പാലക്കാട് വിക്റ്റോറിയ കോളേജ്
ആദർശസൂക്തം | Labunter et imputatur |
---|---|
തരം | സർക്കാർ കോളേജ് |
സ്ഥാപിതം | 1888 |
സ്ഥലം | പാലക്കാട് 10°47′04″N 76°39′07″E / 10.7844°N 76.6520°E |
ക്യാമ്പസ് | Urban, 25 Acres |
ഭാഷ | ഇംഗ്ലീഷ് |
അഫിലിയേഷനുകൾ | കാലിക്കറ്റ് സർവകലാശാല |
വെബ്സൈറ്റ് | http://www.victoriacollege.in/ |
കേരളത്തിലെ മലബാർ മേഖലയിലെ ഏറ്റവും പുരാതനമായ കലാലയങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് വിക്റ്റോറിയ കോളേജ്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ ശാസ്ത്രം, കല (ആർട്ട്സ്), വാണിജ്യം (കൊമേഴ്സ്) എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഉണ്ട്.
കലാലയത്തിന്റെ ചരിത്രം
[തിരുത്തുക]ഈ കലാലയം 1866-ൽ ഒരു റേറ്റ് വിദ്യാലയം ആയി ആണ് ആരംഭിച്ചത്. അന്നത്തെ പ്രാദേശിക ഭരണകൂടം ചുമത്തിയിരുന്ന വിദ്യാഭ്യാസ റേറ്റ് അഥവാ വിദ്യാഭ്യാസ നികുതിയെ ആശ്രയിച്ചായിരുന്നു ഈ കലാലയം നിലനിന്നിരുന്നത്. 1871-ൽ തദ്ദേശീയ ഫണ്ട് നിയമം നിലവിൽ വന്നു. വിദ്യാഭ്യാസ റേറ്റുകൾ നിരോധിക്കുകയും സ്കൂളിന്റെ ഭരണം ഒരു തദ്ദേശീയ ഫണ്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. 1877-ൽ ഈ വിദ്യാലയം ഒരു സർക്കാർ ഹൈസ്കൂൾ ആയി മാറി. 1884-ൽ സർക്കാർ ഈ വിദ്യാലയത്തിന്റെ ഭരണം മുനിസിപ്പൽ കൌൺസിലിനു കൈമാറി. സർക്കാർ ആയിരുന്നു സ്കൂളിന്റെ ചെലവുകൾ നടത്തിയത്. 1888-ൽ ഈ വിദ്യാലയത്തെ ഒരു രണ്ടാം ഗ്രേഡ് കലാലയം ആക്കി ഉയർത്തി മദ്രാസ് സർവ്വകലാശാലയുടെ നടത്തിപ്പിൻ കീഴിലാക്കി. ഭരണം മുനിസിപ്പൽ കൌൺസിലിനും കലാലയ ശാഖയുടെ ചെലവുനടത്തിപ്പ് സർക്കാരിനും തന്നെയായിരുന്നു. 1894 മുതൽ മുനിസിപ്പൽ കൌൺസിൽ കലാലയത്തിന്റെ നടത്തിപ്പ് ശമ്പള-ഗ്രാന്റ് സമ്പ്രദായത്തിൽ ആക്കി. 1905-ൽ സർക്കാർ ഈ കലാലയത്തിനെ ഒരു സ്വാശ്രയ കലാലയം ആയി പ്രഖ്യാപിക്കുകയും ശമ്പള-ഗ്രാന്റ് നിർത്തലാക്കുകയും ചെയ്തു.
