Jump to content

വിനയെച്ചം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാക്യത്തിൽ മറ്റ് ക്രിയകൾക്കോ നാമങ്ങൾക്കോ വിശേഷണമായി അപ്രധാനമായി നിൽക്കുന്ന ക്രിയകൾക്ക് മലയാള വ്യാകരണത്തിൽ പറ്റുവിന എന്നു പറയുന്നു. പറ്റുവിനയെ വിനയെച്ചം, 'പേരെച്ചം' എന്നിങ്ങനെ രണ്ടായി തിരിക്കാം.

ഉദാഹരണം - സോമൻ ജോലി ചെയ്ത് ക്ഷീണിച്ചു. അവൻ കസേരയിൽ ചാരിയിരുന്നു.

ഇവിടെ ചെയ്തു, ചാരി എന്നീ ക്രിയാരൂപങ്ങൾ ക്ഷീണിച്ചു, ഇരുന്നു എന്നീ വിനകളെ ആശ്രയിക്കുന്നതിനാൽ വിനയെച്ചങ്ങളാകുന്നു. വിനയെച്ചങ്ങളെ മുൻവിനയെച്ചം, പിൻവിനയെച്ചം, നടുവിനയെച്ചം, തൻവിനയെച്ചം, പാക്ഷിക വിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിക്കാം

മുൻവിനയെച്ചം

[തിരുത്തുക]

പൂർണ്ണക്രിയക്ക് മുമ്പ് നടക്കുന്ന അപൂർണ്ണക്രിയയാണ് മുൻവിനയെച്ചം. ഇതിന് പ്രത്യയമൊന്നും ചേർക്കേണ്ടതില്ല.ഓടിക്കയറി, ചാടിപ്പോയി എന്നിവ ഉദാഹരണം.

പിൻവിനയെച്ചം

[തിരുത്തുക]

പൂർണ്ണക്രിയക്ക് പിമ്പ് നടക്കേണ്ട അപൂർണ്ണക്രിയയാണ് പിൻവിനയെച്ചം. ആൻ ആണ് ഇതിനുള്ള പ്രത്യയം. ധാതുവിനോട് നേരിട്ടോ ഭാവികാലരൂപത്തോടോ ആൻ പ്രത്യയം ചേർക്കാം.

ഉദാഹരണം:പഠിക്കാൻ ഇരുന്നു, കളിക്കാൻ പോയി, പാടാൻ പറഞ്ഞു.

നടുവിനയെച്ചം

[തിരുത്തുക]

കാലം,പ്രകാരം, പുരുഷൻ ഇത്യാദി ഉപാധികളൊന്നുമില്ലാതെ കേവലമായ ക്രിയയെയാണ് നടുവിനയെച്ചം കുറിക്കുന്നത്. ക, അ, ഉക എന്നിവയാണ് പ്രത്യയങ്ങൾ. ഉക എല്ലാ ധാതുക്കളോടും ചേർക്കാം. എന്നാൽ അ, ക എന്നിവ എല്ലാ ധാതുക്കളോടും ചേർക്കാറില്ല. പറ, പറക, പറയുക എന്നിവയാണ് നടുവിനയെച്ച രൂപങ്ങൾ.

തൻവിനയെച്ചം

[തിരുത്തുക]

പൂർണ്ണക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നടക്കുന്ന അപൂർണ്ണക്രിയയാണ് തൻവിനയെച്ചം. എ, അവേ എന്നിവയാണ് പ്രത്യയങ്ങൾ. ചെയ്യെ , ചെയ്യവേ എന്നിവ ഉദാഹരണം. എകാരം ദീർഘമായും പ്രയോഗിക്കാറുണ്ട്.

പാക്ഷിക വിനയെച്ചം

[തിരുത്തുക]

പൂർണ്ണക്രിയ നടക്കണമെങ്കിൽ നടക്കേണ്ട അപൂർണ്ണക്രിയയാണ് പാക്ഷിക വിനയെച്ചം. ആൽ, ഇൽ, ആകിൽ, എങ്കിൽ എന്നിവയാണ് പ്രത്യയങ്ങൾ.

"https://ml.wikipedia.org/w/index.php?title=വിനയെച്ചം&oldid=4120628" എന്ന താളിൽനിന്ന് ശേഖരിച്ചത്