെന്നേയുള്ളൂ എന്നാണ് എന്റെ ഓർമ്മ. അവിടെ തന്നെ ആ കടപ്പാട് അടിച്ചേൽപ്പിക്കുന്നതു പോലെ ആകരുത് എന്ന് എഴുതിയിരുന്നത് ഞാൻ വ്യക്തമായി ഓർക്കുകയും ചെയ്യുന്നു. സ്വതന്ത്രമാക്കിയ എന്തിനെയും പുറകേപോയി നിയമസഹായത്തോടെ കടപ്പാട് കൊടുപ്പിക്കാണാണെങ്കിൽ എന്തോന്നു സ്വതന്ത്രം? കോപ്പി റൈറ്റും നമ്മളും തമ്മിലെന്തു വത്യാസം. കടപ്പാടു കൊടുക്കാനിഷ്ടമുള്ളവർ കൊടുക്കട്ടെ, സ്വന്തം കൃതി മറ്റുള്ളവർ കടപ്പാടു കൊടുക്കാതെ ഉപയോഗിക്കരുതെന്നുള്ളവർ സ്വതന്ത്രം എന്നു പറയാതിരിക്കട്ടെ. ഈ താൾ ഒരു മാർഗരേഖയായും, വ്യക്ത്യാ ധിഷ്ടിതമായ ഒരു നീക്കവുമായിരിക്കണം, വിക്കിയുടെ പേരിൽ ഇങ്ങനുള്ള പണിയൊന്നും ആരും കാണിക്കാതിരിക്കട്ടെ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:11, 16 ജൂൺ 2013 (UTC)[മറുപടി]


"താൾ സേവ് ചെയ്യുക" എന്ന ബട്ടൺ ഞെക്കുമ്പോൾ, ഉപയോഗനിബന്ധനകൾ അംഗീകരിക്കാമെന്ന് താങ്കൾ സമ്മതിക്കുകയാണ്, ഒപ്പം താങ്കളുടെ സംഭാവനകൾ പിന്നീട് മാറ്റാനാവാത്ത സി.സി.-ബൈ-എസ്.എ. 3.0 അനുവാദപത്രം, ജി.എഫ്.ഡി.എൽ എന്നിവയിൽ പ്രസിദ്ധീകരിക്കാനും സമ്മതിക്കുന്നു. ക്രിയേറ്റീവ് കോമൺസ് അനുവാദപത്രത്തിൽ കടപ്പാട് കുറിക്കാൻ ഒരു ഹൈപ്പർലിങ്കോ യൂ.ആർ.എല്ലോ മതിയെന്നും താങ്കൾ സമ്മതിക്കുന്നുണ്ട്. എന്നിങ്ങനെ എല്ലാ തിരുത്തൽ ഭാഗങ്ങളിലും വരുന്നുണ്ട്. ഇതിൽ വരുന്ന എല്ലാ തിരുത്തലുകളും പൊതു സഞ്ചയത്തിൽ ആകണ്ടേ?? എന്തുകൊണ്ട് ഈ രണ്ടു ലൈസൻസുകളിലോ അവയുടെ കൂടിയ വിഭാഗങ്ങളിലോ പ്രസിദ്ധീകരിക്കാൻ പറയുന്നു??
ചിത്രങ്ങൾ/പ്രമാണങ്ങൾ ആരും തന്നെ പൊതു സഞ്ചയത്തിൽ കൊടുക്കുന്നില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. പ്രത്യേകിച്ചും പടം പിടുത്തം ഒരു ഭ്രാന്തായി കൊണ്ടു നടക്കുന്നവർ. കടപ്പാട് എന്നാൽ സാമ്പത്തീകമായി മാത്രം കാണണ്ടുന്ന ഒന്നല്ല. കൃത്യമായും ആ പ്രമാണം നിർമ്മിച്ച/എടുത്ത ആളിനുള്ള അവകാശമാണ്.. അങ്ങനെ ആരെയും അവകാശം മേടിക്കാൻ അനുവദിക്കാൻ പറ്റില്ല /അനുവദിക്കില്ല/അക്കൂട്ടത്തിൽ നിൽക്കാൻ കഴിയില്ല എങ്കിൽ എല്ലാ വിഷയങ്ങളും പൊതു സഞ്ചയത്തിലാക്കുന്നതാണ് നല്ലത്. വിക്കിമീഡിയ സംരംഭങ്ങൾ പോലും.... --സുഗീഷ് (സംവാദം) 05:57, 16 ജൂൺ 2013 (UTC)[മറുപടി]
എന്റെ പരിചയത്തിലുള്ള പ്രൊഫഷ്ണലായി ഫോട്ടോ എടുക്കുന്ന ആരും എന്തുകൊണ്ടാണ് വിക്കിയിൽ പ്രസിദ്ധീകരിക്കാത്തത് എന്ന് അന്വേഷിച്ചപ്പോൾ ഇതാണ് ഒരു പ്രശ്നമായി പറഞ്ഞു കാണുന്നത്. പക്ഷി-ശലഭ-സസ്യ-കല തുടങ്ങി ഏത് മേഖലയിലും നിറയേ ഫോട്ടോഗ്രാഫേഴ്സ് ഇവിടെ ഓൺലൈനുണ്ട്. പലർക്കും ഇത് ക്രിയേറ്റീവ് കോമൺസിൽ പ്രസിദ്ധീകരിക്കാനും താല്പര്യമുണ്ട്. പക്ഷേ ഇങ്ങനെ പ്രസിദ്ധീകരിച്ച ഒരു ഗുണമേൺമയുള്ള ഒരു ചിത്രം യാതൊരു കടപ്പാടും കൂടാതെ പത്രം പോലുള്ള വളരെ ജനങ്ങളിലേക്കെത്തുന്ന ഒരു (കച്ചവട) മാധ്യമത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ എല്ലാവർക്കും ബിപിൻ പറഞ്ഞ വിശാലമനസ്കത എല്ലാവർക്കുമുണ്ടമെന്ന് നമുക്ക് പറയാനാകില്ല. ഇങ്ങനെ ഒരു കടപ്പാട് കൊടുക്കുന്ന സംസ്കാരം ഇവിടെ ഇല്ലാത്തതിന്റെ പ്രശ്നമാണ്(പത്രത്തിലിട്ടത് ചൂണ്ടി ഇവിടെ ഇട്ട് നോക്കൂ. അപ്പൊ കേസ് വരുന്നതറിയാം).

