Jump to content

വൈദ്യുതസുരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതാപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനോ, ആഘാതതീവ്രത കുറക്കുന്നതിനോ എടുക്കുന്ന മുൻകരുതലുകളേയാണ് വൈദ്യുതസുരക്ഷ (Electrical Safety) എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്.

വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രോപകരണങ്ങളിൽ നിന്നോ, പ്രേഷണശൃംഖലകളിൽ നിന്നോ ഏതെങ്കിലും തരത്തിൽ മനുഷ്യനോ മറ്റു ജീവിജാലങ്ങൾക്കോ ശാരീരികമായ പരിക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കുന്നതിനും സ്വത്തുക്കൾക്കോ വസ്തുവകൾക്കോ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിനും, അഥവാ, ഏതെങ്കിലും കാരണവശാൽ അപകടം സംഭവിക്കുകയാണെങ്കിൽ ആ സമയത്ത്, അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും വേണ്ടിയെടുക്കുന്ന എല്ലാ മുൻനടപടികളും പെരുമാറ്റച്ചട്ടങ്ങളും സംവിധാനങ്ങളും, സുരക്ഷാപാലനമായിക്കരുതാം.

കാരണങ്ങൾ

[തിരുത്തുക]

പ്രകൃതിദുരന്തങ്ങൾ കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിച്ച്, മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: ഒന്ന്, അപകടകരമായ സാഹചര്യം (Unsafe conditions); രണ്ട്, അപകടകരമായ പ്രവൃത്തി (Unsafe act). ഇതിലേതെങ്കിലും ഒന്നോ രണ്ടുമോ അപകടകാരണമായേക്കാം. അതുകൊണ്ട്, അപകടം ഉണ്ടാവാതിരിക്കുന്നതിന്, ഈ രണ്ടു കാരണങ്ങളും ഒഴിവാക്കണം. വൈദ്യുതാപകടങ്ങൾക്കു മാത്രമല്ല, എല്ലാത്തരം അപകടങ്ങൾക്കും ഈ കാര്യം സത്യമാണ്.

വൈദ്യുതാപകടങ്ങളെ സംബന്ധിച്ച്, താഴെപ്പറയുന്ന കാര്യങ്ങൾ അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നവയാണ്:

  • ഗുണനിലവാരമില്ലാത്ത വസ്തുക്കൾ കൊണ്ടു നിർമ്മിച്ച ഉപകണങ്ങൾ (Poor Quality Materials)
  • ഉപകരണങ്ങളുടെ നിർമ്മാണപ്രക്രീയയിൽ ഉണ്ടായ ന്യൂനതകൾ (Poor Build Quality)
  • അവയുടെ പ്രതിഷ്ഠാപന സമയത്തുണ്ടായ പിഴവുകൾ (Poor Installation )
  • അപര്യാപ്തമായ പരിചരണം (Poor Maintenance )

താഴെപ്പറയുന്നവ അപകടകരമായ പ്രവൃത്തികളാണ്:

  • തെറ്റായ ഉപയോഗം (Incorrect usage). ഓരോ ഉപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്, ഒരോ സവിശേഷ ഉപയോഗങ്ങൾക്കാണ്. നിർമ്മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ഉപയോഗങ്ങൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അയാൾ നൽകിയിട്ടുള്ള പ്രയോഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും.
  • സുരക്ഷാ നിയമങ്ങൾ / നിർദ്ദേശങ്ങൾ അവഗണിക്കുന്നത്. (Negligence of Rules and Directions)
  • ക്ഷീണിച്ചിരിക്കുമ്പോഴോ, ലഹരി വാസ്തുക്കളോ (ഉദാ: മദ്യം), ശ്രദ്ധക്കുറവുണ്ടാക്കാവുന്ന മരുന്നുകളോ (ഉദാ: ചില ആന്റീഹിസ്റ്റമിനുകൾ) കഴിച്ചിരിക്കുമ്പോഴോ, സൂക്ഷ്മത ആവശ്യമുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്. (Fatigue, Intoxication and Medication)
  • അമിതാമായ ആത്മവിശ്വാസമോ, അതിപരിചയമോ, കൊണ്ടും മറ്റുമുള്ള അശ്രദ്ധ. (Carelessness)
  • സുരക്ഷാഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാൻ കാണിക്കുന്ന അലസത. (Laziness in using Safety Equipments)
  • യോഗ്യതയും പരിചയവും ഇല്ലാത്തവർ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, പരിപാലിക്കുന്നതും കേടുപാടുതീർക്കാൻ ശ്രമിക്കുന്നതും, അപ്രകാരം ചെയ്യാൻ അനുവദിക്കുന്നതും. (Use, maintenance or repair by unqualified and Inexperienced)
  • മേൽനോട്ടക്കുറവ് (Supervisory Lapse)

(കുറിപ്പ് : ഇത് സമ്പൂർണ്ണമായൊരു (Exhaustive) പട്ടികയല്ല)

അപകടഫലങ്ങൾ

[തിരുത്തുക]

വൈദ്യുതാപകടങ്ങൾ അസ്വീകാര്യമായ നിരവധി ദുരന്തങ്ങൾ ഉണ്ടാക്കുന്നു.

