Jump to content

സ്തംഭവാസി ശിമയോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശെമവൂൻ ദെസ്തുനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ സ്തംഭവാസി ശിമയോൻ
(മാർ ശെമവൂൻ ദെസ്തുനി)
വിശുദ്ധപിതാവ്
ജനനംപൊതുവർഷം 390-നടുത്തെങ്ങോ
അദാന പ്രവിശ്യ, തുർക്കി
മരണം2 സെപ്തംബർ 459
സെമാൻ, സിറിയയിൽ ആലെപ്പോയ്ക്കും അന്ത്യോഖ്യായ്ക്കും ഇടയിൽ.
വണങ്ങുന്നത്ഓറിയന്റൽ ഓർത്തഡോക്സ് സഭ
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ സഭ
നാമകരണംപ്രി-കോൺഗ്രെഗേഷൻ
ഓർമ്മത്തിരുന്നാൾ1 സെപ്തംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ)
29 Pashons (കോപ്റ്റിക് ഓർത്തഡോക്സ് സഭ)
5 ജനുവരി (പാശ്ചാത്യക്രിസ്തീയത)
പ്രതീകം/ചിഹ്നംസന്യാസവേഷത്തിൽ സ്തംഭാരോഹിയായി

പൊതുവർഷം നാലാം നൂറ്റാണ്ടിൽ (ജനനം : പൊതുവർഷം 390-നടുത്തെങ്ങോ; മരണം 2 സെപ്റ്റംബർ 459) സിറിയയിൽ ജീവിച്ചിരുന്ന ഒരു ക്രിസ്തീയതാപസൻ ആയിരുന്നു സ്തംഭവാസി ശിമയോൻ (ഇംഗ്ലീഷ്: Saint Simeon Stylites).[1] സുറിയാനിയിൽ ഇദ്ദേഹം ശെമവൂൻ ദെസ്തുനി (ക്ലാസിക്കൽ സുറിയാനി: ܫܡܥܘܢ ܕܐܣܛܘܢܐ , ശെമവൂൻ ദെസ്തോനയ) എന്നറിയപ്പെടുന്നു. ആലെപ്പോ നഗരത്തിനടുത്ത് ഒരു തൂണിനു മുകളിൽ 30 വർഷത്തിലധികം കാലം അനുഷ്ഠിച്ച തീവ്രതപസ്സാണ് അദ്ദേഹത്തിന്റെ പേരിന്റേയും പ്രശസ്തിയുടേയും അടിസ്ഥാനം. പിൽക്കാലത്ത് ഈ താപസമാർഗ്ഗത്തിൽ ശിമയോന് അതേ പേരിൽ തൂൺ സന്ന്യാസിമാരായ പല അനുകർത്താക്കളും ഉണ്ടായതിനാൽ ഇദ്ദേഹത്തെ "ആദ്യത്തെ സ്തംഭവാസി ശിമയോൻ" (Saint Simeon Stylites the Elder) എന്ന് വിശേഷിപ്പിക്കുന്നു.

ആംഗലകവി ടെനിസന്റെ പ്രസിദ്ധമായ ഒരു കവിതയുടെ വിഷയവുമാണ് ശിമയോൻ.[2]

തുടക്കം

[തിരുത്തുക]

അന്ത്യോക്യായ്ക്കും സിലീസിയായ്ക്കും ഇടയിലുള്ള ഗീസായിൽ ജനിച്ച ശിമയോൻ ആട്ടിടയനായിരുന്നെന്നു പറയപ്പെടുന്നു. പതിമൂന്നാം വയസ്സിൽ ആടുമേയിച്ചു നടക്കെ, വലിയ ഹിമപാതമുണ്ടായപ്പോൾ സമീപത്തുള്ള ദേവാലയത്തിൽ അഭയം തേടിയ അദ്ദേഹത്തിന്റെ മനസ്സിൽ, ദേവാലയത്തിൽ വായിച്ചുകേട്ട സുവിശേഷഭാഗ്യങ്ങൾ (beatitudes) അദ്ധ്യാത്മചിന്ത വളർത്തി. തുടർന്ന് ഒരു സന്യാസഭവനത്തിൽ അംഗമായ ശിമയോൻ തീവ്രമായ തപക്രിയകൾ പരിശീലിച്ചു. ഉയിർപ്പുതിരുനാളിനു മുൻപുള്ള നോയമ്പുകാലത്തെ നാല്പതു ദിവസം അദ്ദേഹം ഭക്ഷണം ഇല്ലാതെ കഴിഞ്ഞിരുന്നത്രെ. ഒരിക്കൽ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് സഹതാപസന്മാർ അദ്ദേഹത്തെ നോയമ്പാരംഭത്തിൽ, അലപം ജലവും അപ്പവുമായി ഒരു വേലിവളപ്പിൽ ആക്കി. ഉയിർപ്പുതിരുന്നാളിനു വേലി പൊളിച്ചു നോക്കിയ മറ്റുള്ളവർ, അപ്പവും ഭക്ഷണവും കുറവില്ലാതെ ഇരിക്കുന്നതു കണ്ടു. ശിമയോന്റെ തപസ്സ്, തീവ്രതയുടെ അതിരുകൾ ലംഘിക്കുന്നതായി കരുതിയ ആശ്രമാധികാരികൾ ഒടുവിൽ അദ്ദേഹത്തെ ബഹിഷ്കരിച്ചു.[1]

സ്തംഭജീവിതം

[തിരുത്തുക]

തുടർന്ന് ശിമയോൻ പൊതുവർഷം 423-ൽ ഒരു സ്തംഭം നിർമ്മിച്ച് അതിനു മുകളിൽ ഏകാന്തവാസം തുടങ്ങി. ആദ്യം ആറടി മാത്രമുണ്ടായിരുന്ന സ്തംഭത്തിന്റെ ഉയരം ക്രമേണ വർദ്ധിപ്പിച്ച് ഒടുവിൽ 60 അടിയെത്തിച്ചു. ആ ഉയരത്തിലാണ് അദ്ദേഹം ശിഷ്ടജീവിതം ചെലവഴിച്ചത്. സ്തംഭത്തിനു മുകളിലെ മൂന്നടി പരപ്പായിരുന്നു ശിമയോന്റെ വാസമേഖല. ഉറക്കത്തിൽ താഴെ വീഴാതിരിക്കാനായി അതിനു ചുറ്റും ഒരു വേലിക്കെട്ടുണ്ടാക്കിയിരുന്നു. ഭക്ഷണം എത്തിക്കാനും മറ്റുമായി മുകളിലേക്ക് ഒരു ഒരു ഗോവണിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ വൃണങ്ങളിൽ കൃമികൾ പെരുകി. വൃണങ്ങളിൽ നിന്നു വീണുപോകുന്ന കൃമികളെ, "ദൈവം തരുന്നതു ഭക്ഷിക്കുക" എന്നുപദേശിച്ച് അദ്ദേഹം തിരികെ വച്ചിരുന്നത്രെ. ഈ അവസ്ഥയുടെ ഔന്നത്യത്തിലിരുന്ന് ശിമയോൻ വേദപ്രസംഗങ്ങൾ നടത്തുകയും, 'അജ്ഞാനി'-കളെ മാനസാന്തരപ്പെടുത്തുകയും, രോഗശാന്തിവരുത്തുകയും, സഭയിലെ കക്ഷിവഴക്കുകളിൽ പക്ഷം ചേരുകയും, പണവ്യാപാരികളെ പലിശകുറയ്ക്കാൻ ഉപദേശിക്കുകയും ഒക്കെ ചെയ്തിരുന്നതായും പറയപ്പെടുന്നു.[3]സ്വയം തിരഞ്ഞെടുത്ത തീവ്രചര്യകൾകളിൽ നിന്ന് വ്യത്യസ്തമായി ശിമിയോന്റെ വേദപ്രസംഗങ്ങൾ മിതവാദ ചിന്തകളെ പ്രോൽസാഹിപ്പിക്കുന്നതും, സന്തുലിതമായ ജീവിതരീതി ശുപാർശ ചെയ്യുന്നതുമായിരുന്നു [4]

മുപ്പതു ഋതുചക്രങ്ങളുടെ താഡനം ശിമയോന്റെ മന:ശരീരങ്ങളുടെ സംവേദനശക്തി നശിപ്പിച്ചിരിക്കാം എന്നു കരുതുന്നവരുണ്ട്. ഒരിക്കൽ രോഗിയായ അദ്ദേഹത്തെ ചികിത്സിക്കാൻ തിയൊഡോഷ്യസ് ചക്രവർത്തി വൈദ്യന്മാരെ അയച്ചെങ്കിലും തന്റെ ചികിത്സ ദൈവത്തിനു വിടാനാണ് അദ്ദേഹം തീരുമാനിച്ചത്. ഏതായാലും തുടയിൽ ഉണ്ടായിരുന്ന ഒരു വൃണം വഷളായത് താപസന്റെ ആയുസ്സു ചുരുക്കിയതല്ലാതെ തൂണിൽ നിന്ന് താഴെയിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. സ്തംഭവാസിയായി തന്നെ ശിമയോൻ മരിച്ചു.[5] അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടത്തെച്ചൊല്ലി കോൺസ്റ്റാന്റിനോപ്പിൾ, അന്ത്യോഖ്യ നഗരങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ അതിന്റെ മുഖ്യഭാഗം അന്ത്യോഖ്യാക്കു നൽകപ്പെട്ടു.

വിമർശനം

[തിരുത്തുക]

സ്തംഭവാസി ശിമയോനെക്കുറിച്ച് അതേപേരിൽ (Saint Simeon Stylites) എഴുതിയ ഒരു കവിതയിൽ ആംഗലകവി ടെന്നിസൺ, ശിമയോൻ പിന്തുടർന്ന തീവ്രതപസ്സിന്റെ മാർഗ്ഗം ഭോഗലാലസതയുടെ വിപരീതധ്രുവത്തിലെ അതിക്രമമവും വ്യക്തിനിഷ്ഠമായ മായാമോഹത്തെ പിന്തുടരുന്ന ദുരഭിമാനത്തിന്റെ പ്രകടനവും ആണെന്നു സൂചിപ്പിക്കുന്നു.[2] വിനയത്തിന്റെ പേരിലുള്ള അത്യഹങ്കാരവും, ആത്മത്യാഗമായി അവതരിക്കുന്ന ആത്മീയദുരയും കാമത്തിന്റെ തിരസ്കാരമായി വേഷമിടുന്ന രഹസ്യകാമവും ആയി ഇമ്മാതിരി കടുംകൈകളെ തിരിച്ചറിഞ്ഞ സഭാനേതൃത്വം അവയെ പൊതുവേ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്നു ചരിത്രകാരനായ വിൽ ഡുറാന്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ബ്രോക്കാംപ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്(പുറങ്ങൾ 167-68)
  2. 2.0 2.1 ദ ലിറ്ററേച്ചർ നെറ്റ്‌വർക്കിൽ ടെനിസന്റെ സെയിന്റ് ശിമയോൺ സ്റ്റൈലൈറ്റെസിന്റെ പാഠം ലഘുനിരൂപണത്തോടൊപ്പം
  3. 3.0 3.1 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം - പുറം 60)
  4. Peter Brown, “The Rise and Function of the Holy Man in Late Antiquity” Journal of Roman Studies, 61 (1971) pp 80–101
  5. എഡ്‌വേഡ് ഗിബ്ബൺ റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും, അദ്ധ്യായം 37
"https://ml.wikipedia.org/w/index.php?title=സ്തംഭവാസി_ശിമയോൻ&oldid=3922392" എന്ന താളിൽനിന്ന് ശേഖരിച്ചത്