നമ്മുടെ സമൂഹത്തിലേക്ക് സജീവമായി സംഭാവന ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇങ്ങനെ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇതിലെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരൂ ? (സ്വതന്ത്ര ലൈസൻസ് എന്നാൽ പൊതുമുതൽ അല്ല. ലൈസൻസ് കൃത്യമായി വായിച്ചു നോക്കുക) (ഷാജി മുള്ളൂക്കാരനെടുത്ത കലാമണ്ഡലം ഗോപിയാശാന്റെ പടം മാതൃഭൂമി ചൂണ്ടിയത്, ഗൂഗിൾ പ്ലസ്സ് പോസ്റ്റ് ഇവിടെ, ഇതുപോലെ വിനയേട്ടന്റെ പടവും മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങൾ കടപ്പാടില്ലാതെ പ്രസിദ്ധീകരിച്ചിരുന്നു. ഉദാഹരണങ്ങൾ ധാരാളം.. ) ഇതൊരു ഗൗരവകരമായ പ്രശ്നമാണ്. ഇതിലെങ്ങനെ നിയമപരമായി നേരിടാൻ ഉപയോക്താക്കളെ സഹായിക്കാമെന്നേ ഈ താൾ കൊണ്ട് ഉദ്ദ്യേശിക്കുന്നുള്ളൂ. ഇതിൽ സമൂഹത്തിന് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല. --മനോജ്‌ .കെ (സംവാദം) 07:25, 16 ജൂൺ 2013 (UTC)[മറുപടി]

പൊതുസഞ്ചയത്തിലായിക്കഴിഞ്ഞാൽ ചിത്രം എടുത്തയാൾക്ക് കടപ്പാട് കൊടുക്കണം എന്നു പറയുന്നത്, പണം കൊടുത്തു വാങ്ങേണ്ടതാണ് എന്നതുപോലെ തന്നേയുള്ളു. മനോജ് ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം, പത്രത്തിൽവരുന്നത് ചൂണ്ടി ഇവിടെയിട്ടാൽ കേസു വരും എന്നത്. അതാണല്ലേ നമ്മളും അവരും തമ്മിലുള്ള വ്യത്യാസം. നമ്മൾ സാമൂഹികപ്രതിബദ്ധത എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നു, അവർ പണത്തിനുവേണ്ടിയും. കടപ്പാട് ലഭിച്ചാലേ പൊതുസഞ്ചയത്തിൽ ഇടാൻ കഴിയു എന്നുള്ളവർ ഈ പരിപാടിയിൽ നിന്നും മാറി നിൽക്കേണ്ടതു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിയമപരമായി നേരിടുക എന്നാൽ അത്രക്ക് ജനപ്രീതി കുറയുന്നു എന്നാണ് ലക്ഷ്യമാക്കുന്നത്. ബിപിൻ (സംവാദം) 07:37, 16 ജൂൺ 2013 (UTC)[മറുപടി]

പൊതുസഞ്ചയം (Public Domain) വേറെ, ക്രിയേറ്റീവ് കോമൺസ് വേറെ(ഇതിൽ തന്നെ കുറേ ലൈസൻസുകളുണ്ട്), ഗ്നൂ സാർവ്വജനിക അനുവാദപത്രം വേറെ. എല്ലാത്തിനും അതിന്റേതായ വ്യത്യാസമുണ്ട്. കൂടുതൽ ഇവിടെ വായിക്കുക en:Wikipedia:Reusing Wikipedia content. സ്വതന്ത്ര പകർപ്പാവകാശങ്ങളെക്കുറിച്ചുള്ള എന്റെയോ ബിപിന്റേയോ തെറ്റുദ്ധാരണകളാണ് കാരണമെന്ന് തോന്നുന്നു. ലിങ്കുകൾ ഒന്ന് വായിക്കുക (മലയാളത്തിൽ ഉള്ളടക്കം കുറവാണ്, ഇംഗ്ലീഷ് പേജ് നോക്കുക)--മനോജ്‌ .കെ (സംവാദം) 07:58, 16 ജൂൺ 2013 (UTC)[മറുപടി]

ശരിയാണ് മനോജ്, തെറ്റിദ്ധാരണകളാണ് അധികം. പക്ഷേ ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ എനിക്കു ശരിയെന്നു തോന്നുന്നത് എന്റെ കാഴ്ചപ്പാടാണ്. ഞാനിത് ഏതെങ്കിലും നിയമനൂലാമാലകളുടെ ബലത്തിലല്ല പറയുന്നത്. അങ്ങിനെയായിരിക്കണം അറിവ് എന്നാണ്. ഞാൻ നേരത്തേ തന്നെ പറഞ്ഞു, വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്. സമൂഹത്തിന് ചിലപ്പോൾ പ്രാകൃതം എന്നു തോന്നിയേക്കാം. പക്ഷേ ആ ലക്ഷ്യത്തിലേക്കെത്തിച്ചേരുമ്പോഴാണ് നാമൊക്കെ ചിന്തിക്കുന്ന ആ പുതിയ ലോകം സാധ്യമാവുകയുള്ളു. ബിപിൻ (സംവാദം) 08:04, 16 ജൂൺ 2013 (UTC)[മറുപടി]