  • മനുഷർക്കും ജീവികൾക്കും -
    • വൈദ്യുതാഘാതം (Electric Shock)
    • വീഴ്ച്ച, പരിക്കുകൾ; സ്ഥിരമോ താത്കാലിലമോ ആയ അംഗവൈകല്യങ്ങൾ (Disability)
    • ശ്വാസം നിലയ്കൽ (Respiratory Arrest)
    • ഹൃദയതാളം തെറ്റൽ (Fibrillation)
    • രൂക്ഷമായ പൊള്ളൽ (Severe Burns): സാധാരണ തീപ്പോള്ളലിനേക്കാൾ തീവ്രമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളൽ. സാധാരണ തീപ്പൊള്ളലിൽ, ശരീരിത്തിന്റെ ബഹ്യാവരണമായ തൊലി പൊള്ളിയതിനു ശേഷമാണ് ആന്തരാവയവങ്ങൽക്ക് പൊള്ളലേൽക്കുക. എന്നാൽ വൈദ്യുതാപകടങ്ങളിൽ, ആന്തരാവയവങ്ങൾക്ക് നേരിട്ടു പൊള്ളലേൽക്കാം.
    • ജീവഹാനി (Loss of Life)
  • വസ്തുവകകൾക്ക് -
    • തീപ്പിടുത്തം (Fire Hazard)
    • സ്ഫോടനം (Explosion)
    • തത്ഫലമായുള്ള പ്രകൃതിനാശം (Environmental Degradation)

വൈദ്യുതാഘാതവും ഫലങ്ങളും

[തിരുത്തുക]

മനുഷ്യശരീരത്തിൽ വൈദ്യുതിപ്രവാഹം മൂലമുള്ള ദോഷഫലങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:-

  1. പ്രവാഹതീവ്രത - എത്ര ആമ്പിയർ എന്ന്
  2. പ്രവാഹസമയം - എത്ര സെക്കന്റ് എന്ന്
  3. വൈദ്യുതിയുടെ സഞ്ചാരപഥം - എവിടെ നിന്നെവിടേക്ക് എന്ന്; പ്രധാനാവയവങ്ങളിൽക്കൂടിയണോ എന്ന്.
  4. ആവൃത്തി, ഹെർട്സ്

പ്രവാഹതീവ്രതയും ഫലങ്ങളും

  • 1 മില്ലീ ആമ്പിയർ - പ്രവാഹം തിരിച്ചറിയാൻ കഴിയുന്നു; ചെറിയ ഇക്കിളി.
  • 5 മില്ലീ ആമ്പിയർ - സുഖകരമല്ലാത്ത ആഘാതം, വേദനയില്ല, പിടിവിടാൻ കഴിയുന്നു.
  • 6 മുതൽ 25 മില്ലീ അമ്പിയർ വരെ (സ്ത്രീകൾക്ക്); 9 മുതൽ 30 മില്ലീ ആമ്പിയർ (പുരുഷന്മാർക്ക്) - വേദനാജനകമായ ആഘാതം; പേശീനിയന്ത്രണം നഷ്ടപ്പെടുന്നു; പിടിവിടാൻ കഴിയില്ല.
  • 50 മുതൽ 150 മില്ലീ അമ്പിയർ വരെ - വളരെ വേദനയുളവാക്കുന്ന പ്രവാഹം; രൂക്ഷമായ പേശീസങ്കോചം;ശ്വസോച്ഛ്വാസം നിലക്കുന്നു; മരണഹേതുവകാം.
  • 1 ആമ്പിയർ മുതൽ 4.3 ആമ്പിയർ വരെ - ഹൃദയതാളം തെറ്റുന്നു (Fibrillation); നാഡികോശങ്ങൾ നശിക്കുന്നു; മരണസാധ്യത കൂടുതൽ.
  • 10 ആമ്പിയർ; അതിനു മുകളിൽ - ഹൃദയാഘാതം (Cardiac Arrest), തീക്ഷ്ണമായ പൊള്ളൽ, മരണസാധ്യത വളരെക്കൂടുതൽ. [1]

230 വോൾട്ടിൽ പ്രവർത്തിക്കുന്ന, അറുപതുവാട്സ് ശേഷിയുള്ള ഒരു സാധാരണ വൈദ്യുതവിളക്കിലൂടെയോ പങ്കയിലൂടെയോ ഒഴുകുന്ന വൈദ്യുതീപ്രവാഹം ഏതാണ്ട് 260 മില്ലീ ആമ്പിയറാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യശരീരത്തിനു താങ്ങാവുന്ന വൈദ്യുതപ്രവാഹം വളരെക്കുറവാണ് എന്നു കാണാം.

പ്രവാഹസമയത്തിന്റെ സ്വാധീനം

വൈദ്യുതാഘാതം ഏൽക്കുമ്പോൾ, ഹൃദയതാളഭംഗം (Fibrillation) സംഭവിക്കുന്നതാണ് പലപ്പോഴും പരുക്കിനോ മരണത്തിനോ കാരണമാകുന്നത്. ഷോക്കേൽക്കുന്ന സമയം കൂടുന്തോറും, ഹൃദയതതാളം തെറ്റുന്നതിന് ആവശ്യമായ പ്രവാഹതീവ്രതയുടെ അളവ് കുറഞ്ഞുവരുന്നു. അമ്പതു കിലോ ഗ്രാം ഭാരമുള്ള ജനസംഖ്യയിലെ 99.5% ആൾക്കാർക്കും, ഹൃദയതാളം തെറ്റുവാൻ, ഏകദേശം 116/ മില്ലീ ആമ്പിയർ വൈദ്യുതപ്രവാഹമുണ്ടായാൽ മതിയെന്ന് ഡാൽസിയൽ (Charles Dalziel; 1904-1986) നിർണയിച്ചിട്ടുണ്ട്; t എന്നയക്ഷരം പ്രവാഹസമയത്തെക്കുറിക്കുന്നു.[2] അതനുസരിച്ച്; ഹൃദയതാളം തെറ്റുന്നതിന്,

  • 1 സെക്കന്റിൽ 116 മില്ലീ ആമ്പിയറും ,
  • 3 സെക്കന്റിൽ 67 മില്ലീ ആമ്പിയറും,
  • 7 സെക്കന്റിൽ 44 മില്ലീ ആമ്പിയറും;
  • അരമിനിട്ടിൽ 21 മില്ലീ ആമ്പിയറും വൈദ്യുതി കടന്നുപോയാൽ മതി.

