Jump to content

ഷൌക്കത്ത് സഹജോത്സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൌക്കത്ത് ഗുരു നിത്യയോടൊപ്പം
ഷൌക്കത്ത് 

ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ എഴുത്തുകാരനും പ്രഭാഷകനുമാണ് ഷൗക്കത്ത്. .കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിൽ ആത്മീയതയെക്കുറിച്ചുള്ള സമവാക്യങ്ങളെ നിരന്തരം പരിഷ്കരിക്കുന്ന ഷൗക്കത്ത് ഒരി നിത്യ യാത്രികൻ കൂടിയാണ്. സമകാലിക സാമൂഹ്യജീവിതത്തോട് ക്രിയാത്മകമായി ഇടപെടുന്ന ഇദ്ദേഹത്തിന്റെ ദാർശനികലോകം നാരായണഗുരുവിന്റെയും യതിയുടേയും നടരാജഗുരുവിന്റേയും പാരമ്പര്യത്തിന്റെ മികച്ച പുന:സൃഷ്ടിയാണ്. ഇരുപത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

ജനനവും ജീവിതവും[1]

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ പാലുവായ് ഗ്രാമത്തിൽ 1971 ലാണ് ഷൌക്കത്തിന്റെ ജനനം. ഏതൊരു മതവിശ്വാസിയെയുംപോലെ സ്വർഗ്ഗവും നരകവും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും അവതാളത്തിലാക്കിയ ബാല്യം. പത്താം ക്ലാസ്സ് കഴിഞ്ഞിരിക്കുമ്പോഴാണെന്നാണു് ഓർമ്മ. ജ്യേഷ്ഠന്റെ മേശപ്പുറത്തുനിന്നും സ്വന്തം പായയിൽ വന്നുവീണ ഇടമുറുകിന്റെ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന പുസ്തകം വെറുതെ മറിച്ചുനോക്കി. ആ പുസ്തകം വായിച്ചു തുടങ്ങിയതോടെ ശീലവിധേയമായ വിശ്വാസത്തിന്റെ കടലാസുകൊട്ടാരം തകർന്നുവീണു. അന്ധമായ വിശ്വാസങ്ങളിൽനിന്നും യുക്തിഭദ്രമായ വിചാരങ്ങളിലേക്ക് ഉണരേണ്ടതിന്റെ ആവശ്യകത ആ പുസ്തകം പറഞ്ഞുതന്നു. അത് കാര്യങ്ങളെ ചിന്തിച്ചുകൂടി അറിയണമെന്ന വെളിച്ചത്തിലേക്കുള്ള യാത്രയ്ക്ക് അത് പ്രചോദനമായി.

നാട്ടിൽ പരിചയിക്കാനിടയായ മുതിർന്ന സുഹൃത്തുക്കളിൽനിന്നും സ്വതന്ത്രരായ അന്വേഷകരുടെ ജീവിതവും പുസ്തകങ്ങളും അറിയാനും വായിക്കാനുമിടയായി. കണ്ണും കാതും മനസ്സും സ്വർഗ്ഗത്തിൽനിന്നും പ്രകൃതിയിലേക്കു തിരിഞ്ഞു. മലക്കുകളും നരകത്തീയും നിറഞ്ഞുനിന്നിടത്ത് മലകളും പുഴകളും പാടവും പൗർണ്ണമിയും സൂര്യോദയവും സൂര്യാസ്തമയവും ഇടംപിടിച്ചു. കാട്ടിലേക്കും കുന്നിലേക്കും യാത്രകൾ പതിവായി. കൂട്ടിന് നല്ല കൂട്ടുകാരും. മതാതീത ദർശനങ്ങളുമായും ദാർശനികന്മാരുമായുള്ള പാരസ്പര്യം മതവും വിശ്വാസവും അറ്റുവീഴുന്നതിലേക്കു നയിച്ചു.