അനുകൂലിക്കുന്നു ബിപിൻ, പക്ഷേ യാഥാർഥ്യവും ഐഡിയലിസവും ഒരുമിച്ച് പോകുക പ്രയാസമാണ്. ഈ വിഷയം എന്നെ സംബന്ധിച്ച് പ്രധാനമുള്ളതല്ല. ഇതേ സംബന്ധിച്ച് കുറച്ച് പരാതികൾ വ്യക്തിപരമായി തന്നെ ബുദ്ധിമുട്ടിച്ചിട്ടുള്ളതിനാലാണ് മുൻകൈ എടുത്ത് ചർച്ചയ്ക്കിട്ടത്. ഇത് ഈ വിധത്തിൽ വിശാലമായ നിലപാടുള്ളവർക്ക് വേണ്ടിയല്ല. നിലവിലെ അവസ്ഥയിൽ വിക്കിയിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഇതുപോലുള്ള കോപ്പിയടി സംഭവങ്ങൾ(പല സംഭവങ്ങളിലും വ്യാജ പകർപ്പാവകാശവാദമുന്നയിക്കലുമുണ്ട്), (സാഹചര്യം വ്യക്തമായെന്ന് വിശ്വസിക്കുന്നു.) അവർക്ക് ആവശ്യമായ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെങ്കിൽ അത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ് ലക്ഷ്യം. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനോ അതിന് ശേഷം പകർത്തപ്പെടുന്നതിലോ അതിനെതിരേ പരാതി കൊടുക്കുന്നതിനോ വിക്കിപീഡിയ ഫൗണ്ടേഷനോ വിക്കിപീഡയ സമൂഹത്തിനോ യാതൊരു ബാധ്യതയോ ഉണ്ടാകാനിടയില്ലെന്നാണ് മനസ്സിലാക്കുന്നത്. വ്യക്തികളുടെ താല്പര്യങ്ങളെ നമുക്ക് എതിർക്കാനോ മാറ്റാനോ സാധിക്കില്ല. സമൂഹം മുന്നിട്ടെടുത്ത് ഫോട്ടോ അപ്ലോഡിങ്ങ് ഇവന്റുകളൊക്കെ നടത്തിയിട്ടുള്ള സാഹചര്യത്തിൽ ഈ ചോദ്യത്തിന് കൂടി ഉത്തരം കൊടുക്കേണ്ടതുണ്ടെന്ന അഭിപ്രായത്തിന്റെ പുറത്താണ് ഞാൻ ഈ താൾ ആരംഭിച്ചത്.--മനോജ്‌ .കെ (സംവാദം) 08:20, 16 ജൂൺ 2013 (UTC)[മറുപടി]
പൊതു സഞ്ചയത്തിലെ പ്രമാണത്തെക്കുറിച്ചല്ലല്ലോ ഇവിടെ പരാമർശിക്കുന്നത്. മുള്ളൂരിന്റെ പടം, വിനയേട്ടന്റെ പടം ഇതു രണ്ടിന്റേയും പവർപ്പവകാശത്തിൽ പ്രദിപാദിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

പൊതു സഞ്ചയത്തിലേയ്ക്ക് നൽകിയ പ്രമാണത്തിന് ആരും തന്നെ കടപ്പാട് വേണമെന്നു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 08:15, 16 ജൂൺ 2013 (UTC)[മറുപടി]

ബിപിന് കാര്യം വ്യക്തമാകാത്തതാണെങ്കിൽ ഒരു ഉദാഹരണ സഹിതം പറയാം. മലയാളത്തിലെ എങ്ങനെയൊക്കെ എഴുതാമെന്നുള്ള സഹായം:എഴുത്ത് പോലൊരു താളേ ഇവിടെ ഉദ്ദ്യേശിക്കുന്നുള്ളൂ. അതിലെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ് വെയറുകളിലേക്കുള്ള കണ്ണി നീക്കം ചെയ്യണമെന്ന് നമുക്ക് പറയാനൊക്കുമോ ? ഏത് ഉപയോഗിക്കണം എന്നത് ഉപയോക്താക്കളുടെ താല്പര്യമാണ്. (വിന്റോസിൽ നിന്ന് എഴുതാൻ പാടില്ല ഉബുണ്ടു അല്ലെങ്കിൽ ഗ്നുലിനക്സ് മാത്രമേ പാടൂ എന്ന്) നിർബന്ധിക്കാനാകാത്തത് പോലെ (ഉപമ ബാലിശമായെങ്കിൽ ക്ഷമിക്കുക) ഇവിടെ ഇങ്ങനെ ഒരു പകർപ്പാവകാശ പ്രശ്നത്തിന് എന്താണ് പരിഹാരമെന്ന് പറഞ്ഞ് കൊടുക്കാനുള്ള വഴി കാട്ടി മാത്രമാണ് ഈ പേജ്. ബിപിൻ പറയുന്ന കാര്യങ്ങൾ നമുക്ക് ആമുഖത്തിൽ തന്നെ ചേർക്കാം.--മനോജ്‌ .കെ (സംവാദം) 08:38, 16 ജൂൺ 2013 (UTC)[മറുപടി]

മനസ്സിലായി മനോജ്. ഈ നൂലാമാലകളെല്ലാം സങ്കീർണ്ണങ്ങളാണ്. ഞാൻ മനസ്സിലാക്കുന്നതിന്റെ കുഴപ്പവുമാകാം. എന്തായാലും മറ്റു നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാം. യാഥാർത്ഥ്യവും, ആദർശവും സമാന്തരരേഖകളേപ്പോലെ പോകുന്നത് എന്തായാലും വിഷമിപ്പിക്കുന്നു. ബിപിൻ (സംവാദം) 08:47, 16 ജൂൺ 2013 (UTC)[മറുപടി]

CC BY-SA 3.0 ന്റെ ഈ മലയാളപരിഭാഷ തെറ്റിദ്ധാരണാജനകവും കുറെച്ചെങ്കിലും സ്വയം വിരുദ്ധവും ആണെന്ന് കരുതുന്നു. ഇതിൽ endorse എന്നതിന് "അടിച്ചേൽപ്പിച്ചതു" എന്ന് വരുന്നത് ശരിയല്ല. കൂടുതൽ യുക്തം, "(പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്)" എന്നാവില്ലേ?!