പ്രവാഹത്തിന്റെ സഞ്ചാരപഥം

ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരാവയവങ്ങളിൽക്കൂടി വൈദ്യുതി കടക്കുന്നതാണ് കൂടുതൽ അപത്കരമായത്. ഒരു കയ്യിൽ നിന്ന് മറ്റേക്കയ്യിലേക്കോ, ഒരു കയ്യിൽ നിന്ന് പാദങ്ങളിലേക്കോ ഉണ്ടാവുന്ന വൈദ്യുതപ്രവാഹത്തിൽ ഹൃദയവും ശ്വാസകോശവും ഉൾപ്പെടുമെന്നതുകൊണ്ട് വളരെ അപകടകാരിയാണ് ; ശിരസ്സുൾപ്പെടുന്ന പ്രവാഹവും മരണഹേതുവാകും.

ആവൃത്തിയുടെ സ്വാധീനം

പ്രത്യാവർത്തിധാരകളെ അപേക്ഷിച്ച്, നേർധാരകൾ സ്ഥിരമായ പേശീസങ്കോചം ഉണ്ടാക്കുന്നു. അതുകോണ്ട്, നേർധാരയിൽ നിന്നേൽക്കുന്ന വൈദ്യുതാഘാതത്തിൽ നിന്ന് മുക്തമാവാൻ (പിടിവിടുവാൻ) കൂടുതൽ പ്രയാസമാണ്. എന്നാൽ, പ്രത്യാവർത്തിധാരകൾ, ഹൃദയത്തിലെ സ്പന്ദനകോശങ്ങളുടെ താളം തെറ്റിക്കുന്നു; നേർധാരകൾ ഹൃദയസ്പന്ദനം നിറുത്തുകയാണു ചെയ്യുന്നത്. സ്പന്ദനം നിലച്ച ഹൃദയത്തെ, താളം തെറ്റിയടിക്കുന്ന ഹൃദയത്തേക്കാൾ എളുപ്പം പൂർവസ്ഥിതിയിലാക്കാനാവും. ഹൃദയതാളം തെറ്റാൻ സാധ്യതകൂടുതൽ, 9 മുതൽ 12 വരെ ഹെട്സ് ആവൃത്തിയുള്ള വൈദ്യുതി പ്രവഹിക്കുമ്പോഴാണ്. അത്യുന്നത ആവൃത്തിയിൽ വൈദ്യുതിക്ക്, ശരീരത്തിന്റെ ത്വക്കിൽക്കൂടി സഞ്ചരിക്കുവാനുള്ള പ്രവണത (Skin Effect) കാണിക്കുന്നു. അതുകൊണ്ട്, വൈദ്യുതാഘാതം അപകടകരമായില്ല എന്നുവരാം.

സുരക്ഷാ മാർഗ്ഗങ്ങൾ

[തിരുത്തുക]

അപകടങ്ങൾക്കു കാരണമാവുന്ന സാഹചര്യങ്ങളെക്കുറിച്ചും പ്രവൃത്തികളേ പറ്റിയും പൊതുവായി കാരണങ്ങൾ എന്ന ഖണ്ഡികയിൽ പ്രതിപാദിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ, അപകടകരമായ സാഹചര്യങ്ങളും പ്രവൃത്തിയും നീക്കേണ്ടതുണ്ട്. അപകടകാരിയായ സാഹചര്യങ്ങൾ (ഉപകരണങ്ങളുടെ രൂപവും ഗുണവും പ്രതിഷ്ടാപനവും പരിപാലനവും ഒക്കെ) മെച്ചപ്പെടുത്തിക്കൊണ്ട്, ഒരു പരിധിവരെ, മനുഷ്യപ്രവൃത്തി കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ മറിച്ച്, മനുഷ്യപ്രവൃത്തി നിയന്ത്രിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന ഒരു നിയമത്തിനും, ഒരു പരിശീലനത്തിനും, നിലനിൽക്കുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാൻ കഴിയുകയില്ല എന്നകാര്യം സവിശേഷം ശ്രദ്ധിക്കേണ്ടതുണ്ട്. .

സുരക്ഷ വീടുകളിൽ

[തിരുത്തുക]

വീടുകളിലും വാസസ്ഥലത്തും സാധാരണ ഉണ്ടാകാറുള്ള അപകടസാഹചര്യങ്ങളും അപകടപ്രവൃത്തിയും നിവാരണോപായങ്ങളൂം പട്ടികകളിലായി താഴെ വിവരിക്കുന്നു.

