വോട്ടിംഗ് മഷി
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സമ്മതിദായകന്റെ കൈവിരലിൽ പുരട്ടുന്ന പ്രത്യേക തരം മഷിയാണ് വോട്ടിംഗ് മഷി (Indelible Ink). കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും മഷികൊണ്ടുള്ള അടയാളം മായാതെ നിൽക്കുന്നതിനാൽ, ഒരാളെ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതിൽ നിന്ന് തടയുവാൻ സാധിക്കുന്നു. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഈ രീതി ഉപയോഗിക്കുന്നു.
ഇന്ത്യയിൽ
[തിരുത്തുക]മഷി പുരട്ടിയതിനു ശേഷം മാത്രമേ ഇന്ത്യയിൽ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.[1] 1962 മുതലാണ് ഈ സമ്പ്രദായം ആരംഭിച്ചത്. കർണാടകാ സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മാത്രമാണ് മഷി നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.[2]
ചരിത്രം
[തിരുത്തുക]ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു കള്ളവോട്ടുകൾ. ഒരാൾക്ക് ഒന്നിലധികം വോട്ടുകൾ ചെയ്യാൻ അനുകൂലമായ സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ ന്യൂഡെൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി ഒരു പ്രത്യേക തരം മഷി വികസിപ്പിച്ചെടുത്തു. വോട്ട് ചെയ്യുന്നതിനു മുമ്പ് സമ്മതിദായകന്റെ കൈവിരലിൽ ഈ മഷി പുരട്ടിയാൽ ദിവസങ്ങളോളം മായാതെ കിടക്കുന്ന ഒരു അടയാളം സൃഷ്ടിക്കാൻ കഴിയും. അതിനാൽ വോട്ട് ചെയ്തവരെ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതിൽ നിന്ന് തടയുവാൻ സാധിക്കും. 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് വോട്ടിംഗ് മഷി ആദ്യമായി ഉപയോഗിച്ചത്. അതിനുശേഷം ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗിച്ചിരുന്നു.[1]
കർണാടകയിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പിനാവശ്യമായ മഷി ഉല്പാദിപ്പിക്കുന്നത്. വോട്ടിംഗ് മഷി നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുള്ള ഏക സ്ഥാപനമാണിത്. 1962 മുതൽ ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ കമ്പനിയിൽ നിന്നുള്ള മഷി തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.[2] മറ്റു രാജ്യങ്ങളും കമ്പനിയിൽ നിന്ന് മഷി വാങ്ങുന്നുണ്ട്.
ഉപയോഗം
[തിരുത്തുക]തെരഞ്ഞെടുപ്പു വേളയിൽ സമ്മതിദായകന്റെ ഇടതു ചൂണ്ടുവിരലിലെ നഖത്തിന്റെ മുകൾ ഭാഗം മുതൽ വിരലിന്റെ ആദ്യ മടക്കു വരെയാണ് മഷി പുരട്ടുന്നത്.[3] ചൂണ്ടുവിരൽ ഇല്ലാത്ത പക്ഷം ഇടതു കൈയ്യിലെ ഏതെങ്കിലും വിരലിൽ മഷിയടയാളം പതിക്കുന്നു.[3] ഇടതു കൈയ്യില്ലെങ്കിൽ വലതു കൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. വലതു ചൂണ്ടുവിരലും ഇല്ലെങ്കിൽ തൊട്ടടുത്തുള്ള വിരലിൽ മഷി പുരട്ടുന്നു. രണ്ടു കൈയിലും വിരലുകൾ ഇല്ലെങ്കിൽ ഇടതു കൈയ്യുടെയോ വലതു കൈയ്യുടെയോ താഴെയുള്ള ഭാഗത്ത് മഷി പുരട്ടുന്നു.[4] പണ്ട് നഖവും തൊലിയും ചേരുന്ന ഭാഗത്തായിരുന്നു മഷി പുരട്ടിയിരുന്നത്. 2006 മുതലാണ് ഈ രീതിക്കു മാറ്റം വന്നത്.[1]
വിരലിൽ പുരട്ടിയതിനുശേഷം പത്തോ പതിനഞ്ചോ സെക്കന്റുകൾക്കുള്ളിൽ തന്നെ മഷി ഉണങ്ങുന്നു. ഈ സമയത്തിനുള്ളിൽ മഷി തുടച്ചു കളയാൻ പാടില്ല എന്നാണു നിയമം.[3] വോട്ടു ചെയ്യുന്നതിനുമുമ്പ് സമ്മതിദായകന്റെ കൈവിരലിൽ മഷി അടയാളം പതിഞ്ഞിട്ടുണ്ടെന്ന് പോളിംഗ് ഓഫീസർ ഉറപ്പുവരുത്തണം.ഇടതു ചൂണ്ടു വിരൽ പരിശോധിക്കാൻ വിസമ്മതിക്കുകയോ[4] മഷി പുരട്ടാൻ അനുവദിക്കാതിരിക്കുകയോ മഷി മായ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ വോട്ടു ചെയ്യുന്നതിൽ നിന്നും വിലക്കുന്നതിനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ട്.[5][6] വിരലിൽ മുമ്പ് തന്നെ സമാനമായ അടയാളമുള്ളവർക്കും വോട്ട് ചെയ്യാൻ അനുവാദമില്ല.[6] കൈയ്യിൽ എണ്ണമയമോ മറ്റോ ഉണ്ടെങ്കിൽ അതു നീക്കം ചെയ്തതിനു ശേഷം മാത്രമേ മഷി പുരട്ടുകയുള്ളൂ.