കടപ്പാട് ഏത് രീതിയിൽ കൊടുക്കണം, കടപ്പാട് വയ്ക്കാത്തപക്ഷം എന്ത് നടപടി സ്വീകരിക്കാം എന്ന് ചുരുക്കമായി പറയുന്ന ഒരു പേജ് ഉണ്ടെങ്കിൽ തുടക്കകാർക്ക് വിക്കിയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാനാവും എന്ന് കരുതുന്നു. ഇക്കാര്യത്തിലുള്ള അജ്ഞതയാണ് ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിൽ നിന്നും പലരെയും പിറകോട്ട് വലിക്കുന്നത്. CC BY-SA 3.0 Legal Code ഇൽ 7-ആം ഇനത്തിൽ പറയുന്ന പ്രകാരം CC BY-SA 3.0 അനുമതി റദ്ദാക്കപ്പെടുന്നു എന്നു കാണുന്നു. ഇതിനെപറ്റി വിശദമായി അറിയുന്നവർ അഭിപ്രായം പറയുമല്ലോ.. ----നോബിൾ (സംവാദം) 16:24, 21 ജൂൺ 2013 (UTC)[മറുപടി]

ഇങ്ങനെയും പറയാം

[തിരുത്തുക]

സമയക്കുറവ് മൂലം ഇവിടുത്തെ ചർച്ചകളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ചിലകാര്യങ്ങൾ സൂചിപ്പിച്ചോട്ടെ. ദീർഘിച്ചതിലും ആത്മനിഷ്ഠഘടകങ്ങൾ കൂടിപ്പോയതിലും ക്ഷമിക്കുക...

പകർപ്പവകാശം എന്നത് രചയിതാവിന് / സൃഷ്ടാവിന് തന്റെ മൌലികമായ സൃഷ്ടിക്ക് ലഭ്യമായിരിക്കുന്ന നിയമപരമായ അവകാശമാണ്. ഇന്ന് അത് സ്വാഭാവിക അവകാശത്തിന്റെ രൂപത്തിൽ പ്രവർത്തിച്ചുവരുന്നു. അതായത് തന്റെ കൃതിക്ക് പകർപ്പവകാശം ഉണ്ടെന്ന് ആരും എവിടെയും എഴുതിവെയ്കേണ്ടതില്ല. അത് സ്വാഭാവികമായും അതിന്റെ രചയിതാവിന് ലഭിക്കുന്ന അവകാശമാണ്. ഈ അവകാശം ഒരു ആശയത്തിനല്ല, ആശയത്തിന്റെ പ്രകാശനത്തിനാണ്. ഉദാഹരണത്തിന് മനുഷ്യന് പറക്കുവാൻ കഴിയും എന്ന ആശയം റൈറ്റ് സഹോദരൻമാരുടേതല്ല. പക്ഷേ മനുഷ്യമനസ്സുകളിൽ ഉണ്ടായിരുന്ന ആ ആശയത്തിന്റെ പ്രകാശനം ആദ്യത്തെ വിമാനത്തിന്റെ രൂപകല്പനയും നിർമ്മാണവും നടത്തുകവഴി അവർ നിർവ്വഹിച്ചു. അത്തരമൊരു ആശയപ്രകാശനം നടത്തിയ അവരുടെ കഴിവിന് ആംഗീകാരം ലഭിക്കേണ്ടതുണ്ട്.

ചിലപ്പോൾ ആശയപ്രകാശനം നടത്തുന്നവർ അത്തരം കാര്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെയ്കുന്നവരായിരിക്കും. അവർക്കും ജീവിക്കണമല്ലോ. അതിനാൽ അവരുടെ സൃഷ്ടികൾ മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ, സൃഷ്ടാവിന് പണം (റോയൽറ്റി) വാങ്ങുന്ന / നൽകുന്ന പതിവുണ്ടാകുന്നു. മാത്രമല്ല, ഒരു പുതിയ ആശയപ്രകാശനം നടത്തുമ്പോൾ , ആ സൃഷ്ടി മറ്റൊരാൾ ഉപയോഗിക്കുമ്പോൾ , ആ ആശയപ്രകാശനം നടത്തിയ ആളിനോട് അനുവാദം ചോദിക്കുന്നത് ആ ആളിന് കിട്ടുന്ന ആംഗീകാരമാണ്. ആ അംഗീകാരത്തിൽ നിന്നുമാണ് അയാക്ക് പുതിയപുതിയ കണ്ടുപിടുത്തങ്ങൾ, രചനകൾ നടത്തുവാൻ ഊർജ്ജം ലഭിക്കുന്നത്. novelty, innovation, creativity തുടങ്ങിയവയുടെ പ്രേരക ശക്തിയായി ഇത് മാറുന്നു.

പക്ഷേ ലോകത്തെ ഒരു കാര്യവും ഒരാൾ മൌലികമായി (genuine) സൃഷ്ടച്ചതെന്ന് പറയാനാവില്ല. നമ്മുടെ കുട്ടികളിൽപ്പോലും അവരുടെ പാരമ്പര്യഘടകങ്ങൾ ഉണ്ടല്ലോ. അമ്മയുടെ, അമ്മുമ്മയുടെ, അമ്മമ്മയുടെഅമ്മുമ്മയുടെ ഒക്കെ ഘടകങ്ങൾ ഒരുകുഞ്ഞിലുണ്ടാകാം.

