Jump to content

ഷേർ സിങ് അട്ടാരിവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷേർസിങ്ങ് അട്ടാരിവാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിഖ് സാമ്രാജ്യത്തിലെ ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു ഷേർ സിങ് അട്ടാരിവാല (മരണം:1858). രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സിഖ് സൈന്യത്തിന്റെ നേതൃത്വം ഷേർ സിങ്ങിനായിരുന്നു.

സിഖ് ഭരണത്തിനുകീഴിൽ ഹസാരയിലെ നസീം ആയിരുന്ന സർദാർ ഛത്തർ സിങ് അട്ടാരിവാലയുടെ മൂത്ത പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. 1844-ൽ പെഷവാറിന്റെ ഭരണകർത്താവായി ഷേർ സിങ് നിയോഗിക്കപ്പെട്ടിരുന്നു. ഭൈരോവൽ കരാറിനുശേഷം 1846 ഡിസംബറിൽ പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളുമായിരുന്നു അദ്ദേഹം.

രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് 1848 ഏപ്രിലിൽ മുൽത്താനിലാരംഭിച്ച വിമതനീക്കത്തെ തടയിടാനായി ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ജൂലൈ മാസം ഷേർ സിങ്ങും സൈന്യവും മുൽത്താനിലെത്തുകയും ഹെർബെർട്ട് എഡ്വേഡ്സിന്റെ നേതൃത്വത്തിലുള്ള സൈന്യവുമായി ചേർന്ന് ദിവാൻ മൂൽരാജിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു.[1] എന്നാൽ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ ഹരിപ്പൂരിലെ ഛത്തർ സിങ്ങിന്റെ സേനയെ ബ്രിട്ടീഷ് പ്രതിനിധിയായ ജെയിംസ് അബ്ബോട്ട് ആക്രമിക്കുകയും ഇതിനെത്തുടർന്ന് ഛത്തർസിങ് ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്തു.[2] ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.

ബ്രിട്ടീഷ് സൈന്യാധിപനായ ജനറൽ ഹ്യൂ ഗഫിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ഹസാരയിലേക്കുള്ള മുന്നേറ്റത്തെ രാംനഗർ (1848 നവംബർ), ചില്ലിയൻവാല (1849 ജനുവരി) എന്നിവിടങ്ങളിൽവച്ച് ഷേർ സിങ് ഫലപ്രദമായി തടഞ്ഞു. എന്നാൽ 1849 ഫെബ്രുവരിയിൽ നടന്ന നിർണായകമായ ഗുജറാത്ത് പോരാട്ടത്തിൽ ഷേർസിങ്ങും സിഖ് സൈന്യവും പരാജയപ്പെടുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് അലഹബാദ് കോട്ടയിലും കൽക്കത്തയിലും തടവുകാരനായി അദ്ദേഹം കഴിഞ്ഞു. 1854 ജനുവരിയിൽ മോചിപ്പിക്കപ്പെട്ടു. 1857-ലെ കലാപകാലത്ത് ഷേർ സിങ് ബ്രിട്ടീഷുകാരെ പിന്തുണച്ചു.[1] ഇക്കാലത്ത് ബ്രിട്ടീഷുകാരുടെ അടുത്തൂൺ പറ്റിക്കൊണ്ട് കൽക്കത്തിയാലാണ് അദ്ദേഹം ജീവിച്ചിരുന്നത്.[3] 1858 മേയ് 7-ന് വരാണസിയിൽ വച്ച് മരണമടഞ്ഞു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "സിഖ് ഭരണത്തിലെ നായകന്മാരും പ്രതിനായകരും (Heroes and Villains of Sikh rule)". sikh-heritage.co.uk. Retrieved 2013 ഏപ്രിൽ 3. {{cite web}}: Check date values in: |accessdate= (help)
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 229. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - 'എ കൈൻഡ് ഓഫ് മാഡ്നെസ്സ്' - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 356. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ഷേർ_സിങ്_അട്ടാരിവാല&oldid=2328856" എന്ന താളിൽനിന്ന് ശേഖരിച്ചത്