Jump to content

വിനിമയാപഗ്രഥനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനിമയാപഗ്രഥനവിദ്യയിലെ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ചലനചിത്രം

ഇരുപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ, ഡോക്ടർ എറിക് ബേൺ എന്ന കാനഡയിൽ ജനിച്ച അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഒരു മനഃശാസ്ത്രവിശകലനസങ്കേതമാണ് വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീർണമായ മനഃശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവയെ ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ അമൂർത്തമായ മനസ്സിനെയും അതിന്റെ പ്രവർത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേൺ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തിൽ ഈ സമ്പ്രദായം പാശ്ചാത്യനാടുകളിൽ വളരെ പ്രചാരം നേടി. മനഃശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു. [1]. ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. [2]

അടിസ്ഥാനാശയങ്ങൾ

[തിരുത്തുക]

സാമൂഹികവ്യവഹാരം [3]

ശരീരാരോഗ്യം നിലനിർത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിർത്തുവാൻ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളിൽ ലാളനാതൃഷ്ണയായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പർശനവും ഉത്തേജനവും ലഭിക്കാതെ, ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശിശുക്കൾ വളരെ വേഗം രോഗങ്ങൾക്ക് കീഴടങ്ങുന്നുവെന്നും ഒടുവിൽ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, അംഗീകാരവാഞ്ഛയായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. എല്ലാ മുതിർന്നവരിലും അന്തർലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിർന്നവർ ദീർഘകാലം ഏകാന്തതടവനുഭവിക്കുമ്പോൾ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാർക്ക്, ശാരീരികമായ പീഡനത്തേക്കാൾ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേൺ തന്റെ ഗേംസ് പീപ്പിൾ പ്ലേ, എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളിൽ പല തോതിലാണു കാണുന്നത്. ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോൾ, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിർത്താൻ, വർഷത്തിലൊരിക്കൽ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.

വിനിമയാപഗ്രധന വിദ്യയിൽ, സ്ട്രോക് (Stroke - സംവാഹനം; തലോടൽ, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്ന ഇംഗ്ലീഷുപദം, മനുഷ്യർ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കിൽ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും ഒരു സ്ട്രോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കിൽ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിർന്നവരോടാകുമ്പോൾ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് വിനിമയം (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.

വാക്കുകളും പ്രവൃത്തികളും സുഖകരമോ (Positive - സഗുണം) അല്ലെങ്കിൽ വേദനാജന്യങ്ങളോ (Negative - ദുർഗ്ഗുണം) ആകാം. സഗുണങ്ങളായ സ്ട്രോക്കുകൾ ലഭിക്കുവാൻ ഒരാൾക്ക് വിഴിയില്ലെങ്കിൽ, അംഗീകാരവഞ്ഛയാൽ അയാൾ, ദുർഗ്ഗുണങ്ങളായ സ്ട്രോക്കുകൾ എങ്കിലും സമ്പാദിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്നും സ്നേഹവിനിമയം ഒന്നും കിട്ടാതിരിക്കുന്നത് (Absence of Stroke) ഒരാൾക്ക് സഹിക്കാനാവുന്നതല്ല എന്നുമാണ് വിനിമയാപഗ്രധനവിദ്യയിലെ കാതലായ ആശയങ്ങളിൽ പ്രധാനം.

സമയത്തിന്റെ വിനിയോഗം [3]

ലാളനതൃഷ്ണ, അംഗീകാരവാഞ്ഛ എന്നിവ പോലെ അതിന്റെ അടുത്തപടിയാണ്. സമയക്രമീകരണവാഞ്ഛ (Structure-Hunger). എന്തു ചെയ്യണമെന്ന് നിശ്ചയിക്കപ്പെടാത്ത, ക്രമീകരിക്കപ്പെടാത്ത സമയം വളരെ അസഹനീയമാണ് എന്നും ഉണർന്നിരിക്കുന്ന സമയം എപ്രകാരം വിനിയോഗിക്കപ്പെടണമെന്നത് നിശ്ചയിക്കുന്നത് മനുഷ്യന്റെ ഒരു നിരന്തര പ്രശ്നമാണെന്നും ഡോ.ബേൺ പറയുന്നു. ലാളനാതൃഷ്ണപോലെ, അംഗീകാരവാഞ്ഛ പോലെ, ക്രമീകരണവാഞ്ഛയും മനുഷ്യന്റെ നിലനില്പിന് അനിവാര്യമാണ്. ഇന്ദ്രീയങ്ങളുടെയും മനസ്സിന്റെയും ചോദനാദാരിദ്ര്യം (Sensory and Emotional Starvation) ഒഴിവാക്കുക എന്നതാണ് ലാളനാതൃഷ്ണയുടെയും, അംഗീകാരവാഞ്ഛയുടെയും ലക്ഷ്യം. വിരസത ഒഴിവാക്കുക എന്നതാണ് ക്രമീകരണവാഞ്ഛയുടെ ലക്ഷ്യം. മറ്റാരും അടുത്തില്ലാതെ, ഒറ്റയ്ക് ഇരിക്കുന്ന ഒരാൾ ഒന്നുകിൽ എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കും; അല്ലെങ്കിൽ അയാൾ ചിന്തകളിൽ ആണ്ടിരിക്കും. മറ്റുള്ളവരടുത്തുള്ളപ്പോൾ പോലും ഒരാൾക്ക് ഇപ്രകാരം ഏകാന്തനായി ഇരിക്കാൻ കഴിയും. എന്നാൽ മറ്റുള്ളവരോട് ഇടപഴകിയിരിക്കുമ്പോൾ, അഞ്ചുതരത്തിലാണ് അയാൾ / അവർ സമയം ചെലവഴിക്കുക. അവ (1) ഉപചാരങ്ങൾ - Rituals (2) നേരം‌കൊല്ലികൾ - Pastimes (3) കേളികൾ - Games (4) ദൃഢബന്ധങ്ങൾ - Intimacy (5) പ്രവൃത്തി - Activity എന്നിവയാണ്. മേല്പറഞ്ഞ തൃഷ്ണാവാഞ്ഛകൾ ഏറ്റവും കൂടുതൽ സഫലീകരിച്ച്, മാനസികവും ശാരീരികവുമായി തുലനം നിലനിർത്തുന്നതിനാണ് ഇത്തരം സാമൂഹികബന്ധങ്ങളിൽ മനുഷ്യർ ഏർപ്പെടുന്നത്. ഇവയിൽ, ദൃഢബന്ധങ്ങൾ, കളികൾ എന്നിവയാണ് ഏറ്റവും കൂടുതൽ സംതൃപ്തി (Satisfaction) നൽകുന്നത്. ദൃഢബന്ധങ്ങൾ അപൂർവങ്ങളും സ്വകാര്യങ്ങളും ആണ്. അതുകൊണ്ട്, സിംഹഭാഗം മനുഷ്യബന്ധങ്ങളും കളികളായിരിക്കും എന്നും ബേൺ സമർത്ഥിക്കുന്നു. ഇവിടെ കേളികൾ (Games) എന്ന പദം മനഃശാസ്ത്രപരമായ ഒരു സവിശേഷാർത്ഥത്തിലാണ് ഡോ. ബേൺ, പ്രയോഗിച്ചിരിക്കുന്നത് - ഫുട്ബോൾ തുടങ്ങിയ ഉല്ലാസത്തിനായി ഏർപ്പെടുന്ന കളികളെയല്ല; പ്രത്യുത, നിറവേറ്റപ്പെടാത്ത മാനസികാഗ്രഹങ്ങൾ സാധിക്കാനായി മനുഷ്യർ ഏർപ്പെടുന്ന മാന:ശാസ്ത്രപരമായ സൂത്രക്കളികൾ എന്നാണ് ഉദ്ദേശിക്കുന്നത്.

