സംവാദം:കോപ്റ്റിക് ഓർത്തഡോക്സ് സഭ
വിശ്വാസസംരക്ഷണവും മറ്റും
[തിരുത്തുക]"ഈഗുപ്തായ സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയൻ മാർപാപ്പ ക്രൈസ്തവലോകത്തെ പ്രധാനാദ്ധ്യക്ഷനായി കണക്കാക്കപ്പെട്ടിരുന്നു. നിക്യയിലും കുസ്തന്തീനോപ്പോലീസിലും എഫെസോസിലും വച്ചു് കൂടിയ ആകമാന സുന്നഹദോസുകളിൽ വിശ്വാസസംരക്ഷണത്തിനു് നേതൃത്വം നല്കിയതു് അലക്സാന്ത്രിയൻ മേലദ്ധ്യക്ഷൻമാരായിരുന്നു" എന്നൊക്കെ എഴുതിയിരിക്കുന്നതിൽ വിജ്ഞാനകോശത്തിലെ ലേഖനത്തിനു വേണ്ട detachment ഉണ്ടോ? ക്രൈസ്തവലോകത്തിന് മുഴുവനുമായി ഒരു പ്രധാനാധ്യക്ഷൻ എന്ന സങ്കല്പം പിന്നീട് ഉണ്ടായതാണ്. ഒരോ കാലത്ത് ചില dominent personalities സംഭവഗതികളെ കൂടുതൽ സ്വാധീനിച്ചുകാണും. അത് അവരുടെ സ്ഥാനത്തിന്റെയല്ല വ്യക്തിത്വത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. "വിശ്വാസസംരക്ഷണത്തിനു് നേതൃത്വം നല്കി" എന്നൊന്നും വിജ്ഞാനകോശത്തിൽ എഴുതിക്കൂടാ. വിശ്വാസസംരക്ഷണത്തിനായി ചെയ്തതെന്ന് ഒരു വിഭാഗത്തിന് തോന്നുന്നത് മറ്റൊരു വിഭാഗത്തിന് അങ്ങനെ തോന്നണമെന്നില്ല. ഉദാഹരണത്തിന് എഫേസൂസിലെ സൂനഹദോസിൽ അലക്സാണ്ഡ്രിയയിലെ അന്നത്തെ പാത്രിയർക്കീസ് സിറിൾ വഹിച്ച പങ്കിന്റെ വിശദാംശങ്ങൾ ഇന്ന് വായിച്ചാൽ ഞെട്ടിപ്പോകും. എഡ്വേർഡ് ഗിബ്ബൻ Decline and Fall of the Roman Empire-ൽ ആ കഥ സാമാന്യം വിസ്തരിച്ച് പറയുന്നുണ്ട്. പുസ്തകത്തിന്റെ നാല്പത്തിഏഴാം അദ്ധ്യായം നോക്കിയാൽ മതി. http://www.ccel.org/ccel/gibbon/decline/volume2/chap47.htm Georgekutty 15:01, 27 മേയ് 2008 (UTC)
വലിയവനാരെന്നു്
[തിരുത്തുക]1) ക്രൈസ്തവലോകത്തിന് മുഴുവനുമായി ഒരു പ്രധാനാധ്യക്ഷൻ എന്ന സങ്കല്പത്തിലൊന്നുമുള്ള പരാമർശമൊന്നുമല്ല അതു്. അങ്ങനെയൊരു സങ്കൽപം ഒരിയ്ക്കലും യാഥാർത്ഥമായിട്ടില്ലാത്തതും റോമാ മാർപാപ്പ മറ്റു് സഭകളുടെമേൽ ഏകപക്ഷീയമായി നടത്തുന്ന അവകാശവാദം മാത്രവുമാണു് (റോമാമേലദ്ധ്യക്ഷന്റെ പ്രഥമത്വം എന്ന ആശയമാണു് വിവക്ഷിയ്ക്കുന്നതു്).
പ്രാമുഖ്യത്തിനു് വേണ്ടി റോമാ മാർപാപ്പയും അലക്സാന്ത്രിയൻ മാർപാപ്പയും തമ്മിൽ അഞ്ചാം നൂറ്റാണ്ടിൽ മൽസരത്തിലായിരുന്നുവെന്നതു് വസ്തുതയാണു്. റോമാസാമ്രാജ്യത്തിൽ ഉയർന്നുവന്ന മൂന്നു് പാത്രിയർക്കാസഭകളിൽ രണ്ടെണ്ണത്തിന്റെ നേതാക്കളായിരുന്നു ഇരുവരും. ഓരോ പാത്രിയർക്കീസിന്റെയും ഭരണാതിർത്തിയ്ക്കുള്ളിൽ മറ്റു് പാത്രിയർക്കീസുമാർ അധികാരപ്രയോഗം നടത്തിയിരുന്നില്ല. പൊതുവിഷയങ്ങൾ ആകമാനസുന്നഹദോസു് കൂടി തീരുമാനിയ്ക്കും . തങ്ങളിൽ വലിയവനാരെന്നു് പരസ്പരം തർക്കിയ്ക്കുകയെന്നതു് പന്തിരുവരുടെ പോലും പതിവായിരുന്നല്ലൊ (മർക്കോസ് 9: 33-35 നോക്കുക ). അതുപോലെയേ പാത്രിയർക്കീസുമാർ തമ്മിലുള്ള അഞ്ചാം നൂറ്റാണ്ടിലെ മൽസരത്തെ കാണേണ്ടതുളളൂ.