പിന്നീടുള്ള യാത്രകൾ എല്ലാ വിഭാഗീയതകളിൽനിന്നും ഒഴിഞ്ഞു ജീവിക്കുന്ന സൂഫികൾ, അവധൂതന്മാർ, തുടങ്ങിയവരിലൂടെയായി. ആ യാത്രയ്ക്കിടയിൽ ഡിഗ്രി പഠനം പൂർത്തിയാക്കാനായില്ല. എങ്കിലും തൃശ്ശൂർ മലയാളപഠനഗവേഷണകേന്ദ്രത്തിലെ മലയാളം പഠനം സാഹിത്യലോകത്തെ ഉണർവ്വുകളിലേക്കുള്ള വാതായനമായി. അവിടുത്തെ സൗഹൃദക്കൂട്ടായ്മകൾ മൂല്യവത്തായ ജീവിതത്തെ പരിചയിപ്പിച്ചുതന്നു. പരമ്പരാഗതമായ ശൈലിയിൽ ജീവിച്ചു പോകാനാവില്ലെന്നായപ്പോൾ വീടുവിട്ടിറങ്ങാൻ നിർബന്ധിതനായി. ഒരുപാടു ഏറിമാറിത്തിരിയലുകൾക്കൊടുവിൽ ആ യാത്ര കൊണ്ടെത്തിച്ചതു് ഗുരു നിത്യയുടെ അടുത്തായിരുന്നു.1994 ൽ ഫേൺഹില്ലിലെത്തി ഗുരുനിത്യചൈതന്യയതിയുടെ കൂടെകൂടി അദ്ദേഹത്തിന്റെ വിയോഗം വരെ ഒന്നിച്ചു കഴിഞ്ഞു.

ഷൗക്കത്ത് പറയുന്നതിങ്ങനെയാ: " മോക്ഷമോ സന്ന്യാസമോ ഒന്നും ജീവിതലക്ഷ്യമല്ലായിരുന്ന എന്നെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചത് സ്നേഹത്തിന്റെ വശ്യതയായിരുന്നു. ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്തിനെ കിട്ടിയ അനുഭവം. അറിയാവുന്ന ലോകത്ത് ധന്യതയോടെ ജീവിക്കാനുള്ള വഴികളാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകർന്നു തന്നത്. അറിയാനാവാത്ത ലോകങ്ങളെ അതിന്റെ പാട്ടിനു വിടാൻ ആ മൗനമന്ദഹാസം സഹായമായി. അദ്ദേഹത്തോടൊപ്പമുള്ള നാലുവർഷത്തെ ജീവിതം സ്വന്തം പരിമിതികളും ഗുണങ്ങളും അറിയാൻ സഹായമായി."

നാലു വർഷം ഗുരു നിത്യചൈതന്യയതിയോടൊപ്പം ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിൽ ഗുരുവിനൊപ്പം കഴിയാൻ ഷൌക്കത്തിന് അവസരം ലഭിച്ചു. അക്കാലത്ത് അദ്ദേഹം യതിയുടെ സന്തതസഹചാരിയായിരുന്നു. ഫേൺഹില്ലിലെ ഗുരുകുലത്തിലെത്തിയതിനു ഗുരുവിന്റെ സമാധി നിമിഷം വരെ ഷൗക്കത്ത് ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു. ഗുരുവിന്റെ സമാധിക്ക് ശേഷം വീണ്ടും യാത്രകൾ തുടർന്നു. ആത്മീയത എന്നത് ജീവിതത്തിൽ നിന്നും വേറിട്ട ഒന്നല്ലെന്നും, ജീവിതത്തിനെ ശരിയായി അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നുള്ളതാണ് എന്ന തിരിച്ചറിവിലേക്കായിരുന്നു ആ യാത്രകൾ ഷൌക്കത്തിനെ എത്തിച്ചത്.

സുഹൃത്തുക്കളിൽനിന്നും സുഹൃത്തുക്കളിലേക്കുള്ള യാത്രയ്ക്കിടയിൽ ഇടയ്ക്കൊക്കെ ഹിമാലയം പോലുള്ള പ്രകൃതിരമണീയവും മൗനാത്മകവുമായ ഇടങ്ങളിലും ചെന്നെത്താറുണ്ട്. ഗുരുവിൽനിന്നു പകർന്നു കിട്ടിയ ശീലമായി എഴുത്തും പ്രഭാഷണവും കൂടെയുണ്ട്. ഇപ്പോൾ കൂടുതൽ സമയവും താമസിക്കുന്നത് വയനാട് മേപ്പാടക്കടുത്തുള്ള റിപ്പണിൽ സമ എന്ന പേരിൽ തുടങ്ങിയ ഇടത്താണ്. അറിവും സമാധാനവും തേടുന്ന ഏവർക്കുമായി ഒരിടമാണ് സമ: മൂല്യങ്ങളുടെ സ്വരലയം.