സാധാരണയായി ബ്രഷ് ഉപയോഗിച്ചാണ് വിരലിൽ മഷി പുരട്ടുന്നത്.[5] എന്നാൽ ചില രാജ്യങ്ങളിൽ ഇതിനായി മാർക്കറുകൾ ഉപയോഗിച്ചു വരുന്നു. 2004-ലെ അഫ്ഗാനിസ്താൻ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മഷി നിറച്ച മാർക്കർ പേനകൾ ഉപയോഗിച്ചിരുന്നു.[1] ഈ മാർഗ്ഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മഷിയിലേക്ക് വിരൽ മുക്കുന്ന രീതിയാണ് മാലിദ്വീപിലും കമ്പോഡിയയിലും പിന്തുടരുന്നത്.[7]
മഷിയിലെ ഘടകങ്ങൾ
[തിരുത്തുക]സിൽവർ നൈട്രേറ്റാണ് വോട്ടിംഗ് മഷിയിലെ പ്രധാന ഘടകം.അടയാളം നീണ്ടുനിൽക്കേണ്ട സമയപരിധി അനുസരിച്ച് മഷിയിൽ പത്തു മുതൽ പതിനഞ്ച് ശതമാനം വരെ സിൽവർ നൈട്രേറ്റ് ചേർക്കുന്നു.[1] ഈ സിൽവർ നൈട്രേറ്റ് സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തിൽ നഖത്തിലും ത്വക്കിലും ഉണങ്ങിപ്പിടിക്കുന്നു.[7] തൽഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതൽ നാലാഴ്ച വരെ മായാതെ നിൽക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങൾ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും അടയാളം നീണ്ടു നിൽക്കാറുണ്ട്.[1]
പ്രത്യേകതകൾ
[തിരുത്തുക]വോട്ടിംഗ് മഷിക്ക് സാധാരണയായി വയലറ്റു നിറമാണുള്ളത്. എന്നാൽ ഉണങ്ങിക്കഴിഞ്ഞാൽ കറുപ്പോ തവിട്ടോ നിറമായി മാറും.[1] എണ്ണ, ഡിറ്റർജെന്റ് തുടങ്ങി എന്ത് രാസവസ്തു ഉപയോഗിച്ചാലും കുറഞ്ഞത് 20 ദിവസത്തേക്കെങ്കിലും മായ്ക്കാനാകാത്ത രീതിയിലാണ് മഷി തയ്യാറാക്കിയിട്ടുള്ളത്. '[1][7] മഷി അടയാളം പുർണ്ണമായും മാഞ്ഞുപോകുന്നതിന് ചിലപ്പോൾ മാസങ്ങൾ തന്നെ വേണ്ടി വന്നേക്കാം. മഷിയുടെ രാസഘടന സംബന്ധിച്ച വിവരങ്ങൾ അജ്ഞാതമാണ്. നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലെ ഗവേഷകർക്കും മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന്റെ മേധാവിക്കും മാത്രമാണ് ഈ വിവരങ്ങൾ അറിയാവുന്നത്.[7] ഏറെ സുരക്ഷാ ക്രമീകരണങ്ങൾക്കു നടുവിൽ അതീവ രഹസ്യമായാണ് മഷിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
നിർമ്മാതാക്കൾ
[തിരുത്തുക]ന്യൂഡെൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലെ ഗവേഷകരാണ് വോട്ടിംഗ് മഷി വികസിപ്പിച്ചെടുത്തത്. കർണാടകയിലുള്ള മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് വ്യാവസായി ഉല്പാദിപ്പിക്കുന്നത്.[1] 1937-ൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനി 1947-ൽ ഒരു പൊതുമേഖലാ സ്ഥാപനമായി മാറി. 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കമ്പനിയുടെ മഷി ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അതിനുശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടുത്തെ മഷി തന്നെയാണ് ഉപയോഗിച്ചു വരുന്നത്. 1976 മുതൽ കമ്പോഡിയ, തുർക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഘാന, നേപ്പാൾ, പാപ്പുവാ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.[1]
വിവാദങ്ങൾ
[തിരുത്തുക]2004-ൽ അഫ്ഗാനിസ്താനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത മഷിയാണ് ഉപയോഗിച്ചിരുന്നത്. വോട്ടിംഗ് മഷി നിറച്ച മാർക്കർ പേനകളാണ് ഇതിനായി ഉപയോഗിക്കപ്പെട്ടത്. മഷി കൊണ്ടുള്ള അടയാളം എളുപ്പത്തിൽ കഴുകിക്കളയാനാകുമെന്ന് ചില വോട്ടർമാർ പരാതിപ്പെട്ടു. ചിലർ കള്ളവോട്ട് ചെയ്തതായും ആരോപണങ്ങളുയർന്നിരുന്നു.[8] വിവാദത്തിനു മറുപടി നൽകാൻ മഷിയുടെ നിർമ്മാതാക്കളായ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ വോട്ടിംഗ് മഷി നിറച്ച മാർക്കർ പേനകളോടൊപ്പം സാധാരണ മാർക്കർ പേനകൾ കൂടി ഉപയോഗിച്ചിരുന്നതായി കമ്പനി വാദിച്ചു.[9]
2008-ൽ മലേഷ്യയിലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പ് അധികൃതർ വോട്ടിംഗ് മഷിയുടെ ഉപയോഗം റദ്ദാക്കിയിരുന്നു.[10] വിരലിൽ അടയാളമിടാനുള്ള സ്വതന്ത്ര്യം ഏവർക്കുമുണ്ട്. പക്ഷെ അത്തരം അടയാളമുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നത് സ്വതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു അധികൃതർ നൽകിയ വിശദീകരണം. 2013-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് മലേഷ്യയിൽ ആദ്യമായി വോട്ടിംഗ് മഷി ഉപയോഗിക്കപ്പെട്ടത്. മഷി കൊണ്ടുള്ള അടയാളം വെള്ളത്തിൽ കഴുകിക്കളയാനാകുമെന്ന് ചില വോട്ടർമാർ അവകാശപ്പെട്ടത് വിവാദമായിരുന്നു.[11]
2008-ൽ സിംബാബ്‌വേയിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മഷിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവരെ ആക്രമിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കൈയ്യിൽ മഷി അടയാളം ഇല്ലാത്തവരെ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങൾ നടത്തിയിരുന്നത്.[12]
2010-ലെ അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവരുടെ കൈയ്യിലെ മഷി അടയാളം പതിച്ച വിരലുകൾ വെട്ടിയെടുക്കുമെന്ന് താലിബാന്റെ ഭീഷണിയുണ്ടായിരുന്നു.[13]
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 "അഭിമാനിക്കാം... വിരലിൽ മഷി പുരളുമ്പോൾ". ചന്ദ്രിക. 2014 ജൂൺ 4. Archived from the original on 2015-11-16. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 "കൈയിലെ വോട്ട് മഷിപ്പാട് വലുതാക്കുന്നു". റിപ്പോർട്ടർ. 2015 ജൂൺ 3. Archived from the original on 2016-01-02. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 "വോട്ടർമാരുടെ ശ്രദ്ധയ്ക്ക്". ദേശാഭിമാനി. 2015 നവംബർ 5. Archived from the original on 2016-04-16. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 4.0 4.1 http://www.ceo.kerala.gov.in/pdf/01-HAND_BOOKS/HB_Presiding_Officer2014.pdf
- ↑ 5.0 5.1 "വോട്ടർമാരുടെ കൈവിരലിൽ മഷിയടയാളം വലുതാക്കും". സുപ്രഭാതം. 2015 ജൂൺ 4. Archived from the original on 2015-11-16. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 6.0 6.1 "APPLICATION OF INDELIBLE INK AND OBTAINING SIGNATURE/THUMB IMPRESSION OF ELECTOR BEFORE ISSUE OF BALLOT PAPER". Staff Election Commission New Delhi. Archived from the original on 2016-03-05. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
(help) - ↑ 7.0 7.1 7.2 7.3 "Erase voting ink at your own risk!". The Hindu. 2014 മാർച്ച് 25. Archived from the original on 2016-04-16. Retrieved 2015 നവംബർ 9.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Scott Baldauf. "''An Afghan 'Hanging chad' Dispute''". Csmonitor.com. Retrieved 2014-04-30.
- ↑ Raman, Sunil (2004-10-12). "''India link to Afghan ink stink''". BBC News. Retrieved 2014-04-30.
- ↑ "''MSN News article''". News.my.msn.com. Archived from the original on 2008-05-13. Retrieved 2014-04-30.
- ↑ "Election ink under scrutiny in Malaysia - Asia-Pacific". Al Jazeera English. Retrieved 2014-04-30.
- ↑ "World | Africa | Tsvangirai rejects 'sham' ballot". BBC News. 2008-06-27. Retrieved 2014-04-30.
- ↑ Eltaf Najafizada and James Rupert (20 October 2010). "New Candidates May Win Half of Afghan Parliament Seats Amid Ballot Fraud". Bloomberg.