അക്ഷരം ഓൺലൈനിൽ വന്നിട്ടുള്ള കല്ലായിപ്പുഴയെക്കുറിച്ചുള്ള ലേഖനം നോക്കുക. ലിഷ എന്ന എഴുത്തുകാരി സ്വയം നടത്തിയ പഠനത്തിൽ നിന്നും സ്വന്തമായി സ്വരൂപിച്ചെടുത്ത ആശങ്ങളാൽ പ്രകാശിപ്പിക്കപ്പെട്ട ഒരു രചനയാണത്. അത് തികച്ചും മൌലികമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ കല്ലായിപ്പുഴയുടെ തീരനിവാസികളിൽ നിരവധിപേരെ നേരിൽ കണ്ട് സമാഹരിച്ച വിവരങ്ങൾ അവലംബിച്ചാണ് ആ ലേഖനം എഴുതിയിട്ടുള്ളതെന്ന് ലേഖിക തന്നെ സമ്മതിക്കുന്നുണ്ട്. ആതായത് ആ ലേഖനത്തെ അത്ര മൌലികമായ ഒന്നെന്ന് പറയാനാവില്ല എന്ന് ചുരുക്കം. എന്നാൽ, അതിന്റെ ഭാഷ, ശൈലി തുടങ്ങിയ ആശയപ്രകാശന രൂപങ്ങൾ കല്ലായിതീരനിവാസികളുടേതല്ല. അതിന്റെ ഉടമസ്ഥ ലേഖിക തന്നെയാണ്. പക്ഷേ അത് വീണ്ടും പരിശോധിക്കുക. ആ ലേഖികയെ സ്വാധീനിച്ച ഒട്ടനവധി സാഹിത്യകാരന്മാരുടെ ശൈലിയിലേതെങ്കിലും അദ്ദേഹം അനുകരിക്കുന്നുണ്ടാവാം. ഭാഷ തന്നെ തലമുറ തലമുറയായി കൈമാറിക്കിട്ടിയതാണല്ലോ... ഇങ്ങനെ പരതി, പരതിപ്പോയാൽ നാം ചെന്നെത്തുക സമൂഹത്തിലായിരിക്കും. അതായത് ഇക്കണ്ട വിജ്ഞാനമെല്ലാം സമൂഹ സൃഷ്ടമാണെന്ന് കാണാം. നമ്മുടെ എല്ലാവരുടെയും എഴുത്ത് സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രതിഭയും സമൂഹവും എന്ന ദ്വന്ദത്തിന്റെ പ്രശ്നമായിട്ടും വരുന്നുണ്ട്.

ഇവിടെ നിന്നാണ് പകർപ്പുപേക്ഷ എന്ന ആശയം ഉയർന്നുവരുന്നത്. സമൂഹസൃഷ്ടമായ ജ്ഞാനത്തിന്റെ അവകാശം ഏതെങ്കിലും വ്യക്തിക്കായി ചാർത്തിക്കൊടുക്കാവുന്നതല്ല എന്ന നിലപാടാണ് അതിനുപിന്നിലുള്ളത്. അത്തരത്തിലുള്ള സമ്പൂർണ്ണ പകർപ്പുപേക്ഷയെ ആണ് നാം പൊതു സഞ്ചയം (public domain) എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനൊരു ഉദാഹരണമാണ് പകർപ്പവകാശ പരിധി കഴിഞ്ഞ കൃതികൾ . അവ കാലഹരണത്താൽ പൊതുസഞ്ചയത്തിലാകുന്നു. രാമായണം പുനപ്രസിദ്ധീകരിക്കുന്നതിന് വാല്മീകിക്കോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ നാം റോയൽറ്റി നൽകേണ്ടതില്ല, എന്തിന് കടപ്പാടുപോലും രേഖപ്പെടുത്തേണ്ടതില്ല. ക്രിയേറ്റീവ് കോമൺസ് 0 എന്ന അനുമതിയും അത്തരത്തിലുള്ളതാണ്.

എന്നാൽ, ഇത് ചെറുതല്ലാത്ത അപകടം ചെയ്യും. താന്റെ സൃഷ്ടിക്ക് യാതൊരു അംഗീകാരവും വിലയും കിട്ടുന്നില്ല എന്ന അവസ്ഥ ആൾക്കാരുടെ സൃഷ്ടിപരതയെ മുരടിപ്പിക്കും. സർഗ്ഗാത്മക പ്രവർത്തനങ്ങളുമായി ജീവിതം കഴിച്ചുകൂട്ടുന്നവർക്ക് അത് പട്ടിണിയും സമ്മാനിക്കാം. അതിനാൽ പൊതു സഞ്ചയത്തെ നിലവിലത്തെ സാഹചര്യത്തിൽ അത്രകണ്ട് പ്രോത്സാഹിപ്പിക്കാനാവില്ല. സോഷ്യലിസത്തിന്റെ പരീക്ഷണഭൂമിയായിരുന്ന, സ്വകാര്യ സ്വത്തവകാശം (പിൻതുടർച്ചവകാശം) ഇല്ലാതിരുന്ന, സോവിയറ്റ് യൂണിയനിൽ പോലും പരിമിത കാലത്തേക്ക് പകർപ്പവകാശം (ബൌദ്ധിക സ്വത്തവകാശം) നിലനിർത്തിയിരുന്നു.

എന്നാൽ കോപ്പിലെഫ്റ്റ്, ക്രിയേറ്റീവ് കോമൺസ്, ഗ്നൂ ഫ്രീ ഡോക്യുമെന്റേഷൻ ലൈസൻസ് തുടങ്ങിയവ ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ പരമ്പരാഗത പകർപ്പവകാശത്തിലെ ചില വ്യവസ്ഥകൾ നിലനിർത്തപ്പെടുന്നു. (copy left means some rights are reserved; not all rights are reserved). അതിലൊന്നാണ് കടപ്പാട് രേഖപ്പെടുത്തൽ. (CC-By-SA) കടപ്പാട് രേഖപ്പെടുത്തൽ എന്നാൽ സൃഷ്ടിയുടെ പുനരുപയോഗത്തിനായി, സൃഷ്ടാവിന്റെ രേഖാമൂലമുള്ളതോ അല്ലാത്തതോ ആയ അനുമതി വാങ്ങണം എന്നല്ല. നിങ്ങളെയോ, നിങ്ങളുടെ ഉപയോഗത്തെയോ സൃഷ്ടാവ് സാക്ഷ്യപ്പെടുത്തണം എന്ന വ്യവസ്ഥയും ഇല്ല. പക്ഷേ സൃഷ്ടി പുനരുപയോഗിക്കുമ്പോൾ നിർബന്ധമായും നിങ്ങൾ കടപ്പാട് രേഖപ്പെടുത്തണം. [You must attribute the work in the manner specified by the author or licensor (but not in any way that suggests that they endorse you or your use of the work)].