പുസ്തകങ്ങൾ

[തിരുത്തുക]

ഭക്തി: യതിയുടെ നിർവ്വചനം

ദൈവത്തിന് ഒരു തുറന്ന കത്ത്

നിത്യാന്തരംഗം - ഗുരു നിത്യചൈതന്യയതിയോടൊത്തുള്ള നാളുകൾ

ഹിമാലയം: യാത്രകളുടെ ഒരു പുസ്തകം

മൊഴിയാഴം

ആത്മാവിൽനിന്ന് ജീവിതത്തിലേക്ക്

താഴ്‌വരയുടെ സംഗീതം (ലാവോത്സുവിന്റെ താവോ തേ ചിങ് - വിവർത്തനവും ആസ്വാദനവും)

മൗനപൂർവ്വം

സഹജമായ വഴി

സ്നേഹാദരം

രമണമഹർഷി

നൂറു ധ്യാനങ്ങൾ (നാരായണഗുരുവിന്റെ ആത്മോപദേശശതകം - ഒരു ആസ്വാദനം)

കബീർ: ജീവിതത്തിലേക്ക് ഒരു ഹൃദയവഴി

ജീവിതം പറഞ്ഞത്

തുറന്ന ആകാശങ്ങൾ

ഒരു തുള്ളി ജലത്തിലെ കടൽ (സൂഫിസത്തിന് ഒരു ആസ്വാദനം)

പ്രവാചകൻ (വിവർത്തനം: ഖലീൽ ജിബ്രാന്റെ പ്രവാചകൻ)

യതി: വെളിച്ചം വിതറുന്ന വിചാരങ്ങൾ

അറിവിലേക്ക് തുറക്കുന്ന വാതിലുകൾ

കൂടും കൂട്ടും (ചാവറയച്ചന്റെ ചാവരുൾ എന്ന പുസ്തകത്തിന് ആസ്വാദനം)

ഏക്താരയുടെ ഉന്മാദം (നോവൽ)

ഹൃദയം തൊട്ടത്

നാരായണഗുരുവിന്റെ ദൈവദശകം, അനുകമ്പാദശകം, പിണ്ഡനന്ദി എന്നീ കൃതികളുടെ ആസ്വാദനം.

ബുദ്ധ: സമ്യക്കായ ജീവിതവീക്ഷണം

കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്.(മുതിർന്നവർക്കായി ഒരു പുസ്തകം)


(മാതൃഭൂമി ബുക്സ്, നിത്യാഞ്ജലി ബുക്സ് എന്നിവരാണ് പ്രസാധകർ)

പുരസ്കാരങ്ങൾ

[തിരുത്തുക]

[2]ഹിമാലയം യാത്രകളുടെ ഒരു പുസ്തകം എന്ന ഗ്രന്ഥത്തിന് 2007ലെ കേരള സാഹിത്യ അക്കാദമി യുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള അവാർഡും ഹൃദയം തൊട്ടത് എന്ന പുസ്തകത്തിന് 2022ലെ കേരള സാഹിത്യ അക്കാദമിയുടെ കെ. ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡും ഉൾപ്പടെ അനേകം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. ഷൌക്കത്ത് (2014). താഴ്വരയുടെ സംഗീതം. കോഴിക്കോട്: മാതൃഭൂമി ബുക്സ്. ISBN 978-81-8266-079-3.
  2. "Kerala Sahitya Akademi Award for Travelogue". REVOLVY.
"https://ml.wikipedia.org/w/index.php?title=ഷൌക്കത്ത്_സഹജോത്സു&oldid=4111132" എന്ന താളിൽനിന്ന് ശേഖരിച്ചത്