അപായസാഹചര്യങ്ങൾ കാരണങ്ങൾ ഉദാഹരണങ്ങൾ ഉപായങ്ങൾ
അശാസ്ത്രീയമായ പരിപഥങ്ങൾ പ്രതിഷ്ഠാപനപ്പിഴവുകൾ
  • തെറ്റായ വയറിങ്
  • തെറ്റായ ഫ്യൂസ് ബന്ധം
യോഗ്യത നേടിയ പ്രതിഷ്ഠാപകർ (Licensed Wireman / Contractor) മാത്രം ചെയ്യുക / ചെയ്യിക്കുക
കേടായ ഉപകരണങ്ങൾ
  • ഗുണനിലവാരമില്ലായ്ക
  • പരിപാലനക്കുറവ്
  • എലി മുതലായ ജീവികൾ (Rodents) കൊണ്ട്
  • മോശമായ സ്വിച്ചുകളും പ്ലഗ്ഗുകളും
  • ദ്രവിച്ച വയറുകൾ
  • ഗുണമുള്ള സാമഗ്രികൾ ഉപയോഗിക്കുക; ഇന്ത്യയിൽ വിശേഷിച്ച് ബി.ഐ.എസ് ഗുണമുദ്രയുള്ളത്.
  • കാലാകാലങ്ങളിൽ പ്രതിഷ്ഠാനപരിശോധന; കേടുതീർക്കൽ; ആവശ്യമെങ്കിൽ പുന:പ്രതിഷ്ട.
  • ജീവികൾ കയറാതെ സൂക്ഷിക്കൽ
അപര്യാപ്തമായ ഭൂബന്ധം (Poor Earthing)
  • പ്രതിഷ്ഠാപനപ്പിഴവുകൾ
  • പരിപാലനക്കുറവ്
  • നശിച്ച ഭൂബന്ധക്കമ്പികൾ;
  • ഭൂബന്ധരോധം (Earthing Resistance) കൂടുതൽ.
  • യോഗ്യരായ പ്രതിഷ്ഠാക്കൾ
  • സമയ ബന്ധിത പരിപാലനം
സുരക്ഷാ സാമഗ്രികളിൽ / നടപടികളിൽ പിഴവ്
  • പ്രതിഷ്ഠാപനപ്പിഴവുകൾ
  • അശ്രദ്ധമായ പരിപാലനം
  • ജ്വലന/സ്ഫോടന ശീലമുള്ള വസ്തുക്കൾ വൈദ്യുതോപകരണങ്ങൾക്കു സമീപം സൂക്ഷിക്കുന്നത്
  • ചൈഞ്ജ് ഓവർ സ്വിച്ചുകൾ ഘടിപ്പിക്കാത്ത ജനിത്രങ്ങളും ഇൻവേർട്ടറുകളും
  • തെറ്റായ ഫ്യൂസ് റേറ്റിങ്
  • കേടായ തെർമോസ്റ്റാറ്റ്
  • ശരിയായ പ്രതിഷ്ഠാപനം
  • മതിയായ പരിപാലനം
ഈർപ്പം / നനവ് ഉപകരണങ്ങളുടെ ഇൻസുലേഷൻ (രോധകവചം) പിഴക്കുന്നു
  • ചോരുന്ന മേൽക്കൂര
  • നനഞ്ഞ ഭിത്തികൾ
  • ചോർച്ചയടയ്ക്കൽ / നനവ് മാറ്റൽ
  • യോജിച്ച സംരക്ഷണം നൽകൾ

(ഉദാ: കുളിമുറികളിലും, അടുക്കളയിലും)

മറ്റുള്ളവ വിവിധങ്ങൾ
  • അശാസ്ത്രീയമായ താത്കാലിക പ്രതിഷ്ടാപനം (ആഘോഷവേളകളിലും മറ്റും)
  • ടെലിവിഷൻ ആന്റിനകളോ മറ്റുപകരണങ്ങളോ, വൈദ്യുതലൈനുകളുടെയടുത്ത്, അശാസ്ത്രീയമായി സ്ഥാപിക്കൽ.
  • വൈദ്യുതക്കമ്പികളുടെ വളരെയടുത്തു കെട്ടുടങ്ങളും എടുപ്പുകളൂം നിർമ്മിക്കൽ‍.
  • നിയമാനുസൃതമായ അകലം പാലിക്കാതെ, വൃക്ഷങ്ങളും മറ്റും നട്ടുവളർത്തൽ.
  • നിയമങ്ങൾ അനുസരിച്ചുള്ള പ്രതിഷ്ടാപനം
  • യോജിച്ച കവചങ്ങളും മറ്റു സംരക്ഷണങ്ങളും നൽകൽ
അപകടസാധ്യതയുള്ള പ്രവൃത്തികൾ ഉദാഹരണം സുരക്ഷോപയങ്ങൾ
സുരക്ഷാചട്ടങ്ങളും നിർദ്ദേശങ്ങളും അവഗണിക്കുന്നത്. കയ്യും ശരീരവും ഈറനായിരിക്കുമ്പോൾ (വിശേഷിച്ച് അടുക്കളയിലും കുളിമുറികളിലും) ഗാർഹികോപകരണങ്ങൾ (ഹീറ്റർ / മിക്സി / ഗ്രൈൻഡർ / വാഷിങ് മഷീൻ) പ്രവർത്തിപ്പിക്കുന്നത്.
  • ഈറൻ അകറ്റുക; കയ്യുറ ധരിക്കുക;
  • പാദരക്ഷ ഉപയോഗിക്കുക; ഉണങ്ങിയ രോധവസ്തുക്കളുടെ (ഉദാ: പലക / പ്രത്യേകം നിമ്മിച്ച റബർഷീറ്റുകൾ) മുകളിൽ നിന്നു ജോലി ചെയ്യുക
അശ്രദ്ധമായ ഉപയോഗം
  • ഉപകരണങ്ങളിൽ ദ്രാവകങ്ങളൂം മറ്റു പദാർത്ഥങ്ങളം തുളുമ്പിത്തൂവുന്നത്.
  • ഉപകരണങ്ങൾ നിറുത്താതെ അവ തുറക്കാനോ, അവസ്ഥയറിയാനോ സ്പർശിക്കുന്നത്. (ഉദാ: ഇമ്മെർസൻ ഹീറ്റർ)
  • പരിശീലനമില്ലതെ ഉപകരണങ്ങൾ നന്നാക്കുന്നത്
  • കുട്ടികൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധ; സൂക്ഷ്മത.
അമിതോപയോഗം ഉപകരണങ്ങളുടെ / വൈദ്യുതപഥങ്ങളുടെ ശേഷി പരിഗണിക്കാതെ ഉപയോഗിക്കുന്നത്. (Overloading).
അമിതവൈദ്യുതഭാ‍രം
  • ഉപകരണനിമ്മാതാവ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
  • ഉപകരണങ്ങൾ ഘടിപ്പിക്കുമ്പോൾ, വൈദ്യുതപഥത്തിന്റെ ശേഷി പരിഗണിക്കുക.