കടപ്പാട് രേഖപ്പെടുത്താത്തത് സൃഷ്ടാവിന് നിരാശ സമ്മാനിച്ചേക്കാം. തന്റെ സർഗ്ഗശേഷിയുടെ വിനിയോഗം പാഴായിപ്പോകുന്നല്ലോ എന്ന തോന്നൽ അവളിൽ ഉണ്ടാക്കും. അത്തരം പാഴുപണികൾക്ക് ഞാനിനി ഇല്ല എന്ന നിലപാടിലേക്കും അവളെ എത്തിക്കാം. ഇങ്ങനെ അല്ലാത്ത അവസ്ഥയുണ്ടാവണമെങ്കിൽ, "നീ ഭൂമിയുടെ അവകാശികളിലൊരാൾ മാത്രമാണ്" എന്ന് നമ്മുടെയെല്ലാം കുഞ്ഞുങ്ങളെ പറഞ്ഞുപറഞ്ഞ് പഠിപ്പിക്കണം. നീ എടുക്കുന്നവൾ മാത്രമല്ല, കൊടുക്കുന്നവളുമായിരിക്കണം എന്ന് ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തണം. അത്തരം കുഞ്ഞുങ്ങളുടെ കാലം വരുമ്പോൾ എല്ലാം പൂർണ്ണമായും പൊതുസഞ്ചയത്തിലാകും.

ഇപ്പോൾ വിക്കിമീഡിയ സംരംഭങ്ങളിലെ ഏത് ഉള്ളടക്കവും ഉപയോഗിക്കുന്നതിന് ക്രിയേറ്റിവ് കോമൺസ് അട്രിബ്യൂഷൻ ഷെയർ എലൈക് നിബന്ധന പാലിച്ചേ പറ്റൂ. ഇവിടെ നിന്നും എടുക്കുന്ന ഉള്ളടക്കത്തിന്, എടുക്കുന്നവർ സൃഷ്ടാവിന് /സൃഷ്ടാക്കൾക്ക് കടപ്പാട് രേഖപ്പെടുത്തണം. വിക്കിപീഡിയയ്കുും കടപ്പാട് രേഖപ്പെടുത്തിയാൽ ബഹുസന്തോഷം. ഒപ്പം ഇവിടെ നിന്നും നിങ്ങൾ എടുക്കുന്നവ ഞങ്ങൾ എങ്ങനെയാണോ നിങ്ങൾക്ക് തരുന്നത് ആതുപോലെതന്നെ നിങ്ങൾ പുനർവിതരണം ചെയ്യണം. അതായത് നിങ്ങൾക്ക് അവ അച്ചടിച്ച് വിൽക്കാം. പക്ഷേ, അതിന് താഴെ, പകർപ്പവകാശം നിങ്ങൾക്ക് മാത്രം എന്നെഴുതി വട്ടമിട്ട് വെയ്കാൻ പറ്റില്ല. അതായത് നിങ്ങളുടെ പുനരുപയോഗവും CC-BY-SA യിലായിരിക്കണം.

ഇതാണ് വിക്കിപീഡിയയിലെ പകർപ്പുപേക്ഷാ നിബന്ധന. ഇത് ലംഘിക്കുന്നവരെ തീർച്ചയായും പ്രോസിക്യൂട്ട് ചെയ്യാം. പോലീസിൽ പരാതി കൊടുക്കാം (ഒട്ടും സ്വീകാര്യമല്ലാത്ത നടപടിയാണത്. ചെയ്യരുത്), ജില്ലാക്കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യാം. ആദ്യപടി എന്ന നിലയിൽ കടപ്പാട് രേഖപ്പെടുത്തി പുനരുപയോഗം നടത്തണം എന്നാവശ്യപ്പെടാം. അത്തരത്തിൽ കടപ്പാട് രേഖപ്പെടുത്താതെ വിതരണം ചെയ്ത പകർപ്പുകൾ പിൻവലിക്കാൻ ആവശ്യപ്പെടാം. വിതരണത്തിനായി ശേഖരിച്ചുവെച്ചിരിക്കുന്നവ ഇനി കടപ്പാട് രേഖപ്പെടുത്താതെ വിതരണം ചെയ്യരുതെന്ന് - വിതരണം നിറുത്തിവെയ്കണമെന്ന് ആവശ്യപ്പെടാം... ബാക്കി വശങ്ങൾ പിന്നീട് :) --Adv.tksujith (സംവാദം) 16:55, 21 ജൂൺ 2013 (UTC)[മറുപടി]