2) വിശ്വാസസംരക്ഷണത്തിനു് നേതൃത്വം നല്കിയെന്ന പ്രയോഗത്തെപ്പറ്റി. സത്യവിശ്വാസസംരക്ഷണത്തിനു് എന്നല്ല പ്രയോഗിച്ചതു്. ശരിയായതായാലും തെറ്റായതായാലും ആധികാരിക വിശ്വാസത്തിന്റെ നേതാവാകുന്നയാളാണു് ആ പ്രസ്ഥാനത്തിന്റെ പ്രമുഖനാകുന്നതു്. വിശ്വാസസംരക്ഷണത്തിനായി ചെയ്തതെന്ന് ഒരു വിഭാഗത്തിന് തോന്നുന്നത് മറ്റൊരു വിഭാഗത്തിന് അങ്ങനെ തോന്നണമെന്നില്ലെന്നുവരുമ്പോൾ പിളർപ്പാകും. വിശ്വാസസംരക്ഷണം എന്ന പദം രാജ്യരക്ഷ എന്നതുപോലെയൊരു പ്രയോഗമായിട്ടാണെടുത്തതു് (സമാനാർത്ഥത്തിലല്ല).
എഫേസൂസിലെ സൂനഹദോസിൽ അലക്സാണ്ഡ്രിയയിലെ അന്നത്തെ പാത്രിയർക്കീസ് സിറിൾ വഹിച്ച പങ്കിൽ മാത്രമല്ല ഹിപ്പാഷ്യയെ വിശ്വാസികൾ മൃതപ്പെടുത്തിയ സംഭവത്തിലും എന്നല്ല എന്തിലും വി.കൂറിലോസിനെ (വി. സിറിൾ) കുറ്റക്കാരനാക്കി ചിത്രീകരിയ്ക്കുകയെന്നതു് പാശ്ചാത്യരുടെ പതിവാണു്. എഫേസൂസിലെ സുന്നഹദോസിനെ അംഗീകരിയ്ക്കേണ്ടി വന്നെങ്കിലും റോമാ പാത്രിയർക്കീസ് വി. ലിയോ അതൃപ്തനായിരുന്നു; മറുപടിയാണല്ലോ, കാൽസിഡോൺ സുന്നഹദോസ് (കൽക്കദോൻ സുന്നഹദോസ്). പാശ്ചാത്യരെല്ലാം അവർ റോമാസഭക്കാരായാലും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളായാലും പെന്തിക്കോസ്ത് സമൂഹങ്ങളായാലും കൽക്കദോൻ ക്രിസ്തുശാസ്ത്ര ഭാഷ്യം സ്വീകരിയ്ക്കുന്നവരും കൂറിലോസിന്റെ ക്രിസ്തുശാസ്ത്ര ഭാഷ്യത്തിന്റെ വിരോധികളുമാണു്. വി. കൂറിലോസ് കുറ്റക്കാരനായിരിയ്ക്കാം; പക്ഷേ, പാശ്ചാത്യർ പൊതുവേ കൂറിലോസ് വിരുദ്ധമനോഭാവക്കാരാണു്.
3) പദപ്രയോഗത്തിലുള്ള വ്യത്യാസമേയുള്ളൂവെന്നും വിശ്വാസം ഒന്നുതന്നെയാണെന്നും കാൽസിഡോൺ കക്ഷിയും കാൽസിഡോൺ വിരുദ്ധ കക്ഷിയും തമ്മിൽ 1500 ആണ്ടിനുശേഷം അടുത്തകാലത്തു് ധാരണയായി . പരസ്യമായിപ്രഖ്യാപിയ്ക്കുകയും ചെയ്തു പക്ഷേ, കാൽസിഡോൺ വിരുദ്ധ കക്ഷി കാൽസിഡോൺ സുന്നഹദോസ് അംഗീകരിയ്ക്കുന്നില്ല.
കൂട്ടത്തിൽ പറയട്ടെ: ഈ ലേഖകൻ ഏകത്വവാദിയോ അദ്വൈതിയോ അല്ല; ദ്വൈതിയാണു്. --എബി ജോൻ വൻനിലം 14:36, 29 മേയ് 2008 (UTC)
കോപ്റ്റിക് ക്രിസ്ത്യൻ എന്നറിയപ്പെടുന്നത് ഈ വിഭാഗമാണോ? സിദ്ധീഖ് | सिधीक|صدّيق
അതെ സിദ്ദിഖ് --ലിജു മൂലയിൽ 14:58, 29 മേയ് 2008 (UTC)