1913-ൽ താമസ സൗകര്യങ്ങളോടുകൂടിയ 100 വിദ്യാർത്ഥികൾക്ക് താമസിക്കാവുന്ന ഒരു ഹോസ്റ്റൽ നിലവിൽ വന്നു. 1917-ൽ പാലക്കാട് മുനിസിപ്പൽ കൌൺസിൽ ഈ കലാലയം സർക്കാർ ഏറ്റെടുക്കണം എന്ന് ഐകകണ്ഠമായി പ്രമേയം പാസാക്കി. ഇത് അനുസരിച്ച് മദ്രാസ് പ്രസിഡൻസി സർക്കാർ കലാലയ നടത്തിപ്പ് 1919-ൽ ഏറ്റെടുത്തു. 1925-ൽ ഈ കലാലയം ഒന്നാം ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടു. ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങൾ ഐച്ഛിക വിഷയങ്ങളായി ബിരുദ ക്ലാസുകൾക്ക് പഠിപ്പ് തുടങ്ങി. ഇതേ വർഷം തന്നെ ഫോർത്ത് ഫോറത്തിനു താഴെയുള്ള എല്ലാ ക്ലാസുകളും പാലക്കാട് മുനിസിപ്പൽ കൌൺസിലിന്റെ നിയന്ത്രണത്തിലാക്കി. 1933-ൽ ഹൈസ്കൂൾ ക്ലാസുകളും മുനിസിപ്പൽ കൌൺസിലിന്റെ നടത്തിപ്പിലേക്ക് മാറ്റി. 1939-ൽ ഈ കലാലയത്തിൽ ഗണിതം, ഭൌതീകശാസ്ത്രം, രസതന്ത്രം എന്നിവ ബിരുദത്തിന് പ്രധാന വിഷയങ്ങൾ ആയും ജീവശാസ്ത്രം, ഇലക്ട്രിക്കൽ എഞ്ജിനിയറിംഗ് എന്നിവ ഐശ്ച്ഛിക വിഷയങ്ങളായും പഠിപ്പിക്കുവാൻ ഉള്ള അനുമതി കലാലയത്തിനു ലഭിച്ചു. 1944-ൽ ബിരുദത്തിന് സാമ്പത്തികശാസ്ത്രവും എല്ലാ ക്ലാസുകളിലും രണ്ടാമത്തെ ഭാഷയായി ഹിന്ദിയും അവതരിപ്പിച്ചു. 1945-ൽ ഭുമിശാസ്ത്രം ഇന്റർമീഡിയറ്റിന് ഒരു ഐച്ഛിക വിഷയം ആയി അവതരിപ്പിച്ചു. 1947-ൽ ഗ്രൂപ്പ് അഞ്ച് മലയാളം ബിരുദത്തിന് അവതരിപ്പിച്ചു.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചതിനു പിന്നാലെ ഈ കലാലയം 1957-ൽ കേരള സർവ്വകലാശാലയുടെ കീഴിൽ വന്നു. ഫെബ്രുവരി 1968-ൽ ഈ കലാലയം അതിന്റെ ശതാബ്ദി കേമമായി ആഘോഷിച്ചു. (റേറ്റ് സ്കൂൾ ആരംഭിച്ചതിന്റെ ശതാബ്ദി). വീണ്ടും 1989-ൽ ശതാബ്ദി ആഘോഷങ്ങൾ (കലാലയ രൂപവത്കരണത്തിന്റെ ശതാബ്ദി) നടന്നു. ഇന്ന് ഈ കലാലയം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ്. കേരള സർക്കാർ ഈ കലാലയത്തിനെ ഒരു സെന്റർ ഓഫ് എക്സലൻസ് (മേന്മയുടെ കേന്ദ്രം) ആയി അംഗീകരിച്ചിരിക്കുന്നു.
ഈ കലാലയത്തിലെ വിക്ടോറിയ വിഷൻ എന്ന കലാസംഘടന കാമ്പസ് ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നു. എൻ.സി.സി 27-കെ ബറ്റാലിയനും ഈ കലാലയത്തിൽ ഉണ്ട്.
മുദ്രാവാക്യം
[തിരുത്തുക]ഈ കലാലയത്തിന്റെ മുഖവാക്യം (മുദ്രാവാക്യം) ലത്തീൻ ഭാഷയിലെ Labuntur et imputantur എന്ന വാക്യം ആണ്. ഇതിന്റെ വിവർത്തനം 'വഴുതിപ്പോവുന്ന ഓരോ നിമിഷവും നിങ്ങളുടെ കണക്കുപുസ്തകത്തിൽ ചേർക്കപ്പെടുന്നു' (They [the hours] slip away and are laid to our account) എന്നാണ്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
[തിരുത്തുക]നൂറിലേറെ വർഷം പഴക്കമുള്ള ഈ കലാലയത്തിൽ പല സാമൂഹിക സാംസ്കാരിക നായകന്മാരും വിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില പ്രധാന പൂർവ്വ വിദ്യാർത്ഥികൾ:
- ഇ.എം.എസ്. നമ്പൂതിരിപ്പാട്
- എം.ടി. വാസുദേവൻ നായർ
- ടി.എൻ. ശേഷൻ
- ഒ.വി. വിജയൻ
- ഉണ്ണിമേനോൻ
- രവിശങ്കർ(കാർട്ടൂണിസ്റ്റ്)
- കമർബാനു വലിയകത്ത്
കണ്ണികൾ
[തിരുത്തുക]- വിക്റ്റോറിയ കോളെജ് വെബ് വിലാസം Archived 2009-01-22 at the Wayback Machine