ഇത്തരം 'കളി'കൾക്ക് ചരിത്രപരവും, സാംസ്കാരികവും, സാമൂഹികവും, വൈയക്തികവും ആയ പ്രാധാന്യമുണ്ട്. പല കളികളും പല തലമുറകൾ കൈമാറിയെത്തിയതാണ്. കുട്ടികളെ വളർത്തുക എന്നതുതന്നെ ഏതുതരം കളികളാണ് കളിക്കേണ്ടതെന്ന് അവരെ പഠിപ്പിക്കലാണ്, എന്നു ബേൺ അഭിപ്രായപ്പെടുന്നു. വ്യക്തികളും, കുടുംബങ്ങളും‍, സമൂഹങ്ങളും അവരവർക്കു പഥ്യമായ, കളിച്ചുപഴകിയ, കളികളാണ് കളിക്കാറ്. ഒരേ തരം കളികൾ കളിക്കുന്നവരെയാണ് സാധാരണ സുഹൃത്തുക്കളോ, സഹപ്രവർത്തകരോ, ആത്മമിത്രങ്ങളോ ആയിത്തീരുന്നത്. ജോലിസ്ഥലത്തോ, മറ്റിടങ്ങളിലോ സാധാരണ കാണാവുന്ന സുഹൃത്ബന്ധങ്ങളും 'കൂട്ടങ്ങളും' (Groups), പൊതുവായി അംഗീകരിക്കപ്പെട്ട, ഒരുപോലെയുള്ള കളികൾ കളിക്കുന്നവരാണ്. ഒരാൾ കളി മാറ്റിക്കളിച്ചാൽ, അയാൾ ആ കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെടും - മറ്റൊരു കൂട്ടം അയാളെ സ്വീകരിച്ചേക്കാമെങ്കിലും.

വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള ഇത്തരം വിനിമയങ്ങളും കളികളും സൂക്ഷ്മമായി അപഗ്രഥിച്ചു കൊണ്ട്, അവരുടെ മാനസികഘടനയെപ്പറ്റിയും സവിശേഷമായ പെരുമാറ്റത്തിന്റെ കാരണങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ കഴിയുമെന്നും, ആ അറിവ്, വ്യക്തിത്വ വികസനത്തിനും, വ്യക്തിബന്ധങ്ങളും സമൂഹബന്ധങ്ങളും മെച്ചപ്പെടുത്താനും, മനോരോഗചികിത്സയ്ക്കും മറ്റും ഉപയോഗിക്കാമെന്നുള്ളതാണ് ഈ വിനിമയവിശകലനവിദ്യയുടെ സവിശേഷത.

മാനസികഘടനയുടെ അപഗ്രഥനം

[തിരുത്തുക]

(Structural Analysis)

മനോഭാവതലങ്ങളുടെ ഒരു ചിത്രം.
P-പിതൃഭാവം A-പക്വഭാവം C-ശിശുഭാവം

സാമൂഹികമായി ഇടപഴകിക്കൊണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഭാവചേഷ്ടകളിൽ - ശരീരനില, നോട്ടം, വാക്കുകൾ, ശബ്ദവ്യതിയാനം, മറ്റ് അംഗവിക്ഷേപങ്ങൾ തുടങ്ങിയവകളിൽ - ഇടയ്ക്ക് പ്രകടമായ മാറ്റങ്ങൾ വരുന്നു എന്നത് അവ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്ന ഒരാൾക്ക് കാണാൻ കഴിയും.അതതു സമയത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന വികാരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് അവരുടെ ഭാവചേഷ്ടാദികളിൽ വരുന്ന വ്യത്യാസങ്ങൾ. ഈ മാറ്റങ്ങളും വ്യത്യാസങ്ങളും ആണ് ഒരു വ്യക്തിയ്ക്ക്, വിവിധ മാനസികനിലകൾ (Ego States) ഉണ്ട് എന്നതിന്റെ സൂചന മനഃശാസ്ത്രജ്ഞർക്കു നൽകിയത്. ഒരു വ്യക്തിയ്ക്കുണ്ടാവുന്ന ഓരോരോ ഭാവചേഷ്ടകളും‍, ഓരോരോ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാനസികനിലകളാണ്, ഭാവതലങ്ങളാണ് ഒരു വ്യക്തിയിൽ ഉള്ളത് :

  1. വ്യക്തിയുടെ, മാതാപിതാക്കളുടെ മാനസികനിലയോട് സാദൃശ്യമുള്ള ഒരു ഭാവതലം. വിനിമയാപഗ്രഥനവിദ്യയിൽ, ഈ മനോഭാവതലത്തെ, പിതൃഭാവതലം (Parental Ego State) എന്നോ ചുരുക്കി, പിതൃഭാവം എന്നോ പറയുന്നു.
  2. ബാഹ്യലോകയാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഗ്രഹിക്കാനും പ്രതികരിക്കാനും കഴിവുള്ള ഒരു ഭാവതലം. ഇത് പക്വഭാവതലം (Adult Ego State) അല്ലെങ്കിൽ പക്വഭാവം എന്നു പറയുന്നു
  3. വ്യക്തി ശിശുവായിരിയ്ക്കുമ്പോൾത്തന്നെ രൂപപ്പെട്ടുദൃഢമായതും ഓർമകളുടെയും അനുഭവങ്ങളുടെയും കലവറയായതുമായ ഒരു ഭാവതലം. ഇത് ശിശുഭാവതലം (Child Ego State) അല്ലെങ്കിൽ ശിശുഭാവം എന്നു പറയുന്നു.

ഒരു വ്യക്തി, ഒരു സമയത്ത്, ഏതെങ്കിലും ഒരു ഭാവതലത്തിൽ നിന്നുമാണ് പെരുമാറുക. എന്നാൽ അടുത്ത നിമിഷം മറ്റൊരു ഭാവത്തിൽ നിന്നും പെരുമാറുകയും ചെയ്യാം. പിതൃഭാവത്തിലായിരിക്കുമ്പോൾ അയാൾ അയാളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെപ്പോലെ (അതുമല്ലെങ്കിൽ ആ സ്ഥാനം വഹിച്ചിരുന്ന ആളെപ്പോലെ) പെരുമാറുന്നു, ഭാവചേഷ്ടകൾ പ്രകടിപ്പിക്കുന്നു. പക്വഭാവത്തിലായിരിക്കുമ്പോൾ അയാൾ സ്വതന്ത്രമായി, യുക്തിയുക്തമായി, മുൻവിധിയില്ലാതെ, വികാരങ്ങൾക്കു കീഴ്പ്പെടാതെ ഒരു സാഹചര്യത്തെ വിലയിരുത്തുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും നിഗമനങ്ങൾ എടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു ഭാവങ്ങൾ, എല്ലാ മനുഷ്യരിലും - മുതിർന്നവരിലും, ശിശുക്കളിലും, മാനസികവളർച്ചയില്ലാത്തവരിലും, ഉന്മാദരോഗമുള്ളവരിൽ (Schizophrenic) പോലും - നിലനിൽക്കുന്നു. ഓരോ വ്യക്തികളിലും അവ വ്യത്യസ്തമായിരിക്കും എന്നു മാത്രം. ഏതെങ്കിലും ഒരു ഭാവം മറ്റോന്നിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് പറയാനാവില്ല; മൂന്നു ഭാവങ്ങളും അതതിന്റേതായ ജീവിതമൂല്യങ്ങളുമുണ്ട്:

  • ശിശുഭാവം സന്തോഷത്തിന്റെ, സഹജാവബോധത്തിന്റെ (Intuition), സ്വാഭാവികാത്സുക്യത്തിന്റെ (Spontaneous Drive), ആവിഷ്കരണശേഷിയുടെ (Creativity), ഉറവിടമാണ്.
  • പക്വഭാവം, ജീവസന്ധാരണത്തിന് ആവശ്യമായ സങ്കീർണമായ കണക്കുട്ടലുകളും നിഗമനങ്ങളും നടത്തുന്നു. ഉദാഹരണത്തിന്, ഒരു റോഡ് മുറിച്ചുകടക്കുന്നതിന്, വാഹനങ്ങളുടെ വേഗതകളെപ്പറ്റിയുള്ള സങ്കീർണമായ കണക്കുകൂട്ടലുകളും സാധ്യതാനിർണയങ്ങളും (Probability Estimates) നിഗമനങ്ങളും നടത്തുന്നത് പക്വഭാവമാണ് ; സുരക്ഷിതമായി മറുകരയെത്താൻ കഴിയുമെന്ന് കണക്കുകൂട്ടലുകൾ വ്യക്തമാകുമ്പോൾ മാത്രമാണ് റോഡു മുറിച്ചുകടക്കുവാൻ ഈ മാനസികഭാവം അയാളെ അനുവദിക്കുന്നത്. പിതൃ-ശിശു‍ഭാവങ്ങളെ നിയന്ത്രിക്കുക എന്ന ധർമ്മവും നിർവഹിക്കുന്നത് ഈ ഭാവമാണ്.
  • പിതൃഭാവമാവട്ടെ, രണ്ടു പ്രധാന ധർമ്മങ്ങളാണ് നിർവഹിക്കുന്നത്: ഒന്ന്, ഒരു വ്യക്തിയ്ക്ക് അയാളുടെ സ്വന്തം മക്കളെ വളർത്താനുള്ള കാര്യശേഷി നൽകുകയും തദ്വാരാ മനുഷ്യവംശത്തിന്റെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. ഇക്കാര്യം, നന്നേ ചെറുപ്പം മുതൽ അനാഥരായി വളർന്നവർക്ക് അവരുടെ കുട്ടികളെ വളർത്തുവാൻ മറ്റുള്ളവരെ അപേക്ഷിച്ച് ശേഷിക്കുറവു കാണുന്നു എന്ന കാര്യത്തിൽ നിന്ന് വ്യക്തമാവുന്നുണ്ട്. രണ്ട്, നിത്യജീവിതത്തിലെ നിരവധി ചെറുപ്രവൃ‍ത്തികളും ദിനചര്യകളും ഏറ്റെത്ത് അതിനെ സ്വയംനിയന്ത്രിത പ്രതികരണങ്ങളിലൂടെ ലഘൂകരിക്കുകയും ഇത്തരം ഒട്ടനവധി കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പക്വഭാവത്തെ സ്വതന്ത്രമാക്കി കൂടുതൽ പ്രധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

മൂന്നു ഭാവങ്ങളുടെയും യുക്തമായ തുലനമാണ് അർത്ഥപൂർണമായ ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത്.

വിനിമയങ്ങളുടെ അപഗ്രഥനം

[തിരുത്തുക]

(Analysis of Transactions)

വ്യക്തികൾ തമ്മിലുള്ള സംഭാഷണം പുരോഗമിക്കുന്നത് ജോഡികളായിട്ടാണ്. ഉദാഹരണത്തിന്,

"ഹലോ..!"
"ഹലോ..!!"

"നാട്ടിൽ നിന്ൻ എപ്പോഴെത്തി ?"
"ഇന്നലെ. രാത്രിയായി.."

"കുടുംബം വന്നിട്ടുണ്ടോ..?"
"ഇല്ല. അവർ ഒരു മാസം കൂടിക്കഴിഞ്ഞേ വരൂ."

"എന്നാൽ പിന്നെക്കാണാം.."
"ആവട്ടെ, വൈകുന്നേരം കാണാം."

പക്വഭാവങ്ങൾ തമ്മിലുള്ള വിനിമയം

ഇവിടെ, ഒന്നാമൻ ഹലോ എന്ന ആദ്യസംബോധനകൊണ്ട്, രണ്ടാമന്റെ അസ്തിത്വം അല്ലെങ്കിൽ സാമീപ്യം അംഗീകരിക്കുകയാണ് ചെയ്യുന്നത്. വിനിമയാപഗ്രധനവിദ്യയിൽ, ഇതിന് ചോദന (Stimulus) എന്നു പറയുന്നു. ആ അംഗീകാരം സ്വീകരിച്ചുകൊണ്ടും ഒന്നാമന്റ സാമീപ്യം അംഗീകരിച്ചുകൊണ്ടും ആണ് മറുപടിയായിട്ട്, രണ്ടാമൻ "ഹലോ" എന്നു പ്രതിവചിക്കുന്നത്. ഇതിന് പ്രതികരണം (Response) എന്നു പറയുന്നു. ഇങ്ങനെ, ചോദനാ-പ്രതികരണങ്ങളുടെ ജോഡികളായിട്ടാണ് സംഭാഷണം പുരോഗമിക്കുന്നത്. എന്നാൽ വിനിമയം നടക്കുന്നതിന് സംഭാഷണത്തിൽ കൂടി മാത്രമാവണം എന്നില്ല. ഒരു മോട്ടോർ കാർ നന്നക്കുന്ന മെക്കാനിക്, തന്റെ സഹായിയുടെ നേരേ കൈനീട്ടുന്നു. സഹായി, മെക്കാനിക് ഉദ്ദേശിച്ച ഉപകരണം കണ്ടെടുത്തു നൽകുന്നു. എവിടെ സംഭാഷണം ഒന്നും ഉണ്ടായില്ലെങ്കിലും ചോദനാപ്രതികരണങ്ങളുടെ വിനിമയം നടക്കുന്നുണ്ട്. രണ്ടു വ്യക്തികളുടെ പക്വഭാവങ്ങൾ തമ്മിലുള്ള വിനിമയങ്ങളാണ് മേൽ സൂചിപ്പിച്ചവ. കാര്യമാത്രപ്രസക്തമായി, വികാരപ്രകടനമില്ലാതെ, നടക്കുന്ന ഏറ്റവും ലളിതമായ വിനിമയങ്ങളാണ് പക്വഭാവങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ.


സമാന്തരവിനിമയങ്ങൾ


മേൽക്കാണിച്ച വിനിമയങ്ങളിൽ, ആദ്യത്തെ ചോദന നൽകിയ ആൾ പ്രതീക്ഷിക്കുന്ന മറുപടിയാണ് രണ്ടാമത്തെയാൾ നൽകിയത്. മനുഷ്യബന്ധങ്ങളിലെ ഒരു സാമൂഹികക്രമം അത് പാലിക്കുന്നുമുണ്ട്. അത്, ആദ്യത്തെയാളിന് വീണ്ടും പ്രതികരിക്കാനുള്ള പ്രചോദനം നൽകുന്നു. സമാന്തരവിനിമയങ്ങൾ അല്ലെങ്കിൽ പൂരകവിനിമയങ്ങൾ (Parallel or Complementary Transactions) എന്നാണ് ഇത്തരം വിനിമയജോഡികളെ വിളിക്കുന്നത്. വിനിമയങ്ങൾ സമാന്തരങ്ങൾ ആയിരിക്കുന്നിടത്തോളം കാലം സംഭാഷണം, തടസമില്ലാതെ നീണ്ടു പോകും . പക്വഭാവങ്ങൾ തമ്മിൽ മാത്രമല്ല, മറ്റു ഭാവങ്ങൾ തമ്മിലും സമാന്തരവിനിമയം സാധ്യമാണ്. അവയിൽ ചിലത് വിശകലനസഹിതം താഴെ കൊടുത്തിരിക്കുന്നു.

സംഭാഷണം വിനിമയങ്ങളുടെ സ്വഭാവം വിനിമയങ്ങളുടെ ദിശ (അപഗ്രഥനം) ചിത്രം
  • രോഗിയായ മകൻ: "അമ്മേ, എനിക്ക് കുടിക്കാനെന്തെങ്കിലും തരൂ"
  • അമ്മ : "കുഞ്ഞേ,നീ ഈ പാൽ കുടിയ്ക്ക്, അസുഖം പെട്ടെന്നു ഭേദമാവും"
  • ശാരീരികമായ ആവശ്യത്തിന്റെ പ്രകടനം; ലാളനയ്കായുള്ള ആഗ്രഹപ്രകടനം.
  • ശുശ്രൂഷയും ലാളനയും നൽകൽ.
  • മകൻ തന്റെ ശിശുഭാവത്തിൽ നിന്ന് അമ്മയുടെ പിതൃ/മാതൃ ഭാവത്തിലേക്ക്; (Child to Parent Transaction)
  • അമ്മ തന്റെ മാതൃ/പിതൃ ഭാവത്തിൽ നിന്ന് മകന്റെ ശിശുഭാവത്തിലേക്ക്. (Parent to Child Transaction)
  • അദ്ധ്യാപകൻ: "പുതിയ കുട്ടികൾക്ക് അദ്ധ്യാപകരോട് ഒട്ടും ബഹുമാനമില്ല"
  • സഹാധ്യാപകൻ: "എന്തിന് ! അവരുടെ മാതാപിതാക്കളോടു പോലുമില്ല."
  • നീരസവും മുൻവിധിയുമുള്ള (Prejudiced) ഭാഷണം.
  • സ്വന്തം നിലപാടുകൾക്ക് അംഗീകാരം നേടാനുള്ള വ്യഗ്രത.
  • ഒരുതരം ഏഷണിയുടെ (Gossip) സ്വഭാവം
  • പരസ്പരം ഒരാളുടെ പിതൃഭാവത്തിൽ നിന്ന്, മറ്റേയാളുടെ പിതൃഭാവത്തിലേക്ക്. (Mutual Parent to Parent Transaction)
  • ഭാര്യ : "പിന്നേയ്, ഞാനുടുത്തിരിക്കുന്ന പുതിയ വേഷം എങ്ങനെയുണ്ട് ?"
  • ഭർത്താവ് : "ഒന്നാന്തരം ! അതിന്റെ റോസ് നിറം നിനക്കു നന്നായി ചേരും !!"
  • അംഗീകാരത്തിനായുള്ള ആഗ്രഹപ്രകടനം.
  • സുന്ദരമായവ ‍അംഗീകരിയ്ക്കാനുള്ള കഴിവ്.
  • ഭാഷണങ്ങൾക്ക് ശിശുസഹജമായ കളിയുടെ സ്വഭാവം
  • ശിശുഭാവങ്ങൾ പരസ്പരം നടത്തുന്ന വിനിമയം. (Mutual Child to Child Transaction)

മുകളിൽ കാണിച്ച ഉദാഹരണങ്ങളിലെ ചിത്രങ്ങളിൽ, വിനിമയങ്ങളുടെ ദിശകൾ സൂചിപ്പിക്കുന്ന വിനിമയരേഖകൾ സമാന്തരങ്ങളാണ്. അതുകൊണ്ടാണ് ഇത്തരം വിനിമയങ്ങളെ, സമാന്തരവിനിമയങ്ങൾ എന്നു വിളിക്കുന്നത്. അവ പ്രോത്സാഹജനകങ്ങളാണ്. അതുകൊണ്ട് സംഭാഷണം / വിനിമയം തടസമില്ലാതെ തുടരും.


വിലോമവിനിമയങ്ങൾ


സമാന്തരങ്ങൾ അല്ലാത്ത തരം വിനിമയങ്ങളാണ് വിലോമവിനിമയങ്ങൾ (Crossed Transactions). ചോദ്യകർത്താവ് അല്ലെങ്കിൽ ചോദനാകർത്താവ് പ്രതീക്ഷിക്കാത്ത, വിരുദ്ധമായ ഒരു മറുപടിയാണ് രണ്ടാമൻ നൽകുന്നത്. ഉദാഹരണങ്ങൾ:

സംഭാഷണം വിനിമയങ്ങളുടെ സ്വഭാവം വിനിമയങ്ങളുടെ ദിശ (അപഗ്രഥനം) ചിത്രം
  • മേലുദ്യോഗസ്ഥൻ ‍: "നിങ്ങളെ ഏല്പിക്കുന്ന ഒരു ജോലിപോലും നിങ്ങൾ മുഴുവൻ ചെയ്യാറില്ല."
  • കീഴുദ്യോഗസ്ഥൻ : "ഏതു പ്രശ്നം വന്നാലും മറ്റുള്ളവരെ പഴിയ്ക്കുരുത്. "
  • പരസ്പരം കുറ്റപ്പെടുത്തുവാനുള്ള ശ്രമം.
  • മേലുദ്യോഗസ്ഥന്റെ പിതൃഭാവത്തിൽ നിന്ന് കീഴുദ്യോഗസ്ഥന്റെ ശിശുഭാവത്തിലേക്ക്;
  • മറിച്ച്, കീഴുദ്യോഗസ്ഥന്റെ പിതൃഭാവത്തിൽ നിന്ന് മേലുദ്യോഗസ്ഥന്റെ ശിശുഭാവത്തിലേക്ക്
  • ഭർത്താവ്‍: "എന്റെ വാച്ച് എവിടെയാണ് ? നീ കണ്ടോ ?"
  • ഭാര്യ‍: "സ്വന്തം സാധനങ്ങൾ സ്വയം സൂക്ഷിച്ചുകൂടേ ?."
  • കാണാതെ പോയ ഒരു വസ്തുവിനെക്കുറിച്ചുള്ള അന്വേഷണം; കാര്യമാത്രപ്രസക്തം.
  • കുറ്റപ്പെടുത്തൽ, നീരസവും മുൻവിധിയും.
  • ഭർത്താവിന്റെ പക്വഭാവത്തിൽ നിന്ന് ഭാര്യയുടെ പക്വഭാവത്തിലേക്ക് (Adult to Adult Transaction)
  • ഭാര്യയുടെ പിതൃഭാവത്തിൽ നിന്ന് ഭർത്താവിന്റ ശിശുഭാവത്തിലേക്ക്.

മേൽക്കാണിച്ച ഉദാഹരണങ്ങളിലെ ചിത്രങ്ങളിൽ, വിനിമയരേഖകൾ പരസ്പരം ഖണ്ഡിക്കുന്നതു ശ്രദ്ധിക്കുക. പരസ്പരം ഛേദിക്കുന്ന ഇത്തരം വിലോമവിനിമയങ്ങൾ പ്രോത്സാഹജനകങ്ങളല്ല; അതുകൊണ്ട് സംഭാഷണം പെട്ടെന്ന് നിലച്ചു പോകുന്നു. വിനിമയം തുടരണമെങ്കിൽ, ആരെങ്കിലും ഒരാൾ സമാന്തരമായ വിനിമയം നൽകണം. ഇപ്രകാരമുള്ള ഒരു സമാന്തരവിനിമയം, സെക്കന്റുകൾക്കുള്ളിൽ സംഭവിക്കുകയോ (ഉദാഹരണത്തിന് ഭാര്യാഭർത്താക്കന്മാരുടെ കാര്യത്തിൽ) അല്ലെങ്കിൽ മാസങ്ങൾ തന്നെ (ഉദാഹരണത്തിന് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ) എടുത്തുവെന്നോ വരാം. അതുവരെ, വിനിമയം മരവിച്ചുപോകുന്നു.


ഗൂഢവിനിമയങ്ങൾ


സമാന്തരവും വിലോമവും ആയ വിനിമയങ്ങൾ താരതമ്യേന ഋജുവും ലളിതവുമാണ്. എന്നാൽ വിശകലനസങ്കീർണതയുടെ കാര്യത്തിൽ ഏറ്റവും തീവ്രമായത്, ദ്വയാർത്ഥങ്ങളുള്ള ഗൂഢവിനിമയങ്ങൾ (Ulterior Transactions) ആണ്. പ്രത്യക്ഷമായ അർത്ഥങ്ങളല്ലാതെ അവയ്ക് ഗൂഢമായ (hidden) മറ്റർത്ഥങ്ങളും ഉണ്ട്. ഇവിടെ, വിനിമയപ്രക്രിയയിൽ പങ്കെടുക്കുന്നത് രണ്ടിൽ കൂടുതൽ ഭാവതലങ്ങളാണ് (Ego States). വ്യാപാരിയും ക്രേതാവും (Buyer) തമ്മിൽ നടക്കുന്ന വാഗ്വിനിമയങ്ങൾ ഇത്തരം ഗൂഢവിനിമയങ്ങളുടെ ഉദാത്തമാതൃകളായി (Classical Example) പരിഗണിക്കാറുണ്ട്:

വ്യാപാരി: "ഇത് ഒന്നാന്തരം സാധനമാണ്; വിലയല്പം കൂടും. നിങ്ങൾക്ക് അത് പറ്റില്ലായിരിക്കും".
ക്രേതാവ്: "അല്ലല്ല. ഇത്തരം ഒരെണ്ണം തന്നെയാണ് എനിക്കു വേണ്ടത്."

പ്രത്യക്ഷത്തിൽ, ഈ സംഭാഷണം കാര്യമാത്രപ്രസക്തമായി പക്വഭാവങ്ങൾ തമ്മിലുള്ള ഒരു ആശയവിനിമയമായിട്ടാണു തോന്നുക. എന്നാൽ പരോക്ഷമായി, പക്വ-ശിശുഭാവങ്ങൾ തമ്മിൽ ഒരു രഹസ്യവിനിമയം ഇവിടെ നടക്കുന്നുണ്ട്. വ്യാപാരിക്ക് കൂടുതൽ ലാഭം കിട്ടുന്ന സാധനം വിൽക്കുകയാണ് അയാളുടെ ഉദ്ദേശ്യം. അതിനാൽ അയാൾ, പുറമേ നിരുപദ്രവമെന്നു തോന്നുന്ന, എന്നാൽ അകമേ, മെച്ചപ്പെട്ടത് സ്വന്തമാക്കണം എന്നാഗ്രഹിക്കുന്ന ക്രേതാവിന്റെ ശിശുഭാവം ലക്ഷ്യമാക്കി, ഗൂഢമായ ഒരു ചോദന (Stimulus) നൽകുന്നു. ആ 'കൊളുത്തിൽ' (Hook) ക്രേതാവ് കുടുങ്ങുന്നു; അങ്ങനെ, ക്രേതാവിന്റെ ശിശു, വ്യാപാരിയുടെ പക്വഭാവത്തിലേക്ക് അനുകൂലമായ ഒരു പ്രതികരണം നൽകുന്നു. ചിത്രത്തിൽ, കുത്തിട്ടവരകൾ (Dotted Lines) കൊണ്ടാണ് ഈ ഗൂഢവിനിമയം സൂചിപ്പിച്ചിരിക്കുന്നത്.


മറ്റൊരുദാഹരണം:
യുവാവ്: "ഞാൻ വാങ്ങിയ പുതിയ കാറിൽ കേറുന്നില്ലേ ?"
യുവതി: "ഇത്തരം കാറിൽ കേറാൻ ഒരുപാട് ആഗ്രഹിച്ചതാണ്"

പ്രത്യക്ഷത്തിൽ, പുതിയ കാറിനെക്കുറിച്ചുള്ള ഒരു ചർച്ചയാണ് അത്. എന്നാൽ, പരോക്ഷമായി ശൃംഗാരരൂപത്തിലുള്ള ക്ഷണിക്കലും സ്വീകരിക്കലും നടക്കുന്നുണ്ട്. ശിശുഭാവങ്ങൾ തമ്മിൽ നടക്കുന്ന ഗൂഢമായ ഈ വിനിമയം ചിത്രത്തിൽ വേറിട്ടു കാണിച്ചിരിക്കുന്നു. ഈ വിനിമയങ്ങളിൽ ഒരേ സമയം നാലു ഭാവങ്ങളാണ് പങ്കെടുക്കുന്നത്.

ഗൂഢാർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം വിനിമയങ്ങളാണ് "കേളികൾ"ക്കു (Games) നിദാനമായി ഭവിക്കുന്നത്.

കർമ്മങ്ങളും ഉപചാരങ്ങളും

[തിരുത്തുക]

( Procedures and Rituals )

സ്നേഹം സമ്പാദിക്കുക എന്ന ജന്മസിദ്ധമായ അഭിനിവേശമാണ് സാമൂഹിക ബന്ധങ്ങളിൽ ഏർപ്പെടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ തോതിൽ സ്നേഹവിനിമയം നടക്കുന്ന സാമൂഹികക്രീയകൾ (Social Activity) ഉപചാരങ്ങളും കർമ്മങ്ങളും (Rituals and Procedures) ആണ്.

ചുറ്റുമുള്ള വാസ്തവലോകത്തിൽ ഇടപെടുന്നതിന് ആവശ്യമായ, ജീവിതായോധനത്തിന് ആവശ്യമായി ചെയ്യുന്ന, ചിട്ടപ്പെടുത്തിയ നിത്യപ്രവൃത്തികളെയാണ് കർമ്മങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കാറോടിക്കലും, പാചകവും, ഓഫീസ് ജോലികളും മറ്റും കർമ്മങ്ങളാണ് . അവ നടത്തുന്നതിന് ഒരാൾക്ക് മറ്റുള്ളവരോട് ഇടപഴകെണ്ടതായി വരും. പരസ്പരം സഹായമാവശ്യമായിവരാവുന്ന അത്തരം കർമ്മങ്ങൾ, ചിട്ടപ്പെടുത്തിയ ചെറുക്രീയകളുടെ ഒരു നീണ്ട ശൃംഖലയാണ്, ക്രീയാക്രമങ്ങളാണ്. ഒരാളുടെ പക്വഭാവമാണ് ക്രീയകൾ ക്രമപ്പെടുത്തുന്നത്. അത്തരം സന്ദർഭങ്ങളിൽ നടക്കുന്ന ആശയവിനിമയങ്ങൾ, പക്വഭാവത്തിൽ നിന്നുള്ള ലളിതമായ സമാന്തരവിനിമയങ്ങളാണ് (Complementary Transactions). അവയിൽക്കൂടി നടക്കുന്ന സ്നേഹവിനിമയങ്ങൾ പരിമിതങ്ങളാണ്.

ചിട്ടപ്പെടുത്തപ്പെട്ട, സ്ഥിരീകൃതമായ (Stereotyped) സമാന്തരവിനിമയങ്ങളുടെ ഒരു നിരയാണ് ഉപചാരങ്ങൾ. ഉദാഹരണം:-
"നമസ്കാരം"
"നമസ്കാരം"
"നല്ല ചൂടുണ്ട് അല്ലേ ?"
"അതെ.മഴപെയ്യുമെന്നു തോന്നുന്നു"
"ആവട്ടെ. പിന്നെക്കാണാം"
"കാണാം"
സാധാരണ നിലയിൽ, ഇത്തരം ഉപചാരവിനിമയങ്ങൾ പുരോഗമിക്കുന്നതും സമാപിക്കുന്നതും ഏതുപ്രകാരമാണെന്ന് പ്രവചിക്കാനാവും. ഇത്തരം ഭാഷണങ്ങൾ എന്തെങ്കിലും വിവരം കൈമാറാൻ ഉദ്ദേശിച്ചുള്ളവയല്ല. വാസ്തവത്തിൽ, അവയിൽ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽത്തന്നെ അവ സമർത്ഥമായി മറച്ചു വച്ചിരിക്കുന്നു. കൂടുതൽ സങ്കീർണമായ ബന്ധങ്ങൾ തുടങ്ങുന്നതിന് ഉതകുന്ന രീതിയിൽ സുരക്ഷിതമായി ക്രമീകരിച്ച വിനിമയങ്ങളാണ് അവ. ഇത്തരം ഉപചാരങ്ങൾ ക്രമപെടുത്തിയത് സമൂഹമാണ്. വിവിധ സമൂഹങ്ങളിൽ വിവിധ രീതിയഇലുള്ള ഉപചാരങ്ങളാണ് നിലവിൽക്കുന്നത്. അവ വ്യക്തിയിലേക്കു പകർന്നത് മാതാപിതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ആണ്. അതുകൊണ്ട് ഒരു വ്യക്തിയുടെ പിതൃഭാവമാണ് ഇവയുടെ പ്രഭവസ്ഥാനം. ഉപചാരങ്ങൾ, സുരക്ഷിതവും ആനന്ദകരവും ആയ സമയക്രമീകരണമാർഗ്ഗമാണ് എന്ന് ഡോ. ബേൺ പറയുന്നു. ഉപചാരങ്ങളും കർമ്മങ്ങളും തമ്മിലുള്ള വേർതിരിവ് (അതിർത്തി നിർണ്ണയം) പ്രയാസമാണ്. ഉപചാരങ്ങളിൽ വേണ്ടത്ര സാമർത്ഥ്യമില്ലാത്തവർ, പലപ്പോഴും അത് കർമ്മങ്ങൾ കൊണ്ടു പൂരിപ്പിക്കുന്നതു സാധാരണമാണ് - ആഘോഷങ്ങളിലും മറ്റും, ആളുകളോട് സംഭാഷണത്തിൽ ഏർപ്പെടുന്നതിനു പകരം ആഹാരം വിളമ്പുന്നതിനും മറ്റു പരിചാരങ്ങൾ നൽകുന്നതിലും മറ്റും ചിലർ വ്യാപൃതരായിരിക്കുന്നതു കാണാം. കർമ്മങ്ങളുടേതിനു സമാനമായി, ഉപചാരങ്ങളിലും പരിമിതമായ സ്നേഹവിനിമയം മാത്രമാണു നടക്കുന്നത്.

നേരംകൊല്ലികൾ

[തിരുത്തുക]

(Pastimes)

സമ്മേളനസ്ഥലങ്ങളിലും ആഘോഷവേളകളിലും പ്രധാന ചടങ്ങുകൾ തുടങ്ങുന്നതിനു മുൻപും ഇടവേളകളിലും അതിലെ പങ്കാളികൾ ചെറുകൂട്ടങ്ങളായിത്തിരിഞ്ഞ് "കൊച്ചുവർത്തമാനങ്ങളിൽ" ഏർപ്പെടുന്നത് സാധാരണമാണ്. ഒരു കൂട്ടർ രാഷ്ട്രീയമാണ് (കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങൾ..) ചർച്ച ചെയ്യുന്നതെങ്കിൽ, മറ്റോരു കൂട്ടർക്ക് മൊബൈലും കാറും വിഷയമാകുന്നു; ഇനിയൊരു കൂട്ടർ 'പുടവയും വളയും' (ഫാഷൻ) അല്ലെങ്കിൽ 'അഡ്മിഷൻ' (കുട്ടികളുടെ വിദ്യാഭ്യാസം) സംസാരിക്കുന്നു. സംഘാംഗങ്ങളുടെ ലിംഗം, സമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവയനുസരിച്ച് വിഷയങ്ങളും മാറുന്നു. പകുതി ഉപചാരസ്വഭാവമുള്ളതും ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ചും നടക്കുന്ന പൂരകവിനിമയങ്ങളാണ് ഇത്തരം നേരംകൊല്ലികൾ (Pastimes). പ്രാഥമികമായി വിരസമായ സമയം ചിട്ടപ്പെടുത്തുവാനും മറ്റാളുകളുമായി ഇടപെട്ട് അംഗീകാരം / സ്നേഹം നേടുന്നതിനുമാണ് നേരംകൊല്ലി സംഭാഷണങ്ങളിൽ മനുഷ്യർ ഏർപ്പെടുന്നത്. രണ്ടാമത്, കൂടുതലടുപ്പമുള്ള സാമൂഹികബന്ധങ്ങളിൽ, സൗഹൃദങ്ങളിൽ ഏർപ്പെടാനുള്ള പങ്കാളികളെ തെരഞ്ഞടുക്കാനുമാണ് നേരംകൊല്ലികൾ ഉപയോഗപ്പെടുന്നത്. നേരംകൊല്ലികൾ പുരോഗമിക്കുമ്പോൾ അതിൽ ഏർപ്പെടുന്ന പങ്കാളികളുടെ ശിശുഭാവങ്ങൾ വളരെ സമർത്ഥമായി പങ്കാളികളെ അളക്കുകയും സ്വീകാര്യമായവരെ തെരഞ്ഞെടുക്കുകയും മറ്റാളുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ, ഭൂരിഭാഗവും ബോധപൂർവമല്ലാതെ (Uncounsious) സഹജാവബോധസഹായത്താൽ (Intutive) ആണു നടക്കുന്നത്.

നേരംകൊല്ലികൾക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. അത് സമൂഹമദ്ധ്യത്തിൽ ഒരോ വ്യക്തിയും കെട്ടുന്ന 'വേഷ'ത്തിന് (Social Role) സംമൂഹത്തിൽ അംഗീകാരം നേടിയെടുക്കുകയും അതു പ്രബലമാക്കുകയും (Stabilize) ചെയ്യുക എന്നതത്രേ. തങ്ങളുടെ യഥാർത്ഥ വ്യക്തിത്വം (Anima / Animus), അറിഞ്ഞോ അറിയാതെയോ മറച്ചുകൊണ്ട്, സമൂഹമധ്യേ ധരിക്കുന്ന 'മുഖാവരണം' (Persona) ആണത്. വ്യക്തിത്വത്തിന്റെ ഈ ബാഹ്യാംശത്തിനു ലഭിക്കുന്ന സമൂഹികാംഗീകാരം, വിവിധ വിഷയങ്ങളിലുള്ള അയാളുടെ 'നിലപാടു'കളെയും (Position), തദ്വാരാ മനഃസ്ഥിതിയെയും (Attitude) സ്വാധീനിക്കുന്നുണ്ട്. "മറ്റുള്ളവരെല്ലാം മോശമാണ്", "ജീവിതം ദുഃഖം മാത്രമാണ്" എന്നു തുടങ്ങിയ, ഒരാളുടെ പെരുമാറ്റത്തെ ആകമാനം സ്വാധീനിക്കുന്ന, പ്രവചനവാക്യങ്ങളാണ് അയാളുടെ നിലപാടുകൾ. ഇത്തരം നിലപാടുകൾ ഒരു വ്യക്തിയിൽ രൂപപ്പെടുന്നതും ദൃഢമാകുന്നതും, ആലോചിച്ചു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും , ലോകപരിചയവും ലഭിക്കുന്നതിന് വളരെ മുൻപാണ് - രണ്ടു വയസു മുതൽ (ഒരു പക്ഷെ, ഒരു വയസു മുതൽ) ഏഴു വയസു വരെയുള്ള ഘട്ടത്തിലാണ് എന്ന് ഡോ. ബേൺ പറയുന്നു. ഒരാളുടെ നിലപാടുകളിൽ നിന്ന് അയാളുടെ ബാല്യം ഏതുവിധമായിരുന്നു എന്ന് ഊഹിച്ചെടുക്കാൻ കഴിയും. മറ്റൊരാൾ അല്ലെങ്കിൽ മറ്റൊരു സംഭവം ഇടപെട്ട് മാറ്റങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ, അയാളുടെ ബാക്കി ജീവിതകാലം അത്രയും ഈ നിലപാടുകൾ ദൃഢമാക്കാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ നിലപാടുകൾക്കു വിരുദ്ധമായ സാഹചര്യങ്ങൾ വന്നാൽ, ഒന്നുകിൽ അയാൾ അവ ഒഴിവാക്കുകയോ, അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിലെ പ്രതികൂലാംശങ്ങളെ രൂക്ഷമായി, കൗശലപൂർവം മാറ്റിമറിച്ച് (Manipulate), ഭീഷണികളെ അനുകൂലമായ സാധൂകരണങ്ങളാക്കുകയോ (Justification) ചെയ്യും. ഈ വിധമുള്ള ലാഭങ്ങൾ ഉള്ളതുണ്ടാണ് മനുഷ്യർ അത്യൗത്സുക്യത്തോടെ നേരംകൊല്ലികളിൽ, വിശേഷിച്ചു സമാനമായ നിലപാടുള്ളവരോട്, ഏർപ്പെടുന്നത്.

സ്ഥിരീകൃതമായ നിലപാടുകൾ ദൃഢമാക്കാനുതകുന്നതുകൊണ്ടാണ്, നേരംകൊല്ലികളും സ്ഥിരീകൃതമായിത്തീർന്നത് (Stereotyped). നേരംകൊല്ലികളും കർമ്മങ്ങളും പലപ്പോഴും ഇടകലർന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് അവ വേർതിരിച്ചറിയുക പലപ്പോഴും അത്ര ഏളുപ്പമല്ല.

ജീവിതനിലപാടുകൾ

[തിരുത്തുക]

(Life Positions)

എല്ലാ മനുഷ്യരും നന്നേ ചെറുപ്പത്തിൽ, ഏതാണ്ട് എട്ടു വയസ്സാകുമ്പോഴേക്കും, അവനവനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചില പൊതുവായ അഭിപ്രായം രൂപവത്കരിക്കുന്നു. ബോധപൂർവമായിട്ടല്ല, ഇത്തരം അഭിപ്രായമെടുക്കുന്നത്. എന്തെന്നാൽ, ഈ ധാരണ രൂപപ്പെടുന്നത് യുക്തിയോടെ ചിന്തിച്ച്, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവു നേടുന്നതിനു മുൻപാണ്. പ്കഷെ, അത്തരം തീരിമാനങ്ങൾ അയാളുടെ/അവളുടെ ജീവിതത്തിൽ ആജീവനാന്തം സ്വാധീനം ചെലുത്തുവാൻ പര്യാപ്തമാൺ. ബാല്യകാലത്തെ ചുറ്റുപാടുകളും അനുഭവങ്ങളും ആണ് ഒരാളുടെ നിലപാടുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

നാലുവിധത്തിലാണ് ഈ അഭിപ്രായം‍‍, അല്ലെങ്കിൽ ജിവിതനിലപാട്‍ (Life Position) എടുക്കുന്നത്. അവ താഴത്തെ പട്ടികയിൽ കാണിച്ചിരിക്കുന്നു.

(1) ഞാനും നല്ലത്, നിങ്ങളും നല്ലത്
(I am OK, You are OK)
(2) ഞാൻ നല്ലത്, നിങ്ങൾ മോശമാണ്
(I am OK, You are not OK)
(3) ഞാൻ മോശമാണ്, നിങ്ങളാണു നല്ലത്
(I am not OK, You are OK)
(4) ഞാൻ മോശമാണ്, നിങ്ങളും മോശമാണ്
(I am not OK, You are not OK)

മേൽക്കാണിച്ച ജീവിതനിലപാടുകളിൽ, 'ഞാനും നല്ലത്, നിങ്ങളും നല്ലത്' എന്ന ആദ്യത്തെ നിലപാടാൺ യാഥാർഥ്യബോധത്തോടെയുള്ളതും ഏറ്റവും ആരോഗ്യകരവും. മനുഷ്യരുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു, മറ്റുള്ളവരെ അവനവനെപ്പോലെ തന്നെ പരിഗണിക്കുന്നു. ഇത്തരക്കാരുടെ ജീവിതലക്ഷ്യങ്ങളും പ്രതീക്ഷകളും കൂടുതൽ യഥാർത്ഥ്യമുള്ളവയാണ്. അവർക്ക് മറ്റുള്ളവരോട് ഗുണപരമായി ഇടപെടാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുന്നു. എന്നാൽ, ഞാൻ മാത്രമാണു നല്ലത്, മറ്റുള്ളവർ മോശക്കാരാണ് എന്ന രണ്ടാമത്തെ നിലപാടെടുക്കുന്നവർ, താൻ മറ്റുള്ളവരാൽ ക്രൂശിക്കപ്പെട്റ്റവനാണെന്നും, ഇരയാക്കപ്പെട്ടവനാണെന്നും കരുതുന്നു. തന്റെ ദുരിതങ്ങൾക്കെല്ലാം കാരണം മറ്റുള്ളവരാണെന്നു ചിന്തിക്കുന്നു. അതുകൊണ്ട്, അവർ മറ്റുള്ളവരെ ഇരയാക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമലംഘകരും കുറ്റവാളികളും ഇത്തരം ഒരു ആന്തരികമായ ഭയപ്പാടുള്ളവരാണ്. അതിരൂക്ഷമായ ഇത്തരം നിലപാടുള്ളവർ കൊലപാതകം വരെ ചെയ്തു എന്നു വരാം. 'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, മറ്റുള്ളവരെപ്പൊലെ എനിക്കു കഴിവുകളില്ല്,' എന്ന മൂന്നാമത്തെ നിലപാടുള്ളവർ, ജീവിതത്തിൽ നിന്നു പിൻവലിഞ്ഞ്, നിരാശരായിക്കഴിയുന്നു. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വയം ദുർബ്ബലരാണെന്നു കരുതുന്നു. അത്തരം തീവ്രമായ തീരുമാനങ്ങൾ ആത്മഹത്യയിലേക്കു നയിച്ചേക്കാം. 'ആരും ഒന്നിനും കൊള്ളില്ല, ജീവിതം വ്യർത്ഥമാണ്' എന്നൊക്കെയുള്ള തീരുമാനത്തിൽ എത്തിയവർ, ഒരു തരം ചിത്തഭ്രമസദ്ർ^ശമായ ജീവിതം നയിക്കുന്നു. അത്തരം തീരുമാനങ്ങൾ അതിതീക്ഷ്ണമായള്ളവർ കൊലപാതകമോ ആത്മഹത്യയോ ചെയ്തേക്കാം.

ഇപ്രകാരം പൊതുവായ നിലപാടുകൾ മാത്രമല്ല, മറ്റു പലകാര്യങ്ങളിലും സദൃശമായ തീരുമാനങ്ങൾ എടുക്കാറുണ്ട്, വിശേഷിച്ച്, സ്ത്രീ-പുരുഷവ്യത്യാസങ്ങളുടെ കാര്യത്തിൽ. 'സ്ത്രീകൾ ചപലകളാണ്". 'പുരുഷ്ന്മാർക്രൂരന്മാരാണ്". "സ്ത്രീകൽ മൃദുസ്വഭാവം ഉള്ളവരാണ്","ആണുങ്ങൾക്കു മാത്രമേ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയൂ" എന്നു തുടങ്ങിയവ ഉദാഹരണങ്ങൾ.

ഒരിക്കൻ ഇത്തരം ഒരു നിലപാട് എടുത്തുകഴിഞ്ഞാൽ, ആ നിലപാടു ന്യായീകരിക്കാനും, അത് ആവർത്തിച്ചു പ്രബലപ്പെടുത്തിക്കൊണ്ട്, സ്വന്തം ലോകം സുനിശ്ചിതമാക്കാനും ശ്രമിക്കുന്നു. അത്തരം ജീവിതനിലപാടുകളാണ്, 'സൂത്രക്കളി' (Game) കൾക്കും 'ജീവിതത്തിരക്കഥ'കൾക്കും (Life Script) കാരണമാവുന്നത്.

ജീവിതനാടകങ്ങളും തിരക്കഥകളും

[തിരുത്തുക]

(Life Drama and Scripts)

ബാല്യകാലത്ത്, മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അദ്ധ്യാപരുടെയും സഹപാഠികളുടെയും പൊതുസമുദായത്തിന്റെയും ഒക്കേ സ്വാധീനങ്ങളില്പെട്ട് സ്വയം എടുക്കുന്ന നിലപാടുകൾ ആധാരമാക്കിയാണ് നാടകമെന്ന പോലെ മിക്കവരുടെയും ജീവിതം നയിക്കുന്നത്. നാടകവേദിയും കഥാപാത്രങ്ങളും തിരക്കഥകളും വ്യത്യസ്തമായി വരാം. ജോലിസ്ഥലത്ത് കർക്കശക്കാരനായ കഥാപാത്രം, സ്വന്തം ഗൃഹത്തിൽ, ശാഠ്യക്കാരിയായ മകളുടെ മുൻപിൽ ദുർബ്ബലനായ പിതാവായി മാറുന്നതു കാണാം. കഥാസന്ദർഭങ്ങൽ പലപ്പോഴും ആവർത്തിക്കുന്നതു കാണാം. നേരത്തെ എഴുതിവച്ച കഥയിലെപ്പോലെ സ്ഥിരം കഥാപാത്രങ്ങളെയും കാണാം - സദാവിജയിയുടെ, പരാജിതന്റെ, വില്ലന്റെ ദുർബ്ബലയുടെ, ചൂഷിതന്റെ ഭാഗങ്ങൾ അവതരിക്കുന്നവർ.

വ്യക്തികൾക്കു മാത്രമല്ല, കുടുംബങ്ങളിൽ സമുദായങ്ങളിൽ രാജ്യങ്ങൾക്കു പോലും സ്ഥിരം ആവർത്തിക്കുന്ന നിലപാടുകളും തിരക്കഥകളും ഉണ്ട്. "ഞങ്ങളുടെ കുടുംബത്തിലുള്ളവർ ധീരരും ദയാലുക്കളും ആണ്". "ഗ്രാമത്തിലുള്ളവർ പാവങ്ങളാണ്. കൃത്രിമമറിയില്ല, സ്നേഹിച്ചാൽ ഹൃദയം തരും, വെറുത്താൽ തലയറുക്കും' 'തെക്കു നിന്നുള്ള മലയാളികളെ വിശ്വസിച്ചുകൂടാ, ചതിയ്കുന്നവരാണ്". എന്നിങ്ങനെ പൂർവികരുടെ പിതൃഭാവതലത്തിൽ നിന്ന്, തലമുറകൾ കൈമാറിവന്ന ആശയങ്ങളും നിലപാടുകളും നിരവധിയാണ്.

അവലംബം

[തിരുത്തുക]
  1. ഫ്രിറ്റ്സ് പേർള്സ് , മൺസ് ഇൻട്റോഡക്ഷൻ ടു സൈക്കോളജി
  2. ജെയിംസ് ആർ. അല്ലെൻ - ഗേംസ് പീപ്പിൾ പ്ലേ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ
  3. 3.0 3.1 ഗെയിംസ് പീപ്പിൾ പ്ലേ, ഡോ. എറിക് ബേൺ.
"https://ml.wikipedia.org/w/index.php?title=വിനിമയാപഗ്രഥനം&oldid=3519202" എന്ന താളിൽനിന്ന് ശേഖരിച്ചത്