by rahil

സുരക്ഷ പൊതുസ്ഥലങ്ങളിൽ

[തിരുത്തുക]

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വൈദ്യുത വിതരണശൃംഖലകളിൽ, തലയ്കുമുകളിലൂടെ വലിച്ചിരിക്കുന്ന കമ്പികളാണ് (Overhead Lines) ഉപയോഗിക്കുന്നത്. ഭൂഗർഭക്കേബിളുകളെക്കാൾ വളരെ ചെലവു കുറഞ്ഞ ഇത്തരം ശൃംഖലകളിൽ നഗ്നമായ വൈദ്യുതവാഹികൾ (Bare Conductors) ഉപയോഗിച്ചിരിക്കുന്നതിനാൽ, അപകടങ്ങൾ ഒഴിവാക്കാനായി നിർദ്ദിഷ്ട അകലവും ജാഗ്രതയും പുലർത്തണം.

സാധാരണയായി, താഴെ പറയുന്ന സാഹചര്യങ്ങളും പ്രവൃത്തികളുമാണ് അപകടങ്ങൾ ഉണ്ടാക്കുന്നതായിക്കണ്ടുവരുന്നത്:

  • അശാസ്ത്രീയമായ നിർമ്മാണം; പരിപാലനം.
  • നിയമപരമായി നൽകേണ്ട ഉയരം പരിഗണിക്കാതെ-
    • വൈദ്യുതക്കമ്പികളുടെ താഴെ മണ്ണിട്ടുയത്തൽ,
    • കമാനങ്ങളും എടുപ്പുകളും പരസ്യപ്പലകകളും സ്ഥാപിക്കൽ‍.
  • വൈദ്യുതക്കമ്പികളുടെ അല്ലെങ്കിൽ പ്രതിഷ്ഠാപനങ്ങളുടെ വളരെയടുത്തുകൂടി -
    • ലോറിയുടെ മുകളിലും ആനപ്പുറത്തും മറ്റുമുള്ള അശ്രദ്ധമായ സവാരി,
    • പട്ടം പറത്തൽ,
    • ഏണി, ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള തോട്ടി തുടങ്ങിയ ലോഹവസ്തുക്കൾ ഉപയോഗിക്കൽ.
    • മണ്ണുമാന്തിയന്ത്രങ്ങൾ, ക്രെയിൻ തുടങ്ങിയവ ഉപയോഗിക്കൽ.
    • വൃക്ഷങ്ങൾ ലോഹക്കമ്പികൾ കൊണ്ടു ബന്ധിക്കുന്നത്.
  • വൈദ്യുതകമ്പിക്കാലുകളിലും അവയുടെ താങ്ങുകമ്പികളിലും നാൽക്കാലികളെ ബന്ധിക്കുന്നത്.
  • വൈദ്യുതക്കേബിളുകൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ കുഴിക്കുന്നത്.
  • ആഘോഷവേളകളിലും മറ്റും നിയമപരമായ സുരക്ഷാസംവിധാനങ്ങളില്ലാതെ വൈദ്യുതജനിത്രങ്ങൾ ഉപയോഗിക്കുന്നത്.
  • വൈദ്യുതിമോഷണശ്രമങ്ങൾ, ദുരുപയോഗം.
  • വാഹനാപകടം.
  • അക്രമപ്രവർത്തനങ്ങൾ (Vandalism).
  • ആത്മഹത്യാശ്രമം.


സുരക്ഷ തൊഴിൽശാലകളിൽ

[തിരുത്തുക]

വീടുകളെയും പൊതുസ്ഥലങ്ങളെയും അപേക്ഷിച്ച്, വ്യവസായശാലകളിലും പൊതുവൈദ്യുതവിതരണശൃംഖലകളിലും അനുവർത്തിക്കേണ്ട സുരക്ഷാമർഗ്ഗങ്ങളെപ്പറ്റി ലിഖിതമായ ചട്ടങ്ങളും മാർഗ്ഗരേഖകളുമുണ്ട്. കേന്ദ്ര / സംസ്ഥാന സർക്കാറുകൾ നിർമ്മിച്ച പൊതുനിയമങ്ങളും, അതതു വ്യവസായ / പൊതുസ്ഥാപനങ്ങൾ പ്രത്യേകം നൽകിയിട്ടുള്ള നിർദ്ദേശങ്ങളും അതിൽ ഉൾപ്പെടും. വൈദ്യുതജോലികൾ ചെയ്യുമ്പോൾ ആ നിയമങ്ങൾ കർശനമായി പാലിക്കുയാണ് അപകടങ്ങൾ ഒഴിവാക്കാള്ള മുഖ്യനടപടി.

സാമാന്യമായി താഴെപ്പറയുന്ന നടപടിക്രമങ്ങളാണ് വൈദ്യുതജോലികൾ ചെയ്യുമ്പോൾ ശീലിക്കേണ്ടത്:

വൈദ്യുതജോലികൾ തുടങ്ങുന്നതിനു മുമ്പ് -

  • ജോലി ചെയ്യാനുദ്ദേശിക്കുന്ന ഉപകരണം പ്രവർത്തിപ്പിക്കുന്ന ആളിൽ നിന്ന് അനുമതിപത്രം വാങ്ങുക (Permit-to-work).
  • ജോലി ചെയ്യാനുദ്ദേശിക്കുന്ന ഉപകരണത്തിലേക്ക് / സ്ഥലത്തേക്ക് , എല്ലാ വിഴികളിൽക്കൂടിയുമുള്ള വൈദ്യുതീപ്രവാഹം നിർത്തുക (Disconnection). വൈദ്യുതിപ്രവാഹമുള്ള ഉപകരണങ്ങളിൽ വൈദ്യുതജോലികൾ ചെയ്യാൻ ഇന്ത്യയിലെ വൈദ്യുതിനിയമങ്ങൾ ആരെയും അനുവദിച്ചിട്ടില്ല.
  • ഉപകരണങ്ങളിലേക്കുള്ള വൈദ്യുതപഥങ്ങൾ വിഛേദിക്കുക. (Circuit Isolation)
  • "ആളുകൾ പണിയെടുക്കുന്നു. പ്രവർത്തിപ്പിക്കരുത്" എന്നു തുടങ്ങിയ മുന്നറിയിപ്പുഫലകങ്ങൾ സ്ഥാപിക്കുക (Tagging).
  • യുക്തമായി ഉപകരണങ്ങൾ പൂട്ടിയിടുക (Locking).
  • പണിയെടുക്കുന്ന സ്ഥലം ആവശ്യമെങ്കിൽ നാടകൾ കൊണ്ടു കെട്ടി വേർതിരിക്കുക. (Cordoning)
  • ഉപകരണത്തിൽ നിലനിൽക്കാവുന്ന ശിഷ്ടവൈദ്യുതി, താത്കാലിക ഭൂബന്ധം (Temporary Earthing) നൽകി ഭൂമിയിലേക്കു കടത്തി വിടുക; പണി തീരുന്നതുവരെ അത് നിലനിർത്തുക.
  • ഉപകരണങ്ങൾ വൈദ്യുതപരമായി സുരക്ഷിതമാണെന്ന് മാപനോപകരണങ്ങൾ ഉപയോഗിച്ചു പരിശോധിക്കുക. (ഉപകരണങ്ങളിൽ വൈദ്യുതിയുണ്ടോ എന്നറിയാൻ യാതൊരു കാരണവശാലും വെറും കൈ കൊണ്ട് സ്പർശിച്ചു നോക്കാൻ പാടില്ല) അപ്രകാരം ഉറപ്പിച്ചതിനു ശേഷം മാത്രം പണി തുടങ്ങുക. (Testing)

വൈദ്യുതജോലികൾ അവസാനിപ്പിച്ച ശേഷം -

  • പണിയെടുത്ത ഉപകരണം / യന്ത്രം ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്നും പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കുക. (Testing)
  • പണിയായുധങ്ങളും താത്കാലിക ഭൂബന്ധവും മറ്റു സംവിധാനങ്ങളും മാറ്റുക.
  • ജോലിക്കാർ സുരക്ഷിത അകലങ്ങളിലേക്കു മാറുക.
  • യന്ത്രം / ഉപകരണം പ്രവർത്തനക്ഷമമാണെന്ന് രേഖപ്പെടുത്തി അനുമതിപത്രം മടക്കി നൽകുക. അനുമതി മടക്കിയതിനു ശേഷം ഉപകരണത്തിൽ പണിയെടുക്കരുത്.


വൈദ്യുതാപകടം ഉണ്ടായാൽ

[തിരുത്തുക]
  • വ്യക്തികൾക്കോ മൃഗങ്ങൾക്കോ വൈദ്യുതാഘാതമോ, തീപ്പിടുത്തമോ അതുപോലെ മറ്റപകടമോ ഉണ്ടായാൽ, ജീവൻരക്ഷിക്കാനും, തുടർന്ന് കൂടുതൽ അപകടം വരാതിരിക്കാനും , ആഘാതതീവ്രത കുറക്കുവാനും (Containing Impact) വേണ്ടി, പ്രസ്തുത സ്ഥലത്തേക്കുള്ള വൈദ്യുതപ്രവാഹം ഉടൻ നിറുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ അപ്രകാരം വൈദ്യുതപ്രവാഹം നിറുത്താൻ കഴിയാത്ത സവിശേഷ സാഹചര്യങ്ങളിൽ, വൈദ്യുതാഘാതം ഏറ്റയാളുടെ വൈദ്യുതബന്ധം ഒരു ഉണങ്ങിയ കമ്പോ അതുപോലെയുള്ള രോധവസ്തുക്കൾ കൊണ്ട് നീക്കംചെയ്യണം. യാതൊരു കാരണവശാലും വൈദ്യുതാഘാതം ഏറ്റയാളെ വെറും കൈകൊണ്ട് സ്പർശിക്കാതിരിക്കാനും, മറ്റുവിധത്തിൽ രക്ഷകന് വൈദ്യുതാഘാതം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
കൃത്രിമ ശ്വസനവും ഹൃദയോജ്ജീവനവും നൽകാൻ പരിശീലിക്കുന്നു
കൃത്രിമ ശ്വസനവും ഹൃദയോജ്ജീവനവും നൽകാൻ പരിശീലിക്കുന്നു
  • അതിനുശേഷം വൈദ്യുതാഘാതം ഏറ്റയാൾക്ക് യുക്തമായ പ്രഥമശുശ്രൂഷ നൽകുകയും എത്രയും വേഗം വൈദ്യസഹായം നൽകുകയും ചെയ്യണം. കൃത്രിമശ്വസനവും ഹൃദയോജ്ജീവനവും (Cardiopulmonary resuscitation-CPR) ആണ് സാമാന്യമായി നൽകേണ്ടിവരുന്ന പ്രഥമശുശ്രൂഷ. ചിലപ്പോൾ വീഴ്ചയിൽ നിന്നു ശിരസ്സിനോ നട്ടെല്ലിനോ ഉണ്ടായ പരിക്കുകളും ശരീരത്തിനു പുറത്തും അകത്തും ഏറ്റ പൊള്ളലും ശരിയായ പരിചരണമില്ലെങ്കിൽ ഗുരുതരങ്ങളാകാനിടയുണ്ട്.
  • അനന്തരം, ബന്ധപ്പെട്ട അധികാരികളെ (അഗ്നിശമനസേന/ പോലീസ്/ വൈദ്യുതിവിതരണസ്ഥാപനം/ വൈദ്യുത ഇൻസ്പെക്ടറേറ്റ്) വിവരം അറിയിക്കുക.


സുരക്ഷാ നിയമങ്ങൾ

[തിരുത്തുക]

1956 ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ [3]ആണ് വൈദ്യുതസുരക്ഷയെ സംബന്ധിച്ച് പ്രാഥമിക നിർദ്ദേശങ്ങൾ അടങ്ങുന്ന, ഇന്ത്യയിലെ ഇപ്പോൾ നിലവിലുള്ള, പ്രധാനപ്പെട്ട നിയമം. അതിൽ, വൈദ്യുതപ്രതിഷ്ഠാനങ്ങടെ / ഉപകരണങ്ങളുടെ സ്ഥാപനം, ഉപയോഗം, പരിപാലനം, അതിനുള്ള അനുമതികൾ, പരിശോധന തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് , പ്രധാനപ്പെട്ട മറ്റുകാര്യങ്ങളോടൊപ്പം, പ്രതിപാദിച്ചിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്:-

  • വൈദ്യുതഉപകരണങ്ങൾ എല്ലാം മനുഷ്യനോ, മൃഗങ്ങൾക്കോ, വസ്തുവകകൾക്കോ അപകടം ഉണ്ടാകാത്തവിധം നിർമ്മിക്കുകയും പരിപാലിക്കുകയും വേണം; യുക്തമായ പ്രയോഗനിർദ്ദേശങ്ങൾ (Code of Practice) പാലിച്ചിരിക്കണം; യുക്തമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ് ഗുണനിലവാരം ഉണ്ടായിരിക്കണം. (റൂൾ 29)
  • അനുമതിയില്ലാതെയോ ഇലക്ട്രിക്കൽ ഇൻസ്പെൿറ്റർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയോ ആരും, വൈദ്യുതലൈനിലോ, ഉപകരണങ്ങളിലോ പണിയെടുക്കരുത്. (റൂൾ 36)
  • ബൾബുകൾ, ഫാനുകൾ, ഫ്യൂസുകൾ, സ്വിച്ചുകൾ, ലോ വോൾട്ടേജ് വീട്ടുപകരണങ്ങൾ, ഘടകങ്ങൾ എന്നിവ, അവയുടേ ശേഷിയും സ്വഭാവവും മാറാതെ മാറ്റിയിടുവാനല്ലാതെ, നിലവിലുള്ള പ്രതിഷ്ഠാപനങ്ങളിൽ മാറ്റം വരുത്തുവാൻ സംസ്ഥാന സർക്കാർ അനുമതി (ലൈസൻസ്) യുള്ള ആൾ മാത്രമേ പാടുള്ളൂ. (റൂൾ 45)
  • അഞ്ചുവർഷത്തിലൊരിക്കലെങ്കിലും വൈദ്യുതപ്രതിഷ്ഠാപനങ്ങൾ പരിശോധിച്ചിരിക്കണം; അപകടരഹിതമായി, സ്വന്തം വൈദ്യുതപ്രതിഷ്ഠാപനങ്ങൾ സൂക്ഷിക്കേണ്ടത് ഉപയോക്താവാണ്. (റൂൾ 46)
  • വൈദ്യുതി നൽകുന്നതും ഉപയോഗിക്കുന്നതും, (യുക്തമായ) നിയന്ത്രണ / സംരക്ഷണോപകരണങ്ങൾ വേണം. (റൂൾ 50)
  • 5 കിലോ വാട്ടിൽ കൂടുതൽ വൈദ്യുതപ്രതിഷ്ഠാപനങ്ങളിൽ വൈദ്യുതചോർച്ച തടയുന്ന ഉപകരണങ്ങൾ (Earth Leakage Protective Devices) ഘടിപ്പിക്കണം. (റൂൾ 61)

സുരക്ഷാ അകലങ്ങൾ

തലയ്ക്കുമുകളിലൂടെ വലിച്ചിരിക്കുന്ന വൈദ്യുതക്കമ്പികളും സമീപവസ്തുക്കളും തമ്മിൽ നിലനിർത്തേണ്ട ചുരുങ്ങിയ അകലങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:(റൂൾ 77 മുതൽ 80 വരെ)