എന്റെ ചിത്രങ്ങൾ വിജ്ഞാന ആവശ്യത്തിനു വേണ്ടി ആര് ഉപയോഗിക്കുന്നതിനും എനിക്ക് എതിർപ്പില്ല. പക്ഷേ attribution കൊടുക്കണം എന്നു പറഞ്ഞുകൊണ്ട് സംഭാവന ചെയ്ത ചിത്രങ്ങൾ അതു കൊടുക്കാതെ ഉപയോഗിക്കുന്നതു കാണുമ്പോൾ എന്തോ പോലെ. ഇനി അങ്ങനെ ആരെങ്കിലും ഉപയോഗിച്ചാലും എന്നെ സംബന്ധിച്ച് അതൊരു ഗൗരവമേറിയ പ്രശ്നമല്ല താനും. പക്ഷേ - ഞാനറിയുന്ന ധാരാളം മികച്ച ചിത്രം പിടിയന്മാർ, വളരെയധികം പേർ, അവരോടെല്ലാം ചിത്രങ്ങൾ വിക്കിമീഡിയയ്ക്ക് നൽകാൻ അഭ്യർത്ഥിച്ചപ്പോഴെല്ലാം, അവിടെ ചേർത്താൽ പലരും "കട്ടെടുത്ത്" ഉപയോഗിക്കും എന്നാണ് പറഞ്ഞത്. നമുക്കാണെങ്കിൽ അങ്ങനെ ഉപയോഗിക്കില്ല, ഉപയോഗിച്ചാൽ നടപടി വരും എന്നൊന്നും ഉദാഹരിക്കാൻ കഴിയുന്നുമില്ല. ബിപിൻ പറഞ്ഞ പോലെ അത്ര നിസ്സാരമല്ല പ്രശ്നം. പലരുടെയും കയ്യിലുള്ള resource അത്ര വലുതാണ്. സംഭാവന നൽകാൻ തയ്യാറാണ് താനും. പക്ഷേ അവ എടുത്തത്, അതിന്റെ രചയിതാക്കൾ അവരാണ് എന്നുള്ള ഒരു കുറിപ്പ് അതിന്റെ ചുവടെ ചേർത്തത് കാണുമ്പോൾ അതിന്റെ രചയിതാക്കൾക്ക് കിട്ടുന്ന ഒരു തൃപ്തി, അതു വലുതാണ്. അതുപോലും നൽകാതെ, കണ്ടോ ഇതെല്ലാം "ഞമ്മളാ" ഉണ്ടാക്കിയതാണ് എന്ന മട്ടിൽ പ്രദർശിപ്പിക്കുന്നത് കാണാൻ പലർക്കും താത്പര്യമില്ല. ഉദാഹരണത്തിന് ഇന്ത്യൻഫ്ലോറ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ദിവസവും വരുന്ന ചിത്രങ്ങൾ മിക്കതും നമുക്ക് സസ്യലേഖനങ്ങളുടെ കാര്യത്തിൽ ഇവിടെ വേണ്ടതാണ്. അവരോട് അതു കോമൺസിനു നൽകാൻ പലപ്പോഴും പറയാറുണ്ട്. ഉടമസ്ഥത നഷ്ടപ്പെടാൻ അവർക്ക് പലർക്കും താത്പര്യമില്ല. നമുക്ക് അവരോട് ഉദാഹരണസഹിതം അതിന്റെ ഉടമസ്ഥത അവർക്ക് നഷ്ടമാകില്ലെന്ന് പറയാൻ കഴിഞ്ഞാൽ നമുക്ക് കിട്ടാവുന്ന നിധി വളരെ വലുതായേക്കാം.--Vinayaraj (സംവാദം) 01:47, 22 ജൂൺ 2013 (UTC)[മറുപടി]

ശരിയാണ് വിനയരാജ്. അനുമതി പത്രങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയതിന്റെ പോരായ്മയാകാം. അനുമതിപത്രങ്ങളെക്കുറിച്ച് പറയുമ്പോൾ പൊതുസഞ്ചയം എന്നൊരു അനുമതി മാത്രമേ എനിക്കു മനസ്സിലായിരുന്നുള്ളു. ബിപിൻ (സംവാദം) 03:57, 22 ജൂൺ 2013 (UTC)[മറുപടി]

CC BY-SA എന്നത് പകർപ്പുപേക്ഷ അല്ലല്ലോ, പകർപ്പനുവാദം അല്ലേ? CC0 അല്ലേ പകർപ്പുപേക്ഷ? പകർപ്പുപേക്ഷയിൽ ലംഘനം ഇല്ല എന്നു വേണം കരുതാം. എന്നാൽ പകർപ്പനുവാദത്തിൽ ലംഘനമുണ്ടായാൽ എന്തു ചെയ്യാം, ചെയ്യണം എന്നതാണ് വിഷയം.

  • പകർപ്പനുവാദലംഘനം എത്രത്തോളം ഗുരുതരമാണ്?
  • എന്തു ശിക്ഷ ലഭിക്കാം?
  • എങ്ങനെ (ഏതു രൂപത്തിൽ) അല്ലെങ്കിൽ എത്ര നഷ്ടപരിഹാരം ആവശ്യപ്പെടാം?
  • ആദ്യപടിയായി "കടപ്പാട് രേഖപ്പെടുത്തി പുനരുപയോഗം നടത്തണം" എന്നാവശ്യപ്പെട്ടതിനോട് പ്രതികരിക്കാതിരുന്നാൽ മാത്രം നിയമപരമായി നീങ്ങിയാൽ മതിയൊ?
  • ഇങ്ങനെ പകർപ്പനുവാദലംഘനത്തിനു ശേഷം പരിഹാരമായി ശരിയായ പുനരുപയോഗമോ നഷ്ടപരിഹാരം നൽകപ്പെടുകയോ ഉണ്ടായിട്ടുണ്ടോ?
  • ഇങ്ങനെ ഒരു നിയമപ്രശ്നം ഉണ്ടായാൽ വിക്കിയുടെ ഭാഗത്തുനിന്നും ഏതു വിധത്തിലുള്ള സഹായം പ്രതീക്ഷിക്കാം?

തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടാവേണ്ടതുണ്ട്.

മേൽപ്പറഞ്ഞ ലംഘന ഉദാഹരണങ്ങളിൽ അവർ നിയമപരമായി നീങ്ങിയതായി കണ്ടില്ല. അതു വളരെ പ്രയാസമേറിയ കാര്യമാണെന്ന് വിക്കി ഉപയോക്താക്കൾക്ക് തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവുമോ? അക്കാരണം കൊണ്ടുതന്നെ ചിത്രങ്ങൾ സംഭാവന ചെയ്യാൻ അവർ മടിക്കില്ലെ? --നോബിൾ (സംവാദം) 04:58, 22 ജൂൺ 2013 (UTC)[മറുപടി]

മാതൃഭൂമിയുടെ, ഫോട്ടോ മോഷണം

[തിരുത്തുക]

കഴിഞ്ഞ മാസം, മാതൃഭൂമി ദിനപത്രം, ഞാൻ വിക്കി കോമണിൽ ഇട്ട ഒരു കഥകളി ചിത്രം , എനിക്കോ വിക്കിക്കോ ഒരു ക്രെഡിറ്റ് പോലും കൊടുക്കാതെ ഒരു സപ്ലിമെന്റിന്റെ ഭാഗമായി പത്രത്തിൽ കൊടുത്തത് ഞാൻ ഗൂഗിൾ പ്ലസ് / ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. പോസ്റ്റ്‌ ലിങ്ക് > https://plus.google.com/u/0/115119554946690374199/posts/7pmpSqf7fEk .

ഈ മോഷണ രീതി ശരിയായ നടപടിയല്ല എന്ന് സൂചിപ്പിച്ച് മാതൃഭൂമിയുടെ തിരുവനന്തപുരം, കോഴിക്കോട് എഡിഷനിലേക്കും ചീഫ് എഡിറ്റർക്കും മെയിൽ അയച്ചിരുന്നു എങ്കിലും പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്നൊക്കെ വീമ്പിളക്കുന്ന മാതൃഭൂമിയുടെ ഉത്തരവാദപ്പെട്ട ആളുകളിൽ നിന്ന്, മാസം ഒന്ന് കഴിഞ്ഞിട്ടും ഒരു മറുപടിപോലും കിട്ടിയിട്ടില്ല ഇന്ന് വരെ.

( കഴിഞ്ഞ മെയ്‌ 26ന് ഞാൻ മാതൃഭൂമിയിലേക്ക് അയച്ച മെയിൽ

മാതൃഭൂമി ദിനപത്രത്തിന്റെ ബന്ധപ്പെട്ടവർക്ക്,

_മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിലെ നഗരം സപ്ലിമെന്റിൽ വന്ന ഓച്ചിറ ശങ്കരൻകുട്ടിയെകുറിച്ചുള്ള ഒരു ഫീച്ചർ. ലിങ്ക് > http://digitalpaper.mathrubhumi.com/c/1117655 ഓച്ചിറ ശങ്കരൻ കുട്ടിയെ കുറിച്ചുള്ള ഈ ലേഖനത്തിൽ കൊടുത്ത , ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് കഥകളി ട്രസ്റ്റിന്റെ ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ്‌ ചെയ്തിരുന്നു._

പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg

ഇത്തരം ഒരു ലേഖനത്തിന് വേണ്ടി ഓച്ചിറ ശങ്കരൻ കുട്ടിയുടെ പടം കിട്ടാഞ്ഞാണോ ഈ ഫോട്ടോ ഉപയോഗിച്ചത്. കഥകളിയെ കുറിച്ചോ കലാമണ്ഡലം ഗോപി എന്ന കലാകാരനെ കുറിച്ചോ അറിയാത്ത വായനക്കാർ അത് ഓച്ചിറ ശങ്കരൻ കുട്ടിയുടെ കഥകളി വേഷം ആണെന്ന് തെറ്റിദ്ധരിക്കും എന്നത് ഒരു വശം.

സൂചിപ്പിക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം അതല്ല. ഇത്തരം മുഴുനീള പേജ് ലേഖനത്തിന് ഇത്രേം വലിപ്പത്തിൽ ആ പടം ഉപയോഗിക്കുമ്പോൾ വിക്കിക്കോ അല്ലെങ്കിൽ ആ പടം എടുത്ത ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ്‌ വെക്കുകയോ , അല്ലെങ്കിൽ വിക്കിക്ക് കോര്ട്ടസി വെക്കുകയോ ചെയ്യാനുള്ള മര്യാദ മാതൃഭൂമി കാണിച്ചില്ല എന്നതിനാലാണ് ഇങ്ങിനെ ഒരു എഴുത്ത് എഴുതുന്നത്‌. നെറ്റിൽ നിന്ന് കിട്ടുന്ന ചിത്രങ്ങൾ എല്ലാം, ഒരു ക്രെഡിറ്റ് പോലും വെക്കാതെ സൌകര്യംപോലെ ഉപയോഗിക്കുന്നത് ഒരു ശരിയായ രീതിയാണോ? പടം തലതിരിച്ച് കളർ കൂട്ടിയാൽ മാതൃഭൂമിയുടെ സ്വന്തം ആകുമോ?

മലയാള മാധ്യമങ്ങൾ വളരെ കാലമായി തുടരുന്ന ഈ രീതി പല വട്ടം പലയിടത്തും ശ്രധയിൽ പെട്ടതിനാൽ സൂചിപ്പിച്ചു എന്നേയുള്ളൂ. സംഭവിച്ചത് ഡിസൈനറുടെയോ മറ്റു ആരുടെയെന്കിലുമോ അബദ്ധമായിരിക്കും എന്ന് കരുതുന്നു. എങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ മാന്യമായ, പാലിക്കേണ്ടാതായ ചില രീതികൾ മെലിലെങ്കിലും മാതൃഭൂമി പിന്തുടരും എന്ന് കരുതുന്നു. )

++++++++++++++++++++++++++++++++++++++++++++++

ഇപ്പോഴിതാ അവിചാരിതമായി ഫേസ്ബുക്കിലെ കഥകളി ഗ്ഗ്രൂപ്പിൽ കേറിയപ്പോൾ , മാതൃഭൂമി അന്ന് വിക്കിയിൽ നിന്ന് കട്ടെടുത്ത, എന്റെ അതേ പടം വച്ച് മാതൃഭൂമിയുടെ മുംബൈ എഡിഷനിൽ, പ്രസ്തുത ചിത്രത്തിന് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പിന്നേം ഒരു സപ്ലിമെന്റ് ചെയ്തിരിക്കുന്നു. ലിങ്ക് : http://digitalpaper.mathrubhumi.com/127539/Mahanagaram/22-June-2013#page/1/1

മേൽപ്പറഞ്ഞ രണ്ടു സപ്ലിമെന്റിലെയും ലേഖനങ്ങളിൽ കൊടുത്ത, ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ്‌ ചെയ്തിരുന്നു.

പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg

പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്ന മാതൃഭൂമിക്ക് , ആ പടം പബ്ലിഷ് ചെയ്തപ്പോൾ വിക്കിക്കോ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ്‌ കൊടുക്കാൻ പോലുമുള്ള സംസ്ക്കാരം ഇല്ലാതെ പോയതിലുള്ള സങ്കടം പങ്കുവെക്കുന്നു. മുൻപ് പറ്റിയത് അബദ്ധം ആണെന്ന് കരുതാൻ നിർവാഹമില്ല എന്ന് ഉറപ്പിക്കുന്നു രണ്ടാമത്തെ സംഭവം. വല്ലതും ചെയ്യാൻ പറ്റുമോ?