ഉള്ളടക്കത്തിലേക്ക് പോവുക

വെസെവോലോഡ് മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vsevolod Miller

മില്ലർ വെസെവോലോഡ് ഫിയോഡോറോവിച്ച് [ഇംഗ്ലീഷ്-Miller, Vsevolod], (റഷ്യൻ: Все́волод Фёдорович Ми́llер), 1848 ഏപ്രിൽ 19 ന് (റഷ്യൻ കലണ്ടർ പ്രകാരം ഏപ്രിൽ 7) റഷ്യയിലെ മോസ്‌കോയിൽ ജനിച്ചു. പ്രശസ്ത കവിയും വിവർത്തകനുമായ ഫ്യോഡോർ ബി. മില്ലറുടെ (Fyodor B. Miller) കുടുംബത്തിലാണ് മില്ലർ വെസെവോലോഡ് ജനിക്കുന്നത്. 1913 നവംബർ 5 (റഷ്യൻ കലണ്ടർ പ്രകാരം നവംബർ 18) ന് റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ്ബർഗിൽ മരണം. സെയിന്റ് പീറ്റേഴ്‌സ്ബർഗ് അക്കാദമി ഓഫ് സയൻസസിലെ റഷ്യൻ ഭാഷാ ശാസ്ത്രജ്ഞൻ, നാടോടി ശാസ്ത്രജ്ഞൻ, നരവംശ ശാസ്ത്രജ്ഞൻ, പുരാവസ്തു ഗവേഷകൻ, അക്കാദമിഷ്യൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായി. അദ്ദേഹം മില്ലർ ഇംപീരിയൽ സൊസൈറ്റി ഓഫ് ഡിവറ്റീസ് ഓഫ് നാച്ചുറൽ സയൻസ്, ആന്ത്രോപോളജി ആന്റ് എത്‌നോഗ്രഫി(1889-1890) യുടെ പ്രസിഡന്റായിരുന്നു.[1]

1865 ൽ മോസ്കോയിലെ ഏറ്റവും പ്രസിദ്ധമായ സ്വകാര്യ സ്കൂളുകളിലൊന്നായ എനെസ് ബോർഡിംഗ് സ്കൂളിൽ (Ennes boarding school) നിന്ന് ബിരുദം കരസ്ഥമാക്കിയ  മില്ലർ വെസെവോലോഡ്, മോസ്കോ സർവകലാശാലയിലെ ചരിത്ര, ഭാഷാശാസ്ത്ര വിഭാഗത്തിൽ ചേർന്നു. പ്രശസ്ത റഷ്യൻ പണ്ഡിതനും നിരൂപകനുമായ എഫ്.ഐ.ബുസ്ലേവ് (F.I. Buslayev) ആയിരുന്നു അദ്ദേഹത്തിന്റെ അധ്യാപകൻ. മിടുക്കനായ വിദ്യാർത്ഥിയായിരുന്ന മില്ലർ വെസെവോലോഡ്. മോസ്കോ  യൂണിവേഴ്സിറ്റിയിൽ നിന്നും ഇറ്റാലിയൻ ഭാഷ, ഇറ്റാലിയൻ ചിത്രകലയുടെ ചരിത്രം, ക്ലാസിക്കൽ കല എന്നിവയിൽ മികച്ച അറിവ് നേടി. 1870 ൽ,  മോസ്കോ സർവ്വകലാശാലയിൽ നിന്നും ഇദ്ദേഹം ബിരുദം നേടി. കോക്കസസിലെ ജനങ്ങളുടെ നാടോടിക്കഥകൾ, പുരാതന സാഹിത്യം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം,  എന്നിവ പഠിക്കാൻ താല്പര്യമുണ്ടായിരുന്ന മില്ലർ ഭാഷാ ശാസ്ത്ര വകുപ്പിൽ സേവനമനുഷ്ഠിച്ചു. 1871 ൽ, മില്ലർ പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനായ എഫ്.എഫ്. ഫോർട്ടുനാറ്റോവിനൊപ്പം, (Fortunatov) പ്രാദേശിക നാടോടിക്കഥകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സുവാൽക്കി കൗണ്ടിയിലേക്ക് (Suwalki County) (ഇപ്പോൾ പോളണ്ടിന്റെ ഭാഗമാണ്) പര്യവേഷണം നടത്തി. 1874-1875 കാലഘട്ടത്തിൽ, തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കുവാനായി ഇദ്ദേഹം വിദേശയാത്രകൾ നടത്തി. 1877-ൽ മില്ലർ "ആര്യൻ മിത്തോളജിയുടെ ഉപന്യാസങ്ങൾ (Asviny - Diosury)" എന്ന തന്റെ അധ്യാപകന്റെ തീസിസിനെ സംബന്ധിച്ച് പുസ്തകം രചിച്ചു. ഇന്ത്യൻ ചരിത്രം, പുരാണങ്ങൾ, സംസ്കൃതം എന്നിവയെക്കുറിച്ചുള്ള നിരവധി വർഷത്തെ പഠനത്തിന്റെ ഫലമായിരുന്നു ഈ പുസ്തകം. ഇതേ വർഷം, വെസെവോലോഡ് താരതമ്യ ഭാഷാശാസ്ത്ര വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ ഇദ്ദേഹം സംസ്കൃതം, റഷ്യൻ സാഹിത്യത്തിന്റെ ചരിത്രം, പുരാതന കിഴക്കിന്റെ ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

ഈ കാലഘട്ടത്തിലെ മില്ലറുടെ പ്രധാന കൃതികളിലൊന്നായിരുന്നു "ഇഗോറിന്റെ പ്രചാരണത്തെക്കുറിച്ചുള്ള ഒരു അഭിപ്രായം"  (An Opinion about the Tale of Igor’s Campaign) ഈ കൃതിയിൽ പഴയ റഷ്യൻ എഴുത്തുകാരുടെ സാക്ഷരതയെയും പ്രബുദ്ധതയെയും കുറിച്ചിദ്ദേഹം സംസാരിച്ചു. 1880 കളിൽ, കൊക്കേഷ്യൻ ഭാഷകളുടെ ഇറാനിയൻ ശാഖയുടെ ചരിത്രത്തിൽ വെസെവോലോഡ് താൽപ്പര്യം പ്രകടിപ്പിക്കുകയും ഈ വിഷയത്തിൽ നിരവധി പഠനങ്ങളും പ്രഭാഷങ്ങളും നടത്തുകയും ചെയ്തു. 1881-1882 ൽ കോക്കസസിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ ഫലമായി, "ദി ഒസ്സെഷ്യൻ സ്റ്റഡീസ് (The Ossetian Studies) പ്രസിദ്ധീകരിച്ചു. ഈ പഠനം പിന്നീട് ഇദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ ഭാഗമായി. 1887-ൽ അദ്ദേഹം എഴുതിയ "എപ്പിഗ്രാഫിക് ഇറാനിയൻ ട്രെയ്‌സസ് ഇൻ ദി സൗത്ത് ഓഫ് റഷ്യ" (Epigraphic Iranian traces in the south of Russia)  എന്ന ലേഖനം, ഇറാനിയൻ ഭാഷകളുടെയും ഗോത്രങ്ങളുടെയും ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണമായിരുന്നു. ഈ മേഖലയിലെ കൃതികൾക്ക്, വെസെവോലോഡ് ഫെഡോറോവിച്ച്  ‘ഇംപീരിയൽ റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ ഗ്രാൻഡ് ഗോൾഡ് മെഡലിനർഹനായി’.

1890-കളുടെ തുടക്കത്തിൽ, മില്ലറുടെ ഗവേഷണത്തിന്റെ പ്രധാന വിഷയം യഥാർത്ഥ  റഷ്യൻ കഥാ ഇതിഹാസങ്ങളുടെ ചരിത്രമായിരുന്നു. അദ്ദേഹത്തിന്റെ "റഷ്യൻ നാടോടി ഇതിഹാസങ്ങളിലേക്കുള്ള ഉല്ലാസയാത്രകൾ", (Excursions to Russian folk epos), "റഷ്യൻ നാടോടി സാഹിത്യത്തിന്റെ രേഖാചിത്രങ്ങൾ" (Sketches of Russian folk literature) തുടങ്ങിയവ ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള രചനകളായിരുന്നു. തന്റെ കൃതികളിലൂടെ വെസെവോലോഡ് ഫെഡോറോവിച്ച് റഷ്യൻ ഇതിഹാസങ്ങളിൽ ഇറാനിയൻ  കഥകളുടെ സ്വാധീനം വെളിച്ചത്ത് കൊണ്ട് വന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ ദീർഘകാല പഠനങ്ങൾ, റഷ്യൻ നാടോടിക്കഥകളുടെ പഠനത്തിനായുള്ള ചരിത്ര വിദ്യാലയത്തിന്റെ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുകയും ചെയ്തു. മില്ലറും അനുയായികളായ എ.വി. മാർക്കോവ്  (A. V. Markov),  എസ്.കെ. ഷാംബിനാഗോ (S. K. Shambinago), ബി. എം. സോകോലോവ് (B. M. Sokolov) റഷ്യൻ നാടോടിക്കഥകളുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിനായി പഴയ റഷ്യൻ സാഹിത്യവും ചരിത്രവും പഠന വിധേയമാക്കി. മില്ലറുടെ കൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന് ഫോക്‌ലോർ ഗ്രന്ഥങ്ങളുടെ ശേഖരണവും പ്രസിദ്ധീകരണവുമായിരുന്നു. 1894-ൽ, മികച്ച ഭാഷാശാസ്ത്രജ്ഞനായ എൻ.എസ്. തിഖോൺറാവോവുമായി (N.S. Tikhonravov) ചേർന്നുകൊണ്ട്  മില്ലർ നടത്തിയ പഠനങ്ങൾ "പഴയതും പുതിയതുമായ രേഖപ്പെടുത്തിയ ഇതിഹാസങ്ങളുടെ" ഒരു ശേഖരം തന്നെ രൂപപ്പെടുത്തുകയും. 1908-ൽ, ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സജീവമായ ഗവേഷണത്തിൽ ഏർപ്പെടുമ്പോഴും മില്ലർ തന്റെ അധ്യാപനം തുടരുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി  ഏർപ്പെടുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ കാലം മുതൽ ഇദ്ദേഹം നേതൃത്വം നൽകിയ ലസാരെവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ ലാംഗ്വേജസ് (Lazarev Institute of Oriental Languages) ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. 1885 മുതൽ വെസെവോലോഡ് ഫെഡോറോവിച്ച് ഡാഷ്കോവ്സ്കയ എത്‌നോഗ്രാഫിക് മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായിരുന്നു (Dashkovskaya Ethnographic Museum). 1897 മുതൽ അദ്ദേഹം ഇംപീരിയൽ മോസ്കോ ആർക്കിയോളജിക്കൽ സൊസൈറ്റിയുടെ ഈസ്റ്റേൺ കമ്മീഷന്റെ തലവനായിരുന്നു. 1911-ൽ, മില്ലർ അക്കാദമി ഓഫ് സയൻസസിന്റെ റഷ്യൻ ഭാഷാ സാഹിത്യ വിഭാഗത്തിൽ ഒരു സാധാരണ അക്കാദമിഷ്യനായി തിരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, ഇവാൻ ദി ടെറിബിളിന്റെ കാലം മുതൽ പീറ്റർ ദി ഗ്രേറ്റ് വരെയുള്ള ചരിത്ര ഗാനങ്ങളുടെ ഒരു ശേഖരം പ്രസിദ്ധീകരിക്കുന്നതിനുള്ള അക്കാദമിക് പദ്ധതിയിൽ ഇദ്ദേഹം സജീവമായി ഏർപ്പെട്ടിരുന്നു. മാത്രവുമല്ല "റഷ്യൻ ഇതിഹാസങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഉപന്യാസങ്ങൾ" എന്ന പഠനത്തിന്റെ തുടർച്ചയിലും ഇദ്ദേഹം കാര്യക്ഷമമായി പ്രവർത്തിച്ചു. വെസെവോലോഡ് എഫ്. മില്ലർ 1913 നവംബർ 5 ന് (റഷ്യൻ കലണ്ടർ പ്രകാരം നവംബർ 18) ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ 65 വയസ്സുള്ളപ്പോൾ അന്തരിച്ചു. മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിലാണിദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്.

അവലംബം

[തിരുത്തുക]

This article includes content derived from the Great Soviet Encyclopedia, 1969–1978, which is partially in the public domain.

  1. Irina Komarova Ilyinichna (2005–2007). "Общество любителей естествознания, антропологии и этнографии при Московском университете" [Society of Devotees of Science, Anthropology and Ethnography at the University of Moscow]. Directory of the Scientific Societies of Russia. Retrieved January 20, 2012. (in Russian)

2. https://www.prlib.ru/en/history/619182

"https://ml.wikipedia.org/w/index.php?title=വെസെവോലോഡ്_മില്ലർ&oldid=4472603" എന്ന താളിൽനിന്ന് ശേഖരിച്ചത്