  • വഴിയരികിലൂടെ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 650 വരെ വോൾട്ടതയുള്ളവയ്ക്ക് - 5.5 മീറ്റർ
    • 33,000 വരെ വോൾട്ടതയുള്ളവയ്ക്ക് - 5.8 മീറ്റർ
  • വഴിയ്ക്കുകുറുകേ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 650 വരെ വോൾട്ടതയുള്ളവയ്ക്ക് - 5.8 മീറ്റർ
    • 33,000 വരെ വോൾട്ടതയുള്ളയവയ്ക്ക് - 6.1 മീറ്റർ
  • മറ്റുസ്ഥലങ്ങളിൽ പോകുന്ന ഏറ്റവും താഴത്തെ കമ്പിയും ഭൂമിയുമായി വേണ്ട ലംബ അകലം :
    • 11,000 വരെ വോൾട്ടതയുള്ളവയ്ക്ക് (കവചിതമല്ലാത്തവ) - 4.2 മീറ്റർ
    • 11,000 വരെ വോൾട്ടതയുള്ളവയ്ക്ക് (കവചമുള്ളവ) - 4.0 മീറ്റർ
    • 11,000-നു മുകളിൽ വോൾട്ടതയുള്ളവയ്ക്ക് - 5.2 മീറ്റർ
    • 33,000 വോൾട്ടിനു മുകളിൽ പ്രവർത്തിക്കുന്നവയ്ക്ക് - 5.2 മീറ്ററും, അധിമുള്ള ഒരോ 33,000 വോൾട്ടിനും അതിന്റെ അംശങ്ങൾക്കും 30 സെന്റീമീറ്റർ വീതവും; കൂടാതെ വഴികൾക്കരികിലൂടെയോ കുറുകേയോ പോകുന്നവയ്ക്ക് കുറഞ്ഞത് 6.1 മീറ്റർ ഉയരം ഉണ്ടായിരിക്കണം
  • കെട്ടിടങ്ങളും 33,000 വോൾട്ടു വരെ പ്രവർത്തിക്കുന്ന ലൈനുകളും, സർവ്വീസ് ലൈനുകളും തമ്മിലുള്ള അകലങ്ങൾ:
    • കെട്ടിടങ്ങളുടെമുകളിലൂടെ കമ്പികൾ പോകുമ്പോൾ ഏറ്റവും ഉയർന്ന ഭാഗത്തുനിന്നും ലംബമായി - 2.5 മീറ്റർ
    • കെട്ടിടങ്ങളുടെഅരികേകൂടി കമ്പികൾ പോകുമ്പോൾ ഏറ്റവും അടുത്തുള്ളഭാഗത്തുനിന്നും തിരശ്ചീനമായി - 1.2 മീറ്റർ
  • കെട്ടിടങ്ങളും 33,000 വോൾട്ടിനു മുകളിൽ പ്രവർത്തിക്കുന്ന ലൈനുകളും, തമ്മിലുള്ള അകലങ്ങൾ:
    • ലംബദൂരം:
      • 33,000 വോൾട്ടു വരെ - 3.7 മിറ്റർ;
      • 33,000 വോൾട്ടിനു മുകളിൽ - 3.7 മിറ്ററും അധിമുള്ള ഒരോ 33,000 വോൾട്ടിനും അതിന്റെ അംശങ്ങൾക്കും 30 സെന്റീമീറ്റർ വീതവും
    • തിരശ്ചീന അകലം:
      • 11,000 വോൾട്ടു വരെ - 1.2 മിറ്റർ;
      • 11,000 വോൾട്ടിനു മുകളിൽ 33,000 വോൾട്ടു വരെ- 2 മിറ്ററും അധിമുള്ള ഒരോ 33,000 വോൾട്ടിനും അതിന്റെ അംശങ്ങൾക്കും 30 സെന്റീമീറ്റർ വീതവും;
      • 33,000 വോൾട്ടിനു മുകളിൽ - 2 മിറ്ററും അധിമുള്ള ഒരോ 33,000 വോൾട്ടിനും അതിന്റെ അംശങ്ങൾക്കും 30 സെന്റീമീറ്റർ വീതവും.
  • ഉന്നത/അത്യുന്നത വോൾട്ടതയുള്ള ലൈനുകളുടെ അരികിൽ പണിയെടുക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാഅകലങ്ങൾ (റൂൾ‍ 64):
വോൾട്ടത (കിലോവോൾട്ടിൽ) 12 36 72.5 145 245 420 800
അകലം (മീറ്ററിൽ) 2.6 2.8 3.1 3.7 4.3 6.4 10.3

കൂടുതലറിയുവാൻ

[തിരുത്തുക]

ഈ പുറംകണ്ണികൾ കാണുക:


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "നിയോഷ് സ്റ്റുഡന്റ് മാനുവൽ" (PDF). Archived from the original on 2010-06-05. Retrieved 2008-11-19.
  2. IEEE Standard 80;Section-4.1; ISBN 471-85393-3
  3. "ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ -1956" (PDF). Archived from the original (PDF) on 2009-04-10. Retrieved 2008-11-11.

അവലംബം

[തിരുത്തുക]
  1. ഇലക്ട്രിക്കൽ സേഫ്റ്റി ഹാൻഡ് ബുക്, യു. എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി Archived 2009-01-15 at the Wayback Machine.
  2. ഇലക്ട്രിക്കൽ സേഫ്റ്റി ഹാൻഡ് ബുക്, മൿഗ്രോഹിൽ
  3. ഇൻഡോർ ഇലക്ട്രിക്കൽ സേഫ്റ്റി ചെക്, എസ്ഫീ Archived 2007-12-14 at the Wayback Machine.
  4. ബുസ്മാൻ സേഫ്റ്റി ഹാൻഡ് ബുക് Archived 2010-07-14 at the Wayback Machine.
  5. ലിറ്റിൽഫ്യൂസ് സേഫ്റ്റി ഹാൻഡ് ബുക് Archived 2009-01-15 at the Wayback Machine.
  6. ഇലക്ട്രിക്കൽ സേഫ്റ്റി; ജയിംസ് കുട്ടി തോമസ്
"https://ml.wikipedia.org/w/index.php?title=വൈദ്യുതസുരക്ഷ&oldid=4143399" എന്ന താളിൽനിന്ന് ശേഖരിച്ചത്