വിദ്യാസാഗർ സേതു
വിദ്യാസാഗർ സേതു | |
---|---|
Coordinates | 22°33′25″N 88°19′40″E / 22.55694°N 88.32778°E |
Carries | ഓരോ വശങ്ങളിലേയ്ക്കും 3 വരി വീതം [1] |
Crosses | ഹൂഗ്ലി നദി |
Locale | കൊൽക്കത്ത, പശ്ചിമ ബംഗാൾ |
ഔദ്യോഗിക നാമം | വിദ്യാസാഗർ സേതു |
മറ്റു പേര്(കൾ) | Second Hooghly Bridge |
പരിപാലിക്കുന്നത് | ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്സ് |
സവിശേഷതകൾ | |
Design | കേബിൾ പാലം |
മൊത്തം നീളം | 822.96 മീറ്റർ (2,700 അടി) |
വീതി | 35 മീറ്റർ (115 അടി) |
Longest span | 457.2 മീറ്റർ (1,500 അടി) |
Clearance below | 26 മീറ്റർ (85 അടി) |
ചരിത്രം | |
നിർമ്മിച്ചത് | ബ്രൈത്ത്‌വൈറ്റ് ബേൺ ആൻഡ് ജെസ്സോപ് കൺസ്ട്രക്ഷൻ ക. ലി. |
തുറന്നത് | 10 ഒക്ടോബർ 1992 |
Statistics | |
Daily traffic | 45,000 - 61,000 vehicles (February 2008) |
ടോൾ | അതെ |
പശ്ചിമ ബംഗാളിൽ കൊൽക്കത്തയേയും ഹൗറയേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിയിൽ നിർമിച്ച പാലമാണ് വിദ്യാസാഗർ സേതു. 10 ഒക്ടോബർ 1992-ന് ഈ പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ സ്മരണാർത്ഥം പേരു നൽകിയിട്ടുള്ള ഈ പാലത്തിന് 823 മീറ്റർ (2,700 അടി) നീളമാണ് ഉള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം കൂടിയാണ്. 1943-ൽ പൂർത്തീകരിച്ചതും ഇപ്പോൾ രബീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തതുമായ ഹൗറ പാലത്തിനു ശേഷം ഹൂഗ്ലി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന രണ്ടാമത്തെ പാലമാണിത്. പൊതു-സ്വകാര്യമേഖല സംയുക്തമായി നിർമിച്ചിരിക്കുന്ന ഈ പാലത്തിന്റെ പരിപാലനം ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേഴ്സ് എന്ന സ്ഥാപനത്തിനാണ്. [2] ആദ്യ കാലങ്ങളിൽ ടോൾ പിരിവ് നടത്തിയിരുന്നത് ഈ സ്ഥാപനം ആയിരുന്നു. 2000-ലെ കണക്ക് അനുസരിച്ച് ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇരുപത്തി എണ്ണായിരം (28,000) മുതൽ ഏറ്റവും കൂടിയത് മുപ്പത്തി ഒൻപതിനായിരം(39,000) വരെ ആയിരുന്നത് 2002 ഡിസംബറോടെ മുപ്പതിനായിരം (30,000) എണ്ണം മാത്രമായി ചുരുങ്ങി. അതിനുശേഷം സ്വകാര്യ കമ്പനിയെ ടോൾ പിരിവിനായി ചുമതലപ്പെടുത്തുകയും 2008 ആയപ്പോഴേയ്ക്കും വാഹനങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് നാല്പത്തി അയ്യായിരവും (45,000) കൂടിയ എണ്ണം അറുപത്തി ഒന്നായിരവും (61,000) ആയിത്തീരുകയും ചെയ്തു. ടോൾ പിരിവിലുണ്ടായ കുറവിനെ ചൊല്ലി അഴിമതി ആരോപണം ഉണ്ടായിരുന്നു. [3]
നിർമ്മാണം
[തിരുത്തുക]ജനസംഖ്യയിലുള്ള അഭൂതപൂർവമായ വർദ്ധനവും വാഹനപ്പെരുപ്പവും പ്രധാനമായും കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിക്ക് കുറുകേ നിലവിലുണ്ടായിരുന്ന ഹൗറ പാലത്തിലെ തിരക്കും കുറയ്ക്കുന്നതിനുവേണ്ടി പുതിയ പാലം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത വരികയും അതുവഴി രാജ്യത്തിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേയ്കുള്ള ദേശീയപാതയ്ക് സമീപത്തായി പുതിയ പാലം നിർമിച്ചു. ഈ പാലത്തിലൂടെ ദേശീയപാത 117 എന്ന കൊന എക്സ്പ്രസ് വേ കടന്നുപോകുന്നു. [4]
1972 മെയ് 20-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ഈ പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അതിനെ തുടർന്ന് 7 വർഷത്തോളം നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുകയും 1979- ജൂലൈ 3-ന് പാലത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ശിലാസ്ഥാപനം മുതൽ 22 വർഷം കൊണ്ട് ഏകദേശം 388 കോടി രൂപ മുടക്കിയാണ് ഇത് പൂർത്തിയാക്കിയത്. [5]
ഈ പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഷെൽച് ബർഗർമാൻ ആൻഡ് പാർട്ട്ണേഴ്സും[6] പരിശോധന ഫ്രീമാൻ ഫോക്സ് ആൻഡ് പാർട്ട്ണേഴ്സ്, ഭാരത് ഭാരി ഉദ്യോഗ് നിഗം ലിമിറ്റഡ് എന്നിവരും ആയിരുന്നു. നിർമ്മാണം നടത്തിയത് ബ്രൈത്ത്‌വൈറ്റ് ബേൺ ആൻഡ് ജെസ്സോപ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനവും പരിപാലനം, പ്രവർത്തനം എന്നിവ ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷൻ എന്ന സ്ഥാപനവും ആണ്.
പ്രത്യേകതകൾ
[തിരുത്തുക]പ്രതിദിനം 85,000 വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഇത് കമ്മിഷൻ ചെയ്ത 1992-ൽ ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലിയതുമായ കേബിൾ പാലം എന്ന ഖ്യാതി നേടിയിരുന്നു. ഇപ്പോഴും ഇത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ കേബിൾ പാലങ്ങളിൽ വലിപ്പം കൊണ്ട് മൂന്നാം സ്ഥാനവും അലങ്കരിക്കുന്നു. 822.96 മീറ്റർ (2,700 അടി) നീളത്തിൽ 35 മീറ്റർ (115 അടി) വീതിയിൽ ഹൂഗ്ലി നദി നിരപ്പിൽ നിന്നും 26 മീറ്റർ (85 അടി) ഉയരത്തിൽ 457.2 മീറ്റർ (1,500 അടി) അകലത്തിലായി നദിയിൽ ഉറപ്പിച്ചിരിക്കുന്ന 127.62 മീറ്റർ (418.7 അടി) പൊക്കമുള്ള രണ്ട് തൂണുകളിൽ നിന്നും ഫാൻ ക്രമത്തിൽ 152 കേബിളുകളാണ് ഈ പാലത്തെ വലിച്ചു നിർത്തിയിരിക്കുന്നത്. തൂണുകളിൽ നിന്നും സമാന്തരമായി വിന്യസിച്ചിരിക്കുന്ന കേബിളുകളിൽ ഏറ്റവും നീളം കൂടിയതിന് 182.88 മീറ്റർ (600 അടി) നീളമുണ്ട്. കേബിളുകളുടെ ആകെ ഭാരം 1400 മെട്രിക് ടണ്ണും നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സ്റ്റീൽ ഏകദേശം 13200 മെട്രിക് ടണ്ണുമാണ്. ഈ പാലത്തിൽ ഓരോ ദിശയിലേയ്ക്കും മൂന്ന് വരികൾ വീതവും ഇരു വശങ്ങളിലും 1.2 മീറ്റർ (4 അടി) വീതിയിൽ നടപ്പാതയും ചേർത്തിരിക്കുന്നു. സൗജന്യ സൈക്കിൾ യാത്ര അനുവദിക്കുന്ന ടോൾ പാലമാണ് ഇത്. [1]
അബലംബം
[തിരുത്തുക]- ↑ 1.0 1.1 "ബ്രൈത്ത്‌വൈറ്റ് ബേൺ ആൻഡ് ജെസ്സോപ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്". സൈറ്റിൽ നിന്നും. Retrieved 6 മാർച്ച് 2018.
- ↑ "ചരിത്രം". കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ സൈറ്റിൽ നിന്നും. Archived from the original on 2013-04-13. Retrieved 6 മാർച്ച് 2018.
- ↑ "ടോൾ സംബന്ധിച്ച്". ടൈംസ് ഓഫ് ഇന്ത്യ, കൊൽക്കത്ത സിറ്റി. Retrieved 6 മാർച്ച് 2018.
- ↑ "വിദ്യാസാഗർ സേതുവിനെക്കുറിച്ച്". കൊൽക്കത്ത സിറ്റി ടൂർസ് എന്ന സൈറ്റിൽ നിന്നും. Retrieved 6 മാർച്ച് 2018.
- ↑ "ബംഗാൾ സ്പൈഡർ". ബംഗാൾ സ്പൈഡർ എന്ന സൈറ്റിൽ നിന്നും. Retrieved 6 മാർച്ച് 2018.
- ↑ "മാപ്സ് ഓഫ് ഇന്ത്യ". സൈറ്റിൽ നിന്നും. Retrieved 6 മാർച്